Advertisment

ഇന്ന് ലോകം കാത്തിരിക്കുന്നത് രണ്ട് കളികൾ; ഫ്രാൻസ് പോളണ്ടിനെയും ഇംഗ്ലണ്ട് സെനഗലിനെയും നേരിടും; രണ്ടും ജീവന്മരണ പോരാട്ടങ്ങൾ, നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ഇന്ന് നിർണായകം. ആഫ്രിക്കൻ പ്രതീക്ഷയായി സെനഗലും !

New Update

ദോഹ: നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്ന് നോക്കൗട്ടിലെ ആദ്യ പോരിനിറങ്ങുമ്പോൾ എതിരാളികൾ റോബർട്ട് ലെവൻഡോവ്സ്കിയു‌ടെ പോളണ്ടാണ്. ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമന്മാരായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയപ്പോൾ പോളണ്ട് അർജന്റീനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് വരുന്നത്.

Advertisment

publive-image


അവസാന മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയാണ് രണ്ട് ടീമുകളും അവസാന പതിനാറിലെത്തിയത്. നോക്കൗട്ട് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഫ്രാൻസിനെ ടുണീഷ്യ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിക്കുകയായിരുന്നു. പോളണ്ട് കരുത്തരായ അർജന്റീനയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് തോറ്റത്.


കിലിയൻ എംബാപ്പെ അടക്കമുള്ള മുൻനിര താരങ്ങൾ തിരിച്ചെത്തുന്നതോ‌ടെ വിജയ വഴിയിലേക്ക് വീണ്ടുമെത്താമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഫ്രാൻസ്. ഒളിവർ ജിറൂദ്,അന്റോയ്ൻ ഗ്രീസ്മാൻ,റാഫേൽ വരാനേ തുടങ്ങിയവർ ഇന്ന് ഫസ്റ്റ് ഇലവനിലുണ്ടാകും.

പ്രീ ക്വാർട്ടറിലെത്തിയെങ്കിലും മുഖ്യ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫോമിലെത്താൻ കഴിയാത്തത് പോളണ്ടിനെ അലട്ടുന്നു.ലെവന് പിന്തുണനൽകാൻ സഹതാരങ്ങൾക്ക് കഴിയാത്തതാണ് മറ്റൊരു പ്രശ്നം. അർജന്റീനയ്ക്ക് എതിരെ നല്ലൊരു മുന്നേറ്റം നടത്താൻ പോലും ടീമിന് കഴിഞ്ഞിരുന്നില്ല.

മികച്ച രണ്ട് ടീമുകളുടെ പോരാട്ടത്തിനാകും ഇന്ന് അൽ ബൈത്ത് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് തോറ്റെങ്കിലും ഖത്തറിനെയും ഇക്വഡോറിനെയും കീഴടക്കിയാണ് സെനഗൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിനെത്തിയിരിക്കുന്നത്. ഇംഗ്ളണ്ട് ആദ്യമത്സരത്തിൽ ഇറാനെ 6-2ന് തകർത്താണ് തുടങ്ങിയത്. അമേരിക്കയ്ക്ക് എതിരെ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞെങ്കിലും വെയിൽസിനെ 3-0ത്തിന് തോൽപ്പിച്ച് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തി.

publive-image


മികച്ച യുവനിരയുമായാണ് ഇംഗ്ളണ്ട് ഖത്തറിലെത്തിയിരിക്കുന്നത്. ഗോളടിച്ചു കൂട്ടാനുള്ള അവരുടെ കഴിവ് ആദ്യ മത്സരത്തിൽ ദൃശ്യമാവുകയും ചെയ്തു. മാർക്കസ് റാഷ്ഫോർഡ്,ഫിൽ ഫോഡൻ, ബുക്കായോ സാക്ക,റഹിം സ്റ്റെർലിംഗ്,ജാക്ക് ഗ്രീലിഷ്, ബെല്ലിംഗ്ഹാം തുടങ്ങിയവരടങ്ങിയ യുവനിര നല്ലവേഗത്തിൽ കളിനീക്കങ്ങൾ നടത്താൻ കഴിവുള്ളവരാണ്.


മറുവശത്ത് സെനഗലും മോശക്കാരല്ല. സാഡിയോ മാനേ ഇല്ലാതിരുന്നിട്ടും മികച്ചപ്രകടനം പുറത്തെ‌ടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഇസ്മയില സാർ, ഗുയെ,ദിയ,നായകനും പ്രതിരോധതാരവുമായ കൗലിബാലി,ഗോളി മെൻഡി തുടങ്ങിയവരിലാണ് ആഫ്രിക്കൻ രാജ്യത്തിന്റെ പ്രതീക്ഷകൾ.

Advertisment