Advertisment

ഏതു സര്‍ക്കാര്‍ കേരളം ഭരിച്ചാലും വര്‍ഷംതോറും അതതു ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ഒരു വാര്‍ഷിക വെല്ലുവിളി തന്നെയാണ്; ആരോപണവും ആക്ഷേപവും നേരിടാതെ ഒരു ധനകാര്യമന്ത്രിക്കും ബജറ്റ് അവതരിപ്പിക്കാനാവില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാമാന്യം നല്ലൊരു ബജറ്റ് തന്നെയാണ് ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത് ! പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് അതിന്‍റെ പകിട്ടു നഷ്ടപ്പെടുത്തിയെങ്കിലും-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കടക്കെണിയിലായ കേരളത്തെ അതില്‍നിന്നു രക്ഷിക്കാന്‍ അധിക വിഭവസമാഹരണം വേണം. കേരള മാതൃക എന്നു പേരുകേട്ട സാമൂഹ്യ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ട വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്കു വലിയ തുക ചെലവാക്കണം. ഏതു സര്‍ക്കാര്‍ കേരളം ഭരിച്ചാലും വര്‍ഷംതോറും അതതു ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ഒരു വാര്‍ഷിക വെല്ലുവിളി തന്നെയാണ്. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കുമെന്ന് പൊതുവായ വിലയിരുത്തല്‍.

വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയ ധനകാര്യമന്ത്രി വിമര്‍ശനം മുഴുവന്‍ ഏറ്റുവാങ്ങുന്നത് പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനയുടെ പേരിലാണ്. പെട്രോള്‍-‍ഡീസല്‍ വില വര്‍ദ്ധനവിന്‍റെ പേരില്‍ ഇന്ത്യയില്‍തന്നെ സാധാരണ പ്രതിക്കൂട്ടിലാകുന്നത് കേന്ദ്ര സര്‍ക്കാരാണ്. പക്ഷെ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്സ് കൂട്ടിയ ബജറ്റ് നിര്‍ദേശത്തിലൂടെ ബജറ്റിനെ ജനവിരുദ്ധ ബജറ്റ് എന്നു വിശേഷിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാഹചര്യമുണ്ടാക്കുകയാണ് ബാലഗോപാല്‍ ചെയ്തത്.


ഇന്ത്യയില്‍ത്തന്നെ പെട്രോള്‍-ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന സമയവുമാണിത്. ഇന്ധന വിലയും പാചക വാതക വിലയും പിന്നെയും പിന്നെയും കൂട്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ നടുവൊടിക്കുകയാണെന്ന ആരോപണം കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് കേരളത്തിന്‍റെ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപാ വര്‍ദ്ധിപ്പിക്കുന്നതെന്നും കാണണം.


വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ എക്കാലത്തും കേരളത്തിന്‍റെ വളര്‍ച്ചയുടെ അടിസ്ഥാനമായിരുന്നു. വലിയ വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ല. പക്ഷേ ഐ.ടി പോലെയുള്ള മേഖലകളില്‍ കേരളം ഇതിനോടകം വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. കേരളത്തിന്‍റെ ആളോഹരി വരുമാനം ഉയര്‍ന്ന തലത്തില്‍ത്തന്നെയാണ്. ഒരു നോളഡ്ജ് ഇക്കോണമി എന്ന നിലയിലാണ് കേരളം ഇനി പുതിയ വളര്‍ച്ച നേടേണ്ടതെന്ന് മന്ത്രി ബാലഗോപാല്‍ ബജറ്റില്‍ എടുത്തു പറയുന്നുണ്ട്. ഈ രംഗത്ത് പുതിയ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കെ-ഡിസ്ക് രൂപീകരിച്ചത്. വിജ്ഞാനാധിഷ്ഠിതമായ വളര്‍ച്ച മേഖലകള്‍ തുറന്നു കൊണ്ടുവരിക എന്നതുതന്നെയാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.

ഐക്യ കേരളം രൂപമെടുത്ത ശേഷം സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യമാണു നല്‍കിയത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും വളരെ മുമ്പിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം. ഒന്നാം പിണറായി സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയ മേഖലയുമാണ് പൊതുവിദ്യാഭ്യാസ രംഗം. അതിനനുസരിച്ച് പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

പക്ഷേ ഇതിനനുസരിച്ചുള്ള വളര്‍ച്ച ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടില്ല. ഇപ്പോഴും മികവുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ വിദേശ രാജ്യങ്ങളിലേയ്ക്കു പോകേണ്ടിവരുന്നു. അമേരിക്ക, യൂറോപ്പ്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കൊക്കെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനു പോകുന്നുണ്ട്. പഠനത്തിനു ശേഷം കുറേകാലം ഇവിടെ തൊഴിലെടുക്കാനുള്ള സാവകാശം കിട്ടുമെന്നതും വലിയ ആകര്‍ഷണം തന്നെ.


ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ വളര്‍ച്ച ലക്ഷ്യമാക്കി പ്രത്യേക പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ധനകാര്യമന്ത്രി. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഗവേഷണമേഖലയില്‍ വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള പദ്ധതിയും ബജറ്റിലുണ്ട്.


കേരളത്തിലങ്ങോളമിങ്ങോളം സമൃദ്ധിയുടെ ഒരു പച്ചപ്പ് കാണാം. പ്രകടമായ ദാരിദ്ര്യം അങ്ങനെ ഒരിടത്തും കാണാനുമാവില്ല. ഗള്‍ഫ് പണത്തിന്‍റെ വരവും പൊതുവായ പുരോഗതിയും തന്നെയാണ് ഇതിനു കാരണം. എങ്കിലും ഒരു ചെറിയ വിഭാഗം ജനങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അതിദാരിദ്ര്യം ഇല്ലാതാക്കുക സര്‍ക്കാരിന്‍റെ ലക്ഷ്യം തന്നെയാണെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ തന്നെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം നിലയ്ക്ക് ഈ ലക്ഷ്യം മനസില്‍ കുറിച്ചിട്ടിട്ടുമുണ്ട്.

അതിദാരിദ്ര്യം നേരിടുന്ന 64,000 കുടുംബങ്ങളാണു കേരളത്തിലുള്ളതെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ പറയുന്നു. ഈ വിഭാഗത്തില്‍പെട്ടവരെ ഉയര്‍ത്താന്‍ ബജറ്റില്‍ പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്.

എങ്കിലും സമൂഹത്തില്‍ താഴേതട്ടിലുള്ള ജനങ്ങളുടെ ആശ്രയമായ സാമൂഹ്യ പെന്‍ഷന്‍ ധനകാര്യമന്ത്രി വര്‍ദ്ധിപ്പിച്ചതുമില്ല. താഴേതട്ടില്‍തന്നെയുള്ള തൊഴിലാളികള്‍ കഴിക്കുന്ന മദ്യത്തിന് വില കൂട്ടുകയും ചെയ്തിരിക്കുന്നു. സമൂഹത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരാണ് മദ്യത്തിന്‍റെയും ലോട്ടറിയുടെയും ഉപഭോക്താക്കള്‍. ഈ രണ്ടു മേഖലകളില്‍ നിന്നുള്ള വരുമാനമാണ് കേരളത്തിന്‍റെ പ്രധാന ധനകാര്യ സ്രോതസ് എന്ന കാര്യവും ശ്രദ്ധേയമാണ്.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് കേരള ബജറ്റ് ധനകാര്യമന്ത്രി അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്ന സങ്കടം മന്ത്രി ബാലഗോപാല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഓരോ വര്‍ഷവും കേരളത്തിനു കിട്ടേണ്ട കേന്ദ്ര വിഹിതം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍ നിരത്തി മന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. ജി.എസ്.ടി.യില്‍ നിന്നുള്ള കേന്ദ്ര വിഹിതവും ഇല്ലാതായി. സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന കാര്യവും പ്രധാനം തന്നെ. എങ്കിലും കേരളം കടക്കെണിയിലല്ല എന്ന വാദം ആവര്‍ത്തിക്കാന്‍ ബാലഗോപാല്‍ ശ്രദ്ധിക്കുകയും ചെയ്തിരിക്കുന്നു.

ഈ ഞെരുക്കത്തിലും വന്‍ പദ്ധതികള്‍ നടപ്പാക്കാനും റോഡുകള്‍ നിര്‍മിക്കാനും വലിയ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാവുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒരു ലക്ഷത്തിലേറെ പുതിയ സംരംഭങ്ങള്‍ തുടങ്ങിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോപണവും ആക്ഷേപവും നേരിടാതെ ഒരു ധനകാര്യമന്ത്രിക്കും ബജറ്റ് അവതരിപ്പിക്കാനാവില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാമാന്യം നല്ലൊരു ബജറ്റ് തന്നെയാണ് ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് അതിന്‍റെ പകിട്ടു നഷ്ടപ്പെടുത്തിയെങ്കിലും.

Advertisment