Advertisment

ഉടനടി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കെപിസിസി, ഡിസിസി പുനസംഘടനയില്‍ കെ സുധാകരനെ വരിഞ്ഞു മുറുക്കി എ, ഐ ഗ്രൂപ്പുകള്‍ ! പുനസംഘടന നീട്ടിക്കൊണ്ടുപോയും, ഭാരവാഹി എണ്ണം സുധാകരന്‍ പ്രഖ്യാപിച്ച 51 -നപ്പുറം കടത്തിയും വീരശൂരനായി ഇന്ദിരാഭവനിലെത്തിയ കെ സുധാകരനെ പൂട്ടാനുറച്ച് ഉമ്മന്‍ ചാണ്ടി - ചെന്നിത്തല അച്ചുതണ്ട്. പ്രഖ്യാപനം ജൂലൈ 31 കടന്നാല്‍ സുധാകരന്‍റെ ആദ്യ പ്രഖ്യാപനം പാളും. ഇപ്പോള്‍ തന്നെ അധോഗതിയിലായ പാര്‍ട്ടിയുടെ ഭാവി നോക്കാതെ കേരളത്തില്‍ വീണ്ടും ഗ്രൂപ്പ് വടംവലി തകൃതി !

New Update

publive-image

Advertisment

തിരുവനന്തപുരം: പുനസംഘടനാ ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വരിഞ്ഞു മുറുക്കി എ, ഐ ഗ്രൂപ്പുകള്‍. ജൂലൈ പകുതിക്കു മുമ്പ് പുനസംഘടന പൂര്‍ത്തിയാക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനം പാലിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതിനു പിന്നില്‍ എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം വിജയം കണ്ടതായാണ് സുചന. അതിനിടെ ഡിസിസി പ്രസിഡന്‍റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും കാര്യത്തില്‍ കെ സുധാകരന്‍ ഉന്നത നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ തുടരുകയാണ്.

പാര്‍ട്ടി പുനസംഘടന എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു ചുമതലയേറ്റ ശേഷമുള്ള പ്രഥമ പത്രസമ്മേളനത്തില്‍ സുധാകരന്‍റെ ആദ്യത്തെ പ്രഖ്യാപനം. കെപിസിസി ഭാരവാഹികളുടെ എണ്ണം 51 -ല്‍ കൂടില്ലെന്നായിരുന്നു രണ്ടാമത് പ്രഖ്യാപനം.

ഈ രണ്ട് പ്രഖ്യാപനങ്ങളും അതേപടി പാലിക്കപ്പെട്ടാല്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് അജയ്യനായി മാറുമെന്നാണ് ഉമ്മന്‍ ചാണ്ടി - രമേശ് ചെന്നിത്തല കൂട്ടുകെട്ടിന്‍റെ നിഗമനം. അതിനാല്‍ തന്നെ സുധാകരന്‍റെ ശ്രദ്ധേയമായ ആ രണ്ട് പ്രഖ്യാപനങ്ങള്‍ പൊളിക്കുക, അതുവഴി സുധാകരനെ ദുര്‍ബലനാക്കി മാറ്റുക എന്നതാണ് ഗ്രൂപ്പുകളുടെ പുതിയ നീക്കം.

അതില്‍ സമയ പരിധി സംബന്ധിച്ച സുധാകരന്‍റെ ആദ്യ പ്രഖ്യാപനം പാളുമെന്ന് ഏതാണ്ട് ഉറപ്പായി. അതല്ലെങ്കില്‍ ജൂലൈ 31 -നകം ഭാരവാഹി പ്രഖ്യാപനം പൂര്‍ത്തിയാക്കണം. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ല. രണ്ടാമത്, കെപിസിസി ഭാരവാഹികളുടെ എണ്ണം 51 നപ്പുറം കടത്തുകയെന്നതാണ്.

51 -നപ്പുറം ഒരാളെക്കൂടി നിയമിക്കാനായാല്‍ അത് സുധാകരന് തിരിച്ചടിയാകും. സാധിക്കുമെങ്കില്‍ ഭാരവാഹികളുടെ എണ്ണം 75 ലെത്തിച്ച് സുധാകരന് കനത്ത മറുപടി നല്‍കുക തന്നെയാണ് ഉമ്മന്‍ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ട് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനു പറ്റിയില്ലെങ്കില്‍ 60 -നപ്പുറം കടത്താന്‍ തീവ്രശ്രമം തന്നെ ഉണ്ടാകും.

ഡിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഈ മാസം 24 മുതല്‍ ഒരാഴ്ചക്കാലം എഐസിസി സംഘം കേരളത്തില്‍ ജില്ലകള്‍ തോറും പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ‍ഡല്‍ഹിയിലെത്തിയ സുധാകരന്‍ എഐസിസി സംഘത്തിന്‍റെ വരവ് മുടക്കി. എഐസിസി സംഘം കേരളത്തിലെത്തിയാല്‍ അവര്‍ സമര്‍പ്പിക്കുന്ന ലിസ്റ്റില്‍ കെസി വേണുഗോപാലിന്‍റ കൈകടത്തല്‍ ഉണ്ടാകുമെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ ഭയം.

അതൊഴിവാക്കാന്‍ ഗ്രൂപ്പുകള്‍ നടത്തിയ നീക്കമാണ് എഐസിസി സംഘത്തിന്‍റെ വരവ് റദ്ദാക്കിയതിന് പിന്നിലെ ഒരു കാരണമെന്ന് പറയുന്നു. മാത്രമല്ല, എഐസിസി സംഘത്തെ താങ്ങാനുള്ള സാമ്പത്തിക ശേഷി ഇപ്പോള്‍ കെപിസിസിക്ക് കുറവാണ്.

ഇലക്ഷന്‍ കാലത്ത് എഐസിസി സംഘത്തിനു മാത്രമായി കെപിസിസിയുടെ ചിലവ് 36 ലക്ഷമായിരുന്നത്രെ. പക്ഷേ 100 കോടിക്കുമേല്‍ സംഖ്യയാണ് അന്ന് എഐസിസി കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചിലവിലേയ്ക്ക് നല്‍കിയത്. അതു മുഴുവന്‍ പാഴാക്കുകയും ചെയ്തു.

എന്തായാലും എഐസിസി കൈകടത്തല്‍ ഇല്ലാതെ ‍ഡിസിസി, കെപിസിസി പുനസംഘടന എങ്ങനെയാകും എന്നതാണ് ഇനി നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇത് പൊളിക്കാന്‍ സര്‍വ്വതന്ത്രവും പയറ്റി ഗ്രൂപ്പുകളും രംഗത്തുണ്ട്.

ഗ്രൂപ്പുകളുടെ ആവശ്യം ഗ്രൂപ്പ് നോമിനികളായ കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, എന്‍ വേണുഗോപാല്‍, തമ്പാനൂര്‍ രവി, എന്‍ സുബ്രഹ്മണ്യന്‍, ഇഎം ആഗസ്തി, പാലോട് രവി എന്നിങ്ങനെയുള്ള സ്ഥിരം കഥാപാത്രങ്ങളെ ഡിസിസി അധ്യക്ഷ പദവികളില്‍ പ്രതിഷ്ഠിക്കുക എന്നതാണ്.

അതുവഴി കെപിസിസി നേതൃത്വത്തെ വരുതിയിലാക്കാമെന്നും ഗ്രൂപ്പുകള്‍ കരുതുന്നു. അതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ സ്ഥിതി അധോഗതിയാകും എന്നത് ഗ്രൂപ്പുകള്‍ മനസിലാക്കുന്നുമില്ല.

k sudhakaran
Advertisment