Advertisment

നിങ്ങള്‍ ഓക്‌സിമീറ്റര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ 'ആപ്പി'ലാകാതെ സൂക്ഷിച്ചോ ! കാരണം ഇതാണ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: അജ്ഞാത യു.ആര്‍.എല്ലുകളില്‍ നിന്ന് ഓക്‌സിമീറ്റര്‍ (oximeter) ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സൈബര്‍ അവയര്‍നസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഓക്‌സിമീറ്റര്‍ ആപ്പുകള്‍ വ്യാജമാകാമെന്നും ഇത് ഫോണിലുള്ള ചിത്രങ്ങള്‍, കോണ്‍ടാക്ടുകള്‍, മറ്റ് വിവരങ്ങള്‍ തുടങ്ങിയവ അപഹരിക്കാമെന്നുമാണ്‌ മുന്നറിയിപ്പ്. ആപ്പുകളിലെ ബയോമെട്രിക് ഫിംഗര്‍പ്രിന്റുകള്‍ ഉപയോഗിക്കുന്നതുവഴി ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഓക്‌സിമീറ്റര്‍ ഉപകരണങ്ങള്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും മാര്‍ക്കറ്റുകളിലും ലഭ്യമാണെങ്കിലും ഓക്‌സിമീറ്റര്‍ ആപ്ലിക്കേഷനുകള്‍ക്ക് സമീപകാലത്ത് ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ദോസ്ത് (cyber dots) ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വ്യാജ ഓക്‌സിമീറ്റര്‍ ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാകാലങ്ങളിലുള്ള സൈബര്‍ ഭീഷണികളെക്കുറിച്ചും ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്.

ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രമെ ഇ-വാലറ്റ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാവൂവെന്ന് ഈ മാസം ആദ്യം സൈബര്‍ ദോസ്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെരിഫിക്കേഷനും ഓതെന്റിക്കേഷനും ശേഷം മാത്രമെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാവൂ. എസ്.എം.എസ്, ഇ-മെയില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ മുഖേന ലഭിക്കുന്ന ഇ-വാലറ്റ് ലിങ്കുകള്‍ തട്ടിപ്പാക്കാം.

സോഷ്യല്‍മീഡിയയില്‍ യുപിഐ ആപ്ലിക്കേഷനുകള്‍ വഴി ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ക്യാഷ്ബാക്ക്, അല്ലെങ്കില്‍ ഫെസ്റ്റിവല്‍ കൂപ്പണുകള്‍ തുടങ്ങിയവയെ സംബന്ധിച്ച് കാണിക്കുന്ന പരസ്യങ്ങളും തട്ടിപ്പാകാമെന്ന് സൈബര്‍ ദോസ്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment