Advertisment

ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി

New Update

ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി.

Advertisment

publive-image

ചില സാങ്കേതിക കാരണങ്ങളാല്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ദേശീയപാതാ അഥോറിറ്റിയുടെ തീരുമാനം. നിലവില്‍ 75 ശതമാനം വാഹനങ്ങള്‍ ഇനിയും ഫാസ്ടാഗിലേക്ക് മാറാനുണ്ട്. അതിനാല്‍ ഇതു നടപ്പാക്കിയാല്‍ വന്‍ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് സമയപരിധി നീട്ടിയത്.

ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. പിന്നീട് ഡിസംബര്‍ 15ലേക്ക് മാറ്റി. ഈ സമയപരിധിയാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുമ്പോള്‍ വാഹനങ്ങളിലെ ഫാസ്ടാഗ് കൃത്യമായി പ്രവര്‍ത്തിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായാല്‍ ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കുള്ള പ്രത്യേക ലൈന്‍ മറ്റ് വാഹനങ്ങള്‍ക്കും തുറന്നു കൊടുക്കുമെന്നും ദേശീയപാതാ അഥോറിറ്റി വ്യക്തമാക്കി.

ഫാസ്ടാഗ് എന്താണ് ?

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ് (മുന്‍വശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കര്‍ പതിക്കുക. ഇതില്‍ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോള്‍ ഇടപാട്. വാഹനം ടോള്‍ പ്ലാസയിലെത്തുമ്പോള്‍ പണമടയ്ക്കാതെ കടന്നുപോകാം. ഫാസ്ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍നിന്ന് പണം ഈടാക്കും. അക്കൗണ്ടിലെ പണം തീരുന്നതനുസരിച്ച് ടാഗ് റീചാര്‍ജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു ഫാസ്ടാഗ് ആണ് ഉണ്ടാവുക. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാന്‍ കഴിയില്ല.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) എന്നിവിടങ്ങളില്‍നിന്ന് ഫാസ്ടാഗ് രജിസ്‌ട്രേഷന്‍ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫീസ് അടച്ചാല്‍ സ്റ്റിക്കര്‍ കിട്ടും. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈല്‍ വാലറ്റുകളിലൂടെയും ടാഗ് റീചാര്‍ജ് ചെയ്യാം.

fastg toll
Advertisment