Advertisment

'ഫ്ലാഷ് സെയിലു'കള്‍ക്ക് കടിഞ്ഞാണ്‍, ഇ-കൊമേഴ്‌സ് നിയമങ്ങളില്‍ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച് കേന്ദ്രം ! ലക്ഷ്യം ഉപഭോക്തൃ താത്പര്യ സംരക്ഷണവും, സുതാര്യതയും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വ്യാപാരരംഗത്തെ തട്ടിപ്പും ക്രമക്കേടുകളും തടയാന്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ചിലതരം ആദായ വില്‍പനകള്‍ (ഫ്ലാഷ് സെയില്‍) നിരോധിക്കണമെന്നും വില്‍പനക്കാര്‍ വിതരണം ചെയ്യുന്നില്ലെങ്കില്‍, ആ പ്ലാറ്റ്‌ഫോമിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശങ്ങളുണ്ട്.

സുതാര്യത ഉറപ്പുവരുത്തുക, ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ കച്ചവടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ മൂന്നാം കക്ഷി വില്‍പനക്കാരുടെ പരമ്പരാഗത ഫ്ലാഷ് സെയില്‍ നിരോധിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമ നിര്‍വഹണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ, ഓരോ ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെയും രജിസ്‌ട്രേഷന് ഒരു ചട്ടക്കൂട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നമ്പര്‍ എല്ലാ ഓര്‍ഡറിന്റെയും ഇന്‍വോയ്‌സിലും വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിക്കണം.

ഇത് ഇടപാട് നടത്തുന്നതിന് മുമ്പ് അതിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ ഉപഭോക്താക്കളെ സഹായിക്കും. അശ്രദ്ധ മൂലം ഒരു വില്‍പനക്കാരന്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍, ഉപഭോക്താക്കളെ ഇത് ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ബാധ്യസ്ഥരായിരിക്കും.

ഇ-കൊമേഴ്‌സിലെ അന്യായമായ വ്യാപാര രീതികള്‍ തടയുന്നതിനായി കഴിഞ്ഞ ജൂലൈ 23 മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ വിജ്ഞാപനത്തിനുശേഷം, ഉപഭോക്താക്കള്‍, വ്യാപാരികള്‍, അസോസിയേഷനുകള്‍ തുടങ്ങിയവരില്‍ നിന്ന് വിവിധ പരാതികള്‍ ലഭിച്ചിരുന്നു.

2020-ലെ ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) ചട്ടങ്ങളിലെ ഭേദഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, നിര്‍ദ്ദേശങ്ങളും 15 ദിവസത്തിനകം (ജൂലൈ ആറിനുള്ളില്‍) സര്‍ക്കാര്‍ തേടിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ഉപഭോക്തൃകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  js-ca@nic.in  എന്ന വിലാസത്തിലേക്ക് ജൂലൈ ആറിന് മുമ്പായി അയക്കാം.

e commerce
Advertisment