Advertisment

ലഡാക്ക് സംഘർഷവും ഇന്ത്യയുടെ കമ്പോളവും 

New Update

publive-image

Advertisment

സജീവ് കെ. പീറ്റർ

ഡാക്ക് മേഖലയിൽ പുതിയ സംഘർഷം സൃഷ്ടിച്ചു കൊണ്ട്,   ഇന്ത്യയുടെമേൽ പുതിയ സമ്മർദ്ദതന്ത്രത്തിന് തയ്യാറെടുക്കുകയാണ്  ചൈന.  അതിർത്തിയിലെ സൈനിക മേൽക്കൈ വർധിപ്പിക്കുക എന്ന ഉപരിപ്ലവമായ ഒരു  ലക്ഷ്യമല്ല ഈ പുതിയ സംഘർഷത്തിന് പിന്നിൽ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിൽ ചൈനയുടെ സാമ്പത്തിക സ്വാധീനം തടസ്സമില്ലാതെ തുടരുകയും, വർധിപ്പിക്കുകയും ചെയ്യുക  എന്നതാണ് പ്രധാന ലക്ഷ്യം.

"സിൽക്ക് റോഡ്',  'വൺ ബെൽറ്റ്‌ വൺ റോഡ്'' തുടങ്ങിയ ആഗോള പദ്ധതികൾ ലോകരാജ്യങ്ങളുടെ മേൽ  തങ്ങളുടെ സാമ്പത്തിക  മേൽക്കോയ്മ  ഉറപ്പിക്കുന്നതിനുവേണ്ടി ചൈന ആസൂത്രണം ചെയ്തതാണ്.

അടുത്തയിടെ, അയൽ രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള നിക്ഷേപത്തിന് ഇന്ത്യ പുതിയ നിബന്ധനകൾ കൊണ്ടുവന്നത് ചൈനയെ ചൊടിപ്പിച്ചു എന്നാണ് അറിയുന്നത്.

"അതിർത്തിയിലെ സംഘർഷം ഒരിക്കലും നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളിൽ  നിഴൽ വീഴ്ത്തരുത്," എന്നാണ്,  ഇന്ത്യയിലെ ചൈനീസ്  സ്ഥാനപതി സൺ വെയ്‌ഡോങ്, അതിർത്തിയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഭീമമായ പങ്കാളിത്തമാണ്  ചൈനയുടെ വൻകിട സ്ഥാപനങ്ങൾക്കുള്ളത്. വാവയ്യ്,  ഓപ്പോ,  ഷവോമി, വിവോ തുടങ്ങിയ ചൈനയിലെ  ടെലികോം ഭീമന്മാരാണ് ഇന്ന്  ഇന്ത്യയുടെ വിവരവിനിമയ കമ്പോളത്തിന്റെ  നിയന്ത്രണം.

ഇവരുടെ കമ്പോള സ്വാധീനം  കേന്ദ്ര സർക്കാരിന്റെ സമ്പൂർണ പിന്തുണയോടെയാണ് സംഭവിക്കുന്നത് എന്നതും  ലാവാ പോലെയുള്ള ഇന്ത്യൻ മൊബൈൽ കമ്പനികളുടെ   തകർച്ചയാണ് ഇതിന്റെ ആത്യന്തിക ഫലം എന്നതും 'മെയ്ക് ഇൻ ഇന്ത്യ ' എന്ന സ്വപ്നപദ്ധതിയുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു.

ഇന്ത്യ ചൈനയുടെ ഏറ്റവും വലിയ കമ്പോളങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്ന ഉപഭോഗവസ്തുക്കളിൽ ഒരു വലിയ പങ്കും ചൈനയുടെ ഉത്പന്നങ്ങളാണ്. 2018-19 സാമ്പത്തിക വർഷത്തിൽ, ചൈനയിൽ നിന്നുമുള്ള ഇന്ത്യയുടെ ഇറക്കുമതി 70 ബില്യൺ ഡോളറിൽ അധികമായിരുന്നു.

എന്നാൽ ഇതേവർഷം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വെറും 17 ബില്യൺ ഡോളറിൽ കുറവായിരുന്നു. അപ്പോൾ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 53 ബില്യൺ ഡോളറിൽ അധികമാണ്. അതുപോലെ,  ഇന്ത്യയിലേ പുതിയ പല സ്റ്റാർട്ടപ്പ് കമ്പനികളിലും വൻ നിക്ഷേപമാണ് ചൈന നടത്തുന്നത്.

പുതിയ ഒരു പഠനം സൂചിപ്പിക്കുന്നത്,   30 യൂണികോൺ (ഒരു ബില്യൺ ഡോളറിൽ അധികം മുതൽ മുടക്കുള്ള) ഇന്ത്യൻ കമ്പനികളിൽ 19 ലും ചൈനയിലെ നിക്ഷേപമാണ് ഉള്ളത് എന്നാണ്.  സർക്കാരിന്റെ അനുഗ്രഹാശിസുകളോടെ,  റിലൈൻസ് പോലെയുള്ള ഇന്ത്യൻ കുത്തകകളും അവരുടെ വ്യാവസായിക മുന്നേറ്റത്തിന്,  ചൈനയുടെ സാങ്കേതിക വിദ്യയെയാണ്‌ ആശ്രയിക്കുന്നത്.

ചുരുക്കത്തിൽ, ചൈനയിലെ കോർപ്പറേറ്റ് വമ്പന്മാരുടെ തായ്‌വേരുകൾ നമ്മുടെ മണ്ണിൽ അപകടകരമാം വിധം വേരൂന്നിയിരിക്കുന്നു. അമേരിക്കയെ പോലെ,  ഇന്ത്യയും ഈ ചൈനീസ് ഭീമൻമാരുടെ നീരാളി പിടുത്തത്തിൽ പെട്ടു ഊർദ്ധശ്വാസം വലിക്കുന്ന കാലം അതിവിദൂരമല്ല എന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.  നയപരമായ ഇടപെടൽ,  ശക്തവും സുധീരവുമായി തന്നെ  ഉടൻ  ഉണ്ടായില്ലെങ്കിൽ  ഇന്ത്യയുടെ മേലുള്ള ചൈനയുടെ സാമ്പത്തിക അധിനിവേശം അധികം വൈകാതെ തന്നെ  പൂർത്തിയാകും.

ആഗോളീകരണത്തിൽ നിന്നും തിരിച്ചു നടക്കാൻ രാഷ്ട്രങ്ങൾ നിര്ബന്ധിക്കപ്പെടുന്ന ഈ കാലത്ത്, അമേരിക്ക പോലും 'അമേരിക്ക ഫസ്റ്റ് ' എന്ന മുദ്രാവാക്യം ഉയർത്തുന്നു.

ഐറ്റി മേഖലയിൽ  ഇന്ത്യൻ സ്റ്റാർട്ട്‌ -അപ്പുകൾക്കും സംരംഭകർക്കും പ്രോത്സാഹനം കൊടുക്കുകയും വിവര സാങ്കേതിക രംഗത്ത് രാജ്യത്തിനു മുന്നേറ്റം സൃഷിടിക്കാൻ കഴിയുന്ന നയപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും, "ആത്മ നിർഭർ ഭാരത് ' എന്ന പ്രധാനമന്ത്രി ലക്ഷ്യമിട്ട വലിയ ലക്ഷ്യത്തിലേക്കു കുതിക്കുന്ന ഇന്ത്യക്ക്.

നമ്മുടെ സാങ്കേതികവിദ്യയും   ഉത്പന്നങ്ങളും ലോകവിപണിയിൽ കിടപിടിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിലുള്ള നിക്ഷേപവും, നയപരമായ ഇടപെടലുമാണ് "മെയ്ക് ഇൻ ഇന്ത്യ ' വിജയകരമാക്കാനും രാജ്യത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കാനും ചെയ്യേണ്ടത്.

Advertisment