Advertisment

അതിജീവിത മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചതോടെ എല്ലാ പ്രചാരണത്തിനും അന്ത്യമായി; ആ കൂടിക്കാഴ്ച നല്‍കിയത്‌ സംസ്ഥാന സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം തന്നെ എന്ന വലിയ സന്ദേശം; ഒരു "മാസ്റ്റര്‍ സ്ട്രോക്കിലൂടെ" മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം തിരിച്ചു പിടിക്കുകയായിരുന്നു - തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ സാധ്യത മാത്രമല്ല, കേരള സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെ തന്നെയും വിശ്വാസ്യതയും! അതിജീവിതയ്ക്ക് പുതിയൊരു തുണയായി വളരുകയായിരുന്നു പിണറായി, ശരിക്കുമൊരു പിണറായി സ്റ്റൈല്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ടി ആക്രമിക്കപ്പെട്ട കേസില്‍ സ്വന്തം പാളയത്തിലും ആശയക്കുഴപ്പം മൂര്‍ഛിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാറ്റിനുമപ്പുറത്തേയ്ക്കു വളര്‍ന്നു. കേരളത്തെ വളരെയേറെ ഞെട്ടിച്ച ഈ കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് വ്യക്തമായ ഭാഷയില്‍ത്തന്നെ പറഞ്ഞുവെച്ചു. കേസന്വേഷണ രീതിയ്ക്കെതിരെ തിരക്കിട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പിനെയും സംസ്ഥാന സര്‍ക്കാരിനെയുമെല്ലാം ബാധിക്കുമെന്നു വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ടു കളത്തിലിറങ്ങുകയായിരുന്നു.

വ്യാഴാഴ്ച കാലത്ത് പത്തു മണിക്ക് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിജീവിത കണ്ടു സംസാരിച്ചതോടെ എല്ലാ സംശയവും നീങ്ങി. ആ കൂടിക്കാഴ്ച തന്നെ കേരള ജനതയ്ക്ക് വേണ്ട സന്ദേശമെല്ലാം നല്‍കി - സംസ്ഥാന സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം തന്നെ എന്ന വലിയ സന്ദേശം. ഒരു "മാസ്റ്റര്‍ സ്ട്രോക്കിലൂടെ" മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം തിരിച്ചു പിടിക്കുകയായിരുന്നു - തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ സാധ്യത മാത്രമല്ല, കേരള സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെ തന്നെയും വിശ്വാസ്യതയും.

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച പുനരന്വേഷണത്തിനുള്ള സമയ പരിധി വരുന്ന 30 -ാം തീയതി അവസാനിക്കാനിരിക്കെയാണ്, അതിജീവിത അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അതിനു പ്രത്യേകം കാരണങ്ങളുമുണ്ടായിരുന്നു. പുനരന്വേഷണം എങ്ങുമെത്തിയില്ല എന്ന കാര്യമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം.

അതിജീവിതയെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രധാനമായിരുന്നു. കേസിന്‍റെ പേരില്‍ ഇത്ര നീണ്ട കാലം നടത്തിയ കഠിനാദ്ധ്വാനങ്ങളും ബുദ്ധിമുട്ടേറിയ യാത്രയും ഒറ്റപ്പെടലും എങ്ങുമെത്തുന്നില്ലെന്ന് അതിജീവിതയ്ക്കു തോന്നി. ഇതുവരെ തന്‍റെ കൈയില്‍ മുറുകെ പിടിച്ചിരുന്ന സര്‍ക്കാരിന്‍റെയും പിടി അയയുകയാണെന്ന് ആ യുവതി മനസിലാക്കുകയും ചെയ്തിരിക്കാം. ഇതുവരെ സര്‍ക്കാരാണ് ഒപ്പമുണ്ടായിരുന്നത്. സര്‍ക്കാരിന്‍റെ പിടി അയയുന്നുവെന്ന ചിന്ത അതിജീവിതയെ വല്ലാതെ ഉലച്ചു. ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല അതിജീവിതയ്ക്ക്.

അതാവട്ടെ തുറന്നു വിട്ടത് വലിയ രാഷ്ട്രീയ കോലാഹലങ്ങളും. സര്‍ക്കാര്‍ അതിജീവിതയെ കൈവിട്ടിരിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. തൃക്കാക്കര തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് ഇങ്ങനെയൊരു പരാതി കൊടുത്തത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് ഇടതുപക്ഷത്തുള്ള പ്രമുഖ നേതാക്കള്‍ തന്നെ ആക്ഷേപിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍.

ഒറ്റ ദിവസം കൊണ്ടുതന്നെ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ കൈവിട്ടുപോയി. മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്തത്ര ക്രൂരമായ ലൈംഗികാക്രമണം മലയാളി സമൂഹത്തെ ഏറെ നടുക്കിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് അതിജീവിതയ്ക്കു സഹായവുമായെത്തിയത്. ശക്തമായ നിലപാടുകളിലൂടെയും വ്യക്തമായ നിര്‍ദേശങ്ങളിലൂടെയും മുഖ്യമന്ത്രി തന്നെ പോലീസിന്‍റെ അന്വേഷണം നേര്‍വഴിയിലേക്കെത്തിച്ചു.

ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ വന്‍ തുക കൈക്കൂലി വാങ്ങിയെന്നും പ്രതികളുടെ ആള്‍ക്കാര്‍ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷികളെ കൂറുമാറ്റിയെന്നും പ്രതിഭാഗം അഭിഭാഷകര്‍ തെളിവുകള്‍ അട്ടിമറിച്ചെന്നും മറ്റുമുള്ള കഥകള്‍ ഉയര്‍ന്നു. കേസിനു വ്യക്തമായ ദിശ ഉറപ്പാക്കിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ സ്ഥലം മാറ്റിയതാണ് ഈ കേസില്‍ പുതിയൊരു വഴിത്തിരിവുണ്ടാക്കിയത്.

കുറേകാലം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്ന പി. ശശി മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടെയാണ് ഈ വഴിത്തിരിവുണ്ടായതെന്നും വ്യാഖ്യാനമുയര്‍ന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്തിന്‍റെ മാറ്റം പുനരന്വേഷണത്തെ വിവിധ തരത്തില്‍ ബാധിച്ച കാര്യം മാധ്യമങ്ങളില്‍ നിറഞ്ഞു.

ഏറ്റവുമൊടുവില്‍ അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ പരാതി പുതിയ രാഷ്ട്രീയ ആരോപണങ്ങളും തുറന്നുവിട്ടു. ഇടതുപക്ഷത്തുനിന്നു തന്നെ വന്ന പ്രസ്താവനകള്‍ അവയ്ക്ക് ആക്കം കൂട്ടി. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നു മനസിലാക്കിയ മുഖ്യമന്ത്രി നേരിട്ടു കളത്തിലിറങ്ങുകയായിരുന്നു.

വ്യാഴാഴ്ച കാലത്ത് സെക്രട്ടേറിയറ്റിലെത്തിയ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചതോടെ എല്ലാ പ്രചാരണത്തിനും അന്ത്യമായി. താനും തന്‍റെ ഭരണകൂടവും ഒപ്പം തന്നെയുണ്ടെന്ന വ്യക്തമായ സന്ദേശം മുഖ്യമന്ത്രി അതിജീവിതയ്ക്കു നല്‍കുകയായിരുന്നു.

"അദ്ദേഹത്തിന്‍റെ പൂര്‍ണ പിന്തുണ എനിക്കുണ്ടെന്ന് എനിക്കു നന്നായറിയാം. മുഖ്യമന്ത്രിയില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. എനിക്കൊരു സംശയവുമില്ല", കൂടിക്കാഴ്ചയ്ക്കു ശേഷം അതിജീവിത മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സര്‍ക്കാരിലും അതിന്‍റെ തലവന്‍ മുഖ്യമന്ത്രി പിണറായി വിജയനിലും സ്വന്തം വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയായിരുന്നു അതിജീവിത.

സര്‍ക്കാരിനും പാര്‍ട്ടിക്കുമപ്പുറത്തേയ്ക്കു കടന്നു തന്നെയാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു വലിയ നീക്കം നടത്തിയത്. പാര്‍ട്ടി സെക്രട്ടേറിയറ്റംഗങ്ങളോടൊന്നും ആലോചിക്കാതെ. സ്വന്തം ഓഫീസിലെ പ്രധാനികളോടും സംസാരിക്കാതെ. ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, ഡി.ജി.പി എന്നിങ്ങനെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ആലോചിക്കാതെ.

അതിജീവിതയെ യാത്രയാക്കിയ ശേഷം മാത്രമാണ് ഡി.ജി.പിയെയും എ.ഡി.ജി.പിയെയും മുഖ്യമന്ത്രി ഓഫീസിലേയ്ക്കു വിളിപ്പിച്ചത്. അവരുമായി എന്തെങ്കിലും ആലോചിക്കാനായിരുന്നില്ല ആ വിളി. അതിജീവിതയുമായി സംസാരിച്ചതില്‍ നിന്നു മനസിലാക്കിയ കാര്യങ്ങള്‍ തീരുമാനമാക്കി വ്യക്തമായ നിര്‍ദേശം നല്‍കാനാണ് മുഖ്യമന്ത്രി ഉന്നത പോലീസുദ്യോഗസ്ഥരെ വിളിച്ചത്.

അതിജീവിതയ്ക്ക് പുതിയൊരു തുണയായി വളരുകയായിരുന്നു പിണറായി. ശരിക്കുമൊരു പിണറായി സ്റ്റൈല്‍.

Advertisment