Advertisment

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ കേസ് ലോകായുക്ത തള്ളിയത് സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല, മന്ത്രി ആര്‍ ബിന്ദുവിനും; ഈ വിധിക്ക് മാനങ്ങളേറെ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ പരാതി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തള്ളിക്കളഞ്ഞു. മന്ത്രി ഗവര്‍ണര്‍ക്കു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും അതില്‍ മന്ത്രിക്കു തെറ്റുപറ്റിയിട്ടില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു. പരാതി പൂര്‍ണമായും തള്ളുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ കേസ് ലോകായുക്ത തള്ളിയത് സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. മന്ത്രി ആര്‍ ബിന്ദുവിനും.

പക്ഷെ ഈ വിധിക്ക് മാനങ്ങളേറെ. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡോ. കെ.ടി ജലീലിനെതിരായ ലോകായുക്ത, ജസ്റ്റിസ് സിറിയക് ജോസഫ് എടുത്ത തീരുമാനം തീപിടിക്കുന്ന വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരായ കേസില്‍ അതേ ലോകായുക്ത അനുകൂല തീരുമാനമെടുക്കുന്നത്. ജലീലും ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

വിചാരണ വേളയില്‍ത്തന്നെ ലോകായുക്ത മന്ത്രി ബിന്ദുവിനനുകൂലമായ നിലപാടാണു സ്വീകരിച്ചത്. മന്ത്രിക്ക് ഇതില്‍ എങ്ങനെ ഉത്തരവാദിത്തം വരുമെന്നും മന്ത്രി നിര്‍ദേശം നല്‍കുക മാത്രമല്ലേ ചെയ്തുള്ളുവെന്നും ലോകായുക്ത ചോദിച്ചിരുന്നു.

കേരളത്തിലെ ലോകായുക്ത നിയമം മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അമിതാധികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നുകണ്ട് അതില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കി സര്‍ക്കാരിനയച്ചുകൊടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിധി എന്ന കാര്യവും കാണണം. ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹം അതില്‍ ഒപ്പുവെച്ചിട്ടില്ല. ഗവര്‍ണര്‍ ഒപ്പുവെച്ച് ഓര്‍ഡിനന്‍സ് പാസാക്കിയില്ലെങ്കില്‍ ബജറ്റ് സമ്മേളന കാലത്ത് ബില്‍ തന്നെ അവതരിപ്പിക്കേണ്ടി വരും.

രണ്ടു പരാതികളായിരുന്നു ലോകായുക്തയ്ക്കു മുമ്പിലുണ്ടായിരുന്നത് - മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരായ പരാതികള്‍. മുഖ്യമന്ത്രിക്കെതിരായ പരാതിയിന്മേല്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.

മന്ത്രി ജലീലിനെതിരായ പരാതിയിന്മേല്‍ ലോകായുക്ത എടുത്ത തീരുമാനമാണ് സര്‍ക്കാരില്‍ ആശങ്കയുണ്ടാക്കിയതെന്നു വ്യക്തം. പക്ഷെ അതിനു ന്യായമായ കാര്യകാരണങ്ങള്‍ മുന്നോട്ടു വെയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. അതിന്‍റെ ഭാഗമായാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ഇന്ത്യയുടെ ഭരണഘടന പ്രകാരം ജനാധിപത്യ രീതികളിലൂടെ അധികാരത്തിലെത്തിയ മന്ത്രി കെ.ടി ജലീലിനെ ഒരൊറ്റ ഉത്തരവിലൂടെ പുറത്താക്കാന്‍ ലോകായുക്തയ്ക്കു കഴിയുമെങ്കില്‍ ഇതേ രീതി സര്‍ക്കാരിലെ ഏതു മന്ത്രിക്കുമെതിരെ, എന്തിന്, മുഖ്യമന്ത്രിക്കെതിരെ പോലും സ്വീകരിക്കാനാവില്ലേ എന്ന ചോദ്യമാണ് സര്‍ക്കാരിന്‍റെ ഉറക്കം കെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിയും ലോകായുക്തയുടെ പരിഗണനയിലുണ്ടായിരുന്നു എന്ന കാര്യവും ഓര്‍ക്കണം.

ഓര്‍ഡിനന്‍സ് പ്രതിപക്ഷം വിവാദമാക്കിയപ്പോഴാണ് മുന്‍ മന്ത്രി കെ.ടി ജലീല്‍ ലോകായുക്തയ്ക്കെതിരെ ചാടിവീണത്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി ജലീല്‍ കത്തിക്കയറിയപ്പോള്‍ ലോകായുക്തയുടെ ഭാഗം പറയാന്‍ ആരുമുണ്ടായില്ല.

അതേസമയം, ജലീലിന്‍റെ ആരോപണങ്ങള്‍ ഏറ്റുപിടിക്കാന്‍ സര്‍ക്കാരോ സി.പി.എമ്മോ ഒരുമ്പിട്ടതുമില്ല. ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയ്ക്ക് ജലീല്‍ പറയുന്നതൊക്കെ പറഞ്ഞുകൊള്ളട്ടെ എന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്.

അതേസമയം ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയും ചെയ്തു. നിയമസഭ പാസാക്കിയ ഒരു നിയമത്തിന്‍റെ ബലത്തില്‍ നില്‍ക്കുന്ന ലോകായുക്തയ്ക്ക് ഭരണഘടന നിര്‍ദേശിച്ച പ്രകാരം തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഒരു മന്ത്രിയെ നീക്കാന്‍ അവകാശമില്ലെന്ന ബോധമാണ് ഓര്‍ഡിനന്‍സിന്‍റെ അടിസ്ഥാനം. ഈ ബോധത്തില്‍ രാഷ്ട്രീയമുണ്ട്. ജാഗ്രതയുമുണ്ട്.

ജലീലിനെതിരെ ഉണ്ടായ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ലോകായുക്ത നിയമം അങ്ങനെയായതുകൊണ്ടാണ്. വിധി വന്നയുടനെ ജലീലിനു രാജി വെയ്ക്കേണ്ടതായും വന്നു. അങ്ങനെയൊരു വജ്രായുധവുമായി ജസ്റ്റിസ് സിറിയക് ജോസഫ് ഇതുപോലൊരു നിര്‍ണായക പദവിയിലിരിക്കുന്നത് ശരിയല്ലെന്നാണ് കെ.ടി ജലീല്‍ പഴയ കാര്യങ്ങള്‍ പരസ്യമാക്കി പറഞ്ഞുവെയ്ക്കുന്നത്.

ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് ഭരണം കയ്യാളുന്ന ജനപ്രതിനിധികളുടെ അധികാരത്തിന്‍റെ ശക്തിയും ഇവിടെ വെളിവാകുന്നുണ്ട്. ആ ശക്തിയുടെ മുഖമാണ് ജലീലിന്‍റെ വെളിപ്പെടുത്തലുകളില്‍ തെളിയുന്നത്. ലോകായുക്ത പുതിയ സന്ദേശം വായിച്ചറിഞ്ഞതിന്‍റെ ഫലമാണോ ബിന്ദു കേസിലെ വിധി ?

Advertisment