Advertisment

ദിലീപ് ഫോണുകള്‍ ഹാജരാക്കിയേ മതിയാകൂ എന്ന നിലയിലേയ്ക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്; ഒന്നുകില്‍ ഫോണുകള്‍ ഹാജരാക്കുക, അല്ലെങ്കില്‍ അറസ്റ്റിനു തയ്യാറാവുക എന്ന സ്ഥിതി! ദിലീപിനു മുട്ടു മടക്കേണ്ടി വരുമോ ? വരും മണിക്കൂറുകള്‍ ദിലീപിനും ക്രൈംബ്രാഞ്ചിനും നിര്‍ണായകം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ദിലീപിനു ഫോണുകള്‍ വിട്ടു കൊടുക്കേണ്ടിവരും

പ്രസിദ്ധ നടന്‍ ദിലീപിന്‍റെ നാലു ഫോണുകള്‍ ക്രൈംബ്രാഞ്ചിനു വിട്ടു കൊടുക്കണമോ എന്ന വിഷയത്തിന്മേല്‍ കേരള ഹൈക്കോടതിയില്‍ വിചാരണ തുടങ്ങിയിട്ടു ദിവസം കുറെയായി. ഫോണ്‍ കൈമാറിയേ മതിയാകൂ എന്ന് ശനിയാഴ്ച നടന്ന പ്രത്യേക വിചാരണ മദ്ധ്യെ കോടതി വീണ്ടും ആവശ്യപ്പെട്ടു. ഓരോ ഒഴിവുകഴിവുകള്‍ നിരത്തി ദിലീപിന്‍റെ അഭിഭാഷകര്‍ ഫോണുകള്‍ ഹാജരാക്കാനാവില്ലെന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഫോണുകള്‍ വിവാദ വിഷയമായിരിക്കുന്നത്. തന്‍റെ പക്കല്‍ മൂന്നു ഫോണുകളേ ഉള്ളുവെന്നും സ്വന്തം സ്വകാര്യതയുടെ പേരില്‍ ആ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാനാവില്ലെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള വാദിക്കുന്നത്.

ഗൂഢാലോചനക്കുറ്റം സംബന്ധിച്ച് പ്രതിയായ ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ മാത്രമാണ് ഹൈക്കോടതി അനുവദിച്ചത്. ദിവസം 11 മണിക്കൂര്‍ എന്ന കണക്കില്‍ മൂന്നു ദിവസം കൊണ്ട് 33 മണിക്കൂര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. എങ്കിലും ക്രൈംബ്രാഞ്ചിന് തൃപ്തിയായിട്ടില്ല. പ്രതീക്ഷിച്ച വിവരമൊന്നും കിട്ടിയില്ല.

മുമ്പ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ചോദ്യം ചെയ്തതാണ്. ഇപ്പോള്‍ മൂന്നു ദിവസം തുടര്‍ച്ചയായി വീണ്ടും ചോദ്യം ചെയ്യല്‍. ഇത്രയുമായിട്ടും ദിലീപിനെ കുരുക്കാനും മാത്രമുള്ള തെളിവുകള്‍ പോലീസിനു കിട്ടിയിട്ടില്ലെന്നു വേണം മനസിലാക്കാന്‍.

അതുകൊണ്ടുതന്നെയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഫോണുകള്‍ കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഈ ഫോണുകളില്‍ കാണുമെന്ന് പോലീസ് കരുതുന്നു. ആ ദൃശ്യങ്ങളോ ബന്ധപ്പെട്ട സംഭാഷണങ്ങളോ മറ്റു തെളിവുകളോ ഫോണുകള്‍ പരിശോധിച്ചാല്‍ കിട്ടുമെന്നും ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. കനത്ത തെളിവുകള്‍ കൈയില്‍ കിട്ടാതെ പോലീസിന് ദിലീപിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകാനാവില്ലെന്നു തന്നെയാണു സൂചന.

പക്ഷെ തന്‍റെ ഫോണ്‍ തന്നില്‍ നിന്നു വാങ്ങി തനിക്കെതിരെ തെളിവുണ്ടാക്കാനാണു പോലീസിന്‍റെ ശ്രമമെന്നാണ് ദിലീപിന്‍റെ വാദം. നിയമപരമായി അതു ശരിയല്ലെന്നു അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വീറോടെ വാദിച്ചു.

പക്ഷെ ഹൈക്കോടതി വളരെ ശ്രദ്ധയോടെയാണു നീങ്ങുന്നത്. ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന പോലീസ് വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതു ദിലീപിനു വലിയ നേട്ടമായി. എന്നാല്‍ ഫോണുകള്‍ വിട്ടു കൊടുക്കണമെന്ന നിലപാട് ഹൈക്കോടതി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഫോണ്‍ നല്‍കിയില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കിയ നിലപാട് മാറ്റേണ്ടിവരുമെന്ന് കോടതി വ്യക്തമായ സൂചന നല്‍കുകയും ചെയ്യുന്നു.

പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്മേലുള്ള വിചാരണ നിര്‍ണായകമായ ഘട്ടത്തിലെത്തി നില്‍ക്കുന്നുവെന്നര്‍ത്ഥം. ഫോണുകള്‍ തിങ്കളാഴ്ച കാലത്ത് പത്തേകാലിനു ഹൈക്കോടതിയിലെത്തിക്കണമെന്നാണ് ശനിയാഴ്ച ഉച്ചയ്ക്ക് വിചാരണയ്ക്കിടെ ഹൈക്കോടതി വാക്കാല്‍ ആവശ്യപ്പെട്ടത്.

ദിലീപ് ഫോണുകള്‍ ഹാജരാക്കിയേ മതിയാകൂ എന്ന നിലയിലേയ്ക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ഒന്നുകില്‍ ഫോണുകള്‍ ഹാജരാക്കുക, അല്ലെങ്കില്‍ അറസ്റ്റിനു തയ്യാറാവുക എന്നീ രണ്ടു വഴികളേ ദിലീപിനു മുന്നിലുള്ളു എന്നായിരിക്കുന്നു ഇപ്പോഴത്തെ സ്ഥിതി.

അറസ്റ്റിലായാല്‍ ചോദ്യം ചെയ്യലിന്‍റെ രീതി മാറും. ഫോണുകള്‍ പിടിച്ചെടുക്കാന്‍ പോലീസിനു പിന്നെ പാടുപെടേണ്ടി വരികയുമില്ല. ദിലീപിനു മുട്ടു മടക്കേണ്ടി വരുമോ ?

വരും മണിക്കൂറുകള്‍ തികച്ചും നിര്‍ണായകമാവുകയാണ്. ദിലീപിനും ക്രൈംബ്രാഞ്ചിനും.

Advertisment