ഒന്നടവിട്ട ഇടവേളകളില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കുകയും തോല്‍ക്കുകയും ചെയ്തുകൊണ്ടിരുന്നത് ഇപ്പറഞ്ഞ ഗ്രൂപ്പുകളുടെയോ കോണ്‍ഗ്രസിന്‍റെയോ മെച്ചം കൊണ്ടൊന്നുമായിരുന്നില്ല, ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ വേണമായിരുന്നതുകൊണ്ടാണ്. ഇനിയും ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ വേണം. പക്ഷേ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ വന്ന അശോക് ചവാന്‍ കമ്മിറ്റിയോട് 8 പേര്‍ പറഞ്ഞത് ഞങ്ങളെ പ്രസിഡന്‍റാക്കിയാല്‍ എല്ലാം ശരിയാക്കിത്തരാം എന്നാണ്. ഇനി കോണ്‍ഗ്രസിനു വേണ്ടത് സ്വന്തം സമുദായത്തിനപ്പുറത്ത് പുതിയ വഴികള്‍ വെട്ടിത്തെളിച്ച് പുതിയ ചിന്തകളുമായി സമൂഹത്തിലേയ്ക്ക് ഇറങ്ങുന്നവരെയാണ്. കോണ്‍ഗ്രസ് ഇനി അവരുടേതാണ് – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Tuesday, June 1, 2021

എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പും ഗ്രൂപ്പിന്‍റെ പേരിലുള്ള പോരാട്ടങ്ങളും ഒരു ശാപം തന്നെയായിരുന്നു. സമീപകാലത്തെ അറിയപ്പെടുന്ന ഗ്രൂപ്പു പോരാട്ടം കെ. കരുണാകരനും ആന്‍റണിയും തമ്മിലുള്ള ലോകപ്രശസ്തമായ ഗ്രൂപ്പ് വഴക്കാണെങ്കിലും അതിനു മുമ്പുതന്നെ ഗ്രൂപ്പു തിരി‍ഞ്ഞുള്ള വഴക്കും ബഹളവും പതിവായിരുന്നു.

പിടി ചാക്കോ, ആര്‍ ശങ്കര്‍, സികെ ഗോവിന്ദന്‍ നായര്‍ എന്നിങ്ങനെ മുന്‍ കാലങ്ങളില്‍ വിവിധ ഗ്രൂപ്പുകള്‍ക്കു നേതൃത്വം കൊടുത്ത നേതാക്കള്‍ ഏറെ. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമെന്നു ചുരുക്കം.

ഒരാള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ചെന്നാല്‍ പാര്‍ട്ടിയിലല്ല, ഏതെങ്കിലുമൊരു ഗ്രൂപ്പില്‍ ചേരുവാനുള്ള സ്ഥിതിയാണുള്ളത്. അത്രയ്ക്കാണ് ഗ്രൂപ്പുകളുടെ അതിപ്രസരം.

ഗ്രൂപ്പുകള്‍ ഇങ്ങനെ സജീവമായി പോരടിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ ഒന്നിടവിട്ട്. അത് ഗ്രൂപ്പുകളുടെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ മെച്ചം കൊണ്ടൊന്നുമല്ല. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ വേണമായിരുന്നതുകൊണ്ട്.

ഇന്നും കേരളത്തിന് കോണ്‍ഗ്രസിനെ വേണം. പക്ഷെ ജനങ്ങള്‍ക്ക് ഒട്ടും ഹിതകരമല്ലാത്ത രീതിയിലാണ് ഗ്രൂപ്പുകളുടെയും ചില തലമൂത്ത നേതാക്കളുടെയും പ്രകൃതവും പെരുമാറ്റവും. ഈ പാര്‍ട്ടി മുഴുവന്‍ തങ്ങള്‍ക്കു വേണ്ടിയാണെന്ന് അവര്‍ കരുതുന്നു.

വിഡി സതീശനെ ആരോടുമാലോചിക്കാതെ ഹൈക്കമാന്‍റ് നേരിട്ട് പ്രതിപക്ഷ നേതാവായി നിയമിച്ചത് ഗ്രൂപ്പുകള്‍ക്കും ഗ്രപ്പ് മാനേജര്‍മാര്‍ക്കും തീരെ പിടിച്ചിട്ടില്ല. ഹൈക്കമാന്‍റിനോട് എതിര്‍പ്പു പറയാനും വയ്യ. ഇനിയിപ്പോള്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഒരു പേരു പറയാനുള്ള ധൈര്യവും ഗ്രൂപ്പുകള്‍ക്കില്ല. തങ്ങള്‍ പറയുന്ന പേര് അംഗീകരിച്ചില്ലെങ്കിലോ എന്ന പേടി.

കാര്യങ്ങള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുന്ന അശോക് ചവാന്‍ കമ്മിറ്റിയാണ് ഇനി ഒരു തീരുമാനമെടുക്കേണ്ടത്. എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായം കമ്മിറ്റി രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇതുവരെയായി അഭിമുഖം നല്‍കിയ ഏതാണ്ട് എട്ടുപേര്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് സ്വന്തം പേരാണ് പറഞ്ഞത്. എന്നെ പ്രസിഡന്‍റാക്കിയാല്‍ ഞാന്‍ എല്ലാം ശരിയാക്കിത്തരാമെന്ന് അവകാശപ്പെടുന്നവര്‍. കെ സുധാകരനും പിടി തോമസും കൊടിക്കുന്നില്‍ സുരേഷുമാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള ഹൈക്കമാന്‍റ് പരിഗണനയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഗ്രൂപ്പുകളുടെ പിടിയില്‍ നിന്നു കോണ്‍ഗ്രസിനെ മോചിപ്പിക്കാതെ സംഘടനയ്ക്കു വളര്‍ച്ചയുണ്ടാകില്ലെന്ന കാര്യം പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് മനസിലായിരിക്കുന്നു. ലളിതമായ ചികിത്സ കൊണ്ടൊന്നും ഭേദമാക്കാവുന്ന അസുഖമല്ല കോണ്‍ഗ്രസിനു പിടിച്ചിരിക്കുന്നത്.

സമുദായ നേതാക്കള്‍ പുരപ്പുറത്തു കയറിനിന്ന് കോണ്‍ഗ്രസിനു വേണ്ടി കാഹളം മുഴക്കിയിട്ട് ഒരു കാര്യവുമില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. പള്ളീലച്ചന്മാരെയും ബിഷപ്പമാരെയും സ്വന്തം താല്‍പര്യങ്ങളുമായി കുത്തിയിരിക്കുന്ന വിവിധ സമുദായ നേതാക്കന്മാരെയുമൊക്കെ തീരെ അകറ്റി നിര്‍ത്തിയ എകെ ആന്‍റണി, വിഎം സുധീരന്‍, ജി കാര്‍ത്തികേയന്‍ എന്നിങ്ങനെയുള്ള വലിയ നേതാക്കള്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ തിളങ്ങുന്ന താരങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നത് ചെറുപ്പക്കാര്‍ ആവേശത്തോടെ കണ്ടു നില്‍ക്കുന്നുമുണ്ട്.

അവിടെ വിഡി സതീശന്‍റെ പേര് തെളിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവായ ദിവസം തന്നെ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച സതീശന് വലിയ ഉത്സാഹത്തോടെയുള്ള വരവേല്‍പ്പാണ് ലഭിച്ചത്. അങ്ങനെ കരുത്തുള്ള നിലപാടെടുക്കുന്നവരെ കൈവെള്ളയില്‍ കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസിലെ പുതുതലമുറ മുന്നോട്ടുവരും തീര്‍ച്ച.

ഇനിയിപ്പോള്‍ കോണ്‍ഗ്രസിനു വേണ്ടത് പുതിയൊരു വഴിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള നേതാക്കന്മാരെയാണ്. പുതിയ ചിന്തയുള്ളവര്‍. പുതിയ വഴി വെട്ടിത്തെളിക്കാന്‍ കഴിയുന്നവര്‍. സമൂഹത്തിലേയ്ക്കിറങ്ങി ചെല്ലാന്‍ ശേഷിയുള്ളവര്‍. സ്വന്തം സമുദായത്തിനപ്പുറത്ത് വിശാലമായ പൊതു സമൂഹത്തെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിന് പുതിയ അടിത്തറ പണിയാന്‍ പിടിപ്പുള്ളവര്‍. അവരാണ് ഇനി കോണ്‍ഗ്രസിന്‍റെ ഭാവി. അവരാണ് ഇനി കോണ്‍ഗ്രസിനെ നയിക്കേണ്ടത്.

ഗ്രൂപ്പ് മാനേജര്‍മാരുടെ പിടിയില്‍ നിന്ന് കോണ്‍ഗ്രസിനെ മോചിപ്പിച്ച് ഈ ചെറുപ്പക്കാരെ ഭാരമേല്‍പ്പിക്കുകയാണ് ഹൈക്കമാന്‍റിനു ചെയ്യാവുന്നത്. പുതിയ പ്രസിഡന്‍റിനെ കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍. കാരണം കോണ്‍ഗ്രസ് അവരുടേതാണ്. അവരുടേതു മാത്രം.

-ചിഫ് എഡിറ്റര്‍ 

×