Advertisment

കരിക്കുകച്ചവടക്കാരൻ

author-image
സത്യം ഡെസ്ക്
New Update

തിരക്കേറിയ ആ റോഡിന്റെ ഒരു വശത്തുള്ള ആൽമരചുവട്ടിൽ രാവിലെ തന്നെ തന്റെ കരിക്കുകൾ കെട്ടിത്തൂക്കി അന്നത്തെ ദിവസത്തെ അന്നത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് സമീർ എന്ന ആ കരിക്കുകച്ചവടക്കാരൻ. വലിയ കമ്പനികളും ,മാളുകളും ഒക്കെയുള്ള ആ നഗരത്തിലെ വലിയ മുതലാളിമാർ ,ഉദ്യോഗസ്ഥന്മാർ കൂടാതെ ഒട്ടനവധി വഴിയാത്രക്കാർ തുടങ്ങി എല്ലാവരും തങ്ങളുടെ വാഹനം നിർത്തി കരിക്ക് വാങ്ങി കുടിച്ച് വിശ്രമിക്കുന്നയിടം .

Advertisment

publive-image

അയാളും ഒരു മുതലാളിയാണ് .

എങ്ങനെ എന്നല്ലേ?.

അയാൾക്കും ഉണ്ട് കീഴിൽ ഒരു പണിക്കാരൻ. അയാൾക്ക് ആജ്ഞാപിക്കാനും അനുസരിപ്പിക്കാനുമായ് ഒരു ബംഗാളി പയ്യൻ.

ഇടവിട്ട് ഇടവിട്ട് ഓരോ ബീഡിയും ചുണ്ടിൽ വച്ച് സഹകച്ചവടക്കാരനുമായ് കൊച്ചു കേരളത്തിലെ ആ നഗരത്തെ കുറിച്ച് തുടങ്ങി ഇന്ത്യൻ ഭരണഘടന വരെ അയാൾ ചർച്ച ചെയ്യുക പതിവാണ് . ഇടയ്ക്ക് ആളുകൾ വരുമ്പോൾ കരിക്കുകൾ വെട്ടി കൊടുത്ത് സൊറ പറഞ്ഞ് കാശും വാങ്ങി, പിന്നെയും ആയാൾ ഇരുന്നു ചർച്ച ചെയ്തുകൊണ്ടേയിരിക്കും . .

എന്നും അവിടെ വരുന്ന എലി, പൂച്ച, കീരി മുതലായ സൃഷ്ടികളെ ഒക്കെ അയാൾ ഓടിച്ച് തന്റേതായ ഒരു സാമ്രാജ്യം തന്നെ അവിടെ കെട്ടി പൊക്കിയിരിക്കുകയാണ് . വെയിലായാലും മഴയായാലും ആ സാമ്രാജ്യം വിട്ടു പോകാൻ അയാൾ തയ്യാറല്ല.പ്രതീക്ഷയോടെ തന്റെ അന്നത്തിനായ് പിന്നെയും അയാൾ ഇരിക്കുകയാണ് .

അതാണ് അയാളുടെ ലോകം. ആരോടും കണക്ക് പറയണ്ട. മുതലാളിത്ത ഭരണം ഇല്ല .ആരെയും ഒന്നും ബോധിപ്പിക്കാൻ ഇല്ല. എല്ലാം കഴിഞ്ഞ് തനിക്ക് കിട്ടുന്ന ലാഭത്തിൽ നിന്നും ആ ബംഗാളിക്കും ഒരു വിഹിതം കൊടുത്ത് എല്ലാം കെട്ടി പൂട്ടി വെച്ച് അയാൾ വീട്ടിലേക്ക് തന്റെ ടൂ വീലറിൽ സംതൃപ്തിയോടെ മടങ്ങുകയാണ് പതിവ് .വീണ്ടും അടുത്ത ദിവസം കാണാം എന്ന പ്രതീക്ഷയിൽ.

ഒരു ദിവസം അയാൾ പൂച്ചയുമായി മല്ലിട്ട് നിൽക്കുമ്പോൾ, യാദൃശ്ചികമായിട്ടാണ് അത് ശ്രദ്ധിച്ചത്. ഒരു ബാഗ് ഒരു കല്ലിന് സമീപം മഴയിൽ കുതിർന്ന് കിടക്കുന്നു .അല്പം ചെളിയൊക്കെയായതിനാൽ അയാൾ അത് കാര്യമാക്കിയില്ല.

പക്ഷെ മനസ്സിൽ ആ കാഴ്ച പോകുന്നില്ലെന്ന് മനസ്സിലായപ്പോൾ അത് പോയി എടുത്ത് നോക്കി. നല്ല കനം തോന്നുന്നുണ്ട്. മെല്ലെ ബാഗിന്റെ സിബ്ബ് തുറന്നു. ബാഗിന്റെ ഉള്ളറ കണ്ട പാടെ അയാൾ ഞെട്ടിവിറച്ചു.ചുണ്ടത്തെ ബീഡി താഴെ പോയി . പെട്ടെന്ന് തന്നെ ബാഗ് തന്റെ ടൂ വീലറിലെ സീറ്റിന്റെ താഴെയുള്ള അറയിൽ വെച്ച്‌ തിരിഞ്ഞതും .

"ഭയ്യാ , മുജേ ഭൂഖ് ലഗാ. മേം ഖാന ഖാകെ ആയേഗാ " എന്ന് പറഞ്ഞ്

കടയിലെ ബംഗാളി പയ്യൻ പോയി .

സമീറിന് അകെ അങ്കലാപ്പായി . അയാൾ തന്റെ വണ്ടി തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടിരിന്നു . ഇടയ്ക്കിടയ്ക്ക് ബീഡി എടുത്ത് വലിക്കുന്നുമുണ്ട്. വലി തുടർന്നുകൊണ്ടേയിരിക്കുന്നു.കുറേ കഴിഞ്ഞ് ബംഗാളി തിരിച്ചു വന്നതും

'അഭി ആപ് ജാവോ ? മേം ദേഖേഗ .' എന്ന് പറഞ്ഞിട്ടും അയാൾക്ക് പോകാൻ തോന്നുന്നില്ല . അയാൾ വീണ്ടും ഇരുന്നു ബീഡി വലിക്കുകയാണ് . ചുറ്റും നോക്കി വണ്ടിയിലുള്ള ബാഗ് തുറക്കുകയും അടക്കുകയും ചെയ്യുന്നുമുണ്ട് .എന്തൊക്കെയോ ആലോചിക്കുകയാണ് . സമീപത്തെ സഹ കച്ചവടക്കാർ എന്തൊക്കെയോ ചോദിക്കുകയൂം പറയുകയും ചെയ്യുന്നുണ്ട് . പക്ഷേ അയാൾ ആ ലോകത്തെങ്ങും അല്ല . വേറെ എവിടെയോ ആണ്.അയാൾ ഓരോ നിമിഷവും അസ്വസ്ഥനായി കൊണ്ടേയിരുന്നു. സാധാരണ ഒരു ദിവസം അയാൾ വലിക്കുന്ന ബീഡികൾ മണിക്കൂറുകൾ കൊണ്ട് തീർന്നിരിക്കുന്നു .

അല്പം കഴിഞ്ഞ് അയാൾ പെട്ടെന്ന് തന്റെ വണ്ടി എടുത്ത് പോയി . ബംഗാളി, 'ഭയ്യാ ,ഭയ്യാ' എന്ന് വിളിച്ചിട്ടും വിളികേൾക്കാതെ . സഹ കച്ചവടക്കാരൻ എങ്ങോട്ട് പോകുന്നു വ്വെന്ന് ചോദിച്ചിട്ടും അയാൾ ഒന്നും കേട്ടില്ല .

അയാൾ നേരെ പോയത് ഒരു പോലീസ് സ്റ്റേഷന്റെ മുന്നിലേക്കാണ്‌. തന്റെ വണ്ടിയിൽ നിന്നും ആ നനഞ്ഞ ബാഗുമായി അയാൾ അകത്തേക്ക് കേറി .

'എന്തു വേണം?'.

കോൺസ്റ്റബിൾ ചോദിച്ചു.

എനിക്കൊരു ബാഗ് കിട്ടി അത് ഇവിടെ ഏൽപിക്കാൻ വന്നതാണെന്ന് പറഞ്ഞതും .കോൺസ്റ്റബിൾ അയാളെ എസ്ഐയുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോയിട്ട് പറഞ്ഞു.

'ഇയാൾക്ക് ഒരു ബാഗ് കളഞ്ഞു കിട്ടിയിട്ടുണ്ട് അത് ഇവിടെ ഏൽപിക്കാൻ വന്നതാണ് ' . എസ് ഐയുടെ നിർദേശപ്രകാരം ആ പോലീസ്കാരൻ ആ ബാഗ് വാങ്ങി തുറന്ന് നോക്കിയതും ഞെട്ടി പോയി.അതിൽ നിറയെ സ്വർണവും പണവും ആയിരുന്നു.

'ഇത് താങ്കൾക്ക് എവിടെ നിന്ന് കിട്ടി?'. പോലീസുകാരൻ ചോദിച്ചു .

'എനിക്ക് റോഡ് സൈഡിൽ കിടന്നു കിട്ടിയതാണ് സർ'.' എനിക്കവിടെ ചെറിയ കരിക്ക് കച്ചവടം ഉണ്ട്'.അതും പറഞ്ഞ് കൈ കൂപ്പി അയാൾ പോവാനായി തിരിഞ്ഞു നടന്നതും എസ്ഐ അയാളെ പിന്നിൽ നിന്നും വിളിച്ചു.

' ഒന്നു നിൽക്കൂ. നമുക്ക് ആളെ ഇപ്പൊൾ തന്നെ കണ്ട് പിടിക്കാം അല്ലെങ്കിൽ കണ്ട് പിടിച്ചിട്ട് താങ്കളെ വിളിക്കാം. പത്രക്കാരെയും വിളിക്കാം .വാർത്ത കൊടുക്കാം. തനിക്ക് ഉടമസ്ഥർ എന്തെങ്കിലും പാരിതോഷികവും തരും '.

ഇത് കേട്ടതും സമീർ കൈ കൂപ്പി നിറ കണ്ണുകളോടെ പറഞ്ഞു.

" ഒന്നും വേണ്ട സാറേ .പറ്റുമെങ്കിൽ സാർ ഈ നഗരത്തിലൂടെ വണ്ടിയിൽ പോകുമ്പോൾ ആ വഴിയരികിലെ ആൽമരച്ചുവട്ടിൽ എന്റെ കരിക്കുകളുമായി ഞാൻ നിൽക്കുന്നുണ്ടാകും . അവിടെ നിർത്തി കരിക്ക് കുടിക്കാൻ വരണം'. ഉടമസ്ഥരോടും പറഞ്ഞാൽ മതി" . ഇത്രയും പറഞ്ഞു എല്ലാവരോടും നന്ദിയും പറഞ്ഞ് അയാൾ പുറത്തേക്ക് നടന്നു നീങ്ങി.

പുറത്ത് ചെറിയ ഒരു ചാറ്റൽ മഴയുണ്ടായിരുന്നു.അയാൾ ഒരു നീണ്ട നെടുവീർപ്പിട്ടു. സമാധാനത്തിൻറെ, ആശ്വാസത്തിന്റെ ,കുറച്ച് മണിക്കൂറുകൾ എങ്കിലും താൻ മറ്റു പലരുടെയും അധ്വാനം കൈക്കലാക്കാൻ മുതിർന്നതിനെ അയാൾ ശപിച്ചു കൊണ്ട് തന്റെ സാമ്രാജ്യത്തിലേക്ക് പോയി . അയാളുടെ അന്നം തേടി തന്റെസമാധാനത്തിന്റെ ലോകത്തേക്ക്.......

 

publive-image

   റമീസ് മുടിക്കൽ

karikku kachavadam
Advertisment