Advertisment

മഴക്കാലം കഴിഞ്ഞു മുന്തിരി കൃഷിയൊന്നു പരീക്ഷിച്ചാലോ !

author-image
സത്യം ഡെസ്ക്
Updated On
New Update

കേരളത്തിലും മുന്തിരി നന്നായി വളരുകയും വിളവു തരുകയും ചെയ്യും. മഴ വില്ലനായി വരരുതെന്നു മാത്രം. മഴ അധികമായാല്‍ മുന്തിരിങ്ങയിലെ അമ്ലത കൂടുകയും അത് രുചികെട്ടതായി മാറുകയും ചെയ്യും. ജലം സമൃദ്ധമായി കിട്ടുമ്പോള്‍ വിളവു തീരെ കുറയുന്നതു മറ്റൊരു പ്രശ്നം. ഇനിവരുന്ന വേനല്‍ക്കാലം കേരളത്തില്‍ മുന്തിരി പരീക്ഷിക്കാന്‍ പറ്റിയ സമയമാണ്. കൗതുകത്തിനു വേണ്ടി മാത്രമല്ല, വേനല്‍മഴയുടെ തോത് കുറയുന്ന പ്രദേശങ്ങളില്‍ ആദായത്തിനു പോലും ഇതു കൃഷി ചെയ്യാം.

Advertisment

publive-image

നടീല്‍ വസ്തുക്കള്‍ ഒരു വര്‍ഷം പ്രായമായതും പെന്‍സില്‍ വണ്ണമുള്ളതുമായ മൂപ്പെത്തിയ വള്ളികള്‍ മുറിച്ചു നട്ടാണ് മുന്തിരിയുടെ തൈകളുണ്ടാക്കുന്നത്.മുപ്പതു സെന്‍റി മീറ്റര്‍ നീളമാണ് നടീല്‍ വസ്തുക്കള്‍ക്കു വേണ്ടത്. തണ്ടു മുറിക്കുമ്പോള്‍ മുട്ടുകള്‍ക്ക് (കണ്ണുകള്‍ക്ക്) ചേര്‍ന്നാകരുത്. രണ്ടു കണ്ണുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ മുറിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ സൂക്ഷിച്ച് പച്ചകെടുത്തിയ തണ്ടുകളാണ് നടീല്‍ വസ്തുവാക്കുന്നത്.

പച്ചകെടുത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗം തണ്ടുകള്‍ കെട്ടുകളാക്കി മണലില്‍ സൂക്ഷിക്കുന്നതാണ്. ഒരു മാസത്തോളം ഇങ്ങനെ സൂക്ഷിക്കുന്നതാണ് മികച്ച വിളവു തരുന്നതായി കണ്ടിരിക്കുന്നത്. അതിനു ശേഷം ഇത്തരം വള്ളികള്‍ നഴ്സറിയില്‍ നട്ടുകിളിര്‍പ്പിച്ചെടുക്കാം. നടീല്‍ മുന്തിരിവള്ളി നടുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഒരു കണ്ണ് മാത്രമേ മണ്ണിനു മുകളിലേക്കു കാണാവൂ.

മുപ്പതു സെന്‍റിമീറ്റര്‍ നീളത്തില്‍ വേറെ എത്ര കണ്ണുകളുണ്ടെങ്കിലും അവയെല്ലാം മണ്ണിനടിയിലേക്കു പോകണം. പോളിബാഗുകള്‍ക്കുള്ളിലോ ഉയര്‍ത്തിയെടുത്ത നഴ്സറിത്തടങ്ങളിലോ തൈകള്‍ വളര്‍ത്താം. തടങ്ങിളിലാണ് കൃഷിയെങ്കില്‍ തടങ്ങള്‍ തമ്മില്‍ മുക്കാല്‍ മീറ്ററും ചുവടുകള്‍ തമ്മില്‍ മുപ്പതു സെന്‍റിമീറ്ററും അകലം നല്‍കണം.

തൈകള്‍ നന്നായി വേരുപിടിച്ചു കിട്ടുന്നതിന് എട്ടുപത്തു മാസം വേണ്ടിവരും. അതായത് ഇക്കൊല്ലം തുലാമഴ കഴിയുമ്പോള്‍ നടുന്നതിനുള്ള തൈകള്‍ ഇപ്പോള്‍ തന്നെ തയ്യാറാക്കണം. കേരളത്തിലെ തണുപ്പുകാലമാണ് നടീലിന് ഏറ്റവും യോജിച്ചത്. ഇതു കഴിഞ്ഞാലുടന്‍ വേനല്‍ക്കാലമാണല്ലോ വരുന്നത്. അപ്പോള്‍ മികച്ച വളര്‍ച്ച കിട്ടിക്കൊള്ളും. നഴ്സറി തടങ്ങളില്‍ നിന്നു മാറ്റി നടേണ്ടത് സമചതുരക്കുഴികളിലേക്കാണ്.

കുഴികള്‍ക്കോരോന്നിനും അറുപതു സെന്‍റിമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുണ്ടായിരിക്കണം. കുഴി എടുത്തതിനു ശേഷം വെയില്‍ കൊണ്ടു പരുവപ്പെടുന്നതിനു പത്തു ദിവസം തുറന്നിടണം. അതു കഴിഞ്ഞാല്‍ നേരത്തെ കോരിയെടുത്ത മണ്ണിലെ മേല്‍മണ്ണ് പ്രധാന ചേരുവയായി നടീല്‍ മിശ്രിതം തയ്യാറാക്കി കുഴി നിറയ്ക്കണം. മേല്‍മണ്ണിനു പുറമെ ഇരുപതു കിലോഗ്രാം ചാണകപ്പൊടിയും അരകിലോ വീതം രാജ്ഫോസും പൊട്ടാഷും ചേര്‍ക്കണം.

മണ്ണില്‍ നിന്നുള്ള രോഗങ്ങളെയും കീടങ്ങളെയും തുരത്തുന്നതിന് കുഴിയൊന്നിന് ഒരു കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കുന്നതു നല്ലതാണ്. മേല്‍ മണ്ണിന്‍റെ പോരായ്മ പരിഹരിക്കുന്നതിന് ചുറ്റിലും നിന്ന് മണ്ണു വെട്ടിക്കയറ്റുകയും ചെയ്യാം. കുഴിയുടെ മധ്യത്തിലായി വേരുപിടിപ്പിച്ച തൈകള്‍ നട്ട് ചുറ്റിലും മണ്ണ് അമര്‍ത്തിയുറപ്പിക്കണം.

പരിചരണം മുന്തിരി നന്നായി വളരുന്നതിനും അതില്‍ നിന്നു നല്ല വിളവു കിട്ടുന്നതിനും വളളി കോതി വിടുന്നത് മികച്ചതായി കണ്ടിട്ടുണ്ട്. പന്തലില്‍ മുന്തിരി പടര്‍ന്നു കഴിഞ്ഞാണ് വള്ളി മുറിക്കേണ്ടത്. പ്രധാന വള്ളിയൊഴികെ ശാഖകളെല്ലാം മുറിച്ചു മാറ്റുന്നതാണ് രീതി. കണ്ടാല്‍ ചെടി ഉണങ്ങിപ്പോയതാണെന്നേ തോന്നൂ.

കാരണം ഇലകളുള്ള ശാഖകളെല്ലാമാണ് മുറിച്ചു മാറ്റുന്നത്. പുതുതായി പൊട്ടിക്കിളിര്‍ത്തു വരുന്ന ശാഖകള്‍ നല്ല കരുത്തോടെ വളരുമെന്നു മാത്രമല്ല, മികച്ച വിളവു തരുകയും ചെയ്യും. മുന്തിരി പടര്‍ത്തിക്കയറ്റുന്നതിനു ബലമുള്ള പന്തല്‍ വേണം. പ്രാദേശികമായി കിട്ടാവുന്ന വസ്തുക്കള്‍ പന്തലിന്‍റെ നിര്‍മാണത്തിനുപയോഗിക്കാമെങ്കിലും പ്രധാന കാലുകള്‍ കീറിയ കല്ലുകൊണ്ടോ ജി. ഐ പൈപ്പുകൊണ്ടോ നിര്‍മിക്കുന്നതാണ് നല്ലത്.

അല്ലെങ്കില്‍ മുന്തിരിയുടെ ഭാരം വരുമ്പോള്‍ പന്തല്‍ നശിച്ചു പോകും. ചെടികള്‍ തമ്മിലും ചുവടുകള്‍ തമ്മിലും ആറ് അടി വീതം അകലം കൊടുക്കുന്നതാണ് നല്ലത്. അതിനു സാധിക്കുന്നില്ലെങ്കില്‍ ചുവടുകള്‍ തമ്മില്‍ നാലരയടി അകലമായാലും മതി. പന്തലില്‍ മുന്തിരി നന്നായി പടര്‍ന്നു കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും നവംബര്‍ അവസാനമാണ് കൊമ്പു കോതുന്നത്.

ഇടവപ്പാതി മഴ താമസിച്ചു പെയ്യുന്ന സ്ഥലങ്ങളില്‍ ഏപ്രിലില്‍ ഒരു തവണ കൂടി ശാഖകള്‍ കോതി മാറ്റാം. നല്ല മൂപ്പെത്തിയതും പെന്‍സില്‍ വണ്ണുള്ളതുമായ തണ്ടുകളില്‍ മാത്രമാണ് കായ്കളുണ്ടാകുന്നത്. അതിനാല്‍ മറ്റു ശാഖകള്‍ കോതി മാറ്റുന്നതുകൊണ്ടു പ്രശ്നമില്ല. ചെടിക്ക് വര്‍ഷംതോറും നൂറു കിലോയോളം ജൈവവളം ആവശ്യമാണ്. ചാണകം, കമ്പോസ്റ്റ്, വെര്‍മികമ്പോസ്റ്റ് തുടങ്ങിയവ ജൈവവളമാക്കാം.

ഇതിനു പുറമെ ഒരു കിലോ വീതം രാജ്ഫോസും പൊട്ടാഷും അരകിലോ യൂറിയയും നല്‍കുകയും വേണം. കൊമ്പുകോതല്‍ കഴിഞ്ഞയുടനാണ് പൊട്ടാഷ് ഒഴികെയുള്ള വളം നല്‍കേണ്ടത്. പൂവിടുന്ന സമയത്താണ് പൊട്ടാഷ് നല്‍കേണ്ടത്. രാസവളങ്ങള്‍ ചെടിയുടെ ചുവട്ടില്‍ നിന്ന് ഒരടി അകലത്തില്‍ മണ്ണില്‍ ചേര്‍ത്ത് വെട്ടിമൂടുന്നതാണ് തമിഴ്നാട്ടില്‍ അനുവര്‍ത്തിക്കുന്ന രീതി.

വളമിട്ടതിനു ശേഷം നന കൊടുക്കണം. തുടര്‍ന്നു നന വേണ്ടിവരും. പത്തു ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാകും. സാധാരണയായി ഒന്നര വര്‍ഷം വളര്‍ച്ചയെത്തുമ്പോഴാണ് മുന്തിരി പൂക്കാന്‍ തുടങ്ങുന്നത്. വേനല്‍ക്കാലത്തു രണ്ടു തവണ വിളവെടുക്കാന്‍ സാധിക്കും. ഒരു ചുവട് മുന്തിരിയില്‍ നിന്ന് അനേകവര്‍ഷങ്ങള്‍ വിളവെടുക്കുന്നതിനു സാധിക്കും

farming grapes farming
Advertisment