Advertisment

ജയിലില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി ഇപ്പോള്‍ ജെയിൻ ഇന്റർനാഷണൽ സ്‌കൂളില്‍ വിഐപി വിദ്യാര്‍ഥിനിയാണ് ! തടവുകാരിയായ അമ്മ ജയിലില്‍ അവളെ പ്രസവിച്ച ശേഷം മരണത്തിനു കീഴടങ്ങി. പിന്നെ ആ ബാലികയുടെ കഥ ഇങ്ങനെ ...

New Update

publive-image

Advertisment

ഖുഷി ഇപ്പോൾ വളരെ ഖുഷിയാണ് !

ഹിന്ദിയിലും ഉർദുവിലും 'ഖുഷി ' എന്ന വാക്കിനർത്ഥം സന്തോഷം എന്നാണ് . എന്നാൽ ഇവിടെ ഖുഷി എന്നത് 6 വയസ്സുള്ള ഒരു പെൺകുട്ടിയാണ്.

ഖുഷി ജനിച്ചുവളർന്നത് ഛത്തീസ്‌ ഗഡ്‌ സംസ്ഥാനത്തെ ബിലാസ്പ്പൂർ സെൻട്രൽ ജയിലിലാണ്. ഒരു കൊലപാതക പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട് ഖുഷിയുടെ അച്ഛനുമമ്മയും 10 വര്‍ഷം വീതം ശിക്ഷിക്കപ്പെട്ടു ജയിലാകുകയായിരുന്നു.

ഖുഷിയുടെ പ്രസവശേഷം 15 ദിവസം കഴിഞ്ഞപ്പോൾ മഞ്ഞപ്പിത്തരോഗം ബാധിച്ച് അവളുടെ അമ്മ മരണപ്പെട്ടു. കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കളാരുമെത്താതിരുന്നതിനാൽ ജയിലിലെ വനിതാ വാർഡിലാണ് പിന്നീടവൾ വളർന്നത്. ജയിലിലെ പ്ളേ സ്‌കൂളിൽ പരിമിതികൾക്കുള്ളിൽ അവൾ വാർഡന്മാരുടെ സഹായത്തോടെ പഠിച്ചത്.

കഴിഞ്ഞമാസം ജയിൽ സന്ദർശിക്കാനെത്തിയ ബിലാസ്പ്പൂർ ജില്ലാ കളക്ടർ 'സൻജയ്‌ അലംഗ്' വനിതാ ബാരക്കിൽ ഖുഷിയെ കാണുകയും അവളോട് ഏറെനേരം സംസാരിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

" തനിക്കു സ്‌കൂളിൽചേർന്നു പഠിക്കണമെന്നും വലുതാകുമ്പോൾ ഡോക്ടറാകണമെന്നും ജയിലിൽക്കഴിയുന്ന എല്ലാവരെയും സൗജന്യമായി ചികിൽസിക്കണമെന്നും" അവർ കളക്ടറോട് പറഞ്ഞു. "ഡോക്ടറങ്കിള്‍ ജയിലിൽ സ്ഥിരമായി വരാത്തതിനാൽ രണ്ടു 'ദാദി' മാരുടെ ചുമയും പനിയും കാലുവേദനയും മാറുന്നില്ലെന്നും" അവൾ പരാതിപ്പെട്ടു.

കളക്ടറുടെ ഇടപെടലിനെത്തുടർന്ന് നഗരത്തിലെ ഏറ്റവും മുന്തിയ ജെയിൻ ഇന്റർനാഷണൽ സ്‌കൂൾ ഖുഷിക്കു സൗജന്യപഠനവും, ഹോസ്റ്റൽ സൗകര്യവും കൂടാതെ ഒരു കെയർടേക്കറെയും ഏർപ്പാട് ചെയ്തു.

ഹോസ്റ്റലിൽ ഭക്ഷണവും സൗജന്യമായി നൽകപ്പെടും. സ്‌കൂളിലേക്കുള്ള ഖുഷിയുടെ യൂണിഫോമുകളും ബാഗും ഷൂസുകളും ജയിൽ സൂപ്രണ്ട് S.S തിഗ്ഗയാണ് വാങ്ങിനൽകിയത്.

ഛത്തീസ്‌ ഗഡിൽ സ്‌കൂൾ തുറക്കുന്നത് ഈ മാസം 16 നായിരുന്നു. എന്നാൽ അത്യുഷ്ണം മൂലം സർക്കാർ തീയതി നീട്ടിയതിനെത്തുടർന്ന് 8 ദിവസം കഴിഞ്ഞ്‌ ഇക്കഴിഞ്ഞ 24 നു തിങ്കളാഴ്ചയായിരുന്നു പ്രവേശനോത്സവം.

തിങ്കളാഴ്ച വെളുപ്പിനുതന്നെ ഖുഷി കുളിച്ചൊരുങ്ങി പുതുവസ്ത്രം ധരിച് 7 മണിക്കുതന്നെ തയ്യാറായിനിന്നു. ജയിലിലെ ബാരക്കുകൾ മുഴുവൻ അപ്പോൾ സജീവമായിരുന്നു. ഏവർക്കും പ്രിയങ്കരിയായ ഖുഷിയുടെ സ്‌കൂളി ലേക്കുള്ള യാത്രയയപ്പിന് അവരെല്ലാം കാത്തുനിന്നു.

രാവിലെ 7.30 നു കളക്ടർ സൻജയ്‌ അലംഗ് , ഖുഷിയെ സ്‌കൂളിൽ കൂട്ടിക്കൊണ്ടുപോകാനായി ജയിലിലെത്തി. നിറകണ്ണുകളോടെ മകളെ കെട്ടിപ്പിടിച്ച അച്ഛൻ സുരേന്ദ്രനാഥിന്റെ ഇരുകവിളുകളിലും ഉമ്മവച്ചശേഷം എല്ലാവരോടും യാത്രപറഞ്ഞ്‌ കളക്ടർക്കും ജയിൽ സൂപ്രണ്ടിനുമൊപ്പം അവൾ സ്‌കൂളിലേക്ക് യാത്രയായി.

സാധാരണ ആദ്യമായി സ്‌കൂളിൽപ്പോകുന്ന കുട്ടികൾ കരയുക പതിവാണ്. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല അവൾ കൂടുതൽ ആഹ്ലാദവതിയായാണ് കാണപ്പെട്ടത്.

സ്‌കൂളിലും അവൾ പേരുപോലെതന്നെ സന്തോഷവതിയായിരുന്നു. പുതുമയുള്ള കാഴ്ചകൾ കൗതുകത്തോടെ നോക്കിക്കണ്ടു മറ്റൊരു അപരിചിതലോകത്തെത്തിയ പ്രതീതിയിൽ .

വൈകിട്ട് കളക്ടറും ഭാര്യയും സ്‌കൂളിലെത്തിയാണ് ഖുഷിയെ ക്ലാസ്സിൽ നിന്ന് ഹോസ്റ്റലിലേക്ക് കൊണ്ടുപോ യത്. അവിടുത്തെ സൗകര്യങ്ങളൊക്കെ നോക്കിക്കണ്ട അദ്ദേഹം ഖുഷിയെ തന്റെ മകളായാണ് മറ്റുള്ള പെൺകുട്ടികൾക്ക് പരിചയപ്പെടുത്തിയത്.

കളക്ടറുടെ ഭാര്യ ഹോസ്റ്റലിലുള്ള എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. കൂട്ടുകാരികളെല്ലാം ഖുഷിയുമായി സൗഹൃദം പങ്കിടണമെന്ന് ഉപദേശിച്ച കളക്ടർ കെയർ ടേക്കർക്ക് വേണ്ട നിർദ്ദേശവും നൽകിയാണ് പോയത്.

ഖുഷിയുടെ പ്ലസ് 2 വരെയുള്ള പഠനച്ചെലവും ഹോസ്റ്റൽ സൗകര്യങ്ങളും കെയർ ടേക്കറും സൗജന്യമായി നൽകുമെന്ന് സ്‌കൂൾ ഡയറക്ടർ അശോക് അഗ്രവാൾ അറിയിച്ചു.

ഇപ്പോൾ നമുക്കൊക്കെ പ്രിയങ്കരിയായി നമ്മുടെ കൂടെപ്പിറപ്പുപോലെയായ ഖുഷി ഇനി അക്ഷരങ്ങളുടെ പുതിയലോകത്ത് പഠിച്ചുവളരട്ടെ എന്നാശംസിക്കാം.

( ചിത്രം - ജയിൽ സൂപ്രണ്ടിന്റെയും കളക്ടറുടെയും കൈപിടിച്ച് ഖുഷി സ്‌കൂളിലേക്ക്.( മുഖം മറച്ചിരിക്കുന്നത് കുട്ടിയെ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് )

kanappurangal
Advertisment