Advertisment

ഒരു സർക്കിൾ ഇൻസ്പെക്ടറുടെ ഗുണ്ടായിസം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആദിവാസി പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി സ്റ്റേഷൻ മുറ്റത്തുവച്ചു പരസ്യമായി മുടിക്കു കുത്തിപ്പിടിച്ചു ചെകിട്ടത്തടിക്കുകയും മർദ്ദിക്കുകയും അസഭ്യമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്ത പോലീസ് സർക്കിൾ ഇൻസ്പെക്ടറെ തൽക്കാലം സസ്‌പൻഡ് ചെയ്തിരിക്കുകയാണ്.

Advertisment

publive-image

ജാർഖണ്ഡിലെ സാഹിബ് ഗoച്ച് ജില്ലയിലുള്ള 'ബർഹേട്ട്' പോലീസ് സ്റ്റേഷനിൽ ഈ മാസം 22 നു നടന്ന സംഭവമാണിത്. പോലീസ് സ്റ്റേഷനതിർത്തിയിൽ താമസിക്കുന്ന രാഖി എന്ന 20 കാരിയായ ആദിവാസി പെൺകുട്ടി, തൊട്ടടുത്ത ഗ്രാമവാസിയായ രാമുവിനെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രഹസ്യമായി വിവാഹം കഴിച്ചതാണ് വിഷയം. രാഖിയുടെ വീട്ടുകാർക്ക് രാമുവുമായുള്ള ബന്ധം ഇഷ്ടമായിരുന്നില്ല.

വീട്ടുകാർ പോലീസിൽ നൽകിയ പരാതിയെതുടർന്നാണ് ബർഹേട്ട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഹരീഷ് പാഠക് , രാഖിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതും അമാനവീയമായ തരത്തിൽ മർദ്ദിച്ചതും അസഭ്യം പറഞ്ഞതും.

ഹിന്ദിഭാഷയിലെ ഏറ്റവും അശ്ലീലവും വൃത്തികെട്ടതുമായ 'മാതർചോദ്' എന്ന തെറി അയാൾ പെൺകുട്ടിയെ പലതവണ വിളിക്കുന്നുണ്ട്. ഒപ്പം 'റണ്ടി' ( വേശ്യ ) എന്നും. റോഡരുകിൽപ്പോയി നിന്ന് 10 രൂപയ്ക്കു വേശ്യാവൃത്തി ചെയ്യാനും ആ പെൺകുട്ടിയോട് സർക്കിൾ ഇൻസ്പെക്ടർ ആക്രോശിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

അവിനാഷ് ദാസ് എന്നൊരു യുവാവാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവം വൈറലായ തോടെ മുഖ്യമന്ത്രി ഹേമന്ത് സോറൻ സംഭവത്തിൽ അന്വേഷണത്തിനുത്തരവിടുകയും ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. രണ്ടു ദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഡിജിപി എം.വി.റാവുവിനോടാവശ്യപ്പെട്ടിരിക്കുകയാണ്. സാഹിബ് ഗാംച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതിയും നൽകിയിട്ടുണ്ട്.

എല്ലാ നിയമവും കാറ്റിൽപ്പറത്തി ആദിവാസിയുവതിയെ പരസ്യമായി അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത സർക്കിൾ ഇൻസ്പെക്ടറെ ജയിലിലടയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി മുഖ്യമന്ത്രി യോടാവശ്യപ്പെട്ടു. ഒരു ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ ഇൻസ്പെക്ടർക്കെതിരേ മുൻപും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുള്ളതാണ്.

അഴിമതിയും ദാരിദ്ര്യവും നിരക്ഷരതയും കൊടികുത്തിവാഴുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാർഖണ്ഡ്. ആദിവാസി പിന്നോക്കവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവിടെനിന്നും സ്ഥിരമായി ഉയർന്നു വരാറുണ്ട്. നക്സലൈറ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണുകൂടിയാണ് ജാർഖണ്ഡ്.

https://www.youtube.com/watch?

(കാണുക പെൺകുട്ടിയെ സർക്കിൾ ഇൻസ്പെക്ടർ മർദ്ദിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ കമന്റ് ബോക്സിൽ )

inspector
Advertisment