ജാതിയുടെയും നിറത്തെയും പേരിൽ മാറ്റിനിർത്തപ്പെട്ടു – ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ഒതുക്കലുകള്‍ തുറന്നു പറഞ്ഞ് പന്തളം ബാലൻ

സാജു സ്റ്റീഫന്‍, കുവൈറ്റ്
Sunday, February 3, 2019

ഫ്ലവേഴ്സ് ടിവി യിലെ കോമഡി ഉത്സവം മുന്നൂറ്റി അമ്പത്തിനാലാം എപ്പിസോഡ് ആദരിച്ചത് ഒരു മഹാപ്രതിഭയെ ആയിരുന്നു. കഴിവുണ്ടായിട്ടും ഒതുക്കി നിർത്തപ്പെട്ട ഒരു പിന്നണി ഗായകനെ. മറ്റാരും ആയിരുന്നില്ല അത്, കേരളത്തിലെ സംഗീതപ്രേമികളുടെ പ്രിയ താരം പന്തളം ബാലൻ.
കേവലം 20 മിനിറ്റ് മാത്രമേ പന്തളം ബാലൻ വേദിയിൽ ഉണ്ടായിരുന്നുള്ളു പാടിയത് മൂന്ന് പാട്ടുകളും.

എന്നാൽ പ്രേക്ഷകർക്ക് അത് ധാരാളം മതിയായിരുന്നു. അദ്ദേഹം വേദിയിലവതരിപ്പിച്ച “സുമുഹൂർത്തമായ്”, “രാമകഥാഗാനലയം”, “പുഴയോരഴകുള്ള പെണ്ണ് ” എന്നീ മൂന്ന് പാട്ടുകളും അദ്ദേഹത്തിൻറെ പ്രതിഭാ വിളിച്ചറിയിക്കുന്നതായിരുന്നു. ആ ഗാന വിസ്മയത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

ഒപ്പം അദ്ദേഹം വേദിയിൽ ചില തുറന്നുപറച്ചിലുകൾ നടത്തി. ജാതിയുടെയും നിറത്തെയും പേരിൽ കലാകാരൻ മാറ്റിനിർത്തപ്പെടുന്ന അവസ്ഥയും, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത പ്രതിഭകൾ അവസരം നൽകിയിട്ടും, കൂടെ പാടിയവർ പോലും സംഗീത സംവിധായകർ ആയപ്പോൾ പാട്ട് നൽകുവാൻ വിമുഖത കാണിച്ചതും എല്ലാം.

മലയാളം ഗാനമേള രംഗത്തെ കിരീടം വയ്ക്കാത്ത സംഗീതജ്ഞനാണ് പന്തളം ബാലൻ. 1986 ൽ ചെറുപ്പത്തിൽതന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തുടങ്ങിയ സപര്യ 33 വർഷങ്ങൾക്കു ശേഷവും അനസ്യൂതമായി തുടരുന്നു. ഇതിനിടയിൽ നിരവധി ആൽബങ്ങളിലും ഭക്തിഗാനങ്ങളിലും ഗായകനായും സംഗീത സംവിധായകനായും പ്രശോഭിച്ചിട്ടുണ്ട് അദ്ദേഹം.

സംഗീത രംഗത്തെ സംഭാവനകൾക്ക് ഈയിടെ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായി. എന്നാൽ ചലച്ചിത്ര പിന്നണി ഗാന രംഗം അദ്ദേഹത്തെ ഒരു നിശ്ചിത അകലത്തിൽ മാറ്റിനിർത്തി. കഴിവുണ്ടായിട്ടും ഒതുക്കി നിർത്തുന്നു എന്ന് മുൻപ് വേണുഗോപാലും, കെ ജി മാർക്കോസും പറഞ്ഞത്തിന്റെ പിന്തുടർച്ചയായി വേണം നാം അതിനെ കാണുവാൻ.

ഏതായാലും വേദിയിൽ ഉണ്ടായിരുന്ന ചലച്ചിത്ര താരങ്ങളായ മനോജ് കെ ജയനും, ടിനി ടോമും പ്രജോദ് കലാഭവനും പന്തളം ബാലനെയും അദ്ദേഹത്തിൻറെ ശുദ്ധ സംഗീതത്തെയും തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിവരിച്ചു. സ്പെഷ്യൽ ഗസ്റ്റ് ആയി എത്തിയ ചലച്ചിത്രസംവിധായകൻ അരുൺ ഗോപി അദ്ദേഹത്തിൻറെ പുതിയ ചിത്രത്തിൽ പന്തളം ബാലന് രു പാട്ടും വാഗ്ദാനം ചെയ്തു.

ഏതായാലും പന്തളം ബാലന്റെയും കലാഭവൻ പ്രജോദിന്റെയും രണ്ടു വാക്കുകൾ ഇതു കണ്ട പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായില്ല. കലാഭവൻ പ്രജോദ് പറഞ്ഞത് “ജാതിയുടെയും നിറത്തിന്റെയും പേരിലല്ല പന്തളം ബാലൻ മാറ്റി നിർത്തപ്പെട്ടത് മറിച്ച് അത് അദ്ദേഹത്തിന് ശുദ്ധ സംഗീതത്തോട് ഉള്ള അസൂയ കൊണ്ടാണ്” എന്നത് പ്രേക്ഷകരും ശരിവയ്ക്കുന്നു. അവസാനമായി പന്തളം ബാലൻ പറഞ്ഞു ” ഒരിക്കലും പിന്നണി പാടിയല്ല, ചങ്കുപൊട്ടി പാടിയാണ് പന്തളം ബാലൻ ഈ നിലയിലെത്തിയത് ”

https://m.facebook.com/story.php?story_fbid=2174529149259396&id=780388532006805

×