Advertisment

കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ പോലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം, പക്ഷെ പോലീസ് അതിനു തയ്യാറുണ്ടോ എന്നതാണു ചോദ്യം! പി.സി ജോര്‍ജ് കേരളത്തിന്‍റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഏറെ ഒറ്റപ്പെട്ടിരിക്കുന്നു; സംഘപരിവാര്‍ ജോര്‍ജിന്‍റെ കൂടെയാണെങ്കിലും അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ സംഘപരിവാര്‍ കക്ഷികളോ നേതാക്കളോ മുന്നോട്ടു വരുന്നുമില്ല; പോലീസ് ജോര്‍ജിനെ എന്തിനു പേടിക്കണം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്യുമോ ? എറണാകുളം സെഷന്‍സ് കോടതി പി.സി ജോര്‍ജിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തെ ഏതു നിമിഷവും പോലീസിന് അറസ്റ്റ് ചെയ്യാമെന്നായിരിക്കുന്നു. ശനിയാഴ്ച വൈകിട്ടുതന്നെ ജോര്‍ജ് ഒളിവില്‍ പോയതായാണു സൂചന. ഫോണും ഓഫ് ചെയ്ത നിലയിലാണ്.

എറണാകുളം വെണ്ണല മഹാദേവര്‍ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് ഇത്തവണത്തെ കേസിനാസ്പദമായിരിക്കുന്നത്. നാട്ടില്‍ സമുദായസ്പര്‍ദ്ധയും അതുവഴി സാമുദായിക ലഹളയുമുണ്ടാക്കുക ലക്ഷ്യമാക്കി പ്രസംഗം നടത്തി എന്നതാണ് പോലീസ് ആരോപിക്കുന്ന കുറ്റം. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതോടെ ജോര്‍ജ് ഒളിവില്‍ പോവുകയായിരുന്നു.

നേരത്തെ തിരുവനന്തപുരത്തു നടന്ന ഹിന്ദുമത സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കിയ പ്രസംഗം നടത്തിയതിന് വന്‍ പോലീസ് സംഘം വെളുപ്പിന് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തിരുന്നു. കാലത്ത് തിരുവനന്തപുരത്തു മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അന്ന് ഹാജരായതുമില്ല.

ഇന്നിപ്പോള്‍ എറണാകുളത്തെ സെഷന്‍സ് കോടതി ജോര്‍ജിനു ജാമ്യം നിഷേധിച്ചത് രാഷ്ട്രീയമായി വിവാദമുയര്‍ത്തിയിരിക്കുന്നു.

തൃക്കാക്കര തെരഞ്ഞെടുപ്പു മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയ നാടകമാണിതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തിയത്. "തിരുവനന്തപുരത്തെ പ്രസംഗത്തിന്‍റെ പേരില്‍ പോലീസ് ജോര്‍ജിനെ വെളുപ്പിനു വീട്ടില്‍ കയിറി അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നല്‍കി വിട്ടയച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ മാറിനില്‍ക്കുകയായിരുന്നു. ഈരാറ്റുപേട്ട മുതല്‍ തിരുവനന്തപുരം വരെ വഴി നീളെ സംഘപരിവാര്‍ സംഘടനകള്‍ക്കു ജോര്‍ജിനെ കാണാനും സ്വീകരണം നല്‍കാനും പോലീസ് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു," വി.ഡി സതീശന്‍ ആരോപിച്ചു.

തിരുവനന്തപുരത്തും വെണ്ണലയിലും ജോര്‍ജ് നടത്തിയത് വിദ്വേഷ പ്രസംഗങ്ങള്‍ തന്നെയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രസംഗങ്ങളുടെ ടേപ്പും പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ പോലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം. പക്ഷെ പോലീസ് അതിനു തയ്യാറുണ്ടോ എന്നതാണു ചോദ്യം.

യഥാര്‍ത്ഥത്തില്‍ പി.സി ജോര്‍ജ് കേരളത്തിന്‍റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഉറക്കെ ചോദിച്ച് വെല്ലുവിളി ഉയര്‍ത്തുകയാണ് വി.ഡി സതീശന്‍. ഇത് പ്രതിപക്ഷത്തിന്‍റെ ശബ്ദം തന്നെയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്നാണ് സതീശന്‍റെ ആരോപണം.

സംഘപരിവാര്‍ ജോര്‍ജിന്‍റെ കൂടെയാണെങ്കിലും അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ സംഘപരിവാര്‍ കക്ഷികളോ നേതാക്കളോ മുന്നോട്ടു വരുന്നുമില്ല. രാഷ്ട്രീയമായി ഒറ്റപ്പെട്ട ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഇടതു സര്‍ക്കാരിന്‍റെ പോലീസ് തയ്യാറാവുന്നുമില്ല.

എന്താണ് പി.സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗത്തെ പൊതിഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയം ? പോലീസ് ജോര്‍ജിനെ എന്തിനു പേടിക്കണം ?

Advertisment