നിങ്ങൾക്കിപ്പോൾ ഹോളിവുഡ് താരങ്ങളുടെ കാര്യം മാത്രമേ അറിയുകയുള്ളോ ? വന്ന വഴി മറക്കരുതെന്ന് പ്രിയങ്കയെ ഓര്‍മ്മിപ്പിച്ച് കരീന

ഫിലിം ഡസ്ക്
Thursday, February 21, 2019

പിണങ്ങിപ്പിരിഞ്ഞ വേദിയിൽ ഒൻപത് വർഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും കരീന കപൂറും. ബിടൗണിലെ തിരക്കുള്ള നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ എന്ന ഹിറ്റ് ചാറ്റ് ഷോയിലാണ് ഇരുവരുമെത്തിയത്.

ചാറ്റ്ഷോയുടെ പ്രമോ വിഡിയോ പുറത്തു വന്നതോടെയാണ് താരറാണിമാരായ കരീനയുടെയും പ്രിയങ്കയുടെയും പിണക്കത്തെക്കുറിച്ച് വീണ്ടും ബിടൗൺ ചർച്ച ചെയ്തു തുടങ്ങിയത്. വരുൺ ധവാന്റെ കാമുകിയുടെ പേരെന്താണ്? എന്നുള്ള കരണിന്റെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

എന്താണ് അക്കാര്യം അറിയാത്തതെന്നും, നിങ്ങൾക്കിപ്പോൾ ഹോളിവുഡ് താരങ്ങളുടെ കാര്യം മാത്രമേ അറിയുകയുള്ളോ എന്നു ചോദിച്ചുകൊണ്ടാണ് വന്ന വഴി മറക്കരുതെന്ന് കരീന പ്രിയങ്കയെ ഓർമ്മിപ്പിച്ചത്.

അടുത്തിടെയാണ് പ്രശസ്ത അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം നടന്നത്. ജൊനാസിന്റെ സഹോദരന്റെ ആദ്യത്തെ മ്യൂസിക് ആൽബത്തിന്റെ പേരെന്താണെന്ന കരണിന്റെ ചോദ്യത്തിനും അറിയില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്താണ് ഇക്കാര്യങ്ങളൊന്നും അറിയാത്തതെന്നുള്ള കരീനയുടെ ചോദ്യത്തിന് പ്രിയങ്ക ഉത്തരം നൽകിയത്, താന്‍ ജൊനാസിനെ വിവാഹം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തെക്കുറിച്ച് ഞാൻ‌ ഗൂഗിളിൽ തിരഞ്ഞില്ല എന്നാണ്.

×