കുംഭ മാസത്തിന്‍റെ പകൽച്ചൂടിൽ നെച്ചിപ്പുഴൂർ ഇള പൊഴുതുകാവിൽ ഉറഞ്ഞു തുള്ളി മരുത്വാൻമാർ ! പ്രാര്‍ഥനയോടെ ഭക്തജനങ്ങള്‍ !

സുനില്‍ പാലാ
Sunday, March 3, 2019

പാലാ / നെച്ചിപുഴൂര്‍ : കുംഭ മാസത്തിന്റെ പകൽച്ചൂടിൽ നെച്ചിപ്പുഴൂർ ഇള പൊഴുതുകാവിൽ മരുത്വാൻമാർ (വെളിച്ചപ്പാടുകൾ) ഉറഞ്ഞു തുള്ളി; ” എന്റെ ഇളപൊഴുതിലമ്മേ, അവിടുത്തെ സന്നിധിയിലെത്തിയ ഭക്തരുടെ ഗുണദോഷങ്ങൾ പറഞ്ഞു പോരണേ… ശനി ദുരിതങ്ങൾ …. കുടുംബ പ്രാരാബ്ധങ്ങൾ, പിതൃ-സർപ്പദോഷങ്ങൾ തീർക്കണേ…. ”

മരുത്വാന്മാരുടെ പ്രാർത്ഥനയും തുള്ളലും മുറുകിയപ്പോൾ ജന മനസ്സുകളിലും ഭക്തിയുടെ ലഹരി. ആചാരാനുഷ്ഠാനങ്ങളുടെ വ്യത്യസ്തകൾ കൊണ്ട് ശ്രദ്ധേയമായ നെച്ചിപ്പുഴൂർ ഇള പൊഴുതുകാവിൽ ഇന്നലെ നടന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ജാതി മത ഭേദമെന്യേ നൂറു കണക്കിന് ഭക്തരാണെത്തിയത്.

നെച്ചിപ്പുഴൂർ ഗ്രാമത്തിന്റെ നടുക്ക് ഒരേക്കറോളം വനത്തിനുള്ളിലാണ് “ഇളപൊഴുത് പതി” എന്നറിയപ്പെടുന്ന വന ദുർഗ്ഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മാസ പൂജകൾ ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവരും, ആണ്ടിലെ ഉത്സവ പൂജ ദലിത് വിഭാഗത്തിലെ കർമ്മികളുമാണ് നടത്തുന്നത് എന്ന അത്യപൂർവ്വത നെച്ചിപ്പുഴൂർ ഇളപൊഴുത് ക്ഷേത്രത്തിന് സ്വന്തം.അവർണ്ണ- സവർണ്ണ ഭേദ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി തുടരുന്ന പൂജാ സാധനയാണിത്.

ഇള പൊഴുതിലമ്മ വലിയൊരു വിഭാഗം വിശ്വാസികൾക്ക് കൺകണ്ട ദൈവമാണ്. പരാധീനതകളും പ്രാരാബ്ധങ്ങളും ഏറ്റു പറഞ്ഞാൽ അച്ചട്ടായ അനുഭവങ്ങൾ ഉണ്ടെന്നാണ് ഭക്തരുടെ അനുഭവ സാക്ഷ്യം. കാട്ടിനുള്ളിൽ വാഴുന്ന വന ദേവത അതീവ ശക്തി സ്വരൂപിണിയാണെന്നാണ് ജ്യോതിഷ മതവും.

കുംഭമാസത്തിലെ ഉത്സവ നാളിൽ ”മുടി വിളക്കാണ്” പ്രധാന വഴിപാട്. എണ്ണയിൽ മുക്കിയ തിരിശ്ശീലത്തുണി തലയ്ക്കുഴിഞ്ഞ്, ക്ഷേത്രസന്നിധിയിലെ മരത്തിൽ തൂക്കി കത്തിക്കുന്നതാണീ വഴിപാട് . മുടി വിളക്ക് വഴിപാടിനു ശേഷം, എത്തിച്ചേരുന്ന ഓരോ ഭക്തരുടെയും ഭാവിയെക്കുറിച്ചുള്ള പ്രവചനവും, ആറാട്ട് നാളിൽ, നാടൊട്ടുക്ക് അടുത്ത ഒരാണ്ടിലേക്ക് നടക്കുന്ന കാര്യങ്ങൾ പ്രവചിക്കുന്ന “ഉച്ചക്കൽപ്പനകളും” ഇളപൊഴുതിലമ്മയുടെ ഉത്സവ നാളിലെ പ്രത്യേകതകളാണ്. മരുത്വാന്മാർ സംഘം ചേർന്നാണീ പ്രവചനങ്ങൾ നടത്തുന്നത്.

നാൽക്കാലികളുടെ രക്ഷക്കായുള്ള കാളപ്പതി, ആണ്ടിലൊരിക്കൽ മാത്രം ചന്ദനം അരയ്ക്കുന്ന ചന്ദനക്കല്ല് പൂജ, എന്നിവയെല്ലാം ഇള പൊഴുത് ദേവീക്ഷേത്രത്തിലെ അത്യപൂർവ്വതകളിൽ ചിലത് മാത്രം. മരുത്വാന്മാരുടെ നേതൃത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ . വ്രതമെടുത്ത മരുത്വാന്മാർ ”പതി ഉണർത്തുന്ന ” തോടെയാണ് ഉത്സവം തുടങ്ങുന്നത്.

ഇന്നലെ മുടി വിളക്ക് വഴിപാടിനും, പ്രസാദമൂട്ടിനും ശേഷം ആറാട്ട് നടന്നു. കാളപ്പതിയിൽ തേങ്ങ ഉടയ്ക്കൽ, ഉച്ചക്കൽപ്പനകൾ, അരിയേറ് വഴിപാട് എന്നിവയോടെ ഈ വർഷത്തെ ഇളപൊഴുതിൽ ഉത്സവം സമാപിച്ചു.

×