Advertisment

സൗദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയവരുമായി ഇന്ത്യയിലേയ്ക്ക് വീണ്ടും വിമാനം പറന്നു; ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചത് ഒരു മലയാളി ഉൾപ്പെടെ 351 പേർ; അടുത്ത വിമാനം വൈകാതെ

New Update

ജിദ്ദ: സൗദി അറേബ്യയിലെ നാടുകടത്തൽ (ഡീപോർട്ടേഷൻ സെന്റർ) കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് എത്തിക്കാൻ റിയാദിലെയും ജിദ്ദയിലെയും ഇന്ത്യൻ അധികൃതർ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഫലമായി 351 പേർ കൂടി ശനിയാഴ്ച വൈകീട്ട് സ്വന്തം രാജ്യമണഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതരയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെട്ട പ്രത്യേക വിമാനം വൈകീട്ട് നാലരയോടെ ഡൽഹിയിൽ എത്തി. ശനിയാഴ്ച നാടഞ്ഞവരിൽ ഒരാളാണ് മലയാളി. ഇതിനു മുമ്പ് ഏകദേശം എഴുനൂറിലേറെ ഇന്ത്യക്കാരെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. ഇവരിലെ 231 പേർ അടങ്ങുന്ന അവസാന സംഘം ഈ മാസം ഇരുപത്തി മൂന്നിന് റിയാദിൽ നിന്ന് ചെന്നൈയിലേക്കാണ് പോയത്.

സൗദിയിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മുഴുവൻ ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് സൗദിയിലെ ഇന്ത്യൻ അധികൃതർ. ജിദ്ദയുടെ അധികാര പരിധിയിലുള്ള നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മുഴുവൻ ഇന്ത്യക്കാരെയും എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നും ഇതിനായുള്ള അടുത്ത വിമാനം വൈകാതെ ഏർപ്പെടുത്തുമെന്നും കോണ്സുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ - കൊമേഴ്‌സ്യൽ വിഭാഗം കോൺസൽ ഹംന മറിയം പറഞ്ഞു.

ഇക്കാര്യത്തിൽ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ, സൗദി എയർലൈൻസ്, ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡൽഹി ഗവർമെന്റ്, ഇന്ത്യയിലെ സൈനിക കാര്യ വകുപ്പ് എന്നിവയിൽ നിന്ന് മികച്ച സഹകരണവും പിന്തുണയുമാണ് ലഭിച്ചതെന്ന് കോൺസുലേറ്റ് പ്രസ്താവന അനുസ്മരിച്ചു.

Advertisment