Advertisment

കയ്യാങ്കളി കുറ്റം തന്നെ ! ജനങ്ങള്‍ തങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് എംഎല്‍എമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും ഓര്‍മവേണം. സുപ്രീം കോടതി വിധി ഒരു വലിയ പാഠം തന്നെയാണ് ! ജനപ്രതിനിധികളും ഭരണ കര്‍ത്താക്കളുമൊക്കെയാകുന്നവര്‍ എല്ലാ പ്രവര്‍ത്തന മേഖലകളിലും വേണ്ടത്ര പക്വതയും പൊതുമര്യാദയും പാലിക്കണമെന്നോര്‍മിപ്പിക്കുന്നതാണ് കോടതി വിധി - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

publive-image

Advertisment

നിയമസഭയിലായാലും കൈയ്യാങ്കളി ക്രിമിനല്‍ കുറ്റം തന്നെ. കൈയ്യാങ്കളി നടത്തിയത് എംഎല്‍എമാരാണെന്നതും സംഭവം നടന്നത് നിയമസഭയ്ക്കുള്ളിലാണെന്നതും കുറ്റത്തിന്‍റെ ഗൗരവം കുറയ്ക്കുന്നില്ലെന്ന ഇന്നത്തെ സുപ്രീംകോടതി വിധി കേരള സര്‍ക്കാരിന് ഒരു തിരിച്ചടിതന്നെയാണ്. കേസിലെ പ്രതികളായ ആറ് എംഎല്‍എമാരിലൊരാളായ ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നു.

2015 മാര്‍ച്ചില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ അവസാന കാലഘട്ടത്തില്‍ ധനകാര്യമന്ത്രി കെ.എം മാണിയുടെ ബജറ്റവതരണത്തെ തടസപ്പെടുത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ വേദി കൈയ്യടക്കുകയും ലാപ്ടോപ്പും മേശയും മറ്റും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്‍റെ പേരിലുണ്ടായ കേസിലാണ് ഇന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂ‍ഡ്, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ച് വിധി പ്രസ്താവിച്ചത്.

കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെയും കേരള ഹൈക്കോടതിയുടെയും വിധി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി. പ്രതികളായ ആറ് എംഎല്‍എമാരും സഭയില്‍ അതിക്രമം കാട്ടിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും വിചാരണ നേരിടണം.

നിയമസഭയിലെ പ്രവര്‍ത്തനത്തിന് സഭാംഗങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞു. നിയമസഭയിലെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ അംഗങ്ങള്‍ക്ക് ഭരണഘടനയുടെ 194 -ാം വകുപ്പു പ്രകാരം സംരക്ഷണമുള്ളു എന്നായിരുന്നു കോടതി നിലപാട്.

പൊതുജനങ്ങള്‍ക്ക് പൊതുപ്രവര്‍ത്തകരില്‍ ഒരു വലിയ വിശ്വാസമുണ്ടെന്നും ഇത്തരം നടപടികള്‍ ആ വിശ്വാസത്തെ തകര്‍ക്കുമെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. അടിപിടിയും പൊതുമുതല്‍ നശിപ്പിക്കലും നിയമസഭാ നടപടിക്രമങ്ങളുടെ ഭാഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വി ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ തുടങ്ങി ആറ് എംഎല്‍എമാര്‍ക്കെതിരെയായിരുന്നു കേസ്. ഇതില്‍ വി ശിവന്‍കുട്ടി മാത്രമാണ് ഇപ്പോള്‍ മന്ത്രി. വിചാരണ നേരിടുന്ന മന്ത്രി രാജിവയ്ക്കണോ എന്ന ചോദ്യം ഉയരുന്നുണ്ട്. മന്ത്രി ശിവന്‍കുട്ടി രാജി വെച്ചേ മതിയാകൂ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ കുറ്റ വിചാരണ നേരിടുന്ന ഒരു മന്ത്രിക്ക് ആ സ്ഥാനത്തു തുടരാനാകുമോ എന്ന ചോദ്യം പ്രസക്തം തന്നെയാണ്. ബിജെപി പ്രസിഡന്‍റ് കെ. സുരേന്ദ്രനും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ജനപ്രതിനിധികളും ഭരണ കര്‍ത്താക്കളുമൊക്കെയാകുന്നവര്‍ എല്ലാ പ്രവര്‍ത്തന മേഖലകളിലും വേണ്ടത്ര പക്വതയും പൊതുമര്യാദയും പാലിക്കണമെന്നോര്‍മിപ്പിക്കുന്നതാണ് കോടതിയുടെ ഈ വിധി. ജനപ്രതിനിധികളില്‍ പൊതുജനങ്ങള്‍ വലിയ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്ന കാര്യം കോടതി തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

2015 മാര്‍ച്ചില്‍ കേരള നിയമസഭയില്‍ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഇപ്പോഴും ഈ കേസിന്‍റെ പരാമര്‍ശം വരുമ്പോഴൊക്കെ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. എംഎല്‍എമാരുടെ അന്നത്തെ ചെയ്തികള്‍ ഇന്നും ജനങ്ങള്‍ കാണുന്നുവെന്നര്‍ഥം.

ഇതൊക്കെയും ജനങ്ങള്‍ക്ക് ഓര്‍മയുണ്ട്. ജനങ്ങള്‍ തങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് എംഎല്‍എമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും ഓര്‍മവേണം. സുപ്രീം കോടതി വിധി ഒരു വലിയ പാഠം തന്നെയാണ്.

-ചീഫ് എഡിറ്റര്‍

editorial
Advertisment