Advertisment

6 വയസ്സുള്ള കുട്ടിക്ക് ഭീതിയുണ്ടാക്കുന്നതാണ് ഈ വഴിയും പരിസരവും. ഇടതുവശത്ത് നല്ല താഴ്ചയിൽ ആറ്, വലതുവശത്ത് റബ്ബർതോട്ടം. തടയണയ്ക്ക് മുൻപുള്ള ഭാഗം ഇഞ്ചക്കാടുകൾ. ഒറ്റയ്ക്ക് ഒരു കൊച്ചുകുട്ടി ഈ വഴിപോയാൽ ഭയന്ന് നിലവിളിക്കുമെന്നുറപ്പാണ് - കുഞ്ഞുദേവാനന്ദയുടെ മരണം അപകടമോ ? കൊലപാതകമോ ? ദുരൂഹതകൾ ഏറെ ?

New Update

(സുഹൃത്തായ ആർ. രാജേന്ദ്രൻപിള്ളക്കൊപ്പം ഇന്നലെ സംഭവസ്ഥലത്തും വീടുകളിലും നേരിട്ടുപോയി കണ്ടുബോദ്ധ്യപ്പെട്ടതും ബന്ധുക്കളും നാട്ടുകാരുമായി സംസാരിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട്)

Advertisment

ദേവാനന്ദയെ കാണാതായ സംഭവ ദിവസം ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ചയ്ക്ക് പോലീസ് നായ ദേവാനന്ദയുടെ വസ്ത്രം മണത്തശേഷം മുൻവശത്തുള്ള വഴിയിൽക്കൂടി പോകാതെ തൊട്ടു തെക്കുവശത്തുള്ള കല്ലുകെട്ടിയ കയ്യാലയിൽ നിന്ന് നാലടിയോളം താഴ്ചയുള്ള അടഞ്ഞുകിടക്കുന്ന അടുത്തവീടിന്റെ മുറ്റത്തേക്ക് ചാടുകയും വീടിന്റെ അൽപ്പം പിന്നിൽ നിന്നശേഷം ഗേറ്റിനുമുന്നിൽ വന്നുകിടക്കുകയുമായിരുന്നു.

publive-image

<ദേവാനന്ദയുടെ ഇളവൂരിലെ അമ്മവീട്.>

ഗേറ്റു തുറന്നുകൊടുത്തപ്പോൾ നായ നേരേ പോയത് ആറ്റിൻകരയിലൂടെയുള്ള വഴിയിലൂടെയായിരുന്നു.

അവിടെനിന്നും ഏകദേശം 50 മീറ്റർ അകലെയുള്ള പടവുകളുള്ള കടവിൽ ഇറങ്ങാതെ നേരേ 200 മീറ്റർ വരെ ആറ്റിൻതീരത്തുകൂടി ഓടി അക്കരെയുള്ള ക്ഷേത്രസപ്താഹവുമായി ബന്ധപ്പെട്ട് ആറിന് കുറുകേ നിർമ്മിച്ച താൽക്കാലിക തടയണയും കടന്ന് പിന്നെയും 200 മീറ്റർ ദൂരം വരുന്ന വള്ളക്കടവിൽ പോയാണ് മടങ്ങിയത്.

തടയണക്കു അൽപ്പം മുന്നിൽ ഇഞ്ചക്കാട്ടിലേക്ക് കയറിയ നായ വീണ്ടും മടങ്ങുകയായിരുന്നു.

publive-image

<ഇവിടെയാണ് അമ്മ ധന്യ തുണിയലക്കിയത്.>

തടയണയുടെ താഴെ വളവിൽ അങ്ങേക്കരയോട് ചേർന്ന് വെള്ളത്തിൽ കമഴ്ന്നാണ് ദേവാനന്ദയുടെ മൃതദേഹവും ഷാളും കണ്ടെത്തിയത്. അതിൽനിന്നുതന്നെ പോലീസ് നായക്ക് ലക്ഷ്യം തെറ്റിയില്ല എന്ന് വ്യക്തവുമാണ്.

publive-image

<പോലീസ് നായ അടുത്തവീട്ടിലേക്കു ചാടിയ കയ്യാല.>

ഞങ്ങൾക്ക് നേരിട്ട് ബോദ്ധ്യമായ കാര്യങ്ങളും ബന്ധുക്കളോടും നാട്ടുകാരോടും ചോദിച്ചറിഞ്ഞ വിവരങ്ങളും അടിസ്ഥാനമാക്കി ഞങ്ങൾക്കുണ്ടായ ചില പ്രബലമായ സംശയങ്ങൾ ഇവിടെ പങ്കുവയ്ക്കുകയാണ്.

publive-image

<അടഞ്ഞുകിടക്കുന്ന വീടും ഗേറ്റും. ഇവർ ഉത്തരേന്ത്യയിലാണ്.>

01. ദേവാനന്ദയെ കാണാതായ ദിവസം ഒരു കിലോമീറ്റർ ദൂരം മുങ്ങൽവിദഗ്ധർ ആറും പരിസരവും കാടുകളുമെല്ലാം അരിച്ചുപെറുക്കിയതാണ്. അതുപോലെ പോലീസ് പ്രദേശമെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും കണ്ടെത്താനായില്ല ?

publive-image

<പോലീസ് നായ പോയ ആറ്റിലേക്കുള്ള വഴി.>

02. കുട്ടിയുടെ മൃതദേഹത്തിനടുത്തു കണ്ടെത്തിയ അമ്മ ധന്യയുടെ ഷാൾ ദേവനന്ദ, സാരിയായി ധരിച്ചു പലപ്പോഴും വീടിനുള്ളിൽ കളിക്കുന്നതാണ്. ഷാൾ ഒരിക്കലും പുറത്തുകൊണ്ടുപോകാറില്ല.

publive-image

<കടവ്. മുന്നിൽക്കാണുന്നതാണ് വാടകക്കാർ താമസിക്കുന്ന വീട്.>

03. പോലീസ് നായ ദേവാനന്ദയുടെ വസ്ത്രം മണപ്പിച്ചശേഷം മുൻവാതിലിലൂടെ പുറത്തിറങ്ങി വീടിന്റെ തൊട്ടു തെക്കേഭാഗത്തുള്ള അടഞ്ഞുകിടക്കുന്ന വീടിന്റെ നാലടിയോളം താഴ്ചയുള്ള കയ്യാല ചാടിയാണ് ആ വീടിന്റെ ഗേറ്റിലെത്തിയത്.

publive-image

<വീടിന് 50 മീറ്റർ അകലെയുള്ള കടവ്.>

പ്രായമുള്ളവർക്കുപോലും ആ കയ്യാലയിൽ നിന്നും താഴേക്ക് ചാടാൻ ബുദ്ധിമുട്ടാണ്. ദേവാനന്ദയ്ക്ക് ഒരിക്കലും അവിടെനിന്നും ചാടാൻ കഴിയില്ല എന്നതും യാഥാർഥ്യം.

publive-image

<തടയണയിലേക്കുള്ള ദുർഘടപാത .>

04. പോലീസ് നായ തൊട്ടടുത്തുള്ള ആറ്റുകടവിൽ പോകാതെ നേരേ 200 മീറ്റർ അകലെയുള്ള തടയണ കടന്നാണ് പോയത്. തടയണയ്ക്കുമുമ്പ് അടുത്തുള്ള ഇഞ്ചക്കാട്ടിനുള്ളിൽ നായ അൽപ്പനേരം മണം പിടിച്ചുനിന്നിരുന്നു.

publive-image

<തടയണക്കുമുമ്പുള്ള കാടുപിടിച്ച സ്ഥലവും റബ്ബർ തോട്ടവും.>

ദേവാനന്ദയുടെ വീടിനോട് ചേർന്ന രണ്ടുവീടുകൾ കഴിഞ്ഞാൽ തടയണയും അതിനക്കരയുമൊന്നും ആളനക്കമില്ലാത്ത സ്ഥലങ്ങളാണ്. ഒരിക്കലും അതുവഴിപോയിട്ടില്ലാത്ത 6 വയസ്സുള്ള കുട്ടിക്ക് ഭീതിയുണ്ടാക്കുന്നതാണ് ആ വഴിയും പരിസരവും.

publive-image

<തടയണയുടെ ദൂരദൃശ്യം.>

ഇടതുവശത്ത് നല്ല താഴ്ചയിൽ ആറ് , വലതുവശത്ത് കാടുപിടിച്ചുകിടക്കുന്ന റബ്ബർതോട്ടം. തടയണയ്ക്ക് മുൻപുള്ള ഭാഗം ഇഞ്ചക്കാടുകളാണ്. ഒറ്റയ്ക്ക് ആദ്യമായി ഒരു കൊച്ചുകുട്ടി ആ വഴിപോയാൽ ഭയന്ന് നിലവിളിക്കുമെന്നുറപ്പാണ്.

publive-image

<താൽക്കാലിക തടയണയിൽ.>

05. തടയണയിൽ നിന്ന് കാൽവഴുതി ആറ്റിലേക്ക് കുട്ടി വീണതാണെങ്കിൽ അന്ന് അവിടെല്ലാം തെരച്ചിൽ നടത്തിയ മുങ്ങൽവിദഗ്ധർക്ക് കുട്ടിയെയോ ഷാളോ കണ്ടെത്താൻ എന്തുകൊണ്ട് കഴിയാതെ പോയി.

publive-image

<തടയണക്കുമുമ്പ് പോലീസ് നായ കയറിപ്പോയ സ്ഥലം അയൽവാസി ഹരിക്കുട്ടൻ ചൂണ്ടിക്കാണിക്കുന്നു.>

അതുകൂടാതെ തടയണയ്ക്കുചുറ്റും വലിയ കല്ലുകൾ കാണാവുന്നതാണ്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ പോറലുകൾ ഉണ്ടായിട്ടുമില്ല.

publive-image

<തടയണയുടെ അമ്പലത്തിലേക്കുള്ള നടപ്പാത.>

06. ദേവനന്ദ ജനിച്ചുവളർന്ന സ്ഥലമായിരുന്നില്ല അത്. അത് അമ്മവീടായിരുന്നു. ഇളയസഹോദരൻ ദേവ ദത്തന്റെ ( മൂന്നുമാസം) പ്രസവത്തിനായാണ് ധന്യ ദേവാനന്ദയെയും കൂട്ടി കുടവട്ടൂരിലെ ഭർതൃഗൃഹത്തി ൽനിന്നും ഇളവൂരിലെ വീട്ടിലെത്തിയത്.

ആ നാടും പരിസരങ്ങളും പരിചയമില്ലാത്ത ഒരു കുട്ടി ഇത്രദൂരം ഒറ്റയ്ക്ക് സഞ്ചരിക്കുമെന്ന വാദം യുക്തിക്കു നിരക്കുന്നതല്ല.

publive-image

<മൃതദേഹം കിടന്നത് ആ ചെറിയ മരത്തിനു താഴെ.>

07. കുട്ടി നടന്നുപോകുന്നത് ആരും കണ്ടിട്ടില്ല. അടഞ്ഞുകിടന്ന വീടിനുതൊട്ടപ്പുറമുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരും അതുതന്നെയാണ് പറയുന്നത്.

publive-image

ആറിനക്കരെയുള്ള അമ്പലത്തിൽ കുട്ടിയുമായി പോയിട്ടുള്ളത് റോഡുവഴി ചുറ്റിത്തിരിഞ്ഞാണ്. തടയണവഴി പോയിട്ടുമില്ല.അതുകൊണ്ടുതന്നെ ആ വഴിയെപ്പറ്റിയും കുട്ടിക്ക് തീരെ അറിവുള്ളതല്ല.

publive-image

<ദേവാനന്ദയുടെ വലിയ മുത്തശ്ശൻ ചന്ദ്രശേഖരൻ പിള്ള.>

08. വീടിനുമുന്നിലുള്ള വഴിയിൽപ്പോലും അമ്മയുടേയോ മുത്തശ്ശിയുടെയോ അനുവാദം ചോദിച്ചുമാത്രമായിരുന്നുകുട്ടി ഇറങ്ങിയിരുന്നതെന്ന് പറയുന്നു. കാലുകളിൽ ചെരുപ്പിടാതെ മുറ്റത്തുപോലും കുട്ടി ഇറങ്ങുന്ന പതിവുമില്ല. മാത്രവുമല്ല ആറ്റുകടവിൽ കുളിക്കാനോ തുണിയലക്കാനോ ആരും പോകാറുമില്ല.

publive-image

<ദേവനന്ദ ജനിച്ചുവളർന്ന കുടവട്ടൂരിലെ വീട്.>

ഞങ്ങൾ ദേവാനന്ദയുടെ അച്ഛൻ മോഹനൻപിള്ളയുമായും വലിയച്ഛൻ രാജശേഖരൻപിള്ളയുമായും നാട്ടുകാരുമായെല്ലാം വിശദമായി സംസാരിച്ചു.

publive-image

<മുത്തച്ഛൻ മോഹനൻപിള്ളക്കൊപ്പം.>

വീടുവിട്ടു പുറത്തൊരിക്കലും പോകാത്ത കുട്ടി ആറ്റിലേക്ക് പോയെന്ന വാദം അപ്പാടെ അവരെല്ലാം തള്ളുകയാണ്. ഈ കൊലയ്ക്കുപിന്നിൽ ആരോ ഉണ്ട്, ഏതോ നിഗൂഢ ലക്ഷ്യവുമുണ്ട്. വീടും പരിസരവും കുട്ടിയുമായും പരിചയമുള്ളവരാകാം അതെന്നും അവർ ഉറപ്പിക്കുന്നു.

publive-image

<ദേവാനന്ദയുടെ അന്ത്യവിശ്രമം.>

ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരുകയുള്ളു.അതിന് പോലീസിനുമാത്രമേ കഴിയൂ. പോലീസ് അന്വേഷണം വളരെ തൃപ്തികരമായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞു.

publive-image

കുടവട്ടൂരിലെ വീട്ടിൽ ഇന്നലെ 6 മണിക്ക് ഞങ്ങൾ ചെല്ലുമ്പോൾ ചാത്തന്നൂർ ഡിസിപി യുടെ നേതൃത്വ ത്തിലുള്ള പോലീസിന്റെ രണ്ടു ടീം പ്രദീപിന്റെയും അടച്ചിട്ട മുറിയിൽ ധന്യയുടെയും മൊഴികൾ രേഖപ്പെടുത്തുകയായിരുന്നു.

publive-image

<പോലീസ് അന്വേഷണം.>

കേരളമൊട്ടാകെ കണ്ണീർവാർത്ത ദേവാനന്ദയുടെ മരണത്തിൽ ഉറപ്പായും ദുരൂഹതയുണ്ട്. എത്രയും വേഗം അതിന്റെ ചുരുളുകളഴിക്കാൻ കേരളാ പോലീസിനു കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.

Advertisment