Advertisment

വിജ്ഞാന ദാഹത്തിലൂടെയും, അറിവു നേടാന്‍ നടത്തിയ ശ്രമങ്ങളിലൂടെയും കേരളത്തിലെ പൊതു രാഷ്ട്രീയ നേതാക്കന്മാരുടെ മുന്‍നിരയിലെത്തിയ വ്യക്തി; സാധാരണക്കാരായ രാഷ്ട്രീയക്കാരുടെയിടയില്‍ അസാധാരണക്കാരനാവാന്‍ ശ്രമിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്‌! മുസ്ലീം ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കാനും, പാണക്കാട്ടു മുഹമ്മദലി ശിഹാബ് തങ്ങളെ വിമര്‍ശിക്കാനും തന്റേടം കാണിച്ച നേതാവ്; തികഞ്ഞ മതേതരവാദി; കേരള രാഷ്ട്രീയത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു ആര്യാടന്‍-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കേരളത്തിലെ സാധാരണക്കാരായ രാഷ്ട്രീയക്കാരുടെയിടയില്‍ അസാധാരണക്കാരനാവാന്‍ ശ്രമിച്ച നേതാവാണ് ആര്യാടന്‍ മുഹമ്മദ്. സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ കിട്ടിയിരുന്നുള്ളുവെങ്കിലും അദ്ദേഹം വലിയ കാര്യങ്ങള്‍ സ്വന്തമായി പഠിച്ചെടുത്തു. പുസ്തകങ്ങള്‍ വായിച്ചും വിദഗ്ദ്ധരുമായി സംസാരിച്ചും അദ്ദേഹം കൂടുതല്‍ വിജ്ഞാനം ആര്‍ജിച്ചു.


കേരളത്തിലെ പൊതു രാഷ്ട്രീയ നേതാക്കന്മാരുടെ മുന്‍നിരയിലെത്താന്‍ ആര്യാടനെ സഹായിച്ചത് ഈ വിജ്ഞാന ദാഹവും പുതിയ അറിവു നേടാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുമാണ്.


കേരളത്തിലെ ദേശീയ മുസല്‍മാന്‍മാരുടെ അന്യം നിന്നുപോവുന്ന കണ്ണികളില്‍ ഒന്നുകൂടിയാണ് ആര്യാടന്‍ എന്നു പറയാം. മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ്, മൊയ്തു മൗലവി എന്നിങ്ങനെ കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് ദേശീയ കോണ്‍‍ഗ്രസ് രാഷ്ട്രീയത്തില്‍, തല ഉയര്‍ത്തി നിന്നിരുന്ന പരമ്പരയാണത്. ആ പരമ്പര അന്യം നിന്നു പോവാന്‍ കാരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ വരവുതന്നെയാണ്.

1958 -ല്‍ മലപ്പുറത്തു സന്ദര്‍ശനം നടത്തിയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നാണ്. ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ നെഹ്റുവിന് മറുപടി കൊടുത്തുവെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആവേശം പകര്‍ന്നു ആ പ്രസ്താവന.

1957 -ല്‍ ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സര്‍വ സന്നാഹത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നേറ്റം നടത്തിയപ്പോഴും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചങ്ങാത്തം കൂടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുങ്ങിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിക്കുകയും ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യ മുഖ്യമന്ത്രിയാവുകയും ചെയ്തതു ചരിത്രം.

അന്നു തീവ്ര കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ മുസ്ലിം ലിഗിനെയും പി.എസ്.പിയെയും കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ, പ്രത്യേകിച്ച് നേതൃത്വത്തിലെ ദേശീയ മുസ്ലിം നേതാക്കളെ, ഏറെ ഉപദേശിച്ചതാണ്. പക്ഷെ അവര്‍ വഴങ്ങിയില്ല. അതിന്‍റെ ഫലം കൂടിയായിരുന്നു 57 -ലെ തോല്‍വി. പിന്നെ വിമോചന സമരത്തിലൂടെ ഇ.എം.എസ് സര്‍ക്കാരിനെ പുറത്താക്കി. 1960 - ല്‍ തെരഞ്ഞെടുപ്പു വന്നപ്പോള്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗുമായും പി.എസ്.പിയുമായും കൂട്ടുകെട്ടുണ്ടാക്കി. ദേശീയ തലത്തില്‍ത്തന്നെ. മുസ്ലിം നേതാക്കളെ നേരിട്ടു കണ്ട് നിര്‍ബന്ധിച്ചാണ് മുസ്ലിം ലീഗുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചതെന്ന് ഫാദര്‍ വടക്കന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന ദേശീയ മുസ്ലിം നേതാക്കളുടെ പരമ്പരയില്‍പെട്ട നേതാവായിരുന്നു ആര്യാടന്‍ എന്നു വ്യക്തമാക്കാനാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.

1960 - ല്‍ കോണ്‍ഗ്രസ് - ലീഗ് - പി.എസ്.പി സഖ്യം ജയിച്ചുവെങ്കിലും ലീഗ് അംഗങ്ങളെയാരെയും മന്ത്രിസഭയില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പീക്കര്‍ സ്ഥാനം മാത്രം നല്‍കി. 1967 - ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടാണ് മുസ്ലിം ലീഗിന് അംഗീകാരം നല്‍കിയത്. 1967 - ല്‍ സര്‍ക്കാരുണ്ടാക്കിയ ഇ.എം.എസ്, ലീഗിന് മന്ത്രിസ്ഥാനവും അംഗീകാരവും നല്‍കുകയായിരുന്നു.

1969 - ല്‍ ഒമ്പത് അംഗങ്ങളുടെ നേതാവായി നിയമസഭയിലെത്തിയ കെ. കരുണാകരനാണ് മുസ്ലിം ലീഗിനെ തിരികെ കോണ്‍ഗ്രസിന്‍റെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നത്. അപ്പോഴും ലീഗിന്‍റെ ആവശ്യം മുന്നണിയിലെ മുസ്ലിം പ്രാതിനിധ്യം മുഴുവന്‍ മുസ്ലിം ലീഗിനായിരിക്കണമെന്നായിരുന്നു.


പില്‍ക്കാലത്ത് മുസ്ലിം ലീഗിനെയും ലീഗ് നേതൃത്വത്തെയും വെല്ലുവിളിക്കാന്‍ തക്ക ശേഷിയുള്ള നേതാവായി നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് വളരുകയായിരുന്നു.


കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ് എങ്കിലും ലീഗിനെ രാഷ്ട്രീയമായിത്തന്നെ എതിര്‍ക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ലാത്ത നേതാവായി ആര്യാടന്‍ സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തു. ലീഗിന്‍റെ ആരാധ്യനായ അധ്യക്ഷനായിരുന്ന പാണക്കാട്ടു മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലും നേരിട്ട് എതിര്‍ക്കാനും വിമര്‍ശിക്കാനും ആര്യാടന്‍ തന്‍റേടം കാണിച്ചു. ഒരു തരത്തിലുള്ള വര്‍ഗീയ ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എപ്പോഴും തികഞ്ഞ മതേതരവാദിയായിത്തന്നെ അദ്ദേഹം നിലകൊണ്ടു.

മികച്ച ഭരണാധികാരിയെന്ന നിലയ്ക്കും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നു പോരാടുന്ന നേതാവെന്ന നിലയിലും കേരള രാഷ്ട്രിയത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

Advertisment