Advertisment

മോദിയെ കേന്ദ്രബിന്ദുവാക്കി ബി.ബി.സി ചിത്രീകരിച്ച ഡോക്യുമെന്ററി ബി.ജെ.പിയെയും അതിന്‍റെ നേതൃത്വത്തിലുള്ള ഭരണത്തെയും പ്രതിക്കൂട്ടിലാക്കാന്‍ പോരുന്നതു തന്നെ; ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുക എന്നതു തന്നെയാണ് കോണ്‍ഗ്രസിന്‍റെ ശരി; അതുകൊണ്ടുതന്നെയാണ് അനില്‍ ആന്‍റണിയുടെ നിലപാട് കോണ്‍ഗ്രസുകാരുടെ പൊതു ചിന്തയ്ക്ക് എതിരായതും ! അനിലിന്റെ നിലപാട്‌ രാഷ്ട്രീയമായി ഒട്ടും ശരിയല്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

എ.കെ ആന്‍റണി അറിഞ്ഞുതന്നെയാണോ വിവാദമായ ബി.ബി.സി ഡോക്യുമെന്ററിയെക്കുറിച്ച് മകന്‍ അനില്‍ ആന്‍റണിയുടെ നിലപാടും ? കാര്യം വിവാദമായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പദവികളൊക്കെയും രാജിവെച്ചത് ? എന്തായാലും ആന്‍റണി ഒന്നും മിണ്ടുന്നില്ല.

ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്‍ ഇന്ത്യയൊട്ടാകെ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും കോണ്‍ഗ്രസും അതിന്‍റെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ഈ പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഇതിനെതിരെ ട്വിറ്റര്‍ സന്ദേശവുമായി അനില്‍ ആന്‍റണി രംഗത്തു വന്നത്. നാട്ടിലെങ്ങും കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനില്‍ ആന്‍റണിക്കെതിരെ തിരിയുകയായിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പോലും അനില്‍ ആന്‍റണിയെ പരിഹസിച്ചു.

കോണ്‍ഗ്രസിനുള്ളില്‍ തനിക്കെതിരെ ആക്ഷേപവും പരിഹാസവും കൂടിക്കൂടി വന്നപ്പോഴാണ് കോണ്‍ഗ്രസിലെ സ്ഥാനങ്ങളൊക്കെയും അനില്‍ ആന്‍റണി രാജിവെച്ചൊഴിഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലും നല്ലൊരു പങ്കും സംസ്കാര ശൂന്യരാണെന്ന് അദ്ദേഹം ആരോപിച്ചു. നേതാക്കള്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നും ഇത്രയും അസഹിഷ്ണുതയ്ക്ക് ഒരു കാരണവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ത്തന്നെ കേരളത്തില്‍ ബി.ജെ.പി ഇതര കക്ഷികളൊക്കെയും അത് വിലക്കു ലംഘിച്ചു പ്രദര്‍ശിപ്പിക്കുകതന്നെ ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു.


കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ഒരുവശത്തും സി.പി.എം, എസ്എഫ്ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകള്‍ മറുവശത്തും നിന്ന് ഒരുക്കം തുടങ്ങി. കലാശാലകളിലും കവലകളിലും ഇരു കൂട്ടരും പ്രദര്‍ശനം സംഘടിപ്പിച്ചു. ബി.ജെ.പിയും അവരുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളും ഈ നീക്കത്തെ എതിര്‍ക്കാനെത്തുകയും ചെയ്തതോടെ എങ്ങും സംഘര്‍ഷം ഉടലെടുത്തു. പലയിടത്തും പോലീസ് ഇടപെട്ടു.

ഡോക്യുമെന്ററിക്കു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ചൊവ്വാഴ്ച വൈകിട്ടു സംപ്രേഷണം ചെയ്ത രണ്ടാം എപ്പിസോഡില്‍ ഇതു വളരെ പ്രകടമാണ്. മോദി ഭരണത്തില്‍ മുസ്ലിം വിരുദ്ധ നീക്കങ്ങളും മുസ്ലിം പീഡനങ്ങളും തുടരുകയാണെന്നും ഇതിന്‍റെ ഭാഗമായാണ് പൗരത്യ നിയമം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ നീങ്ങുന്നതെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ബി.ബി.സി. ലക്ഷ്യം വെയ്ക്കുന്നത് ആഗോള തലത്തില്‍ ബി.ബി.സി ശ്രദ്ധിക്കുന്ന ജനവിഭാഗത്തെയാണ്. രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നത് ആഗോള ശ്രദ്ധ നേടാനും ലോകത്തെ തന്നെ മുന്‍നിര നേതാക്കളിലൊരാളായി ഉയരാനുമാണ്. ജി - 20 ഗ്രൂപ്പ് രാജ്യങ്ങളുടെ അദ്ധ്യക്ഷ പദവി കൈയില്‍ കിട്ടിയതും ഇതിന് ഏറെ സഹായകമായി.

പുതിയ കീര്‍ത്തിയും പേരും പെരുമയും ചുറ്റും കുന്നുകൂടുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ലോകത്തിനു മുന്നില്‍ ബി.ബി.സി "ദ മോദി ക്വസ്റ്റ്യന്‍" എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചത്. ഇത് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഏറ്റുപിടിച്ചു. കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ഗ്രസ് സംഘടനകളും സി.പി.എം സംഘടനകളും പരസ്പരം മത്സരിക്കുകയായിരുന്നു. അപ്പോഴാണ് അനില്‍ ആന്‍റണിയില്‍ നിന്ന് എതിര്‍ ശബ്ദം ഉയര്‍ന്നത്.


എ.കെ ആന്‍റണിക്ക് രാജി എപ്പോഴും ഒരു രാഷ്ട്രീയ ആയുധമായിരുന്നു. കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ പഞ്ചസാര ഇറക്കുമതിയുടെ പേരില്‍ അദ്ദേഹം സ്ഥാനം രാജിവെച്ച്‌ വലിയ വാര്‍ത്തയുണ്ടാക്കി.


കോണ്‍ഗ്രസിനുള്ളിലെ ഉള്‍പ്പേരിനെ തുടര്‍ന്ന് കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തിലെത്തിയാണ് ആന്‍റണി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. 1995 -ല്‍. പക്ഷേ 1996 -ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇടതു മുന്നണി. വീണ്ടും യു.ഡി.എഫ് ജയിച്ച് 2001 -ല്‍ ആന്‍റണി മുഖ്യമന്ത്രിയായെങ്കിലും 2004 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു നേരിട്ട പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെച്ചു. പകരം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി.

ആന്‍റണിയുടെ ഓരോ രാജിക്കു പിന്നിലും വലിയ രാഷ്ട്രീയമുണ്ടായിരുന്നു. ആ രാഷ്ട്രീയത്തിലൊക്കെയും വലിയ ശരിയുമുണ്ടായിരുന്നു. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ രാജിക്കു പിന്നില്‍ എന്തുമാത്രം ശരിയുണ്ട് ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രബിന്ദുവാക്കി ബി.ബി.സി ചിത്രീകരിച്ച ഡോക്യുമെന്ററി ബി.ജെ.പിയെയും അതിന്‍റെ നേതൃത്വത്തിലുള്ള ഭരണത്തെയും പ്രതിക്കൂട്ടിലാക്കാന്‍ പോരുന്നതു തന്നെ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുക എന്നതു തന്നെയാണ് കോണ്‍ഗ്രസിന്‍റെ ശരി. അത് കോണ്‍ഗ്രസുകാര്‍ക്കൊക്കെയും സ്വാഭാവികമായും അറിയുന്ന കാര്യവും. ബി.ജെ.പി സര്‍ക്കാരിന്‍റെ വിലക്കു ലംഘിച്ച് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനും അതു കാണാനും കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങിയത് ഈ ശരി സ്വാഭാവികമായും മനസിലാക്കിക്കൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് അനില്‍ ആന്‍റണിയുടെ നിലപാട് കോണ്‍ഗ്രസുകാരുടെ പൊതു ചിന്തയ്ക്ക് എതിരായത്. അതുകൊണ്ടുതന്നെ അദ്ദേഹം കോണ്‍ഗ്രസുകാരില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്തു.

അതെ, അനില്‍ ആന്‍റണി. താങ്കളുടെ നിലപാട് രാഷ്ട്രീയമായി ഒട്ടും ശരിയല്ല.

Advertisment