Advertisment

12,000 കോടിയിലേറെ ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ഇതില്‍ 10,000 കോടിയിലേറെയും നേടിയത് വളഞ്ഞ വഴികളിലൂടെ; ഇന്ത്യയില്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് പൊതുവിപണിയില്‍ നിന്ന് ഓഹരിനിക്ഷേപം സ്വീകരിക്കുന്ന കമ്പനികള്‍ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥത വെളിപ്പെടുത്തേണ്ടതാണ്; ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ കൂപ്പുകുത്തി വീഴുമ്പോള്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും കോളിളക്കമുണ്ടാകും- മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ് എഴുതുന്നു

New Update

ലോകത്തിലെ മുന്‍നിര കോടീശ്വരന്മാരിലൊരാളായ ഗൗതം അദാനിയുടെ ഓഹരികള്‍ ഓഹരിവിപണിയില്‍ കൂപ്പുകുത്തുന്നു. കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരി വ്യാപാരം നടക്കുന്നതെന്ന അമേരിക്കയിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ ബര്‍ഗിന്‍റെ റിപ്പോര്‍ട്ടാണ് ഈ വന്‍ തകര്‍ച്ചയ്ക്ക് കാരണം.

Advertisment

publive-image

പ്രഗത്ഭരായ ഗവേഷകര്‍ ഏറെ സമയമെടുത്ത് വിശദമായി പഠനം നടത്തിയാണ് അദാനി ഗ്രൂപ്പിന്‍റെ ഓഹരിവില കൃത്രിമമായി ഉണ്ടാക്കിയതെന്നു തെളിയിച്ചിരിക്കുന്നതെന്ന് ഹിന്‍ഡന്‍ ബര്‍ഗ് അധികൃതര്‍ പറയുന്നു. റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടുമെന്ന് അദാനി ഗ്രൂപ്പ് പറയുമ്പോള്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ ഒരുക്കമാണെന്ന് ഹിന്‍ഡന്‍ ബര്‍ഗും പറയുന്നു.

12,000 കോടിയിലേറെ ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ഇതില്‍ 10,000 കോടിയിലേറെയും നേടിയത് ഇത്തരം വളഞ്ഞ വഴികളിലൂടെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓഹരി വിപണിയിലെ മൂല്യം കണക്കിലെടുത്താണ് ഗൗതം അദാനി ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍നിരയിലെത്തിയത്.

അദാനി ഗ്രൂപ്പിന്‍റെ എല്ലാ കമ്പനികളും ഇപ്പോള്‍ തകര്‍ച്ചയിലായിരിക്കുകയാണ്. അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ 19.2 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞു. 2020 മാര്‍ച്ചിനു ശേഷം അദാനി ഗ്രൂപ്പിനുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.

സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അദാനി കമ്പനികളില്‍ നാല് പ്രമുഖ കമ്പനികള്‍ ഉടമസ്ഥരുടെ മേധാവിത്വം മൂലം നിലനില്‍പ്പിനു ഭിഷണി നേരിടുകയാണെന്നും റിപ്പോര്‍ട്ടു പറയുന്നു. അദാനി പോര്‍ട്സ്, അദാനി വില്‍വര്‍ എന്നീ കമ്പനികള്‍ ഒഴികെ ബാക്കിയുള്ള അ‍ഞ്ചു കമ്പനികളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് പൊതുവിപണിയില്‍ നിന്ന് ഓഹരിനിക്ഷേപം സ്വീകരിക്കുന്ന കമ്പനികള്‍ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥത വെളിപ്പെടുത്തേണ്ടതാണ്. അദാനി എന്‍റര്‍പ്രൈസസ്, അദാനി പവ്വര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളില്‍ 72 ശതനാനത്തിലേറെ ഓഹരിയും കൈയില്‍ വച്ചിരിക്കുന്നത് അദാനിയുടെ കുടുംബക്കാരും അടുപ്പക്കാരുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് നിയമവിരുദ്ധമാണ്.

പൊതുജനങ്ങള്‍ എടുക്കേണ്ട ഓഹരികളില്‍ നല്ലൊരു പങ്കും അദാനി ഗ്രൂപ്പിന്‍റെ നിയന്ത്രണത്തില്‍ത്തന്നെയാണു വെച്ചിരിക്കുന്നതെന്ന കടുത്ത ആരോപണമാണ് ഹില്‍ഡന്‍ ബര്‍ഗ് ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബിക്കാണ് (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇത്തരം കാര്യങ്ങളില്‍ അവസാന വാക്ക്.

അദാനി ഗ്രൂപ്പിലെ എല്ലാ കമ്പനികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്നതാണ് ഹില്‍ഡന‍് ബര്‍ഗ് റിസര്‍ച്ചിന്‍റെ ഏറ്റവും പ്രധാനമായ നിരീക്ഷണം. ഒരു കമ്പനിക്കും സ്വന്തമായ നിലനില്‍പ്പോ പ്രവര്‍ത്തനമോ ഇല്ല. എല്ലാം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. ഏതെങ്കിലുമൊരു സ്ഥാപനത്തിന് എന്തെങ്കിലും സാമ്പത്തിക പ്രശ്നമുണ്ടായാല്‍ അദാനി ഗ്രൂപ്പിലെ എല്ലാ സ്ഥാപനങ്ങളെയും ബാധിക്കുകയാവും ഫലം, റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

അദാനി എന്‍ര്‍പ്രൈസസ് എന്ന കമ്പനി 20,000 കോടി രൂപയുടെ ഓഹരികള്‍ വിപണിയിലിറക്കുന്നതിന്‍റെ തൊട്ടു തലേന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടു പുറത്തുവന്നതെന്നും കാണണം. ഇന്ത്യയിലെയും അമേരിക്കയിലെയും മിയമങ്ങളനുസരിച്ച് ഹിന്‍ഡന്‍ ബര്‍ഗിനെതിരെ പൊരുതുമെന്ന് അദാനിഗ്രൂപ്പ് പ്രസ്താവിച്ചുകഴിഞ്ഞു. അങ്ങനെയെങ്കില്‍ കമ്പനികളുടെ പ്രൊമോട്ടര്‍ എന്ന നിലയ്ക്ക് അദാനി ഗ്രൂപ്പിന്‍റെ രേഖകളും വിശദാംശങ്ങളും തങ്ങളും ചോദിക്കുമെന്ന് ഹിന്‍ഡന്‍ ഗ്രൂപ്പും പറയുന്നു. നിയമവഴിയില്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും ഗവേഷണ സ്ഥാപനം അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങളൊക്കെയും കൃത്യമാണെന്നാണ് അവരുടെ വാദം.

ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിന്‍റെ തകര്‍ച്ച രാഷ്ട്രീയമായും പ്രത്യാഘാതങ്ങളുണ്ടാക്കും. ഗുജറാത്ത് അസ്ഥാനമായുള്ള ബിസിനസ് വമ്പന്‍ എന്ന നിലയ്ക്ക് അദാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുണ്ട്. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയാവട്ടെ, വര്‍ഷങ്ങളായി അദാനിയുമായി വലിയ അകല്‍ച്ചയിലുമാണ്. ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്കെതിരെ രംഗത്തു വന്നുകഴിഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കുതന്നെ കടുത്ത ആഘാതമണ്ടാക്കാന്‍ പോരും വിധം ഗൗരവമേറിയതാണ് അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടും അത് ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടാക്കുന്ന തകര്‍ച്ചയും. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ കൂപ്പുകുത്തി വീഴുമ്പോള്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും കോളിളക്കമുണ്ടാകും, തീര്‍ച്ച

Advertisment