Advertisment

സൗഹൃദമാണ് അമൂല്യം ,പണമല്ല !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഇന്ന് ലോകത്ത് ആളുകൾ പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. അതിനുവേണ്ടി ബന്ധങ്ങൾ, സ്വന്തങ്ങൾ, സൗഹൃദങ്ങൾ ഒക്കെ ത്യജിക്കാൻ പലരും തയ്യാറാണ്. പണത്തിനോടുള്ള ഒടുങ്ങാത്ത ആർത്തി മനുഷ്യനെ കൂടുതൽ സ്വാർത്ഥതയിലേക്കു നയിക്കുകയാണ്. അതുനേടാൻ ഏതു കുൽസിതമാർഗ്ഗവും സ്വീകരിക്കാൻ ആളുകൾ ഇന്ന് തയ്യാറുമാണ്.

Advertisment

publive-image

ഇതാ നോക്കുക, 28 വർഷം മുൻപ് സുഹൃത്തിനോട് പറഞ്ഞ നിസ്സാരമായ ഒരു വാക്ക് അതേപടി പാലിച്ചു കൊണ്ട്‌ വൻതുക സമ്മാനമായി ലഭിച്ചത് രണ്ടു സ്നേഹിതർ തമ്മിൽ തുല്യമായി പങ്കുവച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്..

അമേരിക്കയിലെ 'ബിസ്‌ക്കൻസിൻ' സംസ്ഥാനത്തു താമസക്കാരായ ടോം കുക്കും ജോസഫ് ഫെനിയും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു. നഖവും മാംസവും പോലെ. എല്ലാമാസവും ഇരുവരും ലോട്ടറി ടിക്കറ്റെടുക്കുമെന്നും ലോട്ടറിയടിച്ചാൽ അത് തുല്യമായി പങ്കിടുമെന്നും അവർ തമ്മിൽ 28 വർഷം മുൻപ് പരസ്പ്പരം വാക്കുനല്കിയിരുന്നു.അന്ന് അതത്ര കാര്യമായല്ല പറഞ്ഞിരുന്നത്. ടോം ആണ് വാക്കുനൽകിയത്. തിരിച്ച് ജോസഫും ഇതേയുറപ്പ് നൽകി.

കാലങ്ങൾ കടന്നുപോയി. ജോസഫിനെ സംബന്ധിച്ചിടത്തോളം ലോട്ടറിയും സമ്മാനവുമൊക്കെ ഏതാണ്ട് വിസ്മൃതിയിലായിക്കഴിഞ്ഞിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മാസം ടോം എടുത്ത ടിക്കറ്റിന് 22 മില്യൺ ഡോളർ ( 164 കോടി രൂപ) ആണ് ജാക്ക്പോട്ട് അടിച്ചത്.

അപ്രതീക്ഷിതമായ ഈ അമൂല്യസമ്മാനത്തെപ്പറ്റി ടോം ഉടൻതന്നെ ജോസഫിനെ വിളിച്ചറിയിച്ചു. ജോസഫാകട്ടെ 1992 ൽ പരസ്പ്പരം പങ്കുവച്ച ഈ ഉറപ്പുപോലും മറന്നുപോയിരുന്നു. മാത്രമല്ല ലോട്ടറി ടിക്കറ്റെടുക്കുന്നതും വർഷങ്ങൾക്കുമുമ്പേ ജോസഫ് അവസാനിപ്പിച്ചിരുന്നു.

ടോമും ഭാര്യയും സമ്മാനം കൈപ്പറ്റാനായി ഇക്കഴിഞ്ഞ 10/06/2020 ന് ജോസഫിനെയും ഭാര്യയേയും കൂട്ടിയാണ് ലോട്ടറി ഓഫീസിൽ പോയത്. ജോസഫിനെസംബന്ധിച്ചിടത്തോളം ഇതെല്ലാം ഒരു സ്വപ്‍നം പോലെയായി. സമ്മാനം കിട്ടിയ ചെക്കിൽ ടോം, ജോസഫിൻറെയും പേരെഴുതി അദ്ദേഹത്തിനും പകുതി സമ്മാനത്തുക ഉറപ്പാക്കുകയും ചെയ്തു.

ഇവർ രണ്ടുപേരുടെയും കളങ്കമില്ലാത്ത സൗഹൃദമാണ് ഇപ്പോൾ അമേരിക്കയിൽ ചർച്ചാവിഷയം. ആധുനിക ലോകത്തെ മാതൃകകളാണ് ഇവരെന്ന് ആളുകൾ വിശേഷിപ്പിക്കുന്നു.

" റിട്ടയര്മെന്റിൽ ഇതിലും മനോഹരമായ ഒരു സമ്മാനം വേറെന്താണുള്ളത്.ആരെയുംആശ്രയില്ലാതെ മികച്ചൊരു ജീവിതത്തിനുള്ള എല്ലാം സ്വരുക്കൂട്ടും. ലോകമെല്ലാം ഇനി ഇരു കുടുംബങ്ങളും ഒന്നായി ചുറ്റിക്കറങ്ങും. ഓരോ രാജ്യക്കാരെയും അവരുടെ ജീവിതവും നേരിട്ട് കണ്ട് മനസ്സിലാക്കും. അശരണർക്ക് ഉറപ്പായും സഹായവും സംരക്ഷണവും നൽകും." ടോമിന്റെ വാക്കുകളാണിത്.

ഇവിടെ സാംഗത്യമായ ഒരു കാര്യം കൂടി പറയാതെ തരമില്ല. എറണാകുളം അമൃത ആശുപത്രിയുടെ മുന്നിൽനിന്നുകൊണ്ട്, അമ്മയുടെ കരൾ മാറ്റശസ്ത്ര ക്രിയക്ക് പണമില്ലാതെ സഹായത്തിനായി കരഞ്ഞുകേണ കോഴിക്കോട്ടുകാരി വർഷ എന്ന പെൺകുട്ടിക്ക്, അമ്മയുടെ ചികിത്സക്ക് വേണ്ടിയിരുന്ന 20 ലക്ഷത്തിനുപകരം ഒന്നേകാൽ കോടിയിലധികം രൂപ ചാരിറ്റിയായി കിട്ടിയപ്പോൾ ആ പെൺകുട്ടിയുടെ നിറം മാറിയത് നമ്മൾ കണ്ടു. സമ്മതിക്കാം, ആ പണം പൂർണ്ണമായും വർഷയ്ക്ക് അവകാശപ്പെട്ടതാണ്. പക്ഷേ ??

അവരെ സഹായിച്ച ചാരിറ്റി പ്രവർത്തകർ ഇപ്പോൾ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്.ലഭിച്ചപണം അമ്മയുടെ ചികിത്സയും കഴിഞ്ഞു നല്ലൊരു വീടുവയ്ക്കാനും ഭാവിയിലേക്കുള്ള നിക്ഷേപവും മാറ്റിവച്ച് ബാക്കിവരുന്ന തുക ഇതുപോലെ രോഗത്താൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കണമെന്ന് പറഞ്ഞാൽ അത് തെറ്റല്ല.

ഇത്രയും ഭീമമായ തുക ലഭിച്ചപ്പോൾ അതിൽനിന്നും കുറഞ്ഞത് 25 % എങ്കിലും മറ്റുള്ളവർക്ക് നൽകുക എന്നത് മാനുഷികമായ ധർമ്മമാണ്. എങ്കിൽ അതൊരു മാതൃകയാകുമായിരുന്നു. ഇല്ലെങ്കിൽ ഇനി ഇതുപോലുള്ള ആവശ്യങ്ങൾക്കുനേരേ പല ആളുകളും മുഖം തിരിക്കുമെന്നതിൽ സംശയമില്ല.അവിടെയാണ് ഈ അമേരിക്കൻ സുഹൃത്തുക്കളുടെ വില നാമറിയുന്നത്.

friendship
Advertisment