Advertisment

ഒന്നു മാറ്റിത്തരുമോ ഈ സൂപ്രണ്ടിനെ ..! പാലാ ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പ്രമേയം

author-image
സുനില്‍ പാലാ
Updated On
New Update

"ബഹുമാനപ്പെട്ട സർക്കാരെ .... ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിനെക്കൊണ്ടു ഞങ്ങൾ തോറ്റു .... തിരക്ക് കുറഞ്ഞ ഏതെങ്കിലും സ്ഥലത്തേയ്ക്ക് എത്രയും വേഗം സൂപ്രണ്ടിനെ ഒന്നു മാറ്റൂ.... '' പരിദേവനം പാലാ നഗരസഭയുടേതാണ്.

Advertisment

ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കമാണീ ആവശ്യം ഉന്നയിച്ചത്.

publive-image

ഇതു സംബന്ധിച്ച് ഭരണപക്ഷത്തെ ബിജു പാലൂപ്പടവിലും , മുൻ ചെയർപേഴ്സൺ അഡ്വ. ബെറ്റി ഷാജുവും ചേർന്നവതരിപ്പിച്ച പ്രമേയം ഉടനടി സർക്കാരിലേക്ക് അയച്ചുകൊടുക്കും. ആരോഗ്യ വകുപ്പ് മന്ത്രിയെ ഉടൻ നേരിൽക്കണ്ട് സൂപ്രണ്ടിനെ സ്ഥലം മാറ്റാൻ ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു.

നിലവിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ ജനറൽ ആശുപത്രിയിൽ നടന്നുവരികയാണ്. പാലായിലും പരിസര പ്രദേശങ്ങളിൽ നിന്നും മാത്രമല്ല, ഇടുക്കി ജില്ലയിൽ നിന്നു പോലും ഇവിടേക്ക് രോഗികൾ എത്തുന്നുണ്ട്. എന്നാൽ വികസന കാര്യങ്ങൾ ഏകോപിപ്പിക്കുകയും, ആശുപത്രിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ട സൂപ്രണ്ടിന്റെ അനങ്ങാപ്പാറ നയം അപലപനീയമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.

ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് അധ:പതിച്ചു കൊണ്ടിരിക്കുകയാണ്. ആശുപത്രി വികസന സമിതിയുടെ ഒരു തീരുമാനവും സൂപ്രണ്ട് നടപ്പാക്കുന്നില്ല. സൂപ്രണ്ടിനെ ശാസിച്ചിട്ടോ, മറ്റ് നടപടികൾ എടുത്തിട്ടോ ഒരു കാര്യവുമില്ല, പകരം എത്രയും വേഗം തിരക്ക് കുറഞ്ഞ എവിടേയ്ക്ക് എങ്കിലും സ്ഥലം മാറ്റി പാലാ ജനറൽ ആശുപത്രിയെ എത്രയും വേഗം "രക്ഷപ്പെടുത്തണം".

പുതിയ സൂപ്രണ്ടിനെ ഉടനടി നിയമിക്കുകയോ, നിലവിലെ ആർ. എം. ഒ ഡോ. അനീഷ് കെ. ഭദ്രന് സൂപ്രണ്ടിന്റെ ചുമതല കൊടുക്കുകയോ വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. നല്ല ഭരണാധികാരിയെന്ന് തെളിയിച്ച ഡോ. അനീഷ് ഭദ്രനെ സൂപ്രണ്ടാക്കണമെന്ന് പ്രതിപക്ഷാംഗങ്ങളും ആവശ്യപ്പെട്ടു. പ്രമേയത്തിന്റെ കോപ്പി കെ.എം. മാണി എം.എൽ.എ, ജോസ് കെ.മാണി എം.പി. എന്നിവർക്കു നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു.

മനപ്പൂർവ്വം ഒരു വീഴ്ചയും വരുത്തിയിട്ടില്ല - ഡോ. ടി.കെ. ബിൻസി

ജനറൽ ആശുപത്രിയുടെ ഒരു വികസന കാര്യത്തിലും മനപ്പൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്ന് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ബിൻസി പറഞ്ഞു. എല്ലാ കാര്യങ്ങളും പറ്റുന്നതു പോലെ ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ജനറൽ ആശുപത്രിയുടെ ചുമതലയുള്ള നഗരസഭാധികൃതർ തനിക്കെതിരെ തിരിഞ്ഞതെന്ന് അറിയില്ലെന്നും സൂപ്രണ്ട് പറയുന്നു.

Advertisment