Advertisment

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകൾ മദ്യപിച്ചാല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ മുഖത്തിനും പ്രധാന അവയവങ്ങള്‍ക്കും വൈകല്യം ഉണ്ടാകാം. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകള്‍ പെട്ടെന്ന് മദ്യാസക്തരാകും. പുരുഷന്‍ കാട്ടിക്കൂട്ടുന്ന എല്ലാ വിക്രിയകളും മദ്യപിക്കുന്ന സ്ത്രീയും ചെയ്തുകൂട്ടും - ഏറ്റവും പുതിയ കണ്ടെത്തലുകളും പഠനങ്ങളും ഇങ്ങനെ ...

author-image
സത്യം ഡെസ്ക്
New Update

- അഡ്വ. ചാർളി പോൾ MA, LLB, DSS (8075789768)

Advertisment

കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ് (കാഡ്) നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് സ്ത്രീക ളില്‍ മദ്യപാനം കൂടുന്നതായി കണ്ടെത്തി. ഡല്‍ഹിയിലെ 18-70 പ്രായക്കാരായ 5,000 സ്ത്രീകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

സ്ത്രീകള്‍ കൂടുതല്‍ മദ്യപിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി. 18-45 പ്രായക്കാരായ സ്ത്രീകളില്‍ അമിത മദ്യപാനം വ്യാപകമാണെന്നും സര്‍വ്വേയിലുണ്ട്.

നിംഹാന്‍സ് പ്രധാനസിറ്റികളില്‍ നടത്തിയ പഠനത്തില്‍ ബിയര്‍ പബ്ബുകളില്‍ എത്തുന്നവരില്‍ അഞ്ചിലൊരുഭാഗം 13-19 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം, വ്യത്യസ്ത ജീവിതരീതി, ആഗ്രഹങ്ങള്‍, മാറിയ സാമൂഹിക ചുറ്റുപാടുകള്‍, വൈകാരിക ഒറ്റപ്പെടല്‍, വിരസത, ജോലിയിലെ സമ്മര്‍ദ്ദം, ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയാണ് മദ്യപാനത്തിലേക്ക് സ്ത്രീകളെ നയിക്കുന്നത്.

സ്ത്രീകളിലെ മദ്യപാനരീതിയെക്കുറിച്ച് നിംഹാന്‍സ് നടത്തിയ കണ്ടെത്തല്‍ ശ്രദ്ധേയമാണ്. സ്ത്രീകളില്‍ പകുതിപേരും ഒന്നോ രണ്ടോ എണ്ണത്തില്‍ കുടി നിര്‍ത്തുന്നില്ല. മിതമായ കുടിയളവിന്‍റെ ഇരട്ടിയോളം മദ്യം അവര്‍ ഒറ്റത്തവണ കൊണ്ട് അകത്താക്കും. തലക്ക് പിടിക്കുന്നതു വരെ അവര്‍ കുടിക്കും.

സോഷ്യല്‍ ഡ്രിങ്കിങ്ങിന് ബിയറും വൈനുമൊക്കെ കഴിക്കുന്ന സ്ത്രീകള്‍ തന്നെ ഒറ്റയ്ക്കു കുടിക്കുമ്പോള്‍ ഹോട്ട് ഡ്രിങ്കുകള്‍ തെരഞ്ഞെടുക്കുന്നു. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകള്‍ പെട്ടെന്ന് മദ്യാസക്തരാകും.

2010-17 ല്‍ രാജ്യത്തെ മദ്യപാനം 38% വര്‍ദ്ധിച്ചതായി ലോകാരോഗ്യസംഘടനയുടെ (WHO) പഠനം ചൂണ്ടിക്കാട്ടുന്നതായി സര്‍വ്വേയിലുണ്ട്. 2005-ല്‍ ആളോഹരി മദ്യ ഉപയോഗം 2.4 ലിറ്റര്‍ ആയിരുന്നത് 2016 ല്‍ 5.7 ലിറ്ററായി.

5 വര്‍ഷത്തിനുള്ളില്‍ സ്ത്രീകളുടെ മദ്യപാനത്തില്‍ 25% വര്‍ദ്ധനവരുമെന്നാണ് കേന്ദ്രസര്‍ക്കാരിനു കീഴിലെ സെന്‍റര്‍ ഫോര്‍ ആല്‍ക്കഹോള്‍ സ്റ്റഡീസിന്‍റെ പഠനം.

എല്ലാ ശ്രേണിയിലുള്ള സ്ത്രീകളും മദ്യപാനശീലരാകാം. ഒരുലക്ഷത്തോളം അമേരിക്കന്‍ നഴ്സുമാരില്‍ 30 വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ചെറിയതോതിലുള്ള മദ്യപാനംപോലും സ്തനാര്‍ബുദ സാധ്യത ഉണ്ടാക്കുന്നുവെന്നാണ്.

ഗ്യാസ് ട്രൈറ്റിസ്, പാന്‍ക്രിയാറ്റൈറ്റിസ്, ഓര്‍മ്മനഷ്ടം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും സ്ത്രീകള്‍ക്കുണ്ടാകാം. കടുത്ത വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും മദ്യം അവരെ നയിക്കാം. മദ്യപിക്കുന്ന സ്ത്രീകളില്‍ ആത്മഹത്യാപ്രവണതയും കൂടുതലാണ്.

National Birth defects prevention study പ്രകാരം 30.3% സ്ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ മദ്യം ഉപയോഗിച്ചിട്ടുണ്ടെന്നും 8.3% മദ്യത്തിന് അടിമകളാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

ഗര്‍ഭിണിയായ സ്ത്രീകള്‍ മദ്യപിച്ചാല്‍ അവരുടെ കുഞ്ഞിന് മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇതിനെ പൊതുവേ Fatal Alcohol Spectrum Disorder എന്ന് പറയും.

മദ്യത്തെ ദഹിപ്പിച്ച് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ ഗര്‍ഭസ്ഥ ശിശുവിന് കഴിയില്ല. എന്ന്മാത്രമല്ല amniotic fluid വഴി മദ്യം വീണ്ടും വീണ്ടും കുഞ്ഞിന്‍റെ രക്തത്തില്‍ സംക്രമണം ചെയ്യും.

തലച്ചോറിന്‍റെ ഘടനയെയും പ്രവര്‍ത്തനത്തെയും ബാധിച്ച് ശിശുവിന് ഓര്‍മ്മക്കുറവ്, പഠനവൈകല്യങ്ങള്‍, തലച്ചോറിന് അസന്തുലിതാവസ്ഥ, ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനുള്ള കഴിവില്ലായ്മ, അലക്ഷ്യമായ ചിന്തകള്‍, തീരുമാനങ്ങള്‍ എടുക്കാനും നടത്താനു മുള്ള ശേഷിക്കുറവ് തുടങ്ങി തലച്ചോറിന്‍റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങയെയെല്ലാം മദ്യം അവതാളത്തിലാക്കും. വ്യക്തിത്വവൈകല്യങ്ങളുടെ ഇരകളായി കുട്ടികള്‍ മാറും.

publive-image

ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ 3 മാസം ഗര്‍ഭിണി മദ്യപിച്ചാല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ മുഖത്തിനും പ്രധാന അവയവങ്ങള്‍ക്കും വൈകല്യം ഉണ്ടാകും. 4 മാസം കഴിഞ്ഞാണെങ്കില്‍ ഗര്‍ഭചിദ്രത്തിനുള്ള സാധ്യത യേറും. 7 മാസം കഴിഞ്ഞിട്ടാണെങ്കില്‍ വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത എന്നിവ ഉണ്ടാകാം.

കൂടാതെ ഹൃദയത്തിന്‍റെ വാല്‍വിന് തകരാറ്, എല്ലിന് വളര്‍ച്ചക്കുറവ്, വൃക്കകളുടെ വളര്‍ച്ചക്കുറവ്, അഭാവം എന്നിവയും ഉണ്ടാകാം. 28% പേരില്‍ അന്ധതയും കാഴ്ചവൈകല്യങ്ങളും ബധിരതയും വരാനിടയുണ്ട്. 34% കുട്ടികളില്‍ വളര്‍ച്ച മുരടിക്കല്‍ ഭാവിയില്‍ പ്രത്യക്ഷപ്പെടാം.

ഇതോടൊപ്പം കുട്ടികളില്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍, വെപ്രാളം, വിഷാദം, ഉറക്കമില്ലായ്മ, അക്രമവാസന, അന്തര്‍മുഖത്വം ഇവയെല്ലാം കാണാനിടയുണ്ട്. മദ്യപിക്കുന്ന സ്ത്രീകളുടെ മക്കളും മദ്യപരായി മാറാം. ഭീകരമാണ് കുഞ്ഞിന്‍റെ സ്ഥിതിയെന്നോര്‍ക്കുക.

ചുരുക്കത്തില്‍ ഗര്‍ഭാവസ്ഥക്ക് മുന്‍പോ പിന്‍പോ ഒരു രീതിയിലുമുള്ള മദ്യപാനവും സ്ത്രീകള്‍ നടത്തരുത്. ഒരു ബ്രാന്‍ഡിലുമുള്ള ഒരു മദ്യവും നന്നല്ല എന്ന സത്യം സ്ത്രീകള്‍ അറിഞ്ഞിരിക്കണം.

പുരുഷന്‍ കാട്ടിക്കൂട്ടുന്ന എല്ലാ വിക്രിയകളും മദ്യപിക്കുന്ന സ്ത്രീയും ചെയ്തുകൂട്ടും. ഇത് വ്യക്തി-കുടുംബ-ദാമ്പത്യ ജീവിതം നരകതുല്യമാക്കും.

മദ്യപിക്കുന്ന സ്ത്രീകളെ അതേരീതിയിലുള്ള പുരുഷൻമാരേക്കാൾ തരംതാണവരായിട്ടാണ് സമൂഹം കാണുക. ഭാരതീയ സ്ത്രീകള്‍ തന്‍ ഭാവശുദ്ധി മദ്യത്തിലൂടെ, മറ്റ് ലഹരിപദാര്‍ത്ഥങ്ങളിലൂടെ നശിപ്പിക്കാതിരിക്കുക.

 

 

alcohol drinking
Advertisment