Advertisment

സഹനങ്ങളുടെ രാജകുമാരൻ ഇനി നിത്യതയിൽ... ഫാ. ജേക്കബ്ബ് തെക്കേമുറിക്ക് ജന്മനാട് യാത്രാമൊഴിയേകി

author-image
admin
Updated On
New Update

ജെയ്മോന്‍ കുമരകം (മാധ്യമപ്രവര്‍ത്തകന്‍)

Advertisment

ഹനങ്ങളും വേദനകളും ശരീരത്തെയും മനസിനെയും കാർന്നു തിന്നപ്പോഴും പുഞ്ചിരിയോടെ നേരിട്ട കാഞ്ഞിരപ്പള്ളി രൂപതാംഗം ഫാ.ജേക്കബ് തെക്കേമുറി (60) ഓർമ്മത്താളിലേക്ക് ചേക്കേറി.

സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തലശേരി അതിരൂപതയിലെ പെരുമ്പടം പള്ളിയിൽ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ചു. ശുശ്രൂഷകൾക്കു ശേഷം പെരുമ്പടത്തേക്കു കൊണ്ടുപോയി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാഞ്ഞിരപ്പള്ളി രൂപതയിലെ വൃദ്ധവൈദികരുടെ അഭയകേന്ദ്രമായ ‘വിയാനിഹോമിൽ’ വിശ്രത്തിൽ കഴിയുകയായിരുന്ന തെക്കേമുറി അച്ചൻ എഴുത്തിലും വായനയിലുമാണ് തന്റെ വിശ്രമദിനങ്ങൾ പിന്നിട്ടത്.

publive-image

”ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴെല്ലാം ദൈവത്തോട് നാം ചോദിക്കേണ്ടത് ഞാൻ ഇനിയെന്ത് ചെയ്യണം? എന്നായിരിക്കണം. അപ്പോൾ ദൈവസ്വരം വ്യക്തമായി കേൾക്കാൻ കഴിയും. ഇതനുസരിച്ച് മുന്നോട്ടു പോകുക. ഏത് പ്രതിസന്ധികളും വളരെ വേഗം പരിഹരിക്കപ്പെടും .” അച്ചൻ കൂടെക്കൂടെ പറയുമായിരുന്നു.

യുവത്വത്തിൽ തന്നെ തന്റെ ശരീരത്തെ കാർന്നുതിന്നുന്ന അനേകം നൊമ്പരങ്ങളിലൂടെ കടന്നുപോയിട്ടും, നിരവധി തവണ ശസ്ത്രക്രിയകൾക്ക് തുടർച്ചയായി വിധേയനായിട്ടും ‘ഹല്ലേലൂയാ’ പാടി ആ സഹനങ്ങളെ സ്വീകരിച്ചതാണ് തെക്കേമുറി അച്ചന് വിശുദ്ധ ജീവിതത്തിലേക്ക് നടത്തിയത്.

34 വയസുള്ളപ്പോഴാണ് ഫാ.ജേക്കബിന് കിഡ്‌നിക്ക് തകരാറുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ കണ്ടെത്തുന്നത്. അവിടെ നിന്നാരംഭിക്കുന്നു മുള്ളുകൾ നിറഞ്ഞ വഴിയിലൂടെയുള്ള സഹനയാത്ര. പിന്നീട് ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള പ്രയാണത്തിലായിരുന്നു അദ്ദേഹം. ചെറുതും വലുതുമായ സൂചികളും, കത്തികളും നിരവധി തവണ ആ ശരീരത്തിൽ കയറിയിറങ്ങി. ജീവനുള്ള ശരീരം പല തവണ പരീക്ഷണങ്ങൾക്ക് വിധേയമായി.

ഒരിക്കൽ വിയാനി ഹോമിൽ അദേഹത്തെ കാണാനെത്തിയപ്പോൾ തന്റെ സഹന ജീവിതം അദ്ദേഹം എന്നോട് പങ്കുവച്ചിരുന്നു. ”പൗരോഹിത്യത്തിലൂടെ ക്രിസ്തുവിന് സാക്ഷിയാകണം, ഒരു നല്ല വചനപ്രഘോഷകനാകണം- ഈ ലക്ഷ്യത്തോടെയാണ് 1987-ൽ ഞാൻ ബലിവേദിയിലെത്തുന്നത്. ധ്യാനാനുഭവത്തിലൂടെ യേശുവിനെ അനുഭവിച്ചറിഞ്ഞതോടെ ആ സ്‌നേഹത്തിന്റെ ആഴം മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നുള്ളതായി എന്റെ ആഗ്രഹം.

അങ്ങനെ രൂപതയിലെ ഇടവകകൾ തോറും ധ്യാനം സംഘടിപ്പിച്ച് ഓടിനടന്നു. എന്നാൽ ഇടയ്ക്ക് ഉണ്ടാകുന്ന അതികഠിനമായ തലവേദനയും, ഛർദ്ദിയും മൂലം ഞാൻ ഏറെ ക്ലേശിച്ചു.

ഇടുക്കി ജില്ലയിലെ കൽത്തൊട്ടി ദേവാലയത്തിൽ വികാരിയായിരിക്കുമ്പോഴായിരുന്നു ആ സംഭവം. ഇടുക്കി തങ്കച്ചന്റെ നേതൃത്വത്തിൽ അന്ന് ഇടവകയിൽ ധ്യാനം നടക്കുന്നു. ഈ സമയത്താണ് കഠിനമായ തലവേദനയും ഛർദ്ദിയും മൂലം ക്ലേശിച്ച എന്നെ ഇടവകക്കാർ എടുത്ത് ആശുപത്രിയിലെത്തിക്കുന്നത്.

പരമാവധി 80 ഡിഗ്രി വരെ നിൽക്കേണ്ട പ്രഷർ, 120 മുതൽ 230 വരെ വരെയായി ഉയർന്നു. അതോടെ ഞാൻ മരണത്തിന്റെ പിടിയിലായെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇത്രയേറെ പ്രഷർ ഉയരാനിടയായതെങ്ങനെ? എന്ന അന്വേഷണത്തിനിടയിലാണ് എന്റെ രക്തവും മൂത്രവും മറ്റും പരിശോധിക്കുന്നത്. അന്ന് കിഡ്‌നിയുടെ തകരാർ ചെറുതായി കണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാൻ ആശുപത്രിയിൽ നിന്നും മടങ്ങി.

ദേവാലയത്തിൽ വിശുദ്ധകുർബാനയർപ്പിക്കുമ്പോൾ ഒരു ചെറിയ കുന്ന് കറയണം. ഈ കയറ്റം കയറാൻ വയ്യാതെ ഞാൻ ക്ലേശിച്ചു. വയറിനു താഴ്ഭാഗത്ത് ശക്തമായ വേദന. അസ്വസ്ഥത വർദ്ധിച്ചപ്പോൾ ഞാൻ വീണ്ടും ആശുപത്രിയിൽ പോയി. യൂറിനറി ബ്ലാഡറിന്റെ നെക്കിലാണ് വേദന. എല്ലാസമയത്തും മൂത്രം ഒഴിക്കണമെന്നു തോന്നും. ശരീരം മുഴുവൻ അതികഠിനമായ നൊമ്പരം.

ദിവ്യബലിയ്ക്കിടയിൽ പോലും വേദനയുടെ ആധിക്യത്താൽ പൂർത്തീകരിക്കാൻ പറ്റാതെ ഞാൻ കുഴഞ്ഞുവീഴാൻ തുടങ്ങി. പലരുടെയും നിർദ്ദേശപ്രകാരം പ്രശസ്തനായ യൂറോളജിസ്റ്റിനെ കാണുവാൻ പോയി. കിഡ്‌നി സംബന്ധമായ തകരാറാണെന്നു തിരിച്ചറിഞ്ഞതോടെ കിഡ്‌നി സ്‌പെഷ്യലിസ്റ്റിനെ കാണുവാൻ എന്നോട് നിർദ്ദേശിച്ചു. '

മറ്റൊരു ആശുപത്രിയിൽ അങ്ങനെ അഡ്മിറ്റായി. പരീക്ഷണങ്ങളും, നിരീക്ഷണങ്ങളും പിന്നെയും തുടർന്നു. കൂടുതൽ വിശ്രമമാണ് എനിക്കുചിതമെന്നു ഡോക്ടർമാർ വിധിച്ചതോടെ രൂപതാദ്ധ്യക്ഷന്റെ നിർദ്ദേശമനുസരിച്ച് എന്റെ താമസം പ്രീസ്റ്റ് ഹോമിലേക്കായി. വേദനയിൽ ആശ്വാസം ലഭിക്കാൻ പലരുടെ യും അഭിപ്രായപ്രകാരം പല ചികിത്സകളും ചെയ്തു. പ്രകൃതി ചികിത്സ മുതൽ പലതും…… എന്നാൽ വേദന അധികരിച്ചതല്ലാതെ ഒട്ടും കുറഞ്ഞില്ല.

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും റിട്ടയർ ചെയ്ത ആളായിരുന്നു യൂറോളജിസ്റ്റ്.  ‘ഇത്രയേറെ തവണ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച രോഗിയെ താനിതുവരെ കണ്ടിട്ടില്ല’ എന്നദ്ദേഹം ഒരിക്കൽ എന്നോടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ സഹായിയായ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഒരു ദിവസം ചോദിച്ചു.

‘ഫാദറിന് സമയദോഷത്തിൽ വിശ്വാസമുണ്ടോ?’ എന്ന്.

ഞാൻ ഇങ്ങനെയാണ് അദ്ദേഹത്തോട് പ്രതികരിച്ചത്.

”ഡോക്ടർ, സഹനത്തിന്റെ സമയം അതെപ്പോഴാണെങ്കിലും നല്ല സമയമായിരിക്കും.” അദ്ദേഹത്തിനെന്തു മനസ്സിലായിക്കാണുമെന്ന് എനിക്കറിഞ്ഞുകൂടാ.”

”ആദ്യ ശസ്ത്രക്രിയ സമയത്ത് ഡോക്ടർക്ക് അൽപം കൈപ്പിശക് പറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. അതായിരുന്നു യാതനകളുടെ രണ്ടാം പർവ്വത്തിന് തുടക്കം.

അതിനു മുമ്പുതന്നെ വേദനയേറിയ ധാരാളം ടെസ്റ്റുകളും ശസ്ത്രക്രിയയും അമ്പതിൽ അധികം ഡയലാസിസും കഴിഞ്ഞിരുന്നു. അതികഠിനമായ ഭക്ഷണപഥ്യങ്ങളും ദിവസങ്ങളോളം നീണ്ടുനിന്ന ബോധക്ഷയവും ഓർമ്മ പൂർണമായി നഷ്ടപ്പെട്ടുപോയ ആഴ്ചകളുമെല്ലാം മറികടന്നാണ് അവസാനം കിഡ്‌നി ട്രാൻസ്പ്ലാന്റ്.

ഒരൽപ്പം വെള്ളം കുടിച്ചാൽ അപ്പോഴേ ഛർദ്ദിക്കും. ജലമോ മറ്റ് ഭക്ഷണമോ വായിലൂടെ കഴിക്കാനാകാതെ മൂക്കിലൂടെ ട്യൂബിട്ടു കഴിക്കുക. മലമൂത്ര വിസർജ്ജനം നിലച്ച അവസ്ഥ. ഞരമ്പിലൂടെ മുകളിലേക്ക് എന്തോ ഓടിപ്പോകുന്ന തരം വേദന, കണ്ണിന്റെ കൃഷ്ണമണി പൊട്ടിപ്പോകുന്ന തരത്തിലുള്ള നൊമ്പരം, കൈകാലുകൾക്ക് വിറയൽ ഇങ്ങനെ മാസങ്ങളോളം നീണ്ടുനിന്ന സഹനമായിരുന്നു ഈ നാളുകളിലെല്ലാം…”

”ഇതേസമയത്തു തന്നെയാണ് ശരീരത്തെ മുഴുവൻ ഞെരിച്ചുകളയുന്ന രീതിയിൽ മറ്റൊരു രോഗവും കൂടി എന്നെ ആക്രമിക്കുന്നത്. ബ്ലാഡറിന്റെ ഭാഗത്ത് വീണ്ടും അതികഠിനമായ വേദന. വൃഷണം ഞെരിഞ്ഞുടയുന്ന നൊമ്പരം. ‘ബ്ലാഡർ നെക്ക് സ്പാസം’ ആണിതെന്നു മൂത്രനാളിയിലൂടെ തുളച്ചുകയറ്റുന്ന ‘സിക്‌റ്റോസ് കോപ്പി’ എന്ന ഉപകരണ സഹായത്താൽ കണ്ടെത്തി.പലപ്പോഴും വേദനമൂലം ഞാൻ നിലത്തുകിടന്ന് ഉരുണ്ടിട്ടുണ്ട്.

കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലെ വിദഗ്ധനായ ഡോക്ടർ ഇതിനായി ഓപ്പറേഷൻ നടത്തി. അതിസൂക്ഷ്മമായ ശസ്ത്രക്രിയ ആയിരുന്നു ഇത്. എങ്കിലും ബ്ലീഡിംഗ് ഉണ്ടായി. അങ്ങനെ സഹനത്തിന്റെ ശരശയ്യയിൽ യേശുവിന്റെ കുരിശിലേക്ക് നോക്കിക്കിടക്കുമ്പോൾ എനിക്ക് സാന്ത്വനമരുളാൻ പ്രതീക്ഷാഭവനിലെ മദർ ലൂസിയാ ഉൾപ്പെടെ ധാരാളം സിസ്റ്റേഴ്‌സും ഒപ്പമുണ്ടായിരുന്നു….”

”ബ്ലീഡിംഗ് ഉണ്ടായതോടെ കഠിനമായ പഥ്യം അനുഷ്ഠിക്കേണ്ടിവന്നു. ഇക്കാലങ്ങളിൽ ചില കരിസ്മാറ്റിക് ധ്യാനങ്ങൾ കൂടുവാൻ കർത്താവ് അനുഗ്രഹം നൽകി.

ആത്മാഭിഷേകമുള്ള നിരവധി ശുശ്രൂഷകരെ കർത്താവ് സഹായത്തിന് തന്നു. സഹനം ക്രിസ്തുവിന്റെ കുരിശിന്റെ ഭാഗമായി മനസ്സിലാക്കാനും അതിനെ ക്രൂശിതനോട് ചേർത്ത് പൗരോഹിത്യ ധർമ്മത്തിന്റെ അവശ്യഭാഗമായി കണ്ട് ആസ്വദിക്കാനും കഴിഞ്ഞു.

പീഡിപ്പിക്കപ്പെടുകയും ക്രൂശിലേറ്റപ്പെടുകയും ചെയ്യുക എന്നത് ബലിവസ്തുവായ പുരോഹിതന്റെ അവകാശവും അവനുള്ള ആനുകൂല്യവുമാണെന്നും വ്യക്തമായി.”

”ധാരാളം ഉൾക്കാഴ്ചകളും പുതിയ ബോധ്യവും ലഭിച്ച ഈ നാളുകളിൽ മനുഷ്യരിൽ നിന്നുള്ള മഹത്വം തേടാതെ ജീവിക്കേണ്ടതിന്റെ ആത്മീയവശവും കർത്താവെന്നെ പഠിപ്പിച്ചു. ഇക്കാലഘട്ടത്തിലാണ് ഞാൻ പുസ്തക രചന ശുശ്രൂഷയായി തുടങ്ങുന്നത്.

തിരുവചനത്തെയും ദിവ്യബലിയെക്കുറിച്ചും പൗരോഹിത്യനാളുകളിൽ ധാരാളം പഠിക്കാനും പഠിപ്പിക്കാനും എനിക്കവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് ‘തിരുവചനവുമൊത്ത് ഒരു നാഴികനേരം’ എന്ന പുസ്തകം എഴുതാനിടയായത്.

”കിഡ്‌നി ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കുശേഷം ഒരു മാസത്തിനകം ‘യൂറിറ്റർ’ (കിഡ്‌നിയിൽ നിന്നും ബ്ലാഡറിലേക്കുള്ള ട്യൂബ്) തകരാറിലായി. മൂത്രം അതോടെ ബ്ലോക്കായി. ‘കീ ഹോൾ’ സർജറി വഴി അത് തുന്നിച്ചേർക്കാനുള്ള പരിശ്രമവും പരാജയമായി. വീണ്ടും വയർ തുരന്ന് മേജർ ഓപ്പറേഷൻ കൂടി. അപ്പോഴേക്കും എന്റെ നില വളരെ പരുങ്ങലിലായി.

ഒരുപക്ഷേ ജീവൻ തന്നെ നഷ്ടപ്പെടേണ്ടി വരുന്ന ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഞങ്ങൾ ചെയ്യാവുന്നത് ചെയ്തു.’ ഒരു ഡോക്ടർ എന്നോടൊപ്പമുള്ളവരോട് പറഞ്ഞത്രേ…… പിന്നീട് മാസങ്ങളോളം തുടർച്ചയായി സഹനങ്ങളിലൂടെ കടന്നുപോയി.

മൂത്രം പോകാനായി പ്രത്യേക ട്യൂബ് ഇട്ടിരുന്നെങ്കിലും, യൂറിൻ തടസ്സപ്പെട്ടുനിന്നു. വയർ തുളച്ചിട്ടിരുന്ന ട്യൂബും ഇടയ്ക്ക് ബ്ലോക്കായി. ദൗർഭാഗ്യമെന്നു പറയട്ടെ; നേരത്തെ വച്ചിരുന്ന കിഡ്‌നിക്ക് ഭാഗികമായി എങ്ങനെയോ കേട് സംഭവിച്ചു.

‘കിഡ്‌നി അക്യൂട്ട് റിജക്ഷൻ’ കാട്ടി. ഉദരത്തിലൂടെ പുറത്തേക്കിട്ടിരുന്ന ട്യൂബിനും, ത്വക്കിനുമിടയിലൂടെ മൂത്രം ലീക്ക് ചെയ്ത് കിടക്ക നനയാനും തുടങ്ങി.

ദിവസം ഏഴുലിറ്റർ വെള്ളമാണ് ഞാൻ അന്ന് കുടിച്ചിരുന്നത്. വലതു കയ്യിൽ തന്നെ പല തവണയായി ഒരൊറ്റമാസത്തിൽ അഞ്ഞൂറിലധികം തവണ സൂചി കുത്തിയിറക്കി. കുത്തിവയ്ക്കാനും, രക്തമെടുക്കാനും ഞരമ്പ് കിട്ടാത്ത അവസ്ഥയുമുണ്ടായി. തുടർച്ചയായുള്ള മരുന്നിന്റെ റിയാക്ഷൻ മൂലം കാലിലെ മാം സപേശികൾ ശോഷിച്ചു നടക്കാൻ പോലും മാർഗ്ഗമില്ലെന്നായി.

”എന്നെ പരിശോധിച്ചുകൊണ്ടിരുന്ന നെഫ്രോളജിസ്റ്റ് (കിഡ്‌നി സ്‌പെഷ്യലിസ്റ്റ്) പറഞ്ഞു.

”ഫാദർ, അത്ഭുതമായിരിക്കുന്നു. കിഡ്‌നി മാറ്റിവച്ചവരിൽ മൂവായിരത്തിൽ ഒരാൾക്കുപോലും ഇത്തരത്തിലുള്ള തകറാറുകൾ ഉണ്ടാകാറില്ല….പക്ഷേ…..” അദ്ദേഹം പൂർത്തിയാക്കിയില്ല. ഓരോ തവണയും എന്നെ പരിശോധിച്ചു കഴിയുമ്പോൾ അദ്ദേഹത്തിന്റെ മുഖം കൂടുതൽ മ്ലാനമാകുന്നത് ഞാൻ കണ്ടു.

എല്ലാവരുടെയും പ്രതീക്ഷ അസ്മതിച്ചെന്ന് എനിക്കുറപ്പായി.”

”ആഴ്ചയിൽ എത്ര തവണ സ്‌കാനിംഗ് നടത്തിയെന്ന് ചോദിച്ചാൽ കൃത്യമായ ഒരുത്തരം എനിക്കു പറയാനാവില്ല.

കിഡ്‌നിയുടെ ഒരു ഭാഗത്ത് രക്തചംക്രമണമില്ലെന്ന് ആ സമയത്ത് നടത്തിയ ഒരു സ്‌കാനിംഗ് ചൂണ്ടിക്കാട്ടി. അവസാനം പിടിപ്പിച്ച കിഡ്‌നിയിലെ കേടായ ഭാഗം മുറിച്ചു മാറ്റുകയാണു ഏക പോംവഴിയെന്നു ഡോക്ടർ വിധിയെഴുതി. ‘ഇത്തരമൊരു ശാസ്ത്ര ക്രിയ കേരളത്തിൽ ഇതുവരെ നടന്നിട്ടില്ലത്രേ. അതുകൊണ്ട് ഉടൻതന്നെ കോയമ്പത്തൂരിൽ പോയി സ്‌കാനിംഗ് നടത്തിയാൽ ശസ്ത്രക്രിയ കൂടുതൽ കൃത്യമായി ചെയ്യാൻ കഴിയും.

”ഡോക്ടറുടെ നിർദ്ദേശപ്രകാരം അന്ന് തന്നെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് ആംബുലൻസിൽ എന്നെ കൊണ്ടുപോയി.

ഒരു അലുമിനിയം ടേബിളിന്റെ പുറത്ത് കിടത്തി ഗട്ടർ റോഡിലൂടെയുള്ള ദുർഘട യാത്ര, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വേദനയുടെ നിമിഷങ്ങളാണ് ആ യാത്ര സമ്മാനിച്ചത്.”

”ഈ കാലങ്ങളിൽ എനിക്ക് താങ്ങും തണലുമായി ധാരാളം പേർ ഓടിയെത്തിയിരുന്നു.  പ്രത്യേകിച്ച് വൃദ്ധനായ ബർത്തലോമിയാ അച്ചനെ എനിക്ക് മറക്കാനാവില്ല. അദ്ദേഹം എനിക്കായി എന്നും നൊവേന അർപ്പിച്ചിരുന്നു. എന്റെ സൗഖ്യത്തിനായി ഞാൻ ഒരിക്കലും പ്രാർത്ഥിച്ചില്ല. കർത്താവ് സൗഖ്യം തരുമെങ്കിൽ വാങ്ങും, രോഗമെങ്കിൽ രോഗം, വേദനയെങ്കിൽ വേദന ഇതായിരുന്നു എന്റെ രീതി. ആകയാൽ എനിക്ക് ഒരിക്കലും നിരാശയും തോന്നിയില്ല.

യേശുവിനെക്കുറിച്ച് ഹെബ്രായ ലേഖനകർത്താവ് എഴുതിയ തിരുവചനമാണ് എനിക്ക് സദാ ഓർമ്മ വരാറുള്ളത്. ‘ദൈവസ്‌നേഹം അനന്തം. അവിടുത്തെ പദ്ധതി അന്യൂനവും.’ അവിടുത്തെ വിശ്വസ്തത അചഞ്ചലവും. ഞാൻ അവിടുത്തേതാണ്. അവിടുന്ന് ഇഷ്ടമുള്ളതു ചെയ്തുകൊള്ളട്ടെ. എനിക്കത് സഹിക്കാൻ ശക്തിയും കൃപയും നൽകണമേ-ഇതായിരുന്നു എന്റെ ചിന്തയും, പ്രാർത്ഥനയും.

എന്റെ പ്രത്യാശ ശരീരത്തിലല്ലല്ലോ. ദൈവത്തിലല്ലേ. ‘ശരീരത്തെ ഉയർപ്പിക്കുന്നവനും ആത്മാവിനെ രക്ഷിക്കുന്നവനുമായ ഈശോമിശിഹായിൽ. ഇതാണല്ലോ ഓരോ കുർബാനയിലും ഞാൻ പ്രഘോഷിക്കുന്നത്.”

”ഇതിനിടയിലാണ് ഏറ്റവും സങ്കീർണമായ ഓപ്പറേഷനുവേണ്ടി എന്നെ തിയേറ്ററിൽ കയറ്റിയത്. ‘ശസ്ത്രക്രിയ, ബ്ലീഡിംഗ് മൂലം പരാജയപ്പെട്ടാൽ കിഡ്‌നി മുറിച്ചു മാറ്റും’ എന്നു ഡോക്ടർ നേരത്തെ തന്നെ മുന്നറിയിപ്പു തന്നിരുന്നു.

‘അങ്ങനെയെങ്കിൽ പിന്നെയെന്നെ ഡയലാസിസിന് വിധേയനാക്കണ്ടല്ലോ ’ എന്നായിരുന്നു എന്റെ നിലപാട്.

ചുരുക്കത്തിൽ ഓപ്പറേഷൻ പരാജയപ്പെട്ടാൽ മരിക്കാൻ ഒരുക്കമാണെന്ന് ഒപ്പിട്ടുകൊടുത്തു. വളരെ സന്തോഷത്തോടും തീർത്തും ലാഘവത്തോടും കൂടിയാണ് ഓപ്പറേഷൻ തിയേറ്ററിലേക്ക് ഞാൻ പോയത്.” ”ചില പ്രത്യേക കാരണങ്ങളാൽ അനസ്‌തേഷ്യാ തരുന്നതിനിടയിൽ ഡോക്‌ടേഴ്‌സ് വിദഗ്ധ ചർച്ചയ്ക്കുശേഷം വേറൊരു തരത്തിലുള്ള ശസ്ത്രക്രിയയാണ് ചെയ്തത്.

നേരത്തെ പ്ലാൻ ചെയ്തിരുന്ന ശസ്ത്രക്രിയ അവസാനം അവർ പിന്നീടാകാമെന്നു തീരുമാനിച്ചു. വലിയ വേദന അനുഭവിച്ചാണ് ആ ഓപ്പറേഷൻ തരണം ചെയ്തത്. എന്നാലിത് ആഴ്ചകൾകൊണ്ട് ഫലം കാണിച്ചു തുടങ്ങി. ദിനംതോറും ഏഴരലിറ്റർ വെള്ളംവരെ ഞാൻ കുടിച്ചു. എന്റെ അനുജൻ ബാബുക്കുട്ടി എന്റെ മുറിയിൽ ദിവസങ്ങളോളം നിന്ന് എന്റെ കാലുകൾ തിരുമ്മിത്തരുമായിരുന്നു..”

”രക്തപരിശോധനയും സ്‌കാനിംഗും ഇടതടവില്ലാതെ തുടർന്നു. ഇതിനിടയിൽ മൂത്രത്തിനു പകരം രക്തം കട്ടപിടിച്ചു ട്യൂബിലൂടെ ഇടയ്ക്ക് പോകാൻ തുടങ്ങിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞപ്പോൾ അതുമാറി. ആന്റിബയോട്ടിക് പ്രയോഗം അപ്പോഴും അനുസ്യൂതം തുടർന്നു.

പതുക്കെ പതുക്കെ എല്ലാം നോർമ്മലായി. പഴയ അവസ്ഥയിലേക്ക് കുറേശ്ശെ മടങ്ങിയപ്പോഴാണ് 1999 ജനുവരി മാസത്തിൽ എന്റെ നടക്കാനുള്ള ശേഷിയും കൂടി നഷ്ടപ്പെട്ടത്. കിഡ്‌നിയെ രക്ഷിക്കാൻ നേരത്തെ അമിത അളവിൽ ‘കോർട്ടിസോൺ’ കഴിച്ചതിന്റെ പരിണിതഫലം.

ആദ്യം ഇടതുകാലിന്റെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. കാലിൽ ഭാരം കെട്ടിത്തൂക്കി മൂന്നുദിനം കിടന്നു. പിന്നെ ക്രച്ചിന്റെ സഹായത്തോടെ ഒറ്റക്കാലിൽ ചാടിച്ചാടി നടക്കാനും തുടങ്ങി.

ഒരുവർഷം മുഴുവൻ ഇങ്ങനെ. കാലിന്റെ വേദന കുറഞ്ഞു കുറഞ്ഞു വന്നു. ചില മാസങ്ങളിലും ചില ദിവസങ്ങളിലും മാത്രമായി വേദനയ്ക്ക് ശമനം വന്നു. കുന്നുകയറുക വിഷമമുണ്ടെങ്കിലും കുഴപ്പമില്ല. ദൈവം എനിക്ക് സദാ വേദനയും വേദനയില്ലായ്മയും തന്ന് മുന്നോട്ടു നടത്തുന്നു…” അച്ചൻ അങ്ങനെ പറഞ്ഞാണ് സഹനചരിത്രത്തിന് വിരാമമിട്ടത്.

യാക്കോബിനെ പ്രധാന കഥാപാത്രമാക്കി 400 പേജോളം വരുന്ന ബൃഹത്‌നോവൽ അദേഹം എഴുതി. ഏറെ ശ്രദ്ധേയമായ നോവലായിരുന്നു അത്. . ‘ഏലോഹിമിന്റെ പാദമുദ്രകൾ’ എന്ന ഈ പുസ്തകത്തിന് ശാലോം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

ഉൽപ്പത്തി പുസ്തകം 11 മുതൽ 50 വരെയുളള അധ്യായങ്ങളാണ് നോവലിന് ഇതിവൃത്തമാക്കിയത്. ഒന്നരവർഷമായി ഈ നോവലിന്റെ പണിപ്പുരയിലായിരുന്നു അച്ചൻ.

ചുണ്ടിൽ സദാ തങ്ങിനിൽക്കുന്ന പുഞ്ചിരിയോടെ മാത്രമേ എന്നും അച്ചനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. തെക്കേമുറി അച്ചൻ സഹനത്തെ ക്രിസ്തുവിനോട് ചേർത്ത് വെച്ച് ജീവിതം അനുഗ്രഹപ്രദമാക്കി. അതിനാൽ മരണത്തിന്റെ നിഴൽ വീണ പാതകളിലൂടെ നടന്നിട്ടും അദ്ദേഹം തെല്ലും പതറിയില്ല. പതറാതെ തളരാതെ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ നേരിടുക ഇതാണ് അച്ചന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്...

ഫാ.ജേക്കബ് തെക്കേമുറിയുടെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും അനുശോചിച്ചു.

Advertisment