Advertisment

ചാലക്കുടി ചന്തയിലെ ചന്ദനച്ചോപ്പുള്ള മീന്‍കാരി പെണ്ണിനെ ആദ്യം കണ്ടത് കലാഭവന്‍ മണിയല്ല;ഹിറ്റുകൾക്കു പിന്നിൽ അറിയപ്പെടാതെ പോയ മറ്റൊരാള്‍ ഉണ്ട്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളികള്‍ നെഞ്ചിലേറ്റിയ കലാഭവന്‍ മണി പാട്ടുകള്‍ക്ക് പിന്നില്‍ അറിയപ്പെടാതെ പോയ ഒരാളുണ്ട്‌ . അറുമുഖന്‍ വെങ്കിടങ്ങ്.

Advertisment

കലാഭവന്‍ മണിക്കൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്തേണ്ട പേരായിട്ടും മലയാളി വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഒരാള്‍!ആസ്വാദകര്‍ മണിയിലേക്കു മാത്രം ചുരുങ്ങിയപ്പോള്‍ പിന്നണിയില്‍ നിന്ന പലരേയും അറിയാതെ പോയി. കലാഭവന്‍ മണി എന്ന പാട്ടുകാരന്‍ ആസ്വാദരില്‍ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല. ശബ്ദത്തിലെ വഴക്കവും പാട്ടിലെ നാടന്‍ശീലുകളും താളവുമൊക്കെ അതിനു കാരണമായി.

publive-image

മലയാളി കേട്ടു തഴമ്പിച്ച മണിയുടെ ഹിറ്റുകളില്‍ ഭൂരിഭാഗവും എഴുതിയയാളാണ് തൃശൂരുകാരനായ അറുമുഖന്‍ വെങ്കിടങ്ങ്. പകലു മുഴവന്‍ പണി എടുത്ത്, ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍, വരിക്കച്ചക്കേടെ ചൊളകണക്കിന്, പാവടപ്രായമാ പെണ്ണേ സൂക്ഷിച്ചിടേണം, നട്ടുച്ച നേരത്ത്, മകരമാസം വന്നടുത്തില്ലേ, ആലത്തൂരങ്ങാടിയില്‍ ഞാന്‍ പോയ് വരുമ്പോ, തോട്ടുംകരക്കാരി പെണ്ണുങ്ങക്കിത്ര, എനിക്കുമുണ്ടേ അങ്ങേ വീട്ടില്, പൂവാടി പെണ്ണേ പൂവാടി പെണ്ണേ, കോഴിക്കോട്ടെ കുഞ്ഞമ്മായി വന്നപ്പോ, മുടികെട്ടിയ പെണ്ണേ കുട്ടിമാണി, പണ്ടും പറഞ്ഞു ഞാന്‍ കുഞ്ഞാഞ്ഞോട്, ഇക്കൊല്ലം നമ്മക്ക് ഓണല്യാടി, എന്താ പെണ്ണേ ചിരിക്കാത്തെ, അവളോടിങ്ങോട്ട് വരാന്‍ പറ, പഞ്ചാരകുഞ്ചിയല്ലേ, ഞാനുന്റെളിയനും കൂടി, കൊച്ചു കുഞ്ഞിന്റച്ഛനൊരു, മിണ്ടാണ്ട്ക്ക് വിമ്മിട്ടം മുട്ട്ണ്, വരുത്തന്റൊപ്പം ഒളിച്ചു ചാടിയ എന്നിങ്ങനെ ഇരുന്നൂറിലധികം ഗാനങ്ങളാണ് അറുമുഖന്‍ വെങ്കടങ്ങ് കലാഭവന്‍ മണിക്കായി എഴുതി സംഗീതം ചെയ്തത്.

തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ – കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചിരുന്നു. നാട്ടുകാരനായ സലിം സത്താർ (മാപ്പിളഗായകൻ കെ.ജി. സത്താറിന്റെ മകൻ) അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി.

publive-image

ഇല്ലായ്മകള്‍ സമ്പന്നമാക്കിയ ബാല്യമായിരുന്നു അറുമുഖന്റേത്. കല്‍പണിക്കാരനായ അച്ഛനും കൃഷിക്കാരിയായ അമ്മയ്ക്കും മകനെ എങ്ങനെ പഠിപ്പിക്കണം എന്നു തന്നെ നിശ്ചയമില്ലാത്ത കാലം. എല്ലാ വേദനകളിലും അപ്പോഴും കൂട്ട് സംഗീതമായിരുന്നു. പാട്ടുപാടിയും കവിത എഴുതിയുമൊക്കെ അറുമുഖന്‍ സ്വന്തം ലോകം സൃഷ്ടിച്ചു.

കണ്ടു വളര്‍ന്ന കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചകള്‍ ഉള്ളില്‍ പകര്‍ന്ന സംഗീതവും നാട്ടുവഴക്കവും അറുമുഖനിലെ കവിയെ എഴുതാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കാണുന്ന കാഴ്ചകളും ചിന്തകളുമൊക്കെ പിന്നെ താളമുള്ള പാട്ടുകളായി എഴുതിയിട്ടു.  "താടീം നരച്ചു തലയും നരച്ചു, ആശ നശിച്ചിലെന്റെ അയ്യപ്പന്‍ മാമോ..." എന്നിങ്ങനെയുള്ള പാട്ടുകള്‍ ഏറെ ശ്രദ്ധ നേടി.

ഈ പാട്ടുകള്‍ കലാഭവന്‍ മണിയുടെ ചെവിയിലേക്കും എത്തി. ഇഷ്ടം തോന്നിയ മണി അറുമുഖന്റെ അരികിലേക്ക് തന്റെ ചില സുഹൃത്തുക്കളെ പറഞ്ഞയച്ചു. ഇനി മുതല്‍ അറുമുഖന്‍ എഴുതുന്ന ഗാനങ്ങള്‍ മണിക്കു നല്‍കണം എന്ന് അവര്‍ പറഞ്ഞപ്പോള്‍ അറുമുഖന് മറ്റൊന്നും മാറിച്ചിന്തിക്കുവാന്‍ ഇല്ലായിരുന്നു,

അറുമുഖന്‍ വെങ്കിടങ്ങ്- കലാഭവന്‍ മണി കൂട്ടുകെട്ടിലെ ആദ്യ ഗാനമായിരുന്നു ഇത്. ‘ആക്രാന്തം കാട്ടേണ്ട, വിളമ്പിത്തരാം’ എന്ന കാസ്‌റിലെ ഈ ഗാനം ഏറെ ശ്രദ്ധേയമായി. കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ പാട്ടുകളായി പങ്കു വയ്ക്കുമ്പോള്‍ കേവലം ആസ്വാദനത്തിനും അപ്പുറത്തേക്ക് അവയെ എത്തിക്കാനുള്ള

ശ്രമങ്ങള്‍ അറുമുഖനില്‍ നിന്നുണ്ടായി. പകലന്തിയോളം പണിയെടുക്കുമ്പോഴും മദ്യത്തിന് അടിമയായ ഒരാളില്‍ അതു ചെലുത്തുന്ന സ്വാധീനവും അതിന്റെ വിപത്തുകളും ഈ പാട്ടിലൂടെ ശ്രോതാക്കളിലേക്ക് എത്തിക്കുവാനും ഗാനരചയിതാവ് ശ്രമിക്കുന്നുണ്ട്. പാട്ട് വലിയ ഹിറ്റായതോടെ വേലായുധന്‍മാര്‍ തന്നോടു പിണങ്ങി എന്നതാണ് അറുമുഖന്റെ രസകരമായ മറ്റൊരു അനുഭവം.

മീശമാധവൻ’ എന്ന ചലച്ചിത്രത്തിന്റെ ആമുഖഗാനമായ ‘ഈ എലവത്തൂർ കായലിന്റെ കരയ്ക്കലുണ്ടൊരു കൈത...’ എന്ന മാധുരി പാടിയ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, ഇതിന്റെ രചയിതാവ് താനാണെന്ന് അറുമുഖൻ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് സത്യം ഓഡിയോസ് പുറത്തിറക്കിയ ‘അമ്പടി കുഞ്ഞേലി’ എന്ന ആൽബത്തിനുവേണ്ടി രചിച്ച് അദ്ദേഹം തന്നെ ആലപിച്ച നാടൻപാട്ട് സിനിമയിൽ അറുമുഖന്റെ അനുവാദമില്ലാതെ ഉപയോഗിക്കുകയായിരുന്നു.

അറുമുഖൻ തൃശൂരിൽനിന്നു ചാലക്കുടിയിലേക്ക് ബസിൽ പോവുകയായിരുന്നു. കൊടകര എത്തിയപ്പോൾ അതാ, നല്ല സുന്ദരിയായ ഒരു പെൺകുട്ടി വഴിയരികിലിരുന്ന് മീൻ വിൽക്കുന്നു. രാത്രി വീട്ടിലെത്തിയിട്ടും ആ മീൻകാരിയുടെ രൂപം മാത്രം മനസ്സിൽനിന്നു മാഞ്ഞില്ല എന്നു മാത്രമല്ല, അവളൊരു പാട്ടായി മാറുകയും ചെയ്തു. അറുമുഖൻ എഴുതി.

ചാലക്കുടി ചന്തയ്ക്കു പോകുമ്പോ
ചന്ദനച്ചോപ്പുള്ള മീൻകാരി
പെണ്ണിനെ കണ്ടേ ഞാൻ...

അവൾക്കു മാത്രം അറിയില്ല, അവളുടെ കഥ നാട്ടിലെങ്ങും പാട്ടാണെന്ന്.പിന്നീട് കലാഭവൻ മണി പാടി മലയാളികൾക്കു മുഴുവൻ പരിചിതയായി ആ മീൻകാരി. താനാണ് ഈ പെണ്ണ് എന്നറിയാതെ അവളും എത്രയോ തവണ ഈ പാട്ട് ആസ്വദിച്ചിരിക്കും.

സ്വന്തം ഈണത്തിലാണ് അറുമുഖൻ പാട്ടുകളെഴുതുന്നത്. മിക്കവയും അതേ ഈണത്തിൽത്തന്നെയാണു കസെറ്റുകളിൽ എത്തിയത്. കുഞ്ചൻ നമ്പ്യാരുടെ തുള്ളലുകൾ ആവർത്തിച്ചു വായിക്കുന്നത് ഗാനരചനയ്ക്കു സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വാക്കുകൾ കുത്തിനിറയ്ക്കാനല്ല, എന്തെങ്കിലും ആശയം പകരാനാണ് പാട്ടുകളിലൂടെ അറുമുഖൻ ശ്രമിക്കുന്നത്.

നാടൻപാട്ടുകൾ മാത്രമല്ല, ലളിതഗാനങ്ങൾക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരമ്മയെയും ആറ്റുകാലമ്മയെയും പ്രകീർത്തിച്ചുകൊണ്ടുള്ള ആൽബങ്ങളാണ് മണിക്കുവേണ്ടി അവസാനം എഴുതിയത്. ഇതിനിടെ ഏതാനും സിനിമകൾക്കും അറുമുഖൻ ഗാനരചന നിർവഹിച്ചു. അതിനും നിമിത്തമായതു മണി തന്നെയാണ്. മീനാക്ഷി കല്യാണം (1998) എന്ന ചിത്രത്തിൽ നാദിർഷ സംഗീതം നൽകിയ ‘കൊടുങ്ങല്ലൂരമ്പലത്തിൽ....’ ആയിരുന്നു ആദ്യഗാനം. ആലാപനം മണി തന്നെ.

2001ൽ ഹക്കീമിന്റെ സംഗീതത്തിൽ മണി മാത്രം അഭിനയിച്ച ‘ദ് ഗാർഡ്’ എന്ന ചിത്രത്തിലെ ഏഴ് പാട്ടും അറുമുഖൻ എഴുതി. ശ്യാം ധർമൻ, രാജേഷ് എന്നിവരുടെ സംഗീതത്തിൽ എല്ലാം ആലപിച്ചതു മണി. 2002ൽ സാവിത്രിയുടെ അരഞ്ഞാണം എന്ന ചിത്രത്തിൽ ‘തോട്ടങ്കരക്കാരി...’ എന്ന ഗാനവും മണി ആലപിച്ചു. സംഗീതം നൽകിയത് എം. ജയചന്ദ്രൻ. 2005ൽ ചന്ദ്രോൽസവത്തിൽ എത്തിയപ്പോൾ മണിക്കു പകരം എം.ജി. ശ്രീകുമാർ ഗായകനായി. ‘ചെമ്പട പട...’യ്ക്കു സംഗീതം നൽകിയതു വിദ്യാസാഗർ. അതേ വർഷം തന്നെ ഉടയോൻ എന്ന ചിത്രത്തിലെ പതിനെട്ടാം പട്ട..., പൂണ്ടങ്കില..., പുതുമണ്ണ്.... എന്നീ ഗാനങ്ങൾക്ക് ഈണം നൽകിയത് ഔസേപ്പച്ചൻ. മോഹൻലാൽ, ഔസേപ്പച്ചൻ, അലക്സ്, പുഷ്പവതി എന്നിവർ ആലാപനം നിർവഹിച്ചു.

2006ൽ രക്ഷകൻ എന്ന സിനിമയിൽ അറുമുഖൻ എഴുതിയ ‘പച്ചമുളക് അരച്ച...’ എന്ന ഗാനത്തിനു സംഗീതം നൽകിയതു സഞ്ജീവ് ലാൽ.സ്വന്തം ഗാനം മറ്റൊരാളുടെ പേരിൽ അറിയപ്പെടുന്നതിന്റെ ദൗർഭാഗ്യം പേറുന്ന കലാകാരൻ കൂടിയാണ് ഇദ്ദേഹം. ‘മീശമാധവൻ’ എന്ന സിനിമയുടെ ടൈറ്റിൽ സോങ് ആയ ‘ഈ എലവത്തൂര് കായലിന്റെ കരയ്ക്കലുണ്ടൊരു കൈത...’ എന്ന മാധുരി പാടിയ മനോഹരമായ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ് അറിയപ്പെടുന്നത്.

എന്നാൽ, ഇതിന്റെ രചയിതാവ് താനാണെന്ന് അറുമുഖൻ ചൂണ്ടിക്കാട്ടുന്നു. സത്യം ഓഡിയോസ് പുറത്തിറക്കിയ ‘അമ്പടി കുഞ്ഞേലി’ എന്ന ആൽബത്തിനുവേണ്ടി വർഷങ്ങൾ മുൻപു താൻ രചിച്ച് ആലപിച്ച നാടൻപാട്ട് സിനിമയിൽ തന്റെ അനുവാദമില്ലാതെ ഉപയോഗിക്കുകയായിരുന്നു. സിനിമയുടെ അണിയറശിൽപ്പികളുമായി ബന്ധപ്പെട്ടപ്പോൾ‌ തെറ്റ് സമ്മതിച്ചു. പ്രശ്നമുണ്ടാക്കരുതെന്ന അവരുടെ അഭ്യർഥന മാനിച്ച് മൗനം പാലിച്ചു.

അറുമുഖന്റെ ആറുമക്കളിൽ ഷിജു, ഷൈൻ, ഷൈനി എന്നിവർ കലാരംഗത്തു സജീവമാണ്.

ഇരുന്നൂറോളം പാട്ടുകളാണ് മണിക്കുവേണ്ടി അറുമുഖൻ എഴുതിയത്. ഇരുവരുടെയും ജീവിതസാഹചര്യങ്ങൾ തമ്മിലുള്ള വിസ്മയകരമായ സാമ്യം കൊണ്ട് ഇവയെല്ലാം മണിയുടെ സ്വന്തം രചനകളായി ജനങ്ങൾ തെറ്റിദ്ധരിച്ചു. എന്നാൽ ചില വേദികളിൽ മണി തന്നെ ഈ ധാരണ തിരുത്തിയിട്ടുണ്ട്, തന്റെ അറുമുഖൻ ചേട്ടനെ സ്റ്റേജിലേക്ക് വിളിച്ച് ‘എന്റെ രചയിതാവ്’ എന്നു പറഞ്ഞ് ആദരിച്ചിട്ടുമുണ്ട്.

kalabhavan mani songs
Advertisment