Advertisment

കെന്നഡി അമേരിക്കയിലേക്ക് വിളിച്ചു... ഇത് എന്റെ സ്വീകരണ മുറിയില്‍ എന്നുമുണ്ടാകും

author-image
സുനില്‍ പാലാ
New Update

ഫോട്ടോഗ്രാഫര്‍ മാത്രമല്ല ചിത്രകാരനും ഗായകനുംകൂടിയാണ് സാംസണ്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു പത്രത്തില്‍ വന്ന അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയുടെ ചിത്രം ഇന്ത്യന്‍ ഇങ്കില്‍ സാംസണ്‍ വരച്ച് കെന്നഡിക്ക് അയച്ചുകൊടുത്തു. രണ്ട് മാസത്തിനുള്ളില്‍ സാംസണെ തേടി കെന്നഡിയുടെ മറുപടി എത്തി; ''നിങ്ങളുടെ ചിത്രം സൂപ്പര്‍. ഇത് എന്റെ സ്വീകരണ മുറിയില്‍ എന്നുമുണ്ടാകും.

Advertisment

ചിത്രരചന കൂടുതല്‍ പഠിക്കണം. നിങ്ങളെ ഞാന്‍ എന്റെ രാജ്യത്തേക്ക് ക്ഷണിക്കുന്നു''. സ്വര്‍ണ്ണകിരീടം കിട്ടയപോലത്തെ സംതൃപ്തി നിറഞ്ഞ ഈ കത്ത് ദീര്‍ഘനാള്‍ സാംസണ്‍ സൂക്ഷിച്ചുവച്ചു. പിന്നീട് പുതിയ വീട് നിര്‍മ്മിക്കുന്നതിനിടെ ഇത് എവിടെയോ നഷ്ടപ്പെട്ടു. ഈ എഴുപത്തെട്ടാം വയസ്സിലും ഇതിന്റെ തീരാവേദന ഈ ഫോട്ടോഗ്രാഫറുടെ ഉള്ളിലുണ്ട്.

 

publive-image

പണ്ട് പാലായിൽ സ്കൂളിൽ പഠിക്കുമ്പോൾ വിമാനത്തിന്റെ ഇരമ്പൽ കേട്ടാൽ സാംസൺ ക്ലാസ് വിട്ട് പുറത്തേക്കോടുമായിരുന്നു. ദൂരെ ആകാശത്തിലൂടെ പൊട്ടു പോലെ പറക്കുന്ന വിമാനത്തെ മതിവരാതെ നോക്കി നിൽക്കുമ്പോൾ സാംസൺ പ്രാർത്ഥിച്ചിരുന്നു ; ''ദൈവമേ എനിക്കെന്നെങ്കിലും ഒരു വിമാനത്തിൽ കയറാൻ പറ്റണേ..." ദൈവം ഈ കുട്ടിയുടെ പ്രാർത്ഥന കേട്ടു. മുതിർന്നപ്പോൾ ഒന്നല്ല, നാനൂറ് വിമാനങ്ങളിലാണ് സാംസൺ കയറിയത്. !

കലാഭവന്‍ ആബേല്‍ അച്ചന്‍ ഇടപെട്ടാണ് സാംസണ് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. അക്കാഡമിയില്‍ ഗാനഭൂഷണം കോഴ്‌സിന് പ്രവേശനം ലഭിച്ചത്. ഇന്നത്തെ പല പ്രഗത്ഭ ഗായകരും അന്ന് സാംസണിന്റെ സഹപാഠികള്‍ ആയിരുന്നു. അവിടെ നിന്ന് പുറത്തുവന്നെങ്കിലും സംഗീത ജീവിതത്തില്‍ സജീവമായി മുഴുകുന്നതിനും ഫോട്ടോഗ്രാഫി സാംസണെ സമ്മതിച്ചില്ല.

"സ്വർഗ്ഗ നന്ദിനീ .... സ്വപ്നവിഹാരിണീ "- കലാഭവനിൽ ഒരു ഗാനമേളയുടെ റിഹേഴ്സലിൽ സാംസൺ പാടിക്കൊണ്ടിരിക്കെ ആബേൽ അച്ചനും ഈ പാട്ട് പാടിയ സാക്ഷാൽ ഗാന ഗന്ധർവ്വൻ യേശുദാസും സംഗീത സംവിധായകൻ കെ. കെ. ആന്റണിയും അങ്ങോട്ട് കയറി വന്നു. ബഹുമാനം കൊണ്ടും ഭയം കൊണ്ടും തുടർന്ന് പാടാതെ നിന്ന സാംസണെ അരികിൽ വിളിച്ച് യേശുദാസ് പറഞ്ഞു; "ദൈവം തന്ന കഴിവാണിത്. ഒരിക്കലും പാട്ടു വേണ്ടെന്നു വെയ്ക്കരുത്..."

മറ്റൊരു അവസരം .ട്രയിനിൽ സാംസണും സുഹൃത്തുക്കളും ആർ. എൽ.വി.യിലേക്കുള്ള പതിവ് യാത്ര. എന്നും പാട്ടും കൂത്തുമായാണ് ഇവരുടെ യാത്ര. അന്ന് സാംസൺ പാടി; "സ്വപ്നങ്ങൾ, സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ ...." എതിർ സീറ്റിലിരുന്ന കുലീനയായ ഒരു മധ്യവയസ്ക്ക തന്റെ പാട്ട് ശ്രദ്ധിച്ചു കേട്ടിരുന്നത് സാംസണും കണ്ടു.

തൃപ്പൂണിത്തുറയിലെത്തി ട്രയിനിൽ നിന്നിറങ്ങാൻ തുടങ്ങവേ ആ സ്ത്രീ സാംസണെ അടുത്ത് വിളിച്ച് ഈ പാട്ടു പാടിയ താരാണെന്ന് അറിയാമോ എന്നു ചോദിച്ചു. യേശുദാസും പി.ലീലയും , സാംസൺ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "സഹോദരാ ആ ലീലയാണ് ഈ ഞാൻ. പാട്ട് നല്ല അസ്സലായിട്ട് പാടീട്ടോ" ഏറെ അഭിനന്ദിച്ച ലീല അന്ന് രണ്ടായിരം രൂപയോളം വിലയുണ്ടായിരുന്ന "ബ്ലാക്ക് ബേർഡ് " പേനയും സാംസണ് സമ്മാനിച്ചു. അടുത്ത കാലം വരെ ഒരു നിധിപോലെ ഈ പേനയും ഇദ്ദേഹം സൂക്ഷിച്ചിരുന്നു

സത്യദീപം വീക്കിലിയില്‍ ഒരാള്‍ ചൂണ്ടയിടുന്ന പടം വരച്ചുകൊടുത്തത് അന്നത്തെ പ്രസിദ്ധ ചിത്രകാരന്‍ പി.ജെ. ചെറിയാന് നന്നേ ഇഷ്ടപ്പെട്ടു. ഒരു ദിവസം ചെറിയാന്‍ സാംസണെ തന്റെ എറണാകുളത്തെ റോയല്‍ സ്റ്റുഡിയോ കാണാന്‍ ക്ഷണിച്ചു. അവിടെ നിന്ന് ഫോട്ടോഗ്രാഫിയുടെ അന്നത്തെ വിസ്മയങ്ങളില്‍ ആകൃഷ്ടനായാണ് സാംസണ്‍ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. ദീപികയിൽ പത്രാധിപരായിരുന്ന ഫാ. റോമൂളൂസ് സി.എം.ഐ.യുടെ നിര്‍ദ്ദേശപ്രകാരം വരച്ച ക്രിസ്തുമസ് ചിത്രം തുടര്‍ന്ന് വര്‍ഷങ്ങളോളം ദീപികയില്‍ ക്രിസ്തുമസ് ദിനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതും നന്ദിയോടെ ഓര്‍ക്കുകയാണ് ഈ കലാകാരന്‍.

'ഒരു പാലാക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന തലക്കെട്ടിലുള്ള ആത്മകഥയുടെ പണിപ്പുരയിലാണീ ചിത്രകാരനിപ്പോള്‍. അതുകൂടാതെ ദീപനാളം വാരികയില്‍ തന്റെ യാത്രാക്കുറിപ്പുകളും ഇദ്ദേഹം ഇപ്പോള്‍ എഴുതിവരുന്നു. ഇതും പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

സാംസൺ ഫോൺ നമ്പർ- 7559982102

kennadi america
Advertisment