Advertisment

'രക്ഷപ്പെടും മുൻപ് തീ കൊളുത്തി, കച്ചിക്കൂന ആളിപ്പടർന്നു ..' ഉള്ളം പൊള്ളിക്കുന്ന അനുഭവവുമായി ഒരു മജീഷ്യനുണ്ട് പാലായിൽ - വിമൽ ചക്രവർത്തി

author-image
സുനില്‍ പാലാ
New Update

പാലാ:  ഹൂഗ്ലി നദിയിൽ 40 കാരനായ മജീഷ്യൻ ചഞ്ചൽ ലാഹിരി വാട്ടർ എസ്കേപ്പ് ജാലവിദ്യയ്ക്കിടെ മുങ്ങി മരിച്ചതിന്റെ ഓർമ്മകൾ പോലും ഉള്ളം പൊള്ളിക്കുന്ന അനുഭവമായി ഒരു മജീഷ്യനുണ്ട് പാലായിൽ; വിമൽ ചക്രവർത്തി എന്ന 55-കാരൻ. ആളിക്കത്തിയ തീയിൽ നിന്നും വിസിൽ മുഴക്കി പൊള്ളിപ്പാഞ്ഞു വന്ന ഇന്ദ്രജാലക്കാരൻ.

Advertisment

പന്ത്രണ്ടു വർഷം മുമ്പ് ഈരാറ്റുപേട്ടയിൽ ആയിരങ്ങൾക്കു മുന്നിൽ ഫയർ എസ്കേപ്പ് നടത്തവേ ദേഹമാസകലം പൊള്ള ലേറ്റ സാഹസിക മാന്ത്രികൻ.

publive-image

"കച്ചിക്കൂനയ്ക്കു മുകളിലേക്ക് ഉയർത്തിയ ക്രയിനിൽ സ്ഥാപിച്ച അടച്ച പെട്ടിയിൽ നിന്ന് എന്നെ കച്ചിക്കൂനയ്ക്ക് ഉള്ളിലേക്ക് ഇറക്കി. പെട്ടിയിൽ നിന്നും രക്ഷപ്പെടും മുമ്പ് കച്ചിക്കുനയ്ക്ക് ആരോ തീയിട്ടു. ഉള്ളിൽ പുക നിറഞ്ഞു. രക്ഷപ്പെടാനുള്ള രഹസ്യ വാതിൽ കാണാനും പറ്റിയില്ല. പുക നിറഞ്ഞ് ശ്വാസം മുട്ടി.

വായിലിരുന്ന വിസിൽ അപകട സൂചകമായി നീട്ടിവിളിച്ചെങ്കിലും ആരവങ്ങൾക്കിടയിൽ ആരും കേട്ടില്ല. മരിക്കുമെന്നുറപ്പായി. സർവ്വ ശക്തിയുമെടുത്ത് കത്തുന്ന കച്ചിക്കൂനയിൽ ഒന്നുകൂടി ആഞ്ഞു തള്ളി; ഭാഗ്യം, ഒരു ഭാഗത്ത് വിടവു കണ്ടു. എടുത്തു ചാടി. ഓടിക്കൂടിയ ആളുകൾ സന്തോഷം കൊണ്ട് എന്റെ കയ്യിൽ പിടിച്ചു; കയ്യിലെ തൊലിയും മാംസവും അടർന്ന് അവരുടെ കയ്യിലായി.

വായിലിരുന്ന വിസിൽ ചുണ്ടോടു ചേർന്ന് ഉരുകിയമർന്നു. അപകടം മനസ്സിലാക്കിയ ആളുകൾ അടുത്ത് തയ്യാറാക്കി നിർത്തിയിരുന്ന ഫയർഫോഴ്സ് വാഹനത്തിൽ നിന്നും എന്റെ നേർക്ക് തുടർച്ചയായി വെള്ളം ചീറ്റിച്ചു.പിന്നെയൊന്നും ഓർമ്മയില്ല. കണ്ണു തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്. ആ കിടപ്പ് 3 മാസത്തോളം തുടർന്നു. പിന്നീട് വീട്ടിലെത്തി രണ്ടു വർഷത്തോളം കിടപ്പും തുടർ ചികിത്സയും: .......

2007-ൽ ഫയർ എസ്കേപ്പിനിടെ ഉണ്ടായ ഞെട്ടലും പൊള്ളലും വിമൽ ചക്രവർത്തി ഈ ജീവനുള്ളിടത്തോളം കാലം മറക്കില്ല. മുഖവും കൈകളും കാലും ഉൾപ്പെടെ മുപ്പത് ശതമാനത്തോളം പൊള്ളലേറ്റു. മുഖത്തെ പാടുകളൊക്കെ മാറാൻ വർഷങ്ങളെടുത്തു. കയ്യിൽ പ്ലാസ്റ്റിക്ക് സർജറി വേണ്ടിവന്നു.

പ്രമുഖ മജീഷ്യരായ തോമസ് ചേന്നാടിന്റേയും, സാമ്രാജിന്റേയും ശിഷ്യനായി രണ്ടു പതിറ്റാണ്ടു മുമ്പ് മായാജാല ലോകത്തേയ്ക്ക് കടന്നു വന്ന വിമൽ ചക്രവർത്തി മൂന്നാം വട്ടം ഫയർഎസ്കേപ്പ് നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

"കച്ചിക്കൂനയിൽ ഇറക്കിയ പെട്ടിയിൽ നിന്നും രക്ഷപ്പെടുമ്പോൾ സഹായികൾക്ക് അടയാളമായി കച്ചിക്കൂനയ്ക്ക് പുറമെ സ്ഥാപിച്ചിരുന്ന ഒരു ചുവന്ന റിബൺ ഞാൻ ഉള്ളിലേക്ക് വലിക്കുമായിരുന്നു. ഇരുട്ടു മൂലം ഇത് കാണാനാകാതെ വന്ന സഹായി തിടുക്കത്തിൽ തീയിട്ടതാണ് അന്ന് അപകടത്തിന് കാരണമായത്.

അപകട സൂചകമായി വിസിൽ നീട്ടിയടിക്കുമെന്നും മുൻകൂട്ടി പറഞ്ഞിരുന്നു.അതും ആരും കേട്ടില്ല - സഹായികളുടെ പോലും ചെറിയൊരു പിഴവിൽ നിന്ന് സാഹസിക മാജിക്കിൽ മജീഷ്യന്റെ ജീവൻ നഷ്ടപ്പെടാമെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നൂ വിമൽ.

അപകടം നടന്ന് അഞ്ചു വർഷത്തിനു ശേഷം വീണ്ടും മാന്ത്രിക വേദിയിലെത്തിയ ഇദ്ദേഹം 2015-ൽ ഒരു ചാനലിന്റെ സാഹസിക പരിപാടിക്കായി വീണ്ടും ഫയർഎസ്കേപ്പ് ആക്ട് വിജയകരമായി അവതരിപ്പിച്ചു.

ബോർഡ് -ബാനർ എഴുത്ത് ആർട്ടിസ്റ്റ് കൂടിയായ വിമൽ ഇടുക്കി എന്ന വിമൽ ചക്രവർത്തി ഇന്ദ്രജാല രംഗത്ത് ഇപ്പോഴും സജീവമാണ്; സാഹസിക രംഗത്തേയ്ക്ക് തൽക്കാലമില്ല എന്ന തീരുമാനത്തോടെ തന്നെ.

ഭാര്യ സിജി, ബി.എസ്.സി. നഴ്സായ മൂത്ത മകൾ ആഷ, എഞ്ചിനീയറായ മകൻ അമൽ, കന്യാസ്ത്രീയായ ഇളയ മകൾ അലീന എന്നിവർ ഇപ്പോഴും വിമലിന്റെ മായാജാല യാത്രയ്ക്ക് അനുകൂല വിസിൽ മുഴക്കുന്നു ; സാഹസിക പ്രകടനം വേണ്ടെന്ന മുന്നറിയിപ്പോടെ.

Advertisment