Advertisment

ഗുരുസന്ദേശങ്ങളുടെ സമകാലിക പ്രസക്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

സമൂഹത്തില്‍ സമത്വവും സാഹോദര്യവും വിഭാവനം ചെയ്ത ഗുരുശ്രേഷ്ഠനാണ് ശ്രീനാരായണഗുരു. തന്റെ സന്ദേശങ്ങളിലൂടെ അദ്ദേഹം സമൂഹത്തെ അവ പഠിപ്പിച്ചു. പക്ഷെ ഗുരുവിഭാവനം ചെയ്ത പോലെയാണോ ഇപ്പോള്‍ സമൂഹം എന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗുരുവിന്റെ സന്ദേശങ്ങള്‍ ഏതുകാലത്തും ഏറെ പ്രസക്തിയുള്ളതാണ്. ഗുരുവിന്റെ ജന്മസ്ഥലവും കണ്ണാടിസ്ഥാപിച്ച സ്ഥലവും മറ്റുംസന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ശ്രീനാരായണഗുരു എന്ന ടി വി സീരിയലിന്റെ വാര്‍ത്തവിതരണചുമതല ലഭിക്കുന്നത്. അങ്ങിനെ ഷൂട്ടിങ്ങ് ടീമിനോടൊപ്പം ചെമ്പഴന്തിയിലും അരുവിപ്പുറത്തും പോകാന്‍ ഭാഗ്യം ലഭിച്ചു.

ഗുരുവിന്റെ പ്രസക്തമായ സന്ദേശങ്ങളില്‍ ഏറെ പേരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്ന രണ്ടു സന്ദേശങ്ങള്‍ ഉണ്ട്. ഒന്ന് ഒരു ജാതി , ഒരുമതം ഒരു ദൈവം., രണ്ട് മദ്യം വിഷമാണ് അത് വില്‍ക്കരുത്, ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ഈ സന്ദേശങ്ങള്‍ സമൂഹം സിരസാവഹിച്ചിരുന്നെങ്കില്‍ ഇന്നത്തെ ലോകം ഇത്ര കലുഷിതമാകുമായിരുന്നില്ല.

ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്നത് പലരും ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതായത് ഒരു ജാതി, ഒരു മതം ഒരു ദൈവം എന്നത് ഹിന്ദുവോ , ക്രിസ്ത്യാനിയോ, മുസ്ലീമോ ഏതെങ്കിലും ഒരു മതം മതിയെന്നും ഇവരിലെ ദൈവം മാത്രം മതിയെന്നുമാണ് ഗുരു പറഞ്ഞത് എന്ന് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഗുരു ഉദ്ദേശിച്ച മതം- അഭിപ്രായം എന്നര്‍ത്ഥം വരുന്ന മതമാണെന്ന് സാധാരണക്കാരില്‍ ഏത്രപേര്‍ക്ക് അറിയാം.? ഒരു ദൈവം എന്നു പറയുന്നത്, ദൈവം അദൃശ്യ ശക്തിയാണ് .

നമ്മെ നയിക്കുന്ന പ്രപഞ്ചശക്തിയാണ് എന്നൊക്കെ ഒരു വിശ്വാസമുണ്ട്. എങ്കിലും ആരാണ് യഥാര്‍ത്ഥ ദൈവം എന്ന് സമൂഹത്തെ മനസ്സിലാക്കിക്കൊടുക്കുവാനാണ് ഗുരു കളവങ്കോട് കണ്ണാടി പ്രതിഷ്ഠിച്ചത്. കണ്ണാടിയില്‍ നാം നോക്കുമ്പോള്‍ നമ്മുടെ മുഖമാണ്-നമ്മുടെ സ്വരൂപമാണ് തെളിഞ്ഞുകാണുക. അപ്പോള്‍ നാം തന്നെയല്ലേ ദൈവം? എന്ന ചിന്തയിലേക്കാണ് ഗുരു നമ്മെ നയിച്ചത്.

അതുതന്നെയാണ് ധ്യാനം പഠിക്കുമ്പോള്‍ നാം ഉരുവിടുന്നത്. ഞാന്‍ ബ്രഹ്മാവാണ്,ബ്രഹ്മാവ് സൃഷ്ടിക്കുന്നവനാണ്, സൃഷ്ടാവാണ് സൃഷ്ടിക്കാന്‍ കഴിയുന്നവനാണ് ദൈവം. ഇതേ ആശയം തന്നെയാണ് ബൈബിളിലും പറഞ്ഞിരിക്കുന്നത്. ദൈവം മനുഷ്യനെ തന്റെ ഛായയില്‍ സൃഷ്ടിച്ച് സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാക്കി. അവിടെയും പറയുന്നത് നാം തന്നെയാണ് ദൈവം എന്ന്തന്നെയാണ്.

അതുപോലെ തന്നെ കലാഭവന്‍ ഗാനമേള ട്രൂപ്പിന്റെ സ്ഥാപകനായ ഫാ: അബേല്‍ ഏഴുതിയപാട്ട് ഇത്തരുണത്തില്‍ ഓര്‍മ്മവരികയാണ്.

ഈശ്വരനെ തേടിഞാനലഞ്ഞു.

കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു.

അവിടെയുമില്ലിവിടയുമില്ലിശ്വരന്‍

വിജനമായ ഭൂമിയിലുമില്ലീശ്വരന്‍-

ഈശ്വരനെ അന്വേഷിക്കാത്ത സ്ഥലമില്ല

കടലിലും കാട്ടിലും കാനനചോലയിലും അലഞ്ഞു പക്ഷെ അവിടെയൊന്നും കണ്ടില്ലെന്ന് കവി പറയുന്നു. അവസാനത്തെ വരികളില്‍ ഇങ്ങനെ പറയുന്നു.

അവസാനമെന്നിലേക്ക് ഞാന്‍ തിരിഞ്ഞു.

ഹൃദയത്തിനുള്ളിലേക്ക് ഞാന്‍ കടന്നു.

അവിടെയാണീശ്വരന്റെ വാസം

സ്നേഹമാണീശ്വരന്റെ രൂപം

എന്നു പറഞ്ഞാണ് പാട്ട് അവസാനിക്കുന്നത്.

അവിടേയും നമുക്ക് മനസ്സിലാക്കാം നാം ഓരോരുത്തരും ദൈവങ്ങളാണെന്ന്. ഇതു മനസ്സിലാക്കിയാല്‍ മനുഷ്യര്‍ ഒരോരുത്തരും പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും. അപ്പോള്‍ മറ്റ് യാതൊരു മതങ്ങളുടേയും ആവശ്യമില്ലെന്നും എല്ലാവരും ഒരേ ചിന്തയും അഭിപ്രായമുള്ളവരുമായി മാറുമെന്നുമാണ് ഗുരുവിഭാവനം ചെയ്തത്. എന്നാല്‍ ഇതൊന്നും പ്രവൃത്തി പഥത്തിലെത്തിക്കാതെ ജനങ്ങള്‍ എന്തിനാണ് പരസ്പരം വര്‍ഗ്ഗീയത വളര്‍ത്തുന്നതെന്നാണ് ചിന്തിക്കുന്നത്. ആ വിഷയത്തിലേക്ക് ഞാന്‍ കൂടുതല്‍ കടക്കുന്നില്ല.

രണ്ടാമത്തെ സന്ദേശമാണ് മദ്യം വിഷമാണ് അത് വില്‍ക്കരുത്, ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.എന്നത്. കള്ള് ചെത്തിയാല്‍ കൊടുക്കും . കൊടുത്താല്‍ കുടിക്കും , കുടിച്ചാല്‍ ഉന്‍മത്തനായി പലതെറ്റുകളിലേക്കും തിരിയും .

അക്രമങ്ങളും അപകടങ്ങളും കൂടുതലും മദ്യലഹരിയിലാണ് ഉണ്ടാകുന്നതെന്ന കണക്കുകള്‍ നാം കാണാറുള്ളതല്ലേ? അച്ഛന്‍ മകനേയും മകന്‍ അച്ഛനേയും ഭര്‍ത്താവ് ഭാര്യയേയും മദ്യലഹരിയില്‍ അക്രമിച്ചതുംകൊലപാതകം വരെ നടന്നതെല്ലാം നാം വാര്‍ത്തകളിലൂടേയും ചിലത് നേരിട്ടും കണ്ടനുഭവിച്ചിട്ടുണ്ടല്ലോ? ഇതും ദീര്‍ഘവീക്ഷണത്തോടെ തന്നെയാണ് ഗുരു ഉപദേശിച്ചത്. ചുരുക്കിപറഞ്ഞാല്‍ ഈ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹം പ്രവൃത്തിപഥത്തിലെത്തിച്ചിരുന്നെങ്കില്‍ ഇന്ന് ലോകം സ്വര്‍ഗതുല്യമാകുമായിരുന്നു എന്നതില്‍ സംശയമില്ല.

gurudevan
Advertisment