മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെ തുടര്‍ന്ന് സ്വന്തം മകളെ വിറ്റ് പിതാവ്. പെണ്‍കുട്ടി തന്നെയാണ് തന്നെ പിതാവ് വിറ്റെന്ന് പൊലീസില്‍ പരാതി നല്‍കിയത്.
രണ്ട് ലക്ഷം രൂപയ്ക്ക് പിതാവ് തന്നെ വിറ്റെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. മാതാവിനൊപ്പം എത്തിയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. മകളെ വില്‍ക്കുന്നത് എതിര്‍ത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ചതായി സ്ത്രീയും പൊലീസിനോട് പറഞ്ഞു.
പ്രതാപ് പൂര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും കുടുംബവും. നേരത്തേ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇതിനെ തുടര്‍ന്ന് തിഹാര്‍, ദാസ്ന ജയിലുകളിലും ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബറോത്ത് ജില്ലയിലുള്ള ഒരാളില്‍ നിന്നും ഭര്‍ത്താവ് രണ്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചു നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകളെ അയാള്‍ക്ക് വില്‍ക്കുകയുമായിരുന്നുവെന്ന് സ്ത്രീ പൊലീസിനെ അറിയിച്ചു.
ഒരു വര്‍ഷത്തോളം പെണ്‍കുട്ടി ഇയാളുടെ തടവിലായിരുന്നു. ഈ സമയത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്ബാണ് പെണ്‍കുട്ടി ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. അമ്മയുടെ സഹായത്തോടെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ്പി രമാര്‍ജി അറിയിച്ചു. പിതാവിനെതിരെ മകളും അമ്മയും ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നും ഇതിനെ കുറിച്ച് ഗൗരവമായി അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.