‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ ഗുരുദേവന്റെ ദര്‍ശനപാതയില്‍ ഒരു വിവാഹം

ഉല്ലാസ് ചന്ദ്രൻ
Friday, December 13, 2019

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരയണ ദര്‍ശനം പിന്തുടര്‍ന്ന് ഒരു വിവാഹം നടക്കുകയാണ്.

അടിമാലി എസ്.എന്‍. ഹോംഷൈന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയും ശ്രീനാരായണീയനുമായ രാജന്റെ മകന്‍ വിഷ്ണുദേവും പത്തനംതിട്ട സ്വദേശിനിയും മുംബൈയില്‍ താമസക്കാരിയുമായ സോണിയ എന്ന ക്രൈസ്തവ യുവതിയും ഞായറാഴ്ച വിവാഹിതരാകുമ്പോള്‍ ശ്രീനാരായണ ഗുരുദേവന്റെ ഈ ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുന്നു.

വിവാഹനിശ്ചയ സമയത്ത് വിഷ്ണുദേവിന്റെ അച്ഛന്‍ രാജന്റെ പ്രസംഗം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിവാഹത്തെപ്പറ്റി വിഷ്ണുവിനോട് പറഞ്ഞപ്പോഴാണ് തന്റെ ഇഷ്ടത്തെക്കുറിച്ച് വിഷ്ണു തന്നോട് പറഞ്ഞത്. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍. ”ചെറുപ്പം മുതല്‍ എന്നെ നിങ്ങള്‍ പല ആരാധനാലയങ്ങളില്‍ കൊണ്ടുപോയി. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്’ എന്ന് പറഞ്ഞ് പഠിപ്പിച്ചു.. പിന്നെ ഞങ്ങള്‍ ഇത് പ്രവര്‍ത്തിയില്‍ കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ എന്തിന് എതിര്‍ക്കുന്നു. ഗുരുദര്‍ശനങ്ങള്‍ വാക്കില്‍ മാത്രമേയുള്ളോ പ്രവര്‍ത്തിയില്‍ ഇല്ലേ..??” എന്നാണ് വിഷ്ണു പ്രതികരിച്ചത്.

അതുകൊണ്ട്, വരും തലമുറ ഗുരുദര്‍ശനങ്ങള്‍ വാക്കില്‍ മാത്രം ഒതുക്കാതെ പ്രാര്‍ത്തികമാക്കാന്‍ നമുക്ക് ശ്രമിക്കാം എന്നും രാജന്‍ പ്രസംഗത്തില്‍ പറയുന്നു. നാളെ അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10.45-നുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വിഷ്ണുവും സോണിയയും തമ്മിലുള്ള വിവാഹം.

×