Advertisment

ഇന്ത്യന്‍ സേനയ്ക്കു തന്നെ അഭിമാനമായി ഈ ഭീമന്‍ രക്ഷാദൗത്യം, സമാനതകളില്ലാത്ത ദൗത്യം! ബാബുവിനെ രക്ഷപ്പെടുത്തിയ സൈനികര്‍ക്ക് ഒരു വലിയ സല്യൂട്ട്‌; കേരളത്തിന്‍റെ മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലും ഇത് ഒരു പുതിയ അദ്ധ്യായം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ത് അഭിമാന മുഹൂര്‍ത്തം. മലമ്പുഴ ചെറാടു സ്വദേശി ആര്‍. ബാബു എന്ന 21 കാരനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സേന അതിന്‍റെ ഏറ്റവും പ്രഗത്ഭരായ സൈനികരെയാണു നിയോഗിച്ചത്. മലമ്പുഴയിലെ മല കയറ്റത്തിനിടയ്ക്ക് കാല്‍ വഴുതി ആഴമുള്ള പാറയിടുക്കില്‍ കുടുങ്ങിപ്പോയ യുവാവിനെ രക്ഷിക്കാന്‍ സൈന്യവും പോലീസും വിവിധ ഏജന്‍സികളും നടത്തിയ വലിയ ദൗത്യം ടെലിവിഷന്‍ ചാനലുകളിലൂടെ മണിക്കൂറുകളോളം മലയാളികളെ മുള്‍ മുനയില്‍ നിര്‍ത്തി.

അവസാനം ചെങ്കുത്തായ പാറയിടുക്കിലൂടെ കയറില്‍ തൂങ്ങിയിറങ്ങിയ സൈനികന്‍ അതിസാഹസികമായി അങ്ങുതാഴെ മരണത്തോടു പടപൊരുതുകയായിരുന്ന ബാബുവിനെ കക്ഷപെടുത്തി. ആദ്യം കുടിക്കാന്‍ വെള്ളം. പിന്നെ അല്പം ഭക്ഷണം. ബാബുവിന് ജീവന്‍ വെച്ചുതുടങ്ങി.

തിങ്കളാഴ്ച പകല്‍ ഏതാണ്ട് 12.30 നാണ് ബാബുവും രണ്ടു സുഹൃത്തുക്കളും മലകയറാന്‍ മലമ്പുഴ എലിച്ചിരം കുമ്പാച്ചിമലയിലെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ മലകയറ്റം നിര്‍ത്തി മടങ്ങാന്‍ തയ്യാറായപ്പോഴും ബാബു കുറേ കൂടി കയറാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ കാല്‍ വഴുതി ബാബു താഴെ ആഴമേറിയ കൊക്കയിലേയ്ക്കു വീണു. ഉരുണ്ടും നിരങ്ങിയുമായിരുന്നു വീഴ്ചയെന്നതിനാല്‍ ഒരു കാല്‍മുട്ടിനു നിസാര പരിക്കു പറ്റിയെന്നതൊഴിച്ചാല്‍ കാര്യമായ പ്രശ്നമൊന്നുമുണ്ടായില്ല. അപ്പോള്‍ സമയം രണ്ടു മണി.

publive-image

മൊബൈലില്‍ ഫയര്‍ ഫോഴ്സിനെയും കൂട്ടുകാരെയും വിവരമറിയിച്ചതുകൊണ്ട് കാര്യം പെട്ടെന്നു പുറം ലോകമറിഞ്ഞു. പക്ഷെ ദുരിതാശ്വാസമെത്താന്‍ ഏറെ വൈകി. കാണാമറയത്തു കഴിയുന്ന ബാബുവിനെ കണ്ടെത്താനോ രക്ഷപെടുത്താനോ ഉള്ള സംവിധാനമൊന്നും തന്നെ കേരളാ പോലീസിനോ ദുരന്ത നിവാരണ സേനയ്ക്കോ വനം വകുപ്പിനോ ഉണ്ടായിരുന്നില്ല.

പേടിച്ചു വിറച്ച് ബാബു പാറയിടുക്കിലെ കടുത്ത ഏകാന്തതയില്‍ കഴിഞ്ഞത് രണ്ടു ദിവസം. ഏതാണ്ട് 48 മണിക്കൂറിലേറെ നേരം. ആഹാരമൊന്നും കഴിക്കാതെ, ഒരു തുള്ളി വെള്ളം കുടിക്കാതെ ഒന്നാം ദിവസം രാത്രിക്കു കനം വെച്ചപ്പോഴും ആരെങ്കിലും സഹായത്തിനെത്തുമെന്നു കരുതി ബാബു പ്രതീക്ഷയോടെ കാത്തിരുന്നു. ആരുമെത്തിയില്ല. രാത്രി കനത്തു. തണുപ്പും കൂടി.

ചൊവ്വാഴ്ച കാലത്തോടെയാണ് സൈന്യം രക്ഷാദൗത്യമേറ്റെടുത്തത്. ഊട്ടിയിലെയും ബംഗളൂരുവിലെയും സൈനിക ക്യാമ്പുകളില്‍ നിന്ന് ദൗത്യ സംഘം മലമ്പുഴയിലേയ്ക്കു തിരിച്ചു. അപ്പോഴേയ്ക്ക് വിവിധ ഏജന്‍സികളും രംഗത്തെത്തി. രക്ഷാ ദൗത്യത്തില്‍ മറ്റെല്ലാ സംഘങ്ങളും സൈന്യത്തെ സഹായിക്കാന്‍ കൂടെ നിന്നു.

കോസ്റ്റ് ഗാര്‍ഡിന്‍റെ ഒരു ഹെലികോപ്റ്റര്‍ സഹായത്തിനു പറന്നെത്തിയെങ്കിലും കാറ്റ് അതിശക്തമായിരുന്നതിനാല്‍ ദൗത്യത്തിനു തുനിയാതെ മടങ്ങി.

വൈകുന്നേരത്തോടെ സൈന്യം പല സംഘങ്ങളായി തിരിഞ്ഞ് മല കയറാന്‍ തുടങ്ങി. രണ്ടാം രാത്രിയും കനത്തുവെങ്കിലും സൈനികര്‍ അറച്ചു നിന്നില്ല. രാത്രിയില്‍ മലയുടെ മുകളിലെത്തെയാല്‍ കാലത്തു തന്നെ ദൗത്യം തുടങ്ങാമെന്നായിരുന്നു സൈന്യത്തിന്‍റെ കണക്കുകൂട്ടല്‍. അത് ആ വഴിക്കുതന്നെ നടക്കുകയും വിജയത്തിലെത്തുകയും ചെയ്തു.

publive-image

ടെലിവിഷന്‍ ചാനലുകള്‍ക്കും പരീക്ഷണ ഘട്ടം തന്നെയായിരുന്നു. റിപ്പോര്‍ട്ടര്‍മാരും ക്യാമറമാന്മാരുമെല്ലാം തടസങ്ങളോടു മല്ലിട്ടു തന്നെ കടമ നിര്‍വഹിച്ചു. കേരളത്തിന്‍റെ മാധ്യമ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം തന്നെയാണ് ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ എഴുതി ചേര്‍ത്തത്. ലോകമെങ്ങുമുള്ള മലയാളികള്‍ ബാബുവിന്‍റെ വിവരമറിയാന്‍ ആകാംഷയോടെ ചാനലുകളില്‍ കണ്ണും നട്ടിരുന്നു.

ബുധനാഴ്ച വെളുപ്പായപ്പോഴേയ്ക്ക് സൈനികര്‍ വ്യക്തമായ പരിപാടി തയ്യാറാക്കിക്കഴി‍ഞ്ഞിരുന്നു. പാറയില്‍ തറച്ച വലിയ ആണിയിന്മേല്‍ കെട്ടിയ കയറില്‍ തൂങ്ങി ഒരു സൈനികന്‍ താഴേയ്ക്ക്. തികച്ചും ദുര്‍ഘടം പിടിച്ച യാത്ര. ഇടയ്ക്കു തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍. താഴെ മലമടക്കുകളുടെ ഭീകരത. മണിക്കൂറുകള്‍ക്കു ശേഷം ആ ധീര സൈനികന്‍ ബാബുവിന് ആശ്രയം നല്‍കിയ ഭാഗത്തെത്തി.

ബാബുവിന് ജീവന്‍ വീണത് അപ്പോഴാണ്. കൈവിട്ടുപോയെന്നു കരുതിയ ജീവന്‍ തിരികെ കിട്ടിയതോടെ ബാബുവിന് ഉത്സാഹമായി. ഇല്ലാത്ത ഊര്‍ജവും ശക്തിയും സംഭരിച്ച് ബാബു ആ സൈനികനോടൊപ്പം മുകളിലേയ്ക്ക്. അവസാനം കുന്നില്‍ മുകളില്‍ കാത്തിരുന്ന സൈനികരുടെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മടിത്തട്ടിലേയ്ക്ക്.

ഇന്ത്യന്‍ സേനയ്ക്കു തന്നെ അഭിമാനമായി ഈ ഭീമന്‍ രക്ഷാദൗത്യം. സമാനതകളില്ലാത്ത ദൗത്യം. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ കുന്നിനു മുകളില്‍ നിന്ന് ബാബുവിനെയും കൊണ്ട് കഞ്ചിക്കോട്ടേയ്ക്ക്. അവിടെ നിന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേയ്ക്ക്. രണ്ടു ദിവസം നീണ്ടു നിന്ന ആകാംഷയോടെയുള്ള കാത്തിരിപ്പിന് ശുഭാന്ത്യം.

ലോകത്തിലെ ഏറ്റവും നല്ല സേനകളിലൊന്നാണ് ഇന്ത്യയുടെ കരസേന. യുദ്ധത്തിനു മാത്രമല്ല, അസാധാരണങ്ങളില്‍ അസാധാരണമായ ആപത്തില്‍ പെടുന്നവരെ രക്ഷപെടുത്താനും കരസേനയ്ക്കു കഴിയുമെന്ന് ബാബുവിന്‍റെ അത്യപൂര്‍വവും അതിസങ്കീര്‍ണവുമായ രക്ഷാ ദൗത്യം തെളിയിക്കുന്നു.

തീര്‍ച്ചയായും ഈ ദൗത്യത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും കരസേനയ്ക്കൊക്കെയും ഒരു വലിയ സല്യൂട്ട്.

Advertisment