Advertisment

ആദ്യ ജയത്തില്‍ തന്നെ മന്ത്രി, പിന്നെ സ്പീക്കര്‍; തര്‍ക്കിക്കാനോ സൈബര്‍ പോരാട്ടങ്ങള്‍ക്കോ ഇല്ല; ഇപ്പോള്‍ കപ്പയും ചേനയും ചേമ്പും തളിരിടുന്നത് നോക്കി രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: തരിശായി കിടന്ന സ്ഥലം ഒരു മാസത്തെ അധ്വാനം കൊണ്ട് കൃഷിഭൂമിയാക്കി സിപിഎം നേതാവും മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണന്‍.

മാധ്യമപ്രവര്‍ത്തകനായ എബ്രഹാം മാത്യു 'കര്‍ഷകനായ' കെ. രാധാകൃഷ്ണനെക്കുറിച്ചെഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

തര്‍ക്കിക്കാനോ, സൈബര്‍ പോരാട്ടങ്ങള്‍ക്കോ, തോല്‍ക്കാനോ, തോല്‍പ്പിക്കാനോ ഒന്നും രാധാകൃഷ്ണനില്ലെന്നും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോട് വിധേയത്വം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും എബ്രഹാം മാത്യു പറയുന്നു.

രാവിലെ പണിക്കിറങ്ങും, ഉച്ചയ്ക്ക് അവിടിരുന്ന് കഞ്ഞി കുടിക്കും, വൈകിട്ട് വെള്ളം കോരും...കപ്പയും ചേനയും ചേമ്പും തളിരിടുന്നത് നോക്കി രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു-എബ്രഹാം മാത്യു കുറിച്ചു.

എബ്രഹാം മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

തൂമ്പയും കൂന്താലിയും; കൂടെ പണിയാന്‍ രണ്ടുപേര്‍. പണ്ടേ തഴമ്പുള്ള കൈയ്കള്‍. കൂലിപ്പണി ചെയ്തും പട്ടിണി കിടന്നുമുള്ള പരിചയം. ലോക്ഡൗണ്‍ കാലത്ത് പണിക്കിറങ്ങാന്‍ കെ. രാധാകൃഷ്ണന് ഇതില്‍ കൂടുതല്‍ മൂലധനം വേണ്ട. ചേലക്കരക്കടുത്തുള്ള നരിമട എന്ന പ്രദേശത്ത് രാധാകൃഷ്ണന്‍ കിളച്ചു; നിലമൊരുക്കി, തടമെടുത്തു. കപ്പ, ചേന, ചേമ്പ്, ഇഞ്ചി.... നടീല്‍ കഴിഞ്ഞു. എഴുപത് സെന്റ് സ്ഥലം, വലിയ കാടായിരുന്നു. വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടപ്പായിരുന്നു. ഒരു മാസത്തെ അധ്വാനം... ഇനി പാവലും പച്ചമുളകും കൂടി നടും.

തര്‍ക്കിക്കാനില്ല, സൈബര്‍ പോരാട്ടങ്ങള്‍ക്കില്ല, തോല്പിക്കാനില്ല; തോറ്റു കൊടുക്കാനുമില്ല. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുമാത്രം വിധേയത്വം. തേയില തോട്ടങ്ങളില്‍ കൊളുന്തു നുള്ളിയ ബാല്യം, പൊരിവെയിലില്‍ പോത്തിനെ തെളിച്ച കൗമാരം.. വിശപ്പിന്റെ രുചി അറിഞ്ഞ യൗവ്വനം....

പോരാടാനറിയാം, പെരുമാറാനുമറിയാം.. അധ്വാനിക്കുന്നവന്റെ പ്രത്യയശാസ്ത്രത്തെ സ്‌നേഹിക്കുന്നവന്‍ അധ്വാനിക്കാതിരിക്കുന്നതെങ്ങനെയെന്ന്? പോരാടുക... മരിക്കുക...പട്ടിണിക്കാരനായ രാധാകൃഷ്ണന് രണ്ടിനും മടിയുണ്ടായില്ല; രാധേയെന്ന് ഇന്നും വിളിക്കുന്നവരായിരുന്നു ശക്തി. ചേലക്കരയില്‍ മത്സരിച്ചപ്പോള്‍, ആ ശക്തി വോട്ടായി. ആദ്യജയത്തില്‍ തന്നെ മന്ത്രി... പിന്നെ നിയമസഭാ സ്പീക്കര്‍,പ്രിയങ്കരനായ സ്പീക്കര്‍..

ചോരാന്‍ ധാരാളമവസരമുള്ള വീട് സ്വന്തമായുണ്ട്; കൂന്താലി പിടിക്കാന്‍ തഴമ്പുള്ള കൈയ്യും. നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്ത തത്വശാസ്ത്രത്തെ സ്‌നേഹിക്കാനാവില്ലെന്നു പറയും. വര്‍ക്ക് ഈസ് വര്‍ഷിപ്പ് എന്നു ഗാന്ധിജി പറഞ്ഞു. കെ. രാധാകൃഷ്ണന് ഒന്നും പറയാനില്ല. രാവിലെ പണിക്കിറങ്ങും; ഉച്ചയ്ക്ക് അവിടിരുന്ന് കഞ്ഞി കുടിക്കും; വൈകിട്ട് വെള്ളം കോരും...കപ്പയും ചേനയും ചേമ്പും തളിരിടുന്നത് നോക്കി രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു.

https://www.facebook.com/abraham.mathew.5836/posts/2974454812667818

Advertisment