Advertisment

കോവിഡ് 19 : മൂന്നാം തരംഗവും വാക്സിൻ കച്ചവടവും

author-image
admin
New Update

-ഹസ്സൻ തിക്കോടി

Advertisment

publive-image

ബാംഗളൂരിൽ താമസിക്കുന്ന എന്റെ സുഹൃത്തിന്റെ ശബ്ദ സന്ദേശം വളരെ വേദനിപ്പിക്കുന്നതും ലോക്ക്ഡൌൺ കാരണം തകർന്നുകൊണ്ടിരിക്കുന്ന ഭാവിയെ കുറിച്ചുള്ള ഉൽകണ്ഠയുടെ നേർത്ത രോദനവുമായിരുന്നു. ഗൾഫിലെ ജീവിതം അവസാനിപ്പിച്ച്, അവിടുന്നുണ്ടാക്കിയ സമ്പാദ്യം മുഴുവൻ ചെലവിട്ടാരംഭിച്ച ട്രാവൽ ഏജൻസി അഞ്ചു വർഷമായി വളരെ നല്ല നിലയിൽ നടന്നു പോവുകയായിരുന്നു. കുടുംബത്തിലും സമൂഹത്തിലും അംഗീകാരത്തിന്റെ ഗമയും പ്രശസ്തിയും അവനറിയാതെ വന്നുകൊണ്ടിരുന്നു.

2020 മാർച്ച് 24-നു യാതൊരു മുന്നറിയിപ്പുമില്ലാതെ ലോക്ക്ഡൗൺ ആരംഭിച്ചതോടെ കച്ചവടം പാടെ ഇല്ലാതായി. മെയ് അവസാനം വരെയുള്ള അടച്ചുപൂട്ടലിനുശേഷം കാര്യങ്ങൾ നേരെ ചൊവ്വേ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിമാന സർവീസുകൾ പഴയ പടി ആയില്ല, മാത്രമല്ല കൊറോണയുടെ സാന്നിധ്യം ലോകമെമ്പാടും കൂടിയും കുറഞ്ഞുമിരുന്നതിനാൽ യാത്രക്കാരുടെ പോക്കുവരവുകൾ കുറഞ്ഞു. എന്നാലും 2020 നവംബർ മാസത്തോടെ യാത്രകൾ പുനരാരംഭിക്കുകയും കച്ചവടം നേരിയതോതിൽ മെച്ചപ്പെട്ടതോടെ പ്രതീക്ഷകൾക്ക് ചിറകുകൾ വിരിഞ്ഞു തുടങ്ങി.

പക്ഷെ, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം മറ്റൊരു ലോക്ക്ഡൗൺ കൂടി വന്നതോടെ വീണ്ടും അടച്ചുപൂട്ടി. കോറോണയുടെ രണ്ടാം വരവ് അതീവ ഭീകരതയൊടെ താണ്ഡവമാടുകയാണിപ്പോൾ. അനിശ്ചിതമായ ലോക്ക്ഡൗണിന്റെ ഇരുട്ടിൽ എല്ലാം തകർന്നു തരിപ്പണമായിരിക്കുകയാണ്. പെരുന്നാളിന് കുട്ടികൾക്ക് ഉടുപ്പുകൾ വാങ്ങാൻ പോലും കാശില്ല. ജീവിതം അതീവ ക്ലേശത്തിലാണ്. ആവുന്ന കാലത്തു പ്രൗഢമായി ജീവിച്ചതിനാൽ ആരോടെങ്കിലും ചോദിക്കാനും മടി തോന്നുന്നു. ഇടക്കിടെ കേൾക്കുന്ന ആൽത്മഹത്യകളും കോറോണയുടെ സൃഷ്ടിയാണ്. ഇങ്ങിനെ എത്രയെത്ര കദനകഥകൾ നാമിനി കേൾക്കണം.

ഒരു പാടുപേരുടെ ജീവിതം തകർത്ത കോറോണ ഇനിയും എത്രനാൾ ഈ ഭൂമുഖത്തുണ്ടാവും? ഇന്നലെവരെ നമ്മോടൊപ്പമുണ്ടായിരുന്ന പലരെയും കോവിഡ് കൊണ്ടുപോയി. ആരോഗ്യ വിദഗ്ദർ പറയുംപോലെ മരണകാരണം പലപ്പോഴും മനസ്സിൽ കടന്നുകൂടുന്ന ഭയമാണ്, കൊറോണ ഒരു മാരക രോഗമല്ലന്നും കേവലം വൈറസ് മാത്രമാണെന്നും മനസ്സിലാക്കുന്നതിൽ നമുക്ക് തെറ്റു പറ്റിയിരിക്കുന്നു. മാധ്യമങ്ങൾക്കും പ്രത്യേകിച്ച് ഇലട്രോണിൿ മാധ്യമങ്ങൾക്കും ഭയം പ്രചരിപ്പിക്കുന്നതിൽ പങ്കുണ്ട്. വൈറസിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടുകയാണ് ഏറ്റവും ഉത്തമമായ ചികിത്സ.

publive-image

ഇന്ത്യ കത്തിയെരിയുന്നു:

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് നമ്മുടെ ഈ കാലഘട്ടത്തിൽ നാം അനുഭവിക്കാൻ പോകുന്നത്. കോവിഡ് 19-ന്റെ രണ്ടാം വരവ് പ്രതീക്ഷിരുന്നെങ്കിലും അലക്ഷ്യ മനോഭാവത്തോടെ നമ്മുടെ സർക്കാർ അതിനെ അവഗണിച്ചു. വൈറസ് വ്യാപനം ക്രമാതീതമായി വളരുകയും ജനിതക മാറ്റം സംഭവിച്ച സൂക്ഷ്മാണുവിനെ തടുത്തുനിർത്താനുള്ള ബന്ധപ്പെട്ടവരുടെ അനാസ്ഥ അതിന്റെ വ്യാപനത്തിന്റെ ശക്തി വർധിപ്പിക്കുകയും ചെയ്തു. അടുത്തൊന്നും പിടിച്ചുകെട്ടാനാവാത്ത വിധം സകല സീമകളെയും അതിജീവിച്ചുകൊണ്ട് കോവിഡ് ഇന്ത്യയിൽ പടർന്നു പന്തലിക്കുകയാണ്. ദിനേനയുള്ള മരണ നിരക്കും രോഗബാധിതരുടെ എണ്ണവും അമേരിക്കയെ പോലും കടത്തിവെട്ടും വിധത്തിൽ ഏറിക്കൊണ്ടിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ പ്രായോഗികമോ:

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സ്വയം അടച്ചു പൂട്ടലിലേക്കും കർശന നിയന്ത്രണത്തിലേക്കും പോയികൊണ്ടിരിക്കുമ്പോൾപോലും നീറോ ചക്രവർത്തിയെപോലെ വീണ വായിക്കുകയാണ് നമ്മുടെ കേന്ദ്ര ഭരണകൂടം. ഭരണ സിരാകേന്ദം പോലും കത്തിയെരിയുന്ന ശവങ്ങളുടെ കറുത്ത പുകയിൽ മൂടപ്പെടുമ്പോൾ അങ്ങ് ബംഗാളിൽ സ്വന്തം പാർട്ടി തോറ്റുപോയതിലുള്ള അമർഷം സഹിക്കവയ്യാതെ അവരെ ആശ്വസിപ്പിക്കാനും തലോടാനുമായി കേന്ദ്രമന്ത്രിമാർ അവിടേക്കു പോകുന്നതിനു പകരം കോവിഡ് മൂലം ദിനേന മരിച്ചുകൊണ്ടിരിക്കുന്ന പതിനായിരങ്ങളെ സംസ്കരിക്കാൻ സ്ഥലം തേടുന്ന ആശ്രിതർക്ക് വിറകു തരപ്പെടുത്തുവാനോ, മരണത്തിൽനിന്നും കോവിഡ് രോഗികളെ രക്ഷിക്കാൻ ഇത്തിരി പ്രാണവായുവിന് വേണ്ടി കൈകൂപ്പി കേഴുമ്പോൾ അവർക്കു താമസംവിനാ പ്രാണവായു എത്തിക്കാൻ പോലും അമാന്തം കാണിച്ചുകൊണ്ട് ഒരു ജനതയെ കൊല്ലാകൊല ചെയ്യുകയാണ്.

ബഹുമാനപ്പെട്ട സുപ്രീം കോടതിക്കു പോലും സർക്കാരിനോട് നിർബന്ധപൂർവം അപേക്ഷിക്കേണ്ടിവന്നു ഇത്തിരി ഓക്സിജൻ നൽകാൻ. ലോകത്തൊരിടത്തും ഒരു ഭരണകൂടത്തിനു കേൾക്കാൻ പാടില്ലാത്ത ഇടപെടലുകളാണ് കോടതികളിൽ നിന്നും നമുക്ക് കേള്ക്കേണ്ടി വരുന്നത്. ലോകരാജ്യങ്ങൾ അടിയന്തിര സഹായമായി അയച്ച 300 ടണ്ണിലധികം ഓക്സിജനടക്കമുള്ള അവശ്യ സാധനങ്ങൾ ഒരാഴ്ചയോളമായി ഡൽഹി വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്ന വാർത്തകൾ നമ്മുടെ സംവിധാനത്തിന്റെ പിടിപ്പുകേടല്ലങ്ങിൽ മറ്റെന്താണ്?

അതിന്നടയിൽ സെൻട്രൽ വിസ്റ്റയുടെ നിർമാണവും തകൃതിയായി നടക്കുന്നു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് എഴുതിയപോലെ “നമുക്കൊരു സർക്കാർ വേണം, അതീവ ഹതാശരായിരിക്കുന്നു. നമുക്കൊരു സർക്കാർ ഇല്ല. നമ്മുടെ വായു ശേഖരം കുറഞ്ഞുവരുന്നു. നമ്മൾ മരിച്ചു കൊണ്ടിരിക്കുന്നു. ലഭിച്ച സഹായങ്ങൾ കൈവശമുണ്ടായിട്ടുപോലും അവ എന്തുചെയ്യണമെന്നറിയാനുള്ള ഒരു സംവിധാനം നമുക്കില്ല”…….അരുന്ധതിയുടെ ലേഖനം അവസാനിക്കുന്നത് ഒരപേക്ഷയോടെയാണ് “അതുകൊണ്ടു ദയവായി ഒന്ന് ഇറങ്ങിപ്പോകൂ. നിങ്ങളിൽ നിന്നുണ്ടാകേണ്ട ഏറ്റവും ഉത്തരവാദിത്തപൂർണമായ പ്രവൃത്തിയാകുമത്. ഞങളുടെ പ്രധാനമന്ത്രിയായി തുടരാനുള്ള എല്ലാവിധ ധാർമിക അവകാശങ്ങളും നിങ്ങൾ തുലച്ചു കളഞ്ഞിരിക്കുന്നു.”

publive-image

തകരുന്ന ഇന്ത്യൻ സാമ്പത്തികം:

തകർന്നു തരിപ്പണമാവുമെന്നു ഉറപ്പുള്ള ഇന്ത്യൻ സാമ്പത്തിക സ്ഥിതിയെകുറിച്ച് ചർച്ച ചെയ്യാൻ പോലും കേന്ദ്ര ഭരണകൂടത്തിന് സമയമില്ല. കഴിഞ്ഞ വർഷത്തെ സാമ്പത്തിക നഷ്ട്ടം ഇതേവരെ നികത്തിയിട്ടില്ലന്ന യാഥാർഥ്യം വിസ്മരിക്കാതെ തന്നെ പറയാം 2021 ന്റെ ആദ്യ പകുതിയിൽ 10 ശതമാനം കുറവ് അനുഭവിച്ചിരുന്നു. കഴിഞ്ഞ വർഷം യാതൊരുമുന്നൊരുക്കങ്ങളുമില്ലാതെ രാത്രി എട്ടുമണിക്ക് “ഇന്ന് അർദ്ധരാത്രിക്കുശേഷം രാജ്യം അടച്ചുപൂട്ടുമെന്ന്” പ്രഖ്യാപിച്ചതിനാൽ ഇന്ത്യയിൽ കോടിക്കണക്കിനു തൊഴിലവസങ്ങൾ ഇല്ലാതെയാക്കി. കിട്ടുന്ന വാഹനത്തിലും കാൽനടയായും പതിനായിരങ്ങൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവന്നു. അവരുടെ നിത്യജീവിതം ദുരിതത്തിലാക്കിയതിനു ഭരണകൂടത്തിന്റെ ഉത്തരവാദിത്വം പറഞ്ഞറീക്കാനാവാത്തതാണ്.

തിന്നാനും കുടിക്കാനും കിട്ടാതെ ഒരുകൂട്ടം ജനങ്ങൾ ഭരണകൂടത്തിന്റെ “ദയ”ക്കായിയാചിച്ചു. പക്ഷെ കാര്യമായി ഒന്നും കൊടുക്കാതെ ഭരണകൂടം നിസ്സഹായരായി അവരെ മനഃപൂർവം മറന്നു. രാജ്യത്തിന്റെ സമ്പത്ഘടന താറുമാറാകുകയും കേവലം മുരടിപ്പിലേക്കെത്തുകയും ചെയ്തു. 2021-ലെ രണ്ടാം തരംഗം അതീവ ഗുരുതരമായ സാമ്പത്തിക പ്രശനത്തിലേക്കാണ് ഇന്ത്യയെ കൊണ്ടുപോവുനന്നത്. ഒന്നരക്കോടി ഇന്ത്യക്കാരുടെ തൊഴിൽ രണ്ടാം തരംഗത്തോടെ ഇല്ലാതായി. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാലു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ഏപ്രിലിൽ എട്ടു ശതമാനമാണെങ്കിൽ മെയ് മാസം പതിനെട്ടു ശതമാനമായി ഉയരാനുള്ള സാധ്യതയാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

സെൻട്രൽ ഫോർ മോണിറ്ററിങ് എക്കൊണോമിയുടെ പഠനത്തിൽ സ്ഥിതിഗതികൾ ഇനിയും രൂക്ഷമാവുമെന്നാണ് പറയുന്നത്. അതായതു ഇന്ത്യൻ ജി.ഡി.പി.യുടെ 10 മുതൽ 31 ശതമാനം വരെ കുറയും. നിലവിലുള്ള ലോക്ക്ഡൗൺ നീളുന്നതോടെ ജി.ഡി.പി.യുടെ ശതമാനവും തൊഴിൽ രഹിതരുടെ എണ്ണവും വർദ്ധിക്കും.

publive-image

ലോക്ക്ഡൗൺ മുൻകരുതൽ:

കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിനെ അപേക്ഷിച്ചു ഇത്തവണ കുറേകൂടി മുൻകരുതലുകൾ എടുക്കാൻ സാവകാശം നൽകിക്കൊണ്ടാണ് അതാതു സംസ്ഥാനങ്ങൾ അടച്ചുപൂട്ടൽ തുടങ്ങിയത്. അതു കൊണ്ടുതന്നെ കുറച്ചുകൂടി അച്ചടക്കത്തോടെ സാമ്പത്തിക രംഗത്തെ നേരിടാനുള്ള കരുത്തു നമുക്ക് കിട്ടും. പക്ഷെ ചെറുകിട-മധ്യ-കച്ചവടക്കാരെയും, നിത്യവേതന തൊഴിലാളികളെയും അന്യദേശ തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള പലായനവും ഇന്ത്യൻ സമ്പത്ഘടനയെ സാരമായി ബാധിക്കും. “ആവശ്യം” “അത്യാവശ്യം” എന്ന ഗണത്തിൽ കച്ചവട സ്ഥാപനങ്ങളെ വേർതിരിക്കുമ്പോൾ “ആവശ്യം” എന്ന ഗണത്തിൽ പെടുന്ന കച്ചവടക്കാർ അടച്ചുപ്പൂട്ടാനും “അത്യാവശ്യം” ഗണത്തിലുള്ളവർ പ്രയാസമില്ലാതെ മുന്നോട്ടു പോവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ കഴിഞ്ഞ ലോക്ക്ഡൗണിനെ അപേക്ഷിച്ചു ഇത്തവണ സാമ്പത് വ്യവസ്ഥ കൂടുതൽ ഹാനികരമാവില്ല.

ഇപ്പോഴുള്ള രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യാവസ്ഥ അടുത്ത ഇരുപതു ദിവസം കൊണ്ടവസാനിച്ചു രോഗികളുടെ എണ്ണം കുറയുകയും തൊഴിലും കച്ചവടവും പൂർവ്വാവസ്ഥയിലേക്കു എത്തുകയും ചെയ്യും. അപ്പോഴേക്കും രോഗം പകരാനുള്ള സാധ്യത 77.8 ശതമാനമായി കുറയും. വാക്സിനേഷൻ കൂടുതൽ പേരിൽ എത്തുന്നതോടെ രോഗത്തിന്റെ കാഠിന്യം താരതമ്യേന പതിനഞ്ചു ശതമാനത്തിൽ എത്തിനിൽകും. ജൂൺ രണ്ടാം വാരത്തോടെ വിമാന യാത്രകൾ പകുതിയിലേറെ പുനരാംഭിക്കുമെന്നാണ് വ്യോമ മേഖല അവകാശപ്പെടുന്നത്. അതോടെ വിനോദമേഖലയും ഹോട്ടൽ ശൃഖലയും ഉണർവോടെ പ്രവർത്തിച്ചു തുടങ്ങും.

പകുതിയിലേറെ പേരെങ്കിലും വാക്സിനേഷൻ എടുക്കുന്നതോടെ മാർക്കറ്റ് വീണ്ടും സജീവമാകും. അതോടൊപ്പം ആരോഗ്യം പുഷ്ടിപ്പെടുത്താനും രോഗമുക്തമാവാനുള്ള തിരക്ക് കൂടുതലാവും. “ഹെർഡ്” ഇമ്മ്യൂണിറ്റി വർധിപ്പിക്കാനുള്ള തത്രപ്പാടിലായിരിക്കും എല്ലാവരും. ആശുപത്രികളിൽ തിരക്കുകൂടും. മരുന്ന് കച്ചവടം തകൃതിയായി തുടരും. ഇത് പണപ്പെരുപ്പം ക്രമാതീതമായി ഉയരാൻ പ്രേരിപ്പിക്കും.

publive-image

മൂന്നാം തരംഗം വരുമോ?

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി “നാഷണൽ സയൻസ് ഡേ” യുടെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ “India’s response to Covid-19 from S & T Perspepctive” എന്ന വിഷയത്തിൽ Council of Scientific and Industrial Research (CSIR) ന്റെ ഡയറക്ടർ ശേഖർ സി.മാണ്ടേ കോവിഡ് 19 ലോകത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും വരുത്തുന്ന പ്രതിസന്ധികൾ വിദൂരമല്ലെന്നും കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യക്ക് താങ്ങാനാവാത്ത പ്രയാസങ്ങൾ വരുത്തിവെക്കുമെന്നും അഭിപ്രായപ്പെട്ടു. ഇതിനെ മറികടക്കണമെങ്കിൽ നാമെല്ലാവരും ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിക്കണമെന്നും കാലാവസ്ഥ വ്യതിയാനം മൂലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെ നേരിടാൻ നമ്മൾ അമാന്തിക്കുകയാണെകിൽ ജൈവ ഇന്ധനത്തിന്റെ (Fossil Fuel) അതിപ്രസരത്തിൽ നമുക്ക് എല്ലാം ഇല്ലാതാവനുള്ള സാധ്യത അനതിവിദൂരമല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ഹെർഡ് ഇമ്മ്യൂണിറ്റിയുടെ കുറവ് പരിഹരിക്കാൻ ഇനിയും ഒരു പാട്നാൾ കാത്തിരിക്കണം, വാക്സിൻ എല്ലാവരിലും എത്തിച്ചേരണമെങ്കിലും കാലം ഏറെ വേണ്ടിവരും. അതുകൊണ്ടു വരാനിരിക്കുന്ന മൂന്നാം തരംഗത്തെ അതിജീവിക്കാനുള്ള ഒരുക്കങ്ങൾ നാം ഇപ്പോഴേ തുടങ്ങണം. ഭരണകൂടവും ജനങ്ങളും ഒരുമിച്ചു പ്രവർത്തിക്കണം. ഹെർഡ് ഇമ്മ്യൂണിറ്റി സ്വായത്വമാക്കാൻ സമയം എടുക്കുന്നതിനാൽ ഇനിയുള്ള കുറെ കാലമെങ്കിലും മാസ്കും, സോഷ്യൽ ഡിസ്റ്റൻസും, വൃത്തിയുള്ള ജീവിതവും ഒരു വെല്ലുവിളിയോടെ നാം നേരിടണം. മൂന്നാം തരംഗത്തിന്റെ തുടക്കം ഇന്ത്യയിൽ നവംബർ-ഡിസംബർ മാസത്തോടെ ആയിരിക്കും.

യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്19-ന്റെ വ്യാപനം അതിരൂക്ഷമായതു കടുത്ത തണുപ്പോടുകൂടിയായിരുന്നു. അവിടങ്ങളിലെ അസഹ്യമായ തണുപ്പിൽ മനുഷ്യർ അടച്ചിട്ട മുറിക്കുള്ളിൽ ഒതുങ്ങികൂടുകയും ഇടവേളകളിൽ കൂട്ടം കൂടുകയും ചെയ്തതോടെ വൈറസ് വ്യാപനം കൂടുകയും രോഗവും മരണങ്ങളും ഉച്ചസ്ഥായിലെത്തുകയും ചെയ്തു.

അവിടങ്ങളിൽ മൂന്നാം തരംഗത്തെ അതിജീവിക്കാൻ ഇനി പ്രയാസമില്ല, യൂറോപ്പിൽ അമ്പതു ശതമാനവും , ഇസ്രായേലിൽ 58 ശതമാനവും, അമേരിക്കയിൽ അടുത്ത തണുപ്പ് കാലമാവുമ്പോഴേക്കും 70 ശതമാനത്തിലും ഒരു ഡോസ് വസ്കസിന് എത്തിച്ചേരും. ഇസ്രായേലിൽ ഇപ്പോൾ തന്നെ പൊതുഇടങ്ങളിൽ മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും വേണ്ടാന്ന് സർക്കാർ പറഞ്ഞുതുടങ്ങി.

അമേരിക്കയിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ മാസ്ക് ഉപേക്ഷിക്കാനാണ് സാധ്യത. വാക്സിനും, ഹെർഡ് ഇമ്മ്യൂണിറ്റിയും അവരിൽ വന്നു ചേരുമെന്ന ഉറപ്പുള്ളതിനാൽ കോവിഡിനെ പ്രതിരോധിക്കാൻ അവർ തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യയിലെ രാക്ഷ്ട്രീയ കാലാവസ്ഥയും വാസ്ക്കസിന്റെ ഉല്പാദനകുറവും നൂറു കോടി ജനങ്ങളിൽ രണ്ടു ഡോസ് വാക്സിൻ എത്തിക്കൽ അത്ര എളുപ്പമല്ല. ഭരണകൂടം കാര്യക്ഷമമായി പ്രവർത്തിച്ചെങ്കിൽ മാത്രമേ വാക്സിൻ ഡ്രൈവ് സാധ്യമാവൂ.

publive-image

വാക്സിൻ ഒരു കച്ചവടതന്ത്രം:

ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ മുൻനിരയിൽ നിൽക്കുന്ന മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ്സ് വിവാഹമോചിനായത് ഇയ്യിടെയാണ്. പക്ഷെ, ഭാര്യ മിലിൻഡാ ഗേറ്റിനു കൂടി അവകാശമുള്ള “ദി ബിൽ ആൻഡ് മിലിൻഡാ ഫൗഡേഷൻ” എന്ന ചാരിറ്റബിൾ കമ്പനിയിൽ രണ്ടുപേരും പഴയപോലെ തുടരും.

ലോക ധനികരിൽ നാലാം സ്ഥാനം അലങ്കരിക്കുന്ന ബിൽ ഗേറ്റ്സിന്റെ 2020 വരെ കണക്കാക്കിയ ആസ്തി 130.5 ബില്യൺ ഡോളറായിരുന്നു. ഈ ആസ്തിയുടെ നല്ലൊരു ഭാഗം മിലിൻഡായുടെതു കൂടിയാണെന്നാണ് വിവാഹമോചനത്തിനായി നൽകിയ ഹരജിയിൽ മിലിൻഡാ അവകാശപ്പെടുന്നത്. മനുഷ്യ സ്നേഹവും സഹാനുഭൂതിയും മുഖമുദ്രയായി പടുത്തുയർത്തിയ ചാരിറ്റബിൾ ഫൗഡേഷന്റെ മൊത്തം അസ്ഥിയായ 43.3 ബില്യണിൽ നിന്നും കഴിഞ്ഞ വർഷം 300 ദശലക്ഷം ഡോളർ കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനത്തിനും വാക്സിൻ നിർമാണത്തിനുമായി മാറ്റിവെച്ചുതു ഏറെ ശ്രദ്ധേയമാണ്.

ചൈനയിലെ വുഹാനിൽ നിന്നും 2019 അവസാനത്തോടെ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനും എത്രയോ മുമ്പ് ബിൽഗേറ്റ്സ് ഒരുതമാശപോലെ നടത്തിയ പ്രസ്താവന മഹാമാരിയുടെതുടക്കത്തിൽഏറെ വിവാദമുണ്ടാക്കിയിരുന്നു. “മിസൈലുകൾക്കുപകരം വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഭൂലോകത്തു കൂടി വരും”. കൊറോണ പടർന്നു പിടിച്ച ആദ്യനാളുകളിൽതന്നെ വാക്സിൻ ഉൽപാദനത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങിയത് ഇതോടൊപ്പം കൂട്ടി വായിക്കണം.

കുത്തകാവകാശം ഉപേക്ഷിക്കുക:

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന കച്ചവടക്കാരനായ ബിൽഗേറ്റിസിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ലോകത്താകമാനം പടർന്നുപിടിക്കുന്ന മഹാമാരിയിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കണമെങ്കിൽ വാക്സിൻ നിർമാണത്തിന്റെ ബൗദ്ധിക സ്വത്തവകാശം എടുത്തുകളയണമെന്നും അത് മൂന്നാം ലോകരാജ്യങ്ങളിൽ യദേഷ്ടം നിർമ്മിക്കണമെന്നും ജോ ബൈഡൻ പറഞ്ഞത്.

ജർമനി ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ജോ ബൈഡനെ അനുകൂലിക്കുകയും മൂന്നാം ലോകരാജ്യങ്ങൾക്ക് (ഇന്ത്യ അടക്കം) പ്രാപ്യമായ വിധത്തിൽ നിയമനിർമ്മാണം നടത്താനും സമ്മതിച്ചിരിക്കെ എതിർപ്പുമായി ബിൽഗേറ്റ്സും അന്താരാഷട്ര മരുന്ന് കമ്പനികളും രംഗത്തു വന്നിരിക്കുന്നതിലെ കച്ചവട മനസ്സ് ജോബൈഡന്റെ നീക്കത്തെ എത്രത്തോളം ബാധിക്കുമെന്നറിവായിട്ടില്ല.

ലോകാരോഗ്യ സംഘടന അമേരിക്കയെ അനുകൂലിക്കുകയും പേറ്റന്റ് കുറച്ചു കാലത്തേക്കെങ്കിലും എടുത്തു കളയാനുള്ള തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനയിൽ WHO മേധാവി റെട്രോസ് അദാനം പറഞ്ഞത് ശ്രദ്ധേയമാണ് “കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ചരിത്ര നിമിഷമാണ് അമേരിക്കയുടെ തീരുമാനം.

പേറ്റന്റ് അവകാശം വേണ്ടെന്ന് വെക്കാനുള്ള അമേരിക്കയുടെ ഉറച്ച നിലപാട് ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടുമ്പോൾ ശക്തമായ നേതൃത്വം എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ജോ ബൈഡന്റെതു”. കോവിഡ് വാക്സിൻ ഫോർമുലയുടെ കുത്തകാവകാശികൾ ഒന്നാം ലോക രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതു വാക്സിന്റെ വില വർദ്ധനവിനും വിതരണത്തിനും സാരമായി ബാധിക്കും.

ഗേറ്റ്സ് ഫൗണ്ടേഷൻ സി.ഇ.ഓ. മാർക്ക് സുസ്മാൻ യു.എസ് . സർക്കാരിനെഴുതിയ കത്തിൽ അവരുടെ നിർമ്മാണാവകാശ കുത്തക എടുത്തുകളയുന്നതിലെ അമർഷം വ്യക്തമാക്കുന്നുണ്ട്. “No barriers to stand in the way of equitable access to vaccines including intellectual property..” മഹാമാരിയുടെ അനിതരസാധാരണമായ പ്രതിസന്ധി ഘട്ടത്തിൽ ബിൽഗേറ്റ്സും മരുന്ന് കമ്പനികളും അവരുടെ കുത്തകാവകാശം വിട്ടുകൊടിക്കില്ലന്ന വാശി ലോക ജനതയോടുള്ള വെല്ലുവിളിയാണ്. കച്ചവടം മാത്രമാണ് അവരുടെ ലക്ഷ്യം.

മനുഷ്യ സ്നേഹവും സഹാനുഭൂതിയും അവരണിയുന്ന മേലങ്കികൾ മാത്രമാണ്. രോഗം വിറ്റു കാശുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഭൂമിയിലെ എണ്ണൂറു കോടി മനുഷ്യരുടെ ജീവൻ അപകടാവസ്ഥയിൽ എത്തി നിൽക്കുകയാണെന്ന യാഥാർഥ്യം എന്തുകൊണ്ടോ അവർ മനസ്സിലാക്കുന്നില്ല. കോവിഡിന്റെ വ്യാപനം തടയണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ ഇവർ മുഖവിലക്കെട്ക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

-: 9747883300 email:hassanbatha@gmail.com

 

Advertisment