Advertisment

മതേതര സമൂഹമായ കേരളത്തില്‍ പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്ന രണ്ടു പേരുടെ അവകാശത്തില്‍ ഇടപെടാന്‍ മതത്തിനോ സമുദായത്തിനോ ജാതിക്കോ ഒരധികാരവുമില്ല; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരു കാര്യവുമില്ല; സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഏറെ അന്വേഷിച്ചു തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത് സ്ഥാപിത താല്‍പ്പര്യക്കാരാണ്; കേരള സമൂഹം ഇതു പ്രത്യേകം ഓര്‍ക്കണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കോഴിക്കോടു ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍പ്പെട്ട എം.എസ് ഷെജിനും ജോയ്‌സ്‌ന മേരി ജേക്കബും തമ്മിലുള്ള കല്യാണം പെട്ടെന്നാണു വിവാദത്തിനു തിരി കൊളുത്തിയത്. കോടഞ്ചേരി സ്വദേശിനിയും സൗദി അറേബ്യയില്‍ നഴ്സുമായ ജോയ്‌സ്‌നയും സി.പി.എം കണ്ണോത്ത് ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ഷെജിനും തമ്മിലുള്ള വിവാഹം കോടഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഷെജിന്‍ മുസ്ലിം സമുദായാംഗമാണ്. ജോയ്‌സ്‌ന കത്തോലിക്കാ സഭാംഗവും.

പെട്ടെന്നാണ് വിവാദത്തിനു തീപിടിച്ചത്. ഇതു ലൗ ജിഹാദാണെന്നു പറഞ്ഞ് മതാദ്ധ്യക്ഷന്മാരും രാഷ്ട്രീയക്കാരുമെല്ലാം രംഗത്തിറങ്ങി. പാര്‍ട്ടി രേഖ ഉദ്ധരിച്ചുകൊണ്ടുതന്നെ, ഇതു തെറ്റാണെന്നാരോപിച്ച് തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസും ആഞ്ഞടിച്ചതോടെ കാര്യങ്ങള്‍ പിന്നെയും വഷളായി. ജോയ്‌സ്‌നയുടെ ബന്ധുക്കളും സമുദായാംഗങ്ങളും ക്ഷുഭിതരായി വടക്കാഞ്ചേരി അങ്ങാടിയില്‍ പ്രതിഷേധ മാര്‍ച്ചും നടത്തി.

ലൗ ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നീ പ്രയോഗങ്ങള്‍ കുറെ കാലമായി കത്തോലിക്കാ സമുദായത്തില്‍ ചര്‍ച്ചാ വിഷയമാണ്. ഏതാനും മാസം മുമ്പ് പാലാ ബിഷപ്പിന്‍റെ ഒരു പ്രസംഗമാണ് നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പദപ്രയോഗത്തിന് ഒരു വിവാദ പരിവേഷം നല്‍കിയത്. ഷെജിനും ജോയ്‌സ്‌നയും രഹസ്യമായി വിവാഹം കഴിക്കുകയും ഒളിച്ചോടുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നില്ലെന്നും ഇത് എന്‍.ഐ.എ അന്വേഷിക്കണമെന്നുമാണ് ജോയ്‌സ്‌നയുടെ പിതാവ് ടി.ജെ ജോസഫിന്‍റെ ആരോപണം.

മയക്കുമരുന്നു കൊടുത്തു ബോധം കെടുത്തി മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആ പിതാവിന്‍റെ ആരോപണം.

ജോര്‍ജ് എം തോമസിന്‍റെ വഴിവിട്ട വാക്കുകള്‍ അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടിവന്നു. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും തിരുത്തലുമായി ഉടന്‍ രംഗത്തിറങ്ങി. ഒരു മതേതര സമൂഹത്തില്‍ വിവിധ സമുദായക്കാര്‍ തമ്മില്‍ വിവാഹിതരാകുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഡി.വൈ.എഫ്.ഐയുടെ ലക്ഷ്യമെന്നും സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്‍ എ.എ റഹിം തന്നെ പറഞ്ഞു.

ലൗ ജിഹാദ് എന്നത് ആര്‍.എസ്.എസ് കെട്ടിച്ചമച്ച ഒരു കെട്ടുകഥയാണെന്നാണ് ഇടതുപക്ഷം പറയുന്നത്. ഇതു സംബന്ധിച്ച് ഏറെ കാലമായി കേരളാ പോലീസും അന്വേഷിച്ചു വരുന്നു. ദീര്‍ഘകാലം കേരളാ പോലീസില്‍ ഇന്‍റലിജന്‍സ് പ്രധാനിയും ഡി.ജി.പിയുമായിരുന്ന ജേക്കബ് പുന്നൂസും ലൗ ജിഹാദ് വാദം തള്ളിക്കളയുന്നു. കേരളത്തില്‍ അങ്ങനെയൊരു സംഭവം ഇല്ലെന്നു തന്നെയാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്.

എഞ്ചിനീയറിങ്ങ്, മെഡിസിന്‍ എന്നിങ്ങനെ വിവിധ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പഠിക്കുന്ന ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ വശീകരിച്ചു പ്രണയത്തില്‍ വീഴ്ത്താനും വിവാഹം കഴിച്ച് ഐ.എസ് പോലെയുള്ള തീവ്രവാദ സംഘടനകളിലേയ്ക്കു റിക്രൂട്ട് ചെയ്യാനുമുള്ള ഗൂഢമായ നീക്കം നടക്കുന്നുണ്ടെന്നാണ് ആരോപണം. ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു. ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ക്കാണ് ഈ വിഷയത്തില്‍ ഭീതി കൂടുതല്‍. പ്രത്യേകിച്ച് കത്തോലിക്കാ സമുദായത്തിന്.

കുറേകാലമായി പള്ളികള്‍ കേന്ദ്രീകരിച്ച് സഭാംഗങ്ങള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഇതു സംബന്ധിച്ച് സഭാ നേതൃത്വം മുന്നറിയിപ്പു നല്‍കുന്നുമുണ്ട്. ക്രമേണ ഇത് കത്തോലിക്കാ സമുദായവും മുസ്ലിം സമുദായവും തമ്മില്‍ ഒരു അകല്‍ച്ചയിലേയ്ക്കു വഴിവെയ്ക്കുകയുമായിരുന്നു.

കത്തോലിക്കാ സമുദായം മുസ്ലിം സമുദായത്തെ കാണുന്നത് മുസ്ലിം ലീഗിലൂടെയാണ്. അങ്ങനെ ഈ വിഷയത്തിന് ഒരു രാഷ്ട്രീയ മാനവും ഉണ്ടാവുന്നു. ബി.ജെ.പിയാവട്ടെ, ലൗ ജിഹാദ് എന്ന പല്ലവി ഉരുവിട്ടുകൊണ്ട് ക്രിസ്ത്യന്‍ വിഭാഗത്തിനു വീര്യം പകരാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.

പ്രായപൂര്‍ത്തിയായ ഒരു യുവാവിനും യുവതിക്കും, അവര്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും, പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു തടസവുമില്ലതന്നെ. ആര്‍ക്കും അതിനു തടസം സൃഷ്ടിക്കാനുമാവില്ല. ഷെജിനും ജോയ്‌സ്‌നയും തമ്മില്‍ നടന്ന വിവാഹത്തെ എതിര്‍ക്കുന്ന ജാതി-മത-രാഷ്ട്രീയ ശക്തികള്‍ മനസിലാക്കേണ്ട കാര്യമാണിത്.

1957 -ലെ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന സി.പി.ഐ നേതാക്കളായ ടി.വി തോമസും കെ.ആര്‍ ഗൗരിയമ്മയും തമ്മില്‍ പ്രണയത്തിലായത് വലിയ വാര്‍ത്തയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഇടപെട്ട് അവരുടെ വിവാഹം നടത്തിക്കൊടുത്തു. 1967 ലെ ഇ.എം.എസ് ഗവണ്‍മെന്‍റിലും രണ്ടു പേരും മന്ത്രിമാരായിരുന്നുവെങ്കിലും അവര്‍ അകന്നിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് രണ്ടു പാര്‍ട്ടികളിലായ ടി.വിയും ഗൗരിയമ്മയും ജീവിതത്തിലും അകലുകയായിരുന്നു.

കേരളത്തെത്തന്നെ ഇളക്കിമറിച്ച മിശ്രവിവാഹമായിരുന്നു കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെയും മേഴ്സി രവിയുടെയും വിവാഹം. മഹാരാജാസ് കോളജിലെ കെ.എസ്.യു പ്രവര്‍ത്തനകാലത്തെ പ്രണയം. ഒടുവില്‍ ഗത്യന്തരമില്ലാതെ തൃശൂര്‍കാരി മേഴ്സിക്ക് വയലാര്‍ രവിയോടൊപ്പം ഒളിച്ചോടേണ്ടി വന്നു. തൃശൂരില്‍നിന്ന് വയലാര്‍ രവിയോടൊപ്പം കൂടിയ മേഴ്സി കാറില്‍ ചേര്‍ത്തലയ്ക്ക് കുതിച്ചു.

വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പിന്നാലേ കൂടി. പക്ഷെ ചേര്‍ത്തലയില്‍ നാട്ടുകാര്‍ അവരെ തടഞ്ഞു. രവിയും മേഴ്സിയും സുരക്ഷിത കേന്ദ്രത്തിലെത്തുകയും ചെയ്തു. 1971 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 32 കാരനായ വയലാര്‍ രവിക്കു മത്സരിക്കാന്‍ പറ്റിയ സീറ്റ് തിരക്കി അവസാനം ചെന്നെത്തിയത് ചിറയിന്‍കീഴില്‍.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രത്യേകം പറഞ്ഞ് ആര്‍. ശങ്കറിനു വേണ്ടി മാറ്റിവെച്ചിരിക്കുകയായിരുന്നു ചിറയിന്‍കീഴ് മണ്ഡലം. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ ചാണ്ടിയും മറ്റും ഇടപെട്ട് വയലാര്‍ രവിക്കു സീറ്റ് വേണമെന്ന് സമ്മര്‍ദം മുറുക്കി. പ്രായമായവര്‍ക്കു പകരം യുവാക്കള്‍ക്കു സീറ്റ് നല്‍കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. അവസാനം 61 -കാരനായ ആര്‍. ശങ്കറിനു പകരം വയലാര്‍ രവിക്കു സീറ്റ് നല്‍കി. അദ്ദേഹം ലോക്സഭയിലെത്തുകയും ചെയ്തു. കത്തോലിക്കാ പള്ളിയൊന്നുമില്ലാത്ത മണ്ഡലമെന്ന നിലയ്ക്കാണ് വയലാര്‍ രവി ചിറയിന്‍കീഴ് മണ്ഡലം തെര‍ഞ്ഞെടുത്തത്. തന്‍റെ വിവാഹത്തിന്‍റെ പേരില്‍ കത്തോലിക്കര്‍ കാലുവാരുമെന്നു പേടിച്ച്.

മതേതര സമൂഹമായ കേരളത്തില്‍ പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്ന രണ്ടു പേരുടെ അവകാശത്തില്‍ ഇടപെടാന്‍ മതത്തിനോ സമുദായത്തിനോ ജാതിക്കോ ഒരധികാരവുമില്ല തന്നെ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരു കാര്യവുമില്ല. സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഏറെ അന്വേഷിച്ചു തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത് സ്ഥാപിത താല്‍പ്പര്യക്കാരാണ്. കേരള സമൂഹം ഇതു പ്രത്യേകം ഓര്‍ക്കണം.

Advertisment