Advertisment

മുല്ലയും കനകാംബരവും; പുഷ്‍പവിപണിയിലെ താരങ്ങള്‍ വീട്ടില്‍ വളര്‍ത്താന്‍

author-image
സത്യം ഡെസ്ക്
New Update

കനകാംബരപ്പൂക്കളുടെ ഭംഗിയെക്കുറിച്ച് പറഞ്ഞറിയിക്കണോ? വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയത്തും നിറയെ പൂക്കള്‍ തരാന്‍ കഴിവുള്ള ചെടിയാണിത്. മുല്ലയോടൊപ്പം ചേര്‍ത്ത് മുടിയില്‍ ചൂടാന്‍ ഉപയോഗിക്കുന്ന ഈ പൂക്കള്‍ ഏഷ്യയിലും ആഫ്രിക്കയിലും വന്‍തോതില്‍ കൃഷിചെയ്യുന്നു. അതുപോലെ തന്നെ മുല്ലപ്പൂക്കള്‍ക്കും വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ പൂക്കൃഷി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച വരുമാനം നേടിത്തരാന്‍ ഈ പൂക്കള്‍ക്ക് കഴിയും.

Advertisment

publive-image

കനകാംബരം കൃഷി ചെയ്യാം

കൃഷി വകുപ്പ് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കനകാംബരക്കൃഷിക്കുള്ള പിന്തുണ നല്‍കുന്നുണ്ട്. വിത്തുമുളപ്പിച്ചും കമ്പുകള്‍ മുറിച്ചുനട്ടും കനകാംബരം കൃഷി ചെയ്യാം. കനകാംബരത്തിന്റെ വിത്ത് മുളയ്ക്കാന്‍ കാലതാമസമില്ല. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും തുല്യ അളവില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഈ മണ്ണിലാണ് വിത്ത് പാകുന്നത്. അഞ്ചോ ആറോ ദിവസങ്ങള്‍ കൊണ്ട് കനകാംബരത്തിന്റെ വിത്ത് മുളയ്ക്കും.

കമ്പുമുറിച്ചു നടുമ്പോള്‍ കുറച്ച് ഇലകള്‍ പുതിയതായി വന്ന ശേഷം മാത്രമേ മാറ്റിനടാന്‍ പാടുള്ളൂ. നന്നായി വേര് പിടിക്കണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് പറിച്ചുനടുന്നതാണ് നല്ലത്. നന്നായി അടിവളം ചേര്‍ക്കുകയും വേണം. രണ്ടാഴ്ച കൂടുമ്പോള്‍ ചാണകപ്പൊടി ചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുത്താല്‍ നന്നായി വളരും.

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷി ചെയ്യാന്‍ നല്ലത്. വെള്ളം കെട്ടിനിന്നാല്‍ ചെടി ചീഞ്ഞുപോകും. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം.

കനകാംബരം കൃഷി ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങും. വേനല്‍ക്കാലത്ത് നന്നായി നനച്ചാല്‍ എല്ലാ കാലത്തും നമുക്ക് പൂക്കള്‍ പറിച്ചെടുക്കാവുന്നതാണ്.

ചെടികള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. വാട്ടരോഗവും വേരുചീയലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ ഇലചുരുളലും കാണപ്പെടുന്നു. വെള്ളം കൂടുതല്‍ കെട്ടിനിന്നാലാണ് വേര് ചീയല്‍ ഉണ്ടാകുന്നത്. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്. പച്ചക്കറികളെ ആക്രമിക്കുന്ന വെള്ളീച്ചകളും നിമാവിരകളും കനകാംബരത്തിനെയും ബാധിക്കാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുകയെനന്നതാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള വഴി.

അല്‍പം ശ്രദ്ധിക്കേണ്ട കാര്യമാണ് ബാക്റ്റീരിയല്‍ വാട്ടം. കൃഷിയെ ഗുരുതരമായി ബാധിക്കുന്ന രോഗമിതാണ്. ഇലകള്‍ വാടിച്ചുരുണ്ടുപോകുന്നതാണ് ലക്ഷണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം എന്ന തോതില്‍ ഒഴിച്ചുകൊടുക്കാം.

ഇല കരിഞ്ഞുണങ്ങിപ്പോകുന്ന രോഗമാണ് ഇലപ്പുള്ളിരോഗം. ഇലയുടെ മുകളില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. രോഗം വന്ന ഇലകള്‍ നശിപ്പിക്കാം. സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം തളിക്കാം.

മുല്ലയിലെ വിവിധ ഇനങ്ങള്‍

കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യുന്ന ഇനമാണ് കുറ്റിമുല്ല. കുറ്റിമുല്ലയുടെ വിവിധ ഇനങ്ങളാണ് വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവ.

ജാസ്മിനം ഓറിക്കുലേറ്റം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കോയമ്പത്തൂര്‍ മുല്ല തമിഴ്‌നാട്ടിലാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്.

publive-image

മുല്ല കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

നല്ല സൂര്യപ്രകാശമുള്ള സ്ഥലമാണ് മുല്ലക്കൃഷിക്ക് നല്ലത്. നീര്‍വാര്‍ച്ചയുള്ള മണ്ണുതന്നെയാണ് മുല്ലയ്ക്കും അനുയോജ്യം. ഒരു സെന്റ് സ്ഥലത്ത് മുല്ല കൃഷി ചെയ്യാന്‍ ശ്രമിക്കുന്നവര്‍ 30 മുതല്‍ 40 കിലോ വരെ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്ത് യോജിപ്പിച്ച് മണ്ണ് നിരപ്പാക്കണം. മണ്ണില്‍ അമ്ലഗുണം കൂടുതലാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റോ കുമ്മായമോ ചേര്‍ത്ത് ശരിയാക്കാം.

മുല്ല നടുമ്പോള്‍ 40 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുക്കുന്നതാണ് നല്ലത്. കൃഷി ചെയ്യുന്ന സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കരുത്. പക്ഷേ ചെടി വളരുന്ന സമയത്ത് രാവിലെ തണുപ്പ് കിട്ടണം. അതുകൊണ്ട് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കൃഷി ചെയ്യുന്നത് നല്ലതാണ്. സൂര്യപ്രകാശം പകല്‍ സമയത്ത് നന്നായി ലഭിക്കണം. പുതിയ ശാഖകള്‍ ഉണ്ടാകുമ്പോഴും പൂവിടുമ്പോഴും നനയ്ക്കണം.

മുല്ലയുടെ തൈകള്‍ തയ്യാറാക്കുന്നത് കമ്പ് മുറിച്ചുനട്ടാണ്. പതിവെച്ചും തൈകള്‍ തയ്യാറാക്കാം. വേര് പിടിച്ചുകിട്ടാന്‍ ഇന്‍ഡോള്‍ ബ്യൂട്ടറിക് ആസിഡ് അല്ലെങ്കില്‍ നാഫ്തലിന്‍ അസറ്റിക് ആസിഡില്‍ മുക്കിയ ശേഷം നട്ടാല്‍ മതി.

നമുക്ക് വീട്ടില്‍ മുല്ല കൃഷി ചെയ്യാനാണെങ്കില്‍ മണ്ണും മണലും ചാണകപ്പൊടിയും തുല്യഅളവില്‍ യോജിപ്പിച്ച് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം. ഓരോ ചട്ടിയിലും നൂറുഗ്രാം കുമ്മായം, 50 ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ നിറച്ചശേഷം മൂന്ന് ദിവസം നനക്കണം. ഇതിലേക്ക് നമ്മള്‍ വേരുപിടിപ്പിച്ച മുല്ലത്തൈകള്‍ മാറ്റി നടാം.

നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് കൊമ്പുകോതല്‍ നടത്തേണ്ടത്. വളര്‍ച്ച ഇല്ലാത്ത കൊമ്പുകളാണ് സാധാരണ ഒഴിവാക്കുന്നത്. മുല്ല കൃഷി ചെയ്താല്‍ ആറുമാസം കൊണ്ട് വിളവെടുക്കാം. നന്നായി വികസിച്ച മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. വ്യാവസായികമായി വളര്‍ത്തിയാല്‍ ഒരു ഹെക്ടറില്‍ നിന്ന് ഏകദേശം 6 ടണ്‍ പൂക്കള്‍ ലഭിക്കും.

jasmine flower jasmine plant
Advertisment