എന്താണാദ്യം വേണ്ടതെന്നു തിരിച്ചറിയാനാകാതെ പോകുന്നിടത്താണ് പരാജയം; ശെരിയിലേക്ക് പോകുന്നതിലും അധികം ശെരികേടുകൾ കുഞ്ഞുങ്ങൾ പഠിക്കുന്നു;ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയണം; അച്ഛനോടും അമ്മയോടും എന്തു കാര്യമായാലും ഒരു ചെറിയ സംശയം ചോദിച്ചാൽ ഉത്തരം കിട്ടുമെന്നും മക്കൾക്ക്‌ തോന്നണം, ആ നിലയിൽ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം; യുവ അധ്യാപിക എഴുതുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, November 27, 2020

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും സെക്‌സ് എഡ്യുക്കേഷന്റെ ആവശ്യത്തെ സംബന്ധിച്ചും യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഡോ അനുജ ജോസഫ് സമൂഹ മാധ്യത്തില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

“കുഞ്ഞുങ്ങൾക്ക് നേരെയുള്ള ലൈoഗിക അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു”,
വാർത്ത കേൾക്കേണ്ട താമസം,”ഓ ഇതു ഇവിടെങ്ങും അല്ലെന്നോർത്ത് സമാധാനിക്കുന്നവരാണ് ഏറെയും. ആരാണ്ടമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലെന്ന മട്ടിലാണ് കാര്യങ്ങളുടെ ഗതി.
ക്രൂരതയേൽക്കപ്പെട്ടവരെ കുറ്റവാളിയെക്കാളും നികൃഷ്‌ടരായി കാണുന്നവരും ഇല്ലാതില്ല.
“നിരന്തരമായി പീഡനമേൽക്കേണ്ടി വന്നു ആ കുഞ്ഞിനെന്നു, വായിക്കുന്നതിനു മുൻപേ പലരുടെയും കമന്റ്‌ ആയികഴിഞ്ഞു,

“ഒന്നു രണ്ടു പ്രാവശ്യം ok, ഇതു ആ കൊച്ചു സമ്മതിച്ചിട്ടാണ് അല്ലാതെ ഒന്നുമല്ല ”
അഞ്ചും ആറും വയസ്സുള്ള കുഞ്ഞുപിള്ളേരുടെ സമ്മതമേ, ഇതു പോലെയൊക്കെ ചിന്തിക്കുന്നവരെ നമിച്ചു.

Sex Education നിർബന്ധമാക്കണം, അതെ നിവൃത്തിയുള്ളു, എന്നതു കാലാ കാലങ്ങളായി കേൾക്കുന്നതാണ്.

ഈ ഒരു സാഹചര്യത്തിൽ, വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവം ഓർത്തു പോകുന്നു.
“പ്ലസ് വൺ ക്ലാസ്സ്‌ മുറി, sex എഡ്യൂക്കേഷൻ ഭാഗമായി ഒരു അദ്ധ്യാപകൻ വിയർത്തൊലിച്ചു അവിടെന്നും ഇവിടെന്നും എന്തൊക്കൊയോ പറഞ്ഞെന്നു വരുത്തി ക്ലാസ്സെടുക്കുന്നു,മൂപ്പരുടെ വെപ്രാളം കണ്ടു കണ്ണും മിഴിച്ചു ഞങ്ങൾ പെൺകുട്ടികളും ചെറു പുഞ്ചിരിയോടെ ആൺകുട്ടികളും, അവസാനം സംശയനിവാരണത്തിനായുള്ള സമയമെത്തി,

പെൺകുട്ടികളുടെ ഭാഗത്തു എങ്ങു നിന്നില്ലാത്ത നിശബ്ദത തളം കെട്ടി നിന്നു, ആൺകുട്ടികൾ കുറിപ്പുകളായി സംശയം ചോദിക്കുന്നുമുണ്ട്,

പെട്ടെന്ന് ആ അദ്ധ്യാപകൻ “സ്വയംഭോഗം ആരോഗ്യകരമോ അനാരോഗ്യപരമോ എന്നതിനെ ചൊല്ലി ആയി, പ്രസ്തുത ഭോഗത്തെ കുറിച്ചു ഒന്നും മനസിലാകാതെ ഞങ്ങളിൽ കുറെ പേരും,തമ്മിൽ തമ്മിൽ ചോദിച്ചുവെങ്കിലും ആർക്കും യാതൊരു പിടിയുമില്ല, ക്ലാസ്സെടുക്കുന്ന ആളോട് ചോദിക്കാനുള്ള മടിയും, ആ സംശയം കുറച്ചു ദിവസങ്ങൾ മനസ്സിനെ അലോസരപ്പെടുത്തിയെങ്കിലും ഞങ്ങൾ എല്ലാവരും ബോധപൂർവം അതങ്ങു മറന്നു.

സ്കൂൾ കാലഘട്ടത്തിൽ,ബയോളജി ക്ലാസ്സുകളിൽ പ്രത്യുൽപ്പാദനം(Reproductive system) പ്രതിപാദിക്കുന്ന ഭാഗമൊക്കെ റോക്കറ്റിനെക്കാളും വേഗതയിൽ ആയിരുന്നു അധ്യാപകർ പഠിപ്പിച്ചിരുന്നത്. ട്യൂഷൻ ക്ലാസ്സുകളിലും സ്ഥിതി അതു തന്നായിരുന്നു . ചില കുറുമ്പന്മാരുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാനായി വിയർത്തു കുളിക്കുന്ന ടീച്ചറുടെ അവസ്ഥ കണ്ടു സങ്കടം തോന്നിയിരുന്നു.

എന്തോ മോശം കാര്യമാണ് ആ ഭാഗമത്രയും പഠിക്കേണ്ടിയിരുന്നതെന്ന തോന്നലായിരുന്നു ഏറെ പേർക്കും ഉണ്ടായിരുന്നത്.
ഇന്നിന്റെ കാലഘട്ടത്തിലേക്കു മടങ്ങി വരാം.

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ മുന്നിലേക്ക്‌ ബിരിയാണിയും പൊറോട്ടയും ചിക്കനും മട്ടണും എന്നു വേണ്ട സകല ഭക്ഷണവും നിരത്തി വച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു,എന്തു കഴിക്കണമെന്നറിയാതെ കണ്ണും തള്ളിയിരിക്കുന്ന, അല്ലെങ്കിൽ കഴിക്കു, കഴിക്കു എന്ന ആക്രോശത്തിൽ കയ്യിൽ കിട്ടിയതൊക്കെ വാരി കഴിക്കുന്ന കുഞ്ഞിന്റെ അവസ്ഥയാണ് ഇന്നു നിലവിലുള്ളത്.

അറിവ് ഒരുപാടാണ്, ഉൾകൊള്ളുന്നതിലും അധികം.
എന്താണാദ്യം വേണ്ടതെന്നു തിരിച്ചറിയാനാകാതെ പോകുന്നിടത്താണ് പരാജയം. ശെരിയിലേക്ക് പോകുന്നതിലും അധികം ശെരികേടുകൾ കുഞ്ഞുങ്ങൾ പഠിക്കുന്നു.ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയണം,

വീട്ടിൽ അച്ഛനോടും അമ്മയോടും എന്തു കാര്യമായാലും ഒരു ചെറിയ സംശയം പോലും അവരോടു ചോദിച്ചാൽ ഉത്തരം കിട്ടുമെന്നും മക്കൾക്ക്‌ തോന്നണം. ആ നിലയിൽ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

മറിച്ചു കൂട്ടുകാരിൽ നിന്നും മറ്റും ലഭിക്കുന്ന അവ്യക്തമാർന്ന അറിവുകൾ, തുടർന്നുള്ള സംശയങ്ങൾ ഇതൊക്കെ കുഞ്ഞുങ്ങൾ പങ്കു വയ്ക്കുന്ന മുതിർന്നവർ, നിർഭാഗ്യവശാൽ കുടുംബ ബന്ധങ്ങൾ പോലും മറന്നു കുഞ്ഞുങ്ങളെ ചൂഷണം ചെയ്യാൻ സാധ്യത ഇവിടെ ഏറെയാണ്.
കുഞ്ഞുങ്ങളോട് സംസാരിക്കാൻ കഴിയണം നിങ്ങൾക്ക്, അവന്റെയും അവളുടെയും ഉത്കണ്ട തിരിച്ചറിഞ്ഞു, അവരിൽ ആത്മവിശ്വാസം വളർത്താൻ സാധിച്ചാൽ തന്നെ പ്രശ്നങ്ങൾക്ക് ശമനം ഉണ്ടാകും.

ഇവിടെ മാതാപിതാക്കന്മാർ, അധ്യാപകർ ആ ഉത്തരവാദിത്തം ഏറ്റെടുത്തെ മതിയാകു. Sex സംബന്ധമായി ഒരു സംശയം ചോദിച്ചാൽ, ആ വിദ്യാർത്ഥി യെ/മകനെ/മകളെ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ പരിശീലനം മാതാപിതാക്കന്മാർക്കും അധ്യാപകർക്കും നൽകണം.

വിദ്യാലയങ്ങളിൽ കൗൺസിലിങ് പരിപാടികൾ കേവലം ചടങ്ങായി മാറാതെ കുഞ്ഞുങ്ങൾക്ക് അവരുടെ ആകുലത പങ്കു വയ്ക്കാനുള്ള അവസരങ്ങൾ ആയി മാറണം, തന്റെ ശരീരത്തെ കുറിച്ചു ബോധവൽക്കരണം ഓരോ കുഞ്ഞിനും നൽകണം.

ഭയപ്പെടുത്തലുകളിൽ ഉൾവലിയപ്പെടുന്ന ബാല്യങ്ങൾ അനവധി ,കുഞ്ഞുങ്ങൾ സംരക്ഷിക്കപ്പെടണം. അവരുടെ ജീവിതത്തെ ഭീതിയിലാക്കുന്ന ചൂഷണങ്ങൾ ആരിൽ നിന്നായാലും പ്രതികരിക്കാൻ പഠിപ്പിക്കണം.

ആത്മവിശ്വാസം നഷ്‌ടപ്പെട്ടവരായി മാറാതെ, ഈ ലോകം തങ്ങളുടെയും സ്വന്തമാണെന്ന തിരിച്ചറിവിൽ, വകതിരിവ് കെട്ട ജന്മങ്ങളുടെ മുഖമൂടി വലിച്ചെറിയപ്പെടണം,അതിലുപരി നാളത്തെ തലമുറ കരുത്തരായി വളരണം.

×