Advertisment

രാജമല ദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ കരിപ്പൂര്‍ അപകടവും; രാജമലയില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ അപകടത്തില്‍ കണ്ടെടുത്തത് 15 മൃതദേഹങ്ങള്‍; ഇനിയും കണ്ടെത്താനുള്ളത് അമ്പതോളം പേരെ; കരിപ്പൂരില്‍ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് തകര്‍ന്ന് മരിച്ചത് പൈലറ്റുള്‍പ്പെടെ 16 പേര്‍; കേരളത്തിനിത് ദുഖവെള്ളി !

New Update

publive-image

Advertisment

തിരുവനന്തപുരം: 2020 ഓഗസ്റ്റ് 7. ഈ ദിനം കേരളത്തിന് ഒരിക്കലും മറക്കാനാകില്ല. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ രണ്ട് വന്‍ ദുരന്തങ്ങളാണ് ഈ ദിനത്തില്‍ മലയാളനാട്ടില്‍ സംഭവിച്ചത്. രാജമല മണ്ണിടിച്ചില്‍ ദുരന്തവും കരിപ്പൂര്‍ വിമാനപകടവും.

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ നാല് ലയങ്ങള്‍ തകരുകയും നിരവധി മനുഷ്യര്‍ മണ്ണിനിടിയിലാവുകയുമായിരുന്നു. ലയങ്ങളില്‍ 80ന് അടുത്ത ആളുകള്‍ ഉണ്ടായിരുന്നതായുള്ള ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് നേരം പുലര്‍ന്നത്.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്. മൂന്ന് കിലോമീറ്റർ പരിധിയിൽ കല്ലും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്.

രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം വെള്ളിയാഴ്ച രാത്രിയോടെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

രാത്രി 8 മണിയോടെയാണ് കരിപ്പൂരില്‍ വിമാനപകടമുണ്ടാകുന്നത്. പൈലറ്റടക്കം 16 പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്. ജീവനക്കാരടക്കം 192 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 കുട്ടികളുമുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയർ ഇന്ത്യാ എക്സ് പ്രസ് വ്യത്തങ്ങൾ അറിയിച്ചു. നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു.

വെള്ളിയാഴ്ച സംഭവിച്ച രണ്ട് വന്‍ ദുരന്തങ്ങളുടെ ഞെട്ടലിലാണ് കേരളം. രണ്ട്‌ അപകടങ്ങളിലായി ഇതുവരെ 31 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Advertisment