Advertisment

വിവരാവകാശനിയമത്തിന് പുല്ലുവില ! മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരാവകാശനിയമ പ്രകാരം സമർപ്പിച്ച അപേക്ഷകൾക്ക് വിചിത്ര മറുപടി

New Update

# അഡ്വക്കേറ്റ് ഹരീഷ് സാൽവേയുടെ ഫീസ് എത്രയെന്നറിയില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് , മറുപടിക്ക് അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെടാൻ ഉപദേശം. ഇതേപ്പറ്റി ഒരു വിവരവുമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫീസിന്റെ മറുപടി #

Advertisment

മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരാവകാശനിയമം 2005 പ്രകാരം ഞാൻ സമർപ്പിച്ച അപേക്ഷയ്ക്ക് എനിക്ക് ലഭിച്ച മറുപടികളാണ് മുകളിൽ.

publive-image

മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരാവകാശനിയമം 2005 പ്രകാരം ഞാൻ സമർപ്പിച്ച 2 അപേക്ഷകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്ന വിചിത്രമായ മറുപടികൾകണ്ട്‌ ഞാൻ തന്നെ അമ്പരന്നിരിക്കുകയാണ്.

വിവരാവകാശഅപേക്ഷ സമർപ്പിക്കുന്ന ഒരു വ്യക്തിയെ ഭരണകൂടവും ബ്യുറോക്രാറ്റുകളും ചേർന്ന് വ്യക്തമായ ഉത്തരം നൽകാതെ എങ്ങനെയൊക്കെ വട്ടം കറക്കാമെന്നതിന് ഇതിൽപ്പരം ഉദാഹരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ആദ്യ അപേക്ഷ :-

ഞാൻ 20/09/2019 ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരാവകാശനിയമം 2005 പ്രകാരം, കേരളഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു പോലീസുദ്യോഗസ്ഥനെതിരെ ആഭ്യന്തരവകുപ്പ് എടുത്ത നടപടികളെപ്പറ്റി ആരാഞ്ഞുകൊണ്ട് സമർപ്പിച്ച അപേക്ഷയിൽ (ഡോക്കറ്റ് നമ്പർ G 190705019) വിവരങ്ങൾ എനിക്ക് ലഭ്യമാക്കാനായി എന്റെ അപേക്ഷ പോലീസ് ആസ്ഥാനത്തേക്കയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും SMS ലഭിക്കുകയുണ്ടായി.

അതിനുശേഷം 10/10/ 2019 ൽ എനിക്ക് ഡിജിപിയുടെ കത്ത് ( 13 (RTI)-145495/2019/PHQ ) ലഭിച്ചതിൽ ഞാനാവ ശ്യപ്പെട്ട വിവരം ലഭ്യമാക്കാൻ വേണ്ടി എന്റെ അപേക്ഷ കൊല്ലം റൂറൽ എസ്‌.പി ക്കു കൈമാറിയതായി അറിയിച്ചിരുന്നു !!

പിന്നീട് 24 ഒക്ടോബർ 2019 ൽ 12.47 PM ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച എസ് എം എസ് ൽ (CMOKER) ഈ അപേക്ഷ തുടർനടപടികൾക്കായി കൊല്ലം റൂറൽ SP, ഐ.ജി, തിരുവനന്തപുരം റേഞ്ചിന് കൈമാറി എന്നറിയിപ്പുവന്നു !!

അന്നുതന്നെ (24 ഒക്ടോബർ 2019 ൽ 12.50 PM ന് ) വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച എസ് എം എസ് ൽ എന്റെ അപേക്ഷ ഐ.ജി, തിരുവനന്തപുരം റേഞ്ച് തുടർനടപടികൾക്കായി എ ഡി ജി പി സൗത്ത് സോണിനു കൈമാറി യതായും മറ്റൊരറിയിപ്പുവന്നു !!

തുടർന്ന് ഒക്ടോബർ 28, 2019 ൽ 12.21 PM ന് ലഭിച്ച എസ് എം എസ് ൽ പ്രസ്തുത അപേക്ഷ എ ഡി ജി പി സൗത്ത് സോൺ ,തുടർനടപടികൾക്കായി വീണ്ടും ഡി ജി പിക്കു കൈമാറിയതായും അറിയിപ്പുവന്നു !!

അതിനുശേഷം ഏകദേശം 20 ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നുവരെ പിന്നെ അതേപ്പറ്റി ഒരു വിവര വുമില്ല. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷയ്ക്ക് 30 ദിവസത്തിനകം മറുപടി നൽകണമെന്ന് വ്യവസ്ഥയുണ്ട്. ഇല്ലെങ്കിൽ അപ്പീൽ പോകുകയേ മാർഗ്ഗമുള്ളു.

ഇപ്പോൾ അപ്പീൽ നൽകി കാത്തിരിക്കുകയാണ് ഞാൻ. ഒപ്പം മുഖ്യമന്ത്രിക്ക് ഈ വസ്തുതകൾ കാണിച്ച് വിശദമായ ഒരു കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

എന്നേയും സുഹൃത്തുക്കളേയും കള്ളക്കേസിൽ കുടുക്കിയ സബ് ഇൻസ്പെക്ടർക്കെതിരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളറിയാനുള്ള അപേക്ഷയാണ് രണ്ടുമാസമായി ബ്യൂറോക്രാറ്റുകൾ തട്ടിക്കളിക്കുന്നതെന്നറിയുക.

രണ്ടാമത്തെ അപേക്ഷ :-

എന്റെ രണ്ടാമത്തെ അപേക്ഷ 28/09/2019 ൽ വിവരാവകാശനിയമം 2005 പ്രകാരം ,മരടിലെ അനധികൃത ഫ്ലാറ്റ് വിഷയത്തിൽ സർക്കാർ അഭിഭാഷകനായി സുപ്രീം കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ഹരീഷ് സാൽവേയുടെ ഫീസുമായി ബന്ധപ്പെട്ടായിരുന്നു.

ഞാൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഈ അപേക്ഷക്കുള്ള മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ സെക്ഷൻ ഓഫിസറുടെ മറുപടിയിൽ (02/10/2019) ഇതുമായി ബന്ധപ്പെട്ട വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭ്യമല്ലെന്നും മറുപടി തരേണ്ടത് തദ്ദേശ സ്വയംഭരണവകുപ്പാണെന്നും അപേക്ഷ അവിടേക്ക് കൈമാറിയതായും മറുപടി ലഭിക്കുകയുണ്ടായി.

അതിനുശേഷം 25/10/2019 ൽ അഡീഷണൽ നിയമസെക്രട്ടറിയുടെ കത്തുലഭിച്ചതിൽ മേൽവിഷയത്തിൽ എനിക്ക് മറുപടി ലഭ്യമാക്കേണ്ടത് അഡ്വക്കേറ്റ് ജനറൽ ഓഫീസ് എറണാകുളമാണെന്നും എന്റെ അപേക്ഷ അവിടേക്കയച്ചിട്ടുണ്ടെന്നും അറിയിക്കുകയുണ്ടായി.

അതുകഴിഞ്ഞ് 05/11/2019 ൽ സ്റ്റേറ്റ് ലീഗൽ അതോറിറ്റിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എനിക്കയച്ച മറുപടിയിലും വിവരങ്ങൾ എനിക്ക് നൽകേണ്ടത് അഡ്വക്കേറ്റ് ജനറൽ ഓഫീസ് എറണാകുളമാണെന്നും അതിനാൽ എന്റെ അപേക്ഷ അവിടെക്കയച്ചിട്ടുണ്ടെന്നും അറിയിച്ചിരിക്കുന്നു!!

ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയ വിഷയം തദ്ദേശസ്വയംഭരണവകുപ്പിനുപകരം നിയമവകുപ്പും ,സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുമാണ് ഞാനുമായി കത്തിടപാടുകൾ നടത്തിയതെന്നാണ്.

ഇതിലേറെ രസകരം അഡ്വക്കേറ്റ് ജനറൽ ഓഫിസിൽനിന്നുള്ള മറുപടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഞാൻ സമർപ്പിച്ച അപേക്ഷ നിയമവകുപ്പുവഴി ലഭിച്ചുവെന്നും അതിൽ ആവശ്യപ്പെടുന്ന ഫീസ് സംബന്ധമായ വിവരങ്ങളൊന്നും ഈ കാര്യാലയത്തിൽ ലഭിച്ചിട്ടില്ല എന്നുമാണ്.

ഇവിടെ നാം മനസ്സിലാക്കേണ്ട ഗൗരവമായ വസ്തുത എന്തെന്നാൽ വിവരാവകാശനിയമപരിധിയിൽ പരമോന്നതനീതിപീഠവും മുഖ്യന്യായാധിപനും വരെ ഉൾപ്പെട്ടിട്ടും അതിന്റെ ഗൗരവം ഉൾക്കൊള്ളാനോ ,വിവരാവകാശനിയമത്തിന് അർഹമായ പ്രാധാന്യം നൽകാനോ നമ്മുടെ ഭരണകൂടങ്ങൾ ഇനിയും തയ്യാറായിട്ടില്ല എന്നതാണ് ദുഖകരം.

സാധാരണക്കാരായ പൗരന്മാരുടെ അറിയാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നതെന്നോർക്കണം !!

ജനങ്ങളുടെ നികുതിപ്പണം ശമ്പളവും, ആനുകൂല്യങ്ങളുമായി കൈപ്പറ്റുന്ന ജനസേവകരെന്നു വിളിക്കപ്പെടുന്ന ഭരണാധികാരികളും, ഉദ്യോഗസ്ഥരും ഈ നിയമത്തെ എത്രത്തോളം ഭയക്കുന്നു എന്നതിനുകൂടി തെളിവാണ് വിവിധ വകുപ്പുകളുടെ മലക്കം മറിഞ്ഞുള്ള ഈ നിലപാടുകൾ.

വിവരാവകാശനിയമം നിലവിൽവന്നശേഷം ഇന്ത്യയിൽ ഇതുവരെ 51 വിവരാവകാശപ്രവർത്തകർ കൊല്ലപ്പെടുകയും 300 ലധികം പേർ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടുപേർ ആത്മഹത്യ ചെയ്യുകയുമുണ്ടായി.

ഏകദേശം 70 ൽപ്പരം പ്രവർത്തകർക്ക് പലവിധത്തിലുള്ള യാതനകളും പീഡനങ്ങളും വ്യാജക്കേസുകളും വരെ അധികാരികളിൽനിന്നും രാഷ്ട്രീയക്കാരിൽനിന്നും നേരിടേണ്ടി വന്നു. ചിലർക്ക് ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്.

വിവരാവകാശപ്രവർത്തകർ സംഘടിതരല്ലാത്തതിനാൽ അവരെ ഒതുക്കാനും ഇല്ലായ്മചെയ്യാനും എളുപ്പമാണ്. വിവരാവകാശ നിയമം വഴി പുറത്തുവരുന്ന വിവരങ്ങളെ ആരൊക്കെയാണ് ഭയക്കുന്നത് എന്നതും വ്യക്തമാണ്.

കേന്ദ്ര വിവരാവകാശ കമ്മീഷനും സംസ്ഥാനവിവരാവകാശ കമ്മീഷനുകളും, വിവരാവകാശ പ്രവർത്ത കർക്കു മതിയായ സംരക്ഷണം ഒരുക്കണമെന്ന് കേന്ദ്ര സംസ്ഥാനസർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ സ്വേവന വേതന വ്യവസ്ഥകൾ കേന്ദ്ര സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവന്നതും ഈ അവസരത്തിൽ ചിന്തനീയമാണ്.

എന്റെ രണ്ടപേക്ഷയ്ക്കും ആദ്യ അപ്പീലും മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചുകൊണ്ടുള്ള കത്ത് രജിസ്റ്റേർഡ് പോസ്റ്റിലും അയച്ചു കാത്തിരിക്കുകയാണ് ഞാനിപ്പോൾ.


(ലേഖകൻ ഒരു വിവാരാവകാശപ്രവർത്തകനും ഓൺലൈൻ എഴുത്തുകാരനും സത്യം ഓൺലൈൻ പോർട്ടലിന്റെ അസി. എഡിറ്ററുമാണ്)

Advertisment