Advertisment

പിണറായിയുടെ പാര്‍ട്ടി പരിപാടികള്‍ക്ക് കോവിഡ് ബാധകമല്ല. പക്ഷേ ആറാട്ട് പുറപ്പാടുകള്‍ക്ക് കോവിഡ് ഭയങ്കര പ്രശ്നമാണ്. നവരാത്രി വിഗ്രഹങ്ങള്‍ ലോറിയില്‍ കൊണ്ടുവരണം പോലും ! മഹാമാരിയെ ഉപകാരമായി കാണുന്നതാണ് കാഴ്ച - ഹരി എസ് കര്‍ത്താ എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ഹരി എസ് കർത്താ

കോവിഡ് മഹാമാരി പിണറായി വിജയൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഉപകാരമായി മാറുന്ന ഉർവശി ശാപമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു 'പബ്ലിക് റിലേഷൻസ് കാമ്പയി'ന് ഉള്ള അവസരമാക്കി കോവിഡ് ഉയർത്തുന്ന സാഹചര്യത്തെ മാറ്റാനാണ് പിണറായിയും മന്ത്രിസഭയിലെ സഖാക്കളും തുടക്കത്തിൽ തന്നെ ശ്രമിച്ചത്.

എന്നാൽ കാലക്രമേണ അതിന് തിരിച്ചടിയാണ് ഉണ്ടായത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്നതിനുള്ള ആസൂത്രിത ശ്രമം പിണറായി സർക്കാർ ആവിഷ്കരിക്കുന്നത് കോവിഡിന് മുമ്പെ നാം കണ്ടതാണ്.

ശബരിമലയിൽ പോലീസിനെ ഉപയോഗിച്ച് ആ ശ്രമമാണ് നടത്തിയത്. വിശ്വാസികളിൽ നിന്നും പരമോന്നത നീതിപീഠത്തിൽ നിന്നും അതിന് തിരിച്ചടി ഉണ്ടായി.

എന്നാൽ കോവിഡ് വ്യാപനം ആചാരാനുഷ്ടാനങ്ങൾ ചവിട്ടി മതിക്കുന്നതിനുള്ള മറയായി ഉപയോഗിക്കാനാണ് ഇടത് മുന്നണി സർക്കാർ ഇപ്പോൾ ശ്രമിച്ചു വരുന്നത്.

കോവിഡിന്റെ പേര് പറഞ്ഞ്, തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആറാട്ട് അവർ ആട്ടിമറിച്ചു. ആനയോ അമ്പാരിയോ ഇല്ലാതെ ശംഖുമുഖത്തേയ്യ്ക്കുള്ള പരമ്പരാഗത യാത്ര ഇല്ലാതെ പദ്മതീർത്ഥ കുളത്തിൽ ദേവനെ ആറാടി ആ ചടങ്ങ് ചുരുക്കി.

ചരിത്രത്തിൽ ആദ്യമായാണ് ആറാട്ട് ഘോഷയാത്ര നടക്കാതെ പോവുന്നത് എന്ന് ഓർക്കുക. കോവിഡ് ഭീഷണി തീർച്ചയായും ആൾക്കൂട്ടം ഒഴുവാക്കുന്നതിന് മതിയായ ഒരു കാരണം തന്നെയാണ് എന്നത് നിഷേധിക്കുന്നില്ല.

പക്ഷെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ എല്ലാം ആചാരാനുഷ്ടാനങ്ങൾക്കും അനുസൃതമായി ആൾക്കൂട്ടം ഒഴിവാക്കി കൊണ്ട് ആറാട്ട് പറമ്പരാഗതമായ രീതിയിൽ നടത്താമായിരുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഈ കോവിഡ് കാലത്തും മുടക്കം കൂടാതെ നടത്തിയതിന്റെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ദേവന്റെ സ്വർണത്തിലും ദേവസ്വത്തിന്റെ സ്വത്തിലും മാത്രം താല്പര്യം ഉണ്ടാവുമ്പോൾ, ദൈവീക കാര്യങ്ങൾ അവഗണിക്കപ്പെടും.

ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പണ്ട് തട്ടി വിട്ട ആ പഴയ ഭരണാധികാരി, കമ്മ്യൂണിസ്റ്റ്‌ അല്ലായിരുന്നെങ്കിലും, അതേ കാഴ്ചപ്പാടും നിലപാടുമാണ് കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടി നയിക്കുന്ന ഇന്നത്തെ സർക്കാരിനും.

സി. കേശവൻ പരസ്യമായി വിളിച്ച് പറഞ്ഞത് പിണറായി വിജയൻ രഹസ്യമായി മനസ്സിൽ കൊണ്ട് നടക്കുന്നു എന്ന വ്യത്യാസം മാത്രം. തിരുവനന്തപുരത്തെ ആറാട്ട് മാത്രമല്ല, ത്രിശൂർ പൂരവും കോവിഡ് മറയാക്കി ഇക്കുറി ഉപേക്ഷിച്ചു. അഞ്ചാനകളെ മാത്രം അണിനിരത്തി മേളവും വാദ്യവും ഒഴിവാക്കി, ആർഭാടങ്ങൾ ഒന്നുമില്ലാതെ ത്രിശൂർ പൂരം നടത്താൻ അനുവദിക്കണം എന്ന അഭ്യർത്ഥന പോലും തൃണവൽ ഗണിക്കുകയായിരുന്നു പിണറായി സർക്കാർ.

ഇങ്ങനെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഒന്നിന് പിറകെ ഒന്നായി ആസൂത്രിതമായി, വ്യവസ്ഥാപിതമായി, അട്ടിമറിക്കുന്നതിന് കോവിഡ് ഒരു മറയായി സമർഥമായി തുടരെ തുടരെ ഉപയോഗിക്കുന്നതിൽ കാട്ടുന്ന ശുഷ്കാന്തി കാരണമാണ് ഈ കോവിഡ് മഹാമാരി ഉർവശി ശാപം ഉപകാരമായി മാറുന്ന പോലെയല്ലേ എന്ന് ചിന്തിച്ചു പോവുന്നത്.

പിണറായി സർക്കാരിനെതിരെ ഉയരുന്ന പ്രതിപക്ഷ സമരങ്ങളുടെ വേലിയേറ്റം തടയാനും കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ നിരോധനാജ്ഞ വരെ നാട്ടിൽ നടപ്പിലാക്കുന്നു.

അപ്പോഴും, മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പരിപാടികൾക്ക് കോവിഡ് തടസമാകുന്നേ ഇല്ല എന്ന് ശ്രദ്ധിക്കുക. മുഖ്യമന്ത്രിയുടെ പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളെയും കോവിഡ് ബാധിക്കുന്നില്ല.ഏറ്റവും ഒടുവിലിതാ വിശ്വാസികളേയും ഭക്തജനങ്ങളെയും മുറിവേൽപ്പിച്ച് കൊണ്ട് മറ്റൊരു നീക്കവും പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നു.

തിരുവനന്തപുരത്തെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ നവരാത്രി അനുഷ്ടാനങ്ങൾ അട്ടിമറിക്കാനാണ് ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ എടുത്തുപയോഗിക്കുന്നത്.

തിരുവനന്തപുരത്തെ ജനങ്ങളുടെ വലിയ ആഘോഷമാണ് നവരാത്രിയോട് അനുബന്ധിച്ചുള്ള പരമ്പരാഗതമായ പൂജ വയ്പ്പ്. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനം ആയിരുന്ന പദ്മനാഭപുരത്ത് നിന്ന്, നവരാത്രിയാരംഭത്തിന് മൂന്ന് നാൾ മുമ്പ് പുറപ്പെടുന്ന സരസ്വതി വിഗ്രഹം ആനപ്പുറത്ത് എഴുന്നെളിച്ച്, ഭക്തജനങ്ങൾ കാൽ നടയായി അനുഗമിച്ച്, അമ്പത്തഞ്ചു കിലോ മീറ്റർ യാത്ര ചെയ്താണ് തിരുവനന്തപുരത്ത് എത്തുന്നത്.

ഋഷികവി കമ്പർ ആരാധിച്ചിരുന്ന സരസ്വതി വിഗ്രഹമാണത്രേ അത്. കമ്പർ ആ വിഗ്രഹം ചേരമാൻ പെരുമാളിനെ ഏൽപ്പിക്കുകയും ചേരമാൻ പെരുമാൾ കുലശേഖര പെരുമാൾക്ക് കൈമാറുകയും, തുടർന്ന് തിരുവിതാംകൂർ രാജാക്കന്മാരുടെ ആരാധനാമൂർത്തി ആയിത്തീരുകയും ചെയ്തു എന്നാണ് പറയുന്നത്.

ആനപ്പുറത്ത് എഴുന്നെള്ളുന്ന സരസ്വതി ദേവിക്കൊപ്പം കുമാരസ്വാമി, അതായത് സുബ്രഹ്മണ്യൻ, മൂന്നൂറ്റി നങ്ക എന്ന് അറിയപ്പെടുന്ന മുൻ ഉദിത്ത മങ്ക എന്നിവർ വെള്ളി പല്ലക്കുകളിലും തിരുവനന്തപുരത്ത് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രസന്നിധിയിൽ നവരാത്രിയാരംഭത്തിന് തൊട്ട് മുമ്പ് എത്തുന്നതാണ് നൂറ്റാണ്ടുകളായുള്ള പതിവ്.

സംസ്ഥാന പോലീസിന്റെ 'ഗാർഡ് ഓഫ് ഓണറും' അകമ്പടിയുമൊക്കെ ഉണ്ട് നവരാത്രി വിഗ്രഹങ്ങൾക്ക്. മന്ത്രിസഭാഗംങ്ങളിൽ ഒരാൾ ദേവി ദേവന്മാരുടെ വിഗ്രഹങ്ങൾക്കുള്ള സ്വീകരണത്തിന് നേതൃത്വം നൽകേണ്ടത്. കഴിഞ്ഞ വർഷം കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നേരിട്ട് സന്നിഹിതനായി നവരാത്രി വിഗ്രഹങ്ങൾ സ്വീകരിക്കാൻ.

തിരുവിതാംകൂർ രാജാവ് സ്വീകരിച്ചാനയിക്കാൻ ഉണ്ടാവും. തലസ്ഥാനത്തെത്തിയാൽ പിന്നെ കുമാരസ്വാമിക്ക്‌ സഞ്ചരിക്കാൻ വേലുത്തമ്പി ദളവ സമർപ്പിച്ച വെള്ളികുതിരയാണ് കരമന മുതൽ.

സരസ്വതി ദേവിയുടെയും മൂന്നൂറ്റി നങ്കയുടെയും കുമാരസ്വാമിയുടെയും വിഗ്രഹങ്ങൾക്ക് യഥാക്രമം പൂജപ്പുരയിലും ചെന്തിട്ടയിലും ആര്യശാലയിലും നവരാത്രി പൂജകൾ നടക്കുന്നു.

ഇതാണ് ആചാരം. ഇതാണ് അനുഷ്ഠാനം.എന്നാൽ ഇക്കുറി കോവിഡിന്റെ മറവിൽ ഈ ആചാരവും അനുഷ്ഠാനവും അട്ടിമറിക്കപ്പെടുകയാണ്. വിഗ്രഹങ്ങൾ ലോറിയിൽ കൊണ്ട് വരാനാണ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ നിർദേശം.

അരിയോ പലവ്യഞ്ജനമോ പച്ചക്കറിയോ മറ്റോ ആണോ തമിഴ് നാട്ടിൽ നിന്ന് ലോറിയിൽ തിരുവനന്തപുരത്ത് എത്തിക്കാൻ എന്ന് മുറിവേറ്റ വിശ്വാസികൾ ചോദിക്കുന്നു. വമ്പിച്ച പ്രതിഷേധം ഉയർന്നു കഴിഞ്ഞിട്ടുണ്ട് പിണറായി സർക്കാരിന്റെ ഈ നിർദേശത്തിനെതിരെ.

തിരുവനന്തപുരത്ത് ഉള്ളതിനേക്കാൾ ശക്തിയായ പ്രതിഷേധം കന്യാകുമാരി ജില്ലയിലാണ്. കഴിഞ്ഞ ദിവസം തക്കലയിൽ, ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധമഹാറാലി നടന്നു.

തിരുവനന്തപുരം ജില്ലയിൽ, പാറശാല മുതൽ കിഴക്കേ കോട്ട വരെ വഴി നീളെ ധർണ സംഘട്ടിപ്പിച്ചിരുന്നു. ഹിന്ദു സംഘടനകളോടൊപ്പം ചില കോൺഗ്രസ്‌ നേതാക്കളും സമര രംഗത്തുണ്ട്.

പക്ഷെ കടകമ്പള്ളി ഉറച്ച് തന്നെയാണത്രേ. പലരുടെയും ആശങ്ക നവരാത്രി വിഗ്രഹങ്ങൾ ലോറിയിൽ കൊണ്ട് വരാൻ അനുവദിച്ചാൽ അതൊരു സ്ഥിരം രീതിയായി വർഷങ്ങളിലും ആവർത്തിച്ചു കൂടെന്നില്ല എന്നാണ്.

ആറാട്ടിന്റെ കാര്യത്തിലും ഈ ആശങ്ക വിശ്വാസികൾക്ക് ഇടയിലുണ്ട്. വിമാനത്താവളം അദാനിയുടേത് ആവുന്നതോടെ ഒരു പക്ഷെ റൺവേയിലൂടെയുള്ള ആറാട്ട് ഘോഷയാത്രയ്ക്ക് ഇനി അനുമതിയുണ്ടാവുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.

സർവീസുകൾ നിർത്തി വച്ച് റൺവേയിലൂടെ ഘോഷയാത്ര അനുവദിക്കുന്ന ലോകത്തിലെ ഏക വിമാനത്താവളം എന്ന സവിശേഷത അങ്ങനെ തിരുവനന്തപുരം വിമാണത്താവളത്തിന് നഷ്ടവുമാവും.

സാക്ഷാൽ ശ്രീ പദ്മനാഭന്റെ യോഗനിദ്രയ്ക്ക് ഭംഗം സൃഷ്ടിക്കുന്നത് പലതും ഇവിടെ നടക്കുന്നു. അവ വിശ്വാസികളുടെയും ഉറക്കം കെടുത്തി തുടങ്ങിയിട്ട് നാളേറെയായി.

voices
Advertisment