Advertisment

വി.ഡി സതീശനാണു പ്രതിപക്ഷ നേതാവെന്ന് രമേശ് ചെന്നിത്തല മറന്നുപോകുന്നതെന്തേ ? പ്രതിപക്ഷത്തിന്‍റെ നേതാവെന്ന നിലയ്ക്ക് തന്‍റെ ചുമതലകള്‍ വി.ഡി സതീശന്‍ പ്രഗത്ഭമായിത്തന്നെ നിര്‍വഹിക്കുന്നുമുണ്ട്; പ്രതിപക്ഷ നേതാവിന്‍റെ ചുമതലകളില്‍ മുന്‍ പ്രതിപക്ഷ നേതാവ് കൈയിടുന്നതും ഒരു സമാന്തര രാഷ്ട്രീയ ശക്തിയായി മാറാന്‍ ശ്രമിക്കുന്നതും ഒട്ടും ഭംഗിയല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

വി.ഡി സതീശനാണു പ്രതിപക്ഷ നേതാവെന്ന് രമേശ് ചെന്നിത്തല മറന്നുപോകുന്നതെന്തേ ? അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ആ സ്ഥാനത്തു വേറേ ആള്‍ വന്ന കാര്യം അറിയാത്ത മട്ടിലാണ് പ്രവര്‍ത്തനം.

ഏറ്റവുമൊടുവില്‍ രമേശ് ചെന്നിത്തല പ്രസ്താവിച്ചിരിക്കുന്നത് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്നാണ്. രമേശിന്‍റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും.

സര്‍ക്കാരിന്‍റെ ഏതെങ്കിലും നിലപാടിനോ നടപടിക്കോ എതിരെ നിയമസഭയില്‍ രാഷ്ട്രീയ നീക്കം നടത്തുക പ്രതിപക്ഷത്തിന്‍റെ ചുമതലയാണ്. നിയമസഭയില്‍ അത്തരം നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് പ്രതിപക്ഷ നേതാവാണു താനും.

ഐക്യമുന്നണി സംവിധാനത്തില്‍ പ്രതിപക്ഷം എന്നാല്‍ വിവിധ കക്ഷികളുടെ കൂട്ടായ്മയാണ്. വര്‍ഷങ്ങളായി രണ്ടു മുന്നണികള്‍ - യു.ഡി.എഫും എല്‍.ഡി.എഫും - കേരളത്തിലെ ഭരണം ഒന്നിടവിട്ട ഇടവേളകളില്‍ പങ്കിട്ടെടുക്കുകയായിരുന്നു. പക്ഷെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ പതിവു തെറ്റി.

കഴിഞ്ഞ അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല എല്ലാ തുറകളിലും സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഏറെ അദ്ധ്വാനിച്ചിരുന്നു. എന്തിനും ഏതിനും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി അദ്ദേഹം. രമേശ് ചെന്നിത്തലയുടെ പല നീക്കങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പ് തന്‍റെ സ്വന്തമാക്കാന്‍ കഴിയുമെന്നു രമേശ് ചെന്നിത്തല ആഗ്രഹിച്ചത് സ്വാഭാവികം മാത്രം. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് നടത്തിയ കഠിനാദ്ധ്വാനത്തില്‍ രമേശ് ഏറെ വിശ്വാസമര്‍പ്പിച്ചിരുന്നു. പുറമെ കേരളത്തിന്‍റെ തെരഞ്ഞെടുപ്പു പതിവും അദ്ദേഹത്തിന്‍റെ വിശ്വാസം ഊട്ടി ഉറപ്പിച്ചു. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടി രമേശിന്‍റെ എല്ലാ മോഹങ്ങളും തകര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റുവാങ്ങിയ പ്രതിപക്ഷത്തിന് ഒരിക്കല്‍ കൂടി നേതൃത്വം നല്‍കാന്‍ രമേശ് ആഗ്രഹിച്ചു. അതും സ്വാഭാവികം മാത്രം. അങ്ങനെയെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ഒരു നീക്കം കൂടി നടത്താനാവുമെന്നും അദ്ദേഹം കണക്കുകൂട്ടി. പക്ഷെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി വി.ഡി സതീശനെയാണ് നേതാവായി തെരഞ്ഞെടുത്തത്.

അത്രപെട്ടെന്ന് തന്നെയങ്ങു മൂലയ്ക്കിരുത്താമെന്ന് ആരും കരുതേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ മനസിലിരുപ്പ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ എതിര്‍ക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെയും വളരെ വിദഗ്ദ്ധമായി ഉപയോഗിക്കാന്‍ തന്നെയാണ് ആദ്യം മുതലേ രമേശ് ശ്രദ്ധിച്ചു വരുന്നത്.

ഇത് കോണ്‍ഗ്രസിന്‍റെ പുതിയ നേതൃത്വത്തിന് തീരെ പിടിക്കുന്നുമില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പലതവണ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയിലെ ഒരു മുതിര്‍ന്ന അംഗമെന്ന നിലയ്ക്ക് തനിയ്ക്ക് ഇതുപോലെ പ്രധാന വിഷയങ്ങളില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നാണ് രമേശിന്‍റെ വാദം.

പക്ഷെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിയമസഭാഗമായിരുന്നു. ഒരിക്കലും പ്രതിപക്ഷ നിരയുടെ മുന്നിലേയ്ക്കെത്തി എന്തെങ്കിലും പറയാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിട്ടില്ല. പ്രതിപക്ഷത്തിന്‍റെ എല്ലാ നീക്കങ്ങളുടെയും നേതൃത്വം രമേശ് ചെന്നിത്തലയ്ക്കായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന ഘട്ടത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ചു പ്രസംഗിച്ചത് വി.ഡി സതീശനായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സതീശനെ ഈ ചുമതല നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു.

സതീശന്‍റെ അതിപ്രഗത്ഭമായ പ്രസംഗവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണിക്കൂറുകളോളം നീണ്ട മറുപടി പ്രസംഗവും രാത്രി വൈകും വരെ നീണ്ട നിയമസഭാ സമ്മേളനവും കേരള രാഷ്ട്രീയത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്നിപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. പ്രതിപക്ഷത്തിന്‍റെ നേതാവെന്ന നിലയ്ക്ക് തന്‍റെ ചുമതലകള്‍ അദ്ദേഹം പ്രഗത്ഭമായിത്തന്നെ നിര്‍വഹിക്കുന്നുമുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ ചുമതലകളില്‍ മുന്‍ പ്രതിപക്ഷ നേതാവ് കൈയിടുന്നതും ഒരു സമാന്തര രാഷ്ട്രീയ ശക്തിയായി മാറാന്‍ ശ്രമിക്കുന്നതും ഒട്ടും ഭംഗിയല്ല. രാഷ്ട്രീയമായി ശരിയുമല്ല.

Advertisment