Advertisment

മലയാളത്തിലെ രണ്ട് മുൻനിര ദൃശ്യ മാധ്യമങ്ങളാണ് ഇതുവരെ സർവ്വേ നടത്തി ഫലം പുറത്ത് വിട്ടത്; ഏറ്റവും വലിയ തമാശ രണ്ട് സർവ്വേകളും നടത്തിയത് ഒരേ ഏജൻസിയാണ് എന്നതാണ് ! ഈയാഴ്ച വരാൻ പോകുന്ന മറ്റൊരു ദൃശ്യ മാധ്യമത്തിന്റെ സർവ്വേയും ഇതേ ഏജൻസി തന്നെയാണ് നടത്തിയത്, ഇതിലെ തട്ടിപ്പ് മനസ്സിലായില്ലേ, ഇതിനെ നമുക്ക് പെയ്ഡ് സർവ്വേ എന്ന് വിളിക്കാം !

New Update

മാധ്യമ സിൻഡിക്കേറ്റിന്റെ പുതിയ രൂപം - സർവ്വേ സിൻഡിക്കേറ്റ്

Advertisment

publive-image

മുഖ്യധാരാ മലയാള ദൃശ്യ മാധ്യമങ്ങൾ നട്ടെല്ല് ഊരി വച്ചിരിക്കുകയാണ്. കൂടുതൽ പണം ആര് നൽകുന്നോ അവർക്ക് വേണ്ടി വാർത്ത കൊടുക്കും , സർവ്വേ നടത്തും. ഇതെഴുതാൻ കാരണം ഇക്കഴിഞ്ഞ ദിവസം ഒരു പ്രധാന ചാനൽ പുറത്ത് വിട്ട തിരഞ്ഞെടുപ്പ് സർവ്വേ ഫലമാണ്. ഒരു വലിയ ജന വിഭാഗത്തിന്റെ മൊത്തത്തിലുള്ള അഭിപ്രായം അറിയാൻ അതിൽ നിന്ന് ഒരു സാമ്പിൾ എടുത്താണ് സർവ്വേ നടത്തുന്നത്. ഇതേ സാധിക്കുകയുള്ളു.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ അഭിപ്രായം നേരിട്ട് ലഭിക്കുക എന്നത് അപ്രായോഗികമാണ്. അപ്പോൾ ഈ ജന സമൂഹത്തിന്റെ ഒരു പരിച്ഛേദം കണ്ടുപിടിച്ച് അവരുടെ അഭിപ്രായം മനസ്സിലാക്കി അതിനെ പൊതു അഭിപ്രായമായി പൊതു സമൂഹത്തിന്റെ മുമ്പിൽ വയ്ക്കുന്നതാണ് സർവ്വേ ഫലം.

രണ്ട് തരത്തിൽ സർവ്വേ നടത്താം.

ഒന്ന് വളരെ കൃത്യമായി സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാന പ്രമാണങ്ങളിലൂന്നി കൃത്യമായി സാമ്പിൾ കണ്ടുപിടിച്ച് ആ സാമ്പിളിനെ അടിസ്ഥാനമാക്കി സർവ്വേ നടത്തി ഫലം പറയുക. ഫലം ഏറെക്കുറെ ശരിയായിരിക്കും.

രണ്ട് ആർക്കെങ്കിലും വേണ്ടി നിക്ഷിപ്ത താല്പര്യത്തിലൂന്നി അതിനനുസരിച്ച് സാമ്പിൾ ശേഖരിച്ച് പുറത്ത് വിടുന്ന സർവ്വേ ഫലം.

മലയാളത്തിലെ രണ്ട് മുൻ നിര ദൃശ്യ മാധ്യമങ്ങളാണ് ഇതുവരെ സർവ്വേ നടത്തി ഫലം പുറത്ത് വിട്ടത്. ഏറ്റവും വലിയ തമാശ രണ്ട് സർവ്വേകളും നടത്തിയത് ഒരേ ഏജൻസിയാണ് എന്നതാണ്. ഈയാഴ്ച വരാൻ പോകുന്ന മറ്റൊരു ദൃശ്യ മാധ്യമത്തിന്റെ സർവ്വേയും ഇതേ ഏജൻസി തന്നെയാണ് നടത്തിയത്.

ഇതിലെ തട്ടിപ്പ് മനസ്സിലായില്ലേ. ഇതിനെ നമുക്ക് പെയ്ഡ് സർവ്വേ എന്ന് വിളിക്കാം.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു സർവ്വേ ഫലത്തിലെ അബദ്ധങ്ങൾ അനവധിയാണ്.

അതിലെ ഒരു ചോദ്യം ഇതാണ്.

പിണറായി സർക്കാരിനോട് എതിർപ്പുണ്ടോ? സർക്കാർ മാറണോ? ഇതായിരുന്നു ചോദ്യം.

മൂന്ന് തരത്തിലായിരുന്നു ഓപ്ഷൻ കൊടുത്തത്.

1. എതിർപ്പുണ്ട് - മാറണം

2. എതിർപ്പുണ്ട് - മാറണ്ട

3. എതിർപ്പില്ല - മാറണ്ട

ആദ്യത്തെ ഓപ്ഷൻ കുഴപ്പമില്ല. കാരണം സർക്കാരിനോട് എതിർപ്പുണ്ട് .അതുകൊണ്ട് മാറണം

മൂന്നാമത്തേയും കുഴപ്പമില്ല. സർക്കാരിനോട് എതിർപ്പില്ല അതുകൊണ്ട് മാറേണ്ട ആവശ്യമില്ല. ഇത് രണ്ടും സാധാരണക്കാർക്ക് മനസ്സിലാകുന്ന കാര്യമാണ്.

എന്നാൽ ഇടക്കുള്ള ഓപ്ഷൻ ആണ് പ്രശ്നം.

എതിർപ്പുണ്ട് - മാറണ്ട

സർക്കാരിനോട് എതിർപ്പുണ്ട് എന്നാലും മാറേണ്ട ആവശ്യമില്ല. ഇതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എന്നാൽ എതിർപ്പില്ല - മാറണം എന്നൊരു ഓപ്ഷൻ കൂടി നൽകാത്തതെന്താണ്?

ഇതാണ് സർവ്വേയുടെ തട്ടിപ്പ്.

മറ്റൊരു കാര്യം

തിരഞ്ഞെടുപ്പ് നടക്കുവാൻ 16 ദിവസം ബാക്കിയുള്ള സമയത്താണ് ഈ സർവ്വേ ഫലം പുറത്ത് വരുന്നത്. അപ്പോൾ അതിന് ദിവസങ്ങൾക്ക് മുമ്പേ സാമ്പിൾ ശേഖരിച്ചതാണെന്ന് വ്യക്തം.

ഈ സർവ്വേയിലെ ഏറ്റവും വലിയ അബദ്ധം എന്ന് ചൂണ്ടിക്കാട്ടേണ്ടത് ഇതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്ന ഒരു വിഭാഗം വന്നിട്ടില്ല എന്നതാണ്.

അതായത് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പേ നടത്തിയ ഒരു സർവ്വേയിലെ സാമ്പിളിൽ ഉൾപ്പെട്ട എല്ലാവരും തന്നെ മൂന്നാഴ്ച മുമ്പ് തന്നെ തീരുമാനം എടുത്തു കഴിഞ്ഞു എന്ന അബദ്ധജടിലമായ കണ്ടെത്തൽ .

എല്ലാവരും തീരുമാനം എടുത്ത സ്ഥിതിക്ക് ഇനി ആരും പ്രചരണം നടത്തണ്ട ആവശ്യമേയില്ല.

ഇനിയും ഞങ്ങൾ സർവ്വേ നടത്തും എന്നാണ് ചാനലിന്റെ ഭീഷണി. മുന്നണികൾക്ക് ഒരു അവസരം കൂടി ചാനൽ നൽകുന്നു. കൂടുതൽ കാര്യക്ഷമമായി തങ്ങളെ പരിഗണിക്കുന്നവരെ തങ്ങൾ ജയിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നു.

ചാനലുകൾ പറയുന്നത് സത്യസന്ധമായ കാര്യങ്ങളെന്ന് വിശ്വസിക്കുന്നവരെ യാതൊരു ഉളുപ്പുമില്ലാതെ വഞ്ചിക്കുന്ന ഇത്തരം ഏർപ്പാട് ദയവായി നിർത്തണം. കേരളത്തിലെ മാധ്യമ സിൻഡിക്കേറ്റ് ഒരു സർവ്വേ സിൻഡിക്കേറ്റായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

റിപ്പോർട്ട് - തിരുമേനി

kerala election survey 2021
Advertisment