Advertisment

സ്വന്തം പ്രാഗത്ഭ്യം കൊണ്ട് നാടിന്‍റെ അഭിമാനമായ മലയാളി നഴ്സുമാരേ, നിങ്ങള്‍ക്ക് ബിഗ് സല്യൂട്ട് - വാക്സിന്‍ വിതരണത്തില്‍ അഭിമാനകരായ നേട്ടം കൈവരിച്ച നഴ്സുമാരെ അഭിനന്ദിച്ച് ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

New Update

publive-image

Advertisment

വാക്സിന്‍ വിതരണത്തിലും നേട്ടം നേടിയിരിക്കുകയാണ് മലയാളി നഴ്സുമാര്‍. കിട്ടിയത്രയും വാക്സിന്‍ തുള്ളിയും പാഴാക്കാതെ മുഴുവനും കുത്തിവച്ചു തീര്‍ന്നപ്പോള്‍ നഴ്സുമാര്‍ നേടിയത് ദേശീയ അംഗീകാരം. ഓരോ തുള്ളി വാക്സിനും വിലയേറിയതായിരിക്കുന്ന ഇക്കാലത്ത് കേരളത്തിലെ നഴ്സുമാര്‍ രാജ്യത്തിനു നേടിക്കൊടുത്തത് വന്‍ നേട്ടമാണ്.

ഓരോ വയലിലും പത്തു ഡോസ് വീതം നിറച്ചാണ് വാക്സിന്‍ എത്തുന്നത്. ഒരു വയല്‍ തുറന്നാല്‍ പത്തു പേര്‍ക്ക് കുത്തുവയ്ക്കണം. സിറിഞ്ചില്‍ വലിച്ചെടുക്കുമ്പോഴുള്ള നഷ്ടം കൂടി മുന്‍കൂട്ടി കണ്ട് ഉല്‍പാദകര്‍ ഓരോ വയലിലും കുറച്ചു കൂടുതല്‍ വാക്സിനാണ് അയയ്ക്കുന്നത്.

നല്ല പരിചയമുള്ള നഴ്സുമാര്‍ ഒരു തുള്ളി പോലും നഷ്ടപ്പെടാതെ അവശേഷിക്കുന്നതു ചേര്‍ത്ത് അധിക ഡോസാക്കും. ഒരു വലയില്‍ നിന്ന് 11 ഡ‍ോസ് വരെ അങ്ങനെകിട്ടും. അങ്ങനെ ഉല്‍പാദകരുടെ കണക്കിലുമധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനാകും. കേരളത്തിലെ നഴ്സുമാരുടെ പരിചയവും പ്രാഗത്ഭ്യവുമാണിതിനു കാരണം.

വര്‍ഷങ്ങളായി കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ചുമതല തന്നെ വാക്സിനേഷനാണ്.

കേരള നഴ്സുമാര്‍ നേടിയ നേട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ട്വിറ്റര്‍ സന്ദേശം വഴി ലോകത്തെ അറിയിച്ചത്. നഴ്സുമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിക്കുകയും ചെയ്തു. ഈ സന്ദേശം ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളി നഴ്സുമാരുടെ നേട്ടത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി.

കേരളത്തിന് ആദ്യഘട്ടത്തില്‍ 73.39 ലക്ഷം ഡോസ് വാക്സിനാണ് കിട്ടിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് നിര്‍മ്മാതാക്കളുടെ കണക്കാണ്. യഥാര്‍ഥത്തില്‍ വിതരണം ചെയ്തത് 74.26 ലക്ഷം ഡോസ്.  ലഭിച്ചത് 87000 ഡോസ്.

സ്വന്തം തൊഴിലില്‍ കാണിക്കുന്ന ശുഷ്കാന്തിയും നൈപുണ്യവുമാണ് ഈ മികവിനു കാരണം. അതുകൊണ്ടുതന്നെ മിക്ക ലോക രാജ്യങ്ങളിലും മലയാളി നഴ്സുമാര്‍ നല്ല നിലയില്‍ സേവനമനുഷ്ഠിക്കുന്നു.

അതിന്‍റെ ഫലം കേരളത്തിലെങ്ങും കാണുന്നുണ്ട്. ഭാഗ്യം തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി കൂട്ടത്തോടെ പോയവര്‍ നഴ്സുമാര്‍ തന്നെയാണ്. ആദ്യം ദുബായ് പോലെയുള്ള അറബി രാജ്യങ്ങളിലേയ്ക്ക്. പിന്നെ ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേയ്ക്ക്.

തുടര്‍ന്ന് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക്. വലിയ സമൃദ്ധിയിലേയ്ക്കുള്ള കുടിയേറ്റമായിരുന്നു ഇത്. 60 കളില്‍ തുടങ്ങിയ കുടിയേറ്റം. വിദേശ പണം ഒഴുകിയതോടെ നാട്ടിന്‍പുറങ്ങള്‍ സമൃദ്ധമായി.

ഇന്നു കേരളത്തില്‍ കാണുന്ന സമൃദ്ധിയുടെ പച്ചപ്പു പടര്‍ത്താന്‍ തുടങ്ങിയത് വിദേശത്തുപോയി രാപകല്‍ പണിയെടുത്ത മലയാളി നഴ്സുമാരാണ്. കേരളത്തിലെ ചെറുതും വലുതുമയ സ്വകാര്യ ആശുപത്രികളില്‍ കിട്ടുന്ന ശമ്പളത്തിന്‍റെ എത്രയോ ഇരട്ടി ശമ്പളമാണ് വിദേശ രാജ്യങ്ങളില്‍ അവര്‍ക്കു കിട്ടുന്നത്.

ചെയ്യുന്ന ജോലിക്ക് അര്‍ഹതപ്പെട്ട മാന്യതയും അവര്‍ക്കവിടെ കിട്ടുന്നു. ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ സ്വന്തം പ്രാഗത്ഭ്യം കൊണ്ട് നാടിന്‍റെ അഭിമാനമാകുന്നു.

നഴ്സുമാരേ, നിങ്ങള്‍ക്ക് ബിഗ് സല്യൂട്ട്

editorial
Advertisment