Advertisment

സര്‍ക്കാരിന് സ്വന്തം ഇഷ്ടപ്രകാരം മന്ത്രിമാരുടെ സ്റ്റാഫില്‍ രാഷ്ട്രീയക്കാരെ നിയമിക്കാമെങ്കില്‍ തനിക്കു രാജ്ഭവനിലും അതാവാമെന്നാണ് ഗവര്‍ണറുടെ നിലപാട്; അങ്ങനെയെങ്കില്‍ രാജ്ഭവനില്‍ കൂടുതല്‍ രാഷ്ട്രീയ നിയമനം നടക്കും! നിയമസഭയിലേയ്ക്ക് ഒരംഗത്തെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പി രാജ്ഭവനിലൂടെ അധികാര കേന്ദ്രത്തിലെത്താന്‍ ശ്രമിക്കുകയാണോ ? മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സംസ്ഥാന സര്‍ക്കാരിനെ ആശങ്കയുടെയും അനിശ്ചിതത്വത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഗവര്‍ണറുടെ അസാധാരണ സമ്മര്‍ദം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഗവര്‍ണര്‍ അയഞ്ഞെങ്കിലും അദ്ദേഹം സര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനം, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നിങ്ങനെ ഗവര്‍ണര്‍ മുന്നോട്ടു വെച്ച അഭിപ്രായ വ്യത്യാസങ്ങള്‍ക്കു ശേഷം നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പു വയ്ക്കാതെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭ ചേരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പു വരെ.

ദിവസങ്ങള്‍ക്കു മുമ്പ് രാജ്ഭവനില്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗമായിരുന്ന ഹരി എസ് കര്‍ത്തായെ നിയമിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ പദവി കേന്ദ്രീകരിച്ച് പുതിയ സമ്മര്‍ദം ഉയര്‍ന്നത്. രാജ് ഭവനില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്നയാളെ ഉദ്യോഗസ്ഥനായി നിയമിക്കുന്നത്.

ഈ നിയമനം സംബന്ധിച്ച് രാജ് ഭവനില്‍ നിന്നു വന്ന നിര്‍ദേശം സര്‍ക്കാരിനെ ഞെട്ടിക്കുക തന്നെ ചെയ്തു. രാജ് ഭവനില്‍ മുമ്പ് ഇതുപോലൊരു രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്നും ഇത് തെറ്റായ കീഴ്വഴക്കമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഫയലില്‍ കുറിപ്പെഴുതി. ഈ കുറിപ്പുകൂടി ചേര്‍ത്ത് പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഹരി എസ്. കര്‍ത്തായെ നിയമിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് രാജ്ഭവനിലേയ്ക്കയച്ചതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. പ്രഗല്‍ഭനും സത്യസന്ധനുമായ ഉദ്യോഗസ്ഥനുമാണ് ജ്യോതിലാല്‍.

രോഷം പൂണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു. വെള്ളിയാഴ്ച രാവിലെ നിയമസഭ തുടങ്ങുമ്പോള്‍ നടത്തേണ്ട നയ പ്രഖ്യാപന പ്രസംഗം ഒപ്പുവെയ്ക്കാതെ മാറിനിന്നു. ഭരണഘടനാ പ്രതിസന്ധി എന്ന മുള്‍മുനയിലായി സംസ്ഥാന സര്‍ക്കാര്‍.

ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാന്‍ ഭരണഘടനാ പ്രകാരം ഗവര്‍ണര്‍ക്ക് സാധ്യമല്ലെന്നതാണ് വസ്തുത. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് ഭരണം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ പാസാക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പു വയ്ക്കുകയും അത് നിയമസഭയുടെ ഒരു വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ വായിക്കുകയും ചെയ്യുക ഗവര്‍ണറുടെ ഭരണഘടനാപരമായ ബാദ്ധ്യതയാണ്.

ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ ഭാഗമാണ്. സര്‍ക്കാരിന്‍റെ മുകളിലിരിക്കുന്ന ഒരു ഭരണ ഘടനാ പദവി. പക്ഷെ സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപന പ്രസംഗം വായിക്കുകയല്ലാതെ വേറെ വഴി ഗവര്‍ണര്‍ക്കു മുന്നിലില്ല തന്നെ.

സംസ്ഥാന പൊതുഭരണ വകുപ്പു സെക്രട്ടറി ജ്യോതിലാലിനെ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തി പകരം മുതിര്‍ന്ന ഉദ്യോഗസ്ഥയായ ശാരദാ മുരളീധരനെ ആ സ്ഥാനത്തു നിയമിച്ച് സര്‍ക്കാര്‍ അടിയന്തിര പരിഹാരമുണ്ടാക്കി. ഇത് ഒരു അനുരഞ്ജനമായി കണക്കിലെടുത്ത് വഴങ്ങുകയായിരുന്നു ഗവര്‍ണര്‍. സര്‍ക്കാര്‍ തീരുമാനം വന്നയുടന്‍ തന്നെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പു വയ്ക്കുകയായിരുന്നു. ശരിക്കുമൊരു വെടി നിര്‍ത്തല്‍ തന്നെ.

എങ്കിലും രാജ്ഭവനില്‍ ബി.ജെ.പി നേതാവിനെ നിയമിച്ച വിഷയം ചൂടായിത്തന്നെ നിലനില്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ബന്ധപ്പെട്ട ഫയലില്‍ അതൃപ്തി രേഖപ്പെടുത്തി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ നിയമിക്കുന്നതു സംബന്ധിച്ച് ഗവര്‍ണറും രൂക്ഷമായി പ്രതികരിച്ചു. സര്‍ക്കാരിന് സ്വന്തം ഇഷ്ടപ്രകാരം മന്ത്രിമാരുടെ സ്റ്റാഫില്‍ രാഷ്ട്രീയക്കാരെ നിയമിക്കാമെങ്കില്‍ തനിക്കു രാജ്ഭവനിലും അതാവാമെന്നാണ് ഗവര്‍ണറുടെ നിലപാട്.

അങ്ങനെയെങ്കില്‍ രാജ്ഭവനില്‍ കൂടുതല്‍ രാഷ്ട്രീയ നിയമനം നടക്കും. അതു കേരളം എങ്ങനെയാവും കാണുക ? നിയമസഭയിലേയ്ക്ക് ഒരംഗത്തെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പി രാജ്ഭവനിലൂടെ അധികാര കേന്ദ്രത്തിലെത്താന്‍ ശ്രമിക്കുകയാണോ ?

ഇതു സംബന്ധിച്ച് പ്രതിപക്ഷം സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ തിരിയുകയാണ്. നിയമസഭ തുടങ്ങുന്നത് സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍.

Advertisment