Advertisment

പാസില്ലാതെ സംസ്ഥാനം വിടാന്‍ സാധ്യമല്ലെന്നിരിക്കെ നിഷ്പ്രയാസം അത് സാധിച്ച് സ്വപ്‌നയും കൂട്ടരും; സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്ത ഉന്നതര്‍ കുരുക്കിലേക്ക് ? സര്‍ക്കാരും ക്ഷീണത്തിലേക്ക്...

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും നാലാം പ്രതി സന്ദീപ് നായരും ബെംഗളൂരുവില്‍ വച്ച് എന്‍ഐഎയുടെ പിടിയലാകുന്നതോടെ ഉത്തരം ലഭിക്കേണ്ടത് ഒരുപിടി ചോദ്യങ്ങള്‍ക്ക്.

കൊവിഡ് കാലത്ത് സംസ്ഥാനത്തിന് പുറത്തേക്കും അകത്തേക്കും പോകണമെങ്കില്‍ പാസ് നിര്‍ബന്ധമാണെന്നിരിക്കെ ഇതെല്ലാം മറികടന്ന് സ്വപ്‌നയും സംഘവും എങ്ങനെ ബെംഗളൂരുവിലെത്തിയെന്നതാണ് പ്രധാന ചോദ്യം.

പ്രധാനമായും രണ്ട് സാധ്യതകളാണ് ഇവിടെ അവശേഷിക്കുന്നത്. ഒന്ന്, സ്വപ്‌നയും സംഘവും കേരളം വിട്ടത് പാസില്ലാതെ. രണ്ട്, സ്വപ്‌നയ്ക്കും കൂട്ടാളികള്‍ക്കും സംസ്ഥാനം വിടാന്‍ പാസ് ലഭിച്ചു... രണ്ട് സാധ്യതകളും പരിശോധിക്കുമ്പോഴും ഒരു കാര്യം വ്യക്തമാണ്. സ്വപ്‌നയ്ക്ക് കേരളം വിടാന്‍ ഉന്നത സഹായം ലഭിച്ചുവെന്ന സത്യം...

കൊവിഡ് കാലത്ത് അതും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരത്ത് നിന്ന് ഒരു വ്യക്തിക്ക് അത്ര എളുപ്പത്തില്‍ സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നിരിക്കെയാണ് സ്വപ്‌ന അത് നിഷ്പ്രയാസം സാധ്യമാക്കിയത്.

അന്താരാഷ്ട്ര തലത്തില്‍ പോലും വാര്‍ത്താപ്രാധാന്യം നേടിയ ഒരു കേസിലെ പ്രതിക്ക് ഉന്നതസഹായങ്ങള്‍ ലഭിക്കാതെ ഒരു കാരണവശാലും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നതും കൂട്ടി വായിക്കുമ്പോള്‍ ഒരു പാട് സംശയങ്ങളാണ് ഉയരുന്നത്.

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കരന് സ്വപ്‌നയുമായുള്ള ബന്ധവും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആരോപണങ്ങള്‍ തള്ളിക്കളയുന്ന മുഖ്യമന്ത്രി ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പാസില്ലാതെ സ്വപ്‌നയും സംഘവും എങ്ങനെ കേരളം വിട്ടെന്ന ചോദ്യം വരും ദിവസങ്ങളിലും രാഷ്ട്രീയകേരളത്തില്‍ വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെയ്ക്കുമെന്ന് ഉറപ്പാണ്.

സ്വപ്‌നയ്ക്ക് ഉന്നതസഹായം ലഭിച്ചുവെന്ന സംശയം ഏറെക്കുറെ ബലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇത് ഏറെ തലവേദന സൃഷ്ടിക്കും.  ഇതിന് മറുപടി പറയേണ്ട ധാര്‍മ്മികപരമായ ഉത്തരവാദിത്തം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമുണ്ട്.

അന്വേഷണം ഏറ്റെടുത്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാന്‍ എന്‍ഐഎക്ക് സാധിച്ചു. ഇവര്‍ ബെംഗളൂരുവിലുണ്ടെന്ന് എന്‍ഐഎ നേരത്തെ തന്നെ കണ്ടെത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ മുഖ്യപ്രതികള്‍ പിടിയിലായതോടെ ഇവര്‍ക്ക് ഒത്താശ ചെയ്ത പല 'ഉന്നതരും' വരും ദിവസങ്ങളില്‍ കുടുങ്ങാനാണ് സാധ്യത.

Advertisment