Advertisment

ഒരു കുപ്പി വാറ്റുചാരായത്തിന് 2000 രൂപവരെ ? അതില്‍ ലാഭക്കൊതി മൂത്താല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. വ്യാജനേക്കാള്‍ നല്ലതല്ലേ ഒര്‍ജിനല്‍ മദ്യം. അത് വിലകൂട്ടാതെ തന്നെ ജനങ്ങളുടെ കൈകളില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയുക. വിലകൂട്ടിയാലും ആപത്ത്. സര്‍ക്കാര്‍ എന്തിനു മടിച്ചു നില്‍ക്കുന്നു, മദ്യശാലകള്‍ തുറക്കട്ടെ !

New Update

publive-image

Advertisment

കേരള സർക്കാർ ഒരു മദ്യദുരന്തത്തിനുവേണ്ടി കാത്തിരിക്കുകയാണോ ?

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഒപ്പം നമ്മുടെ അയൽസംസ്ഥാനങ്ങളെല്ലാം മദ്യശാലകൾ തുറന്നിട്ടും കേരളസർക്കാർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. എന്തുകൊണ്ടാണത് ? മലയാളികൾക്ക് മദ്യപിക്കാൻ അവകാശമില്ലെന്നാണോ ?

ഇന്ന് സുപ്രീം കോടതിയും മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ ഓൺലൈൻ ഡെലിവറി ചെയ്യാനുള്ള സാധ്യതകൾ ആരായാൻ സർക്കാരിനോട് നിർദ്ദേശിക്കുകയുണ്ടായി.

നമ്മൾ ദിവസവും വായിക്കുന്നു, കേരളത്തിൽ വ്യാജമദ്യവും വാറ്റും സജീവമാണ്. എക്സൈസ് റെയിഡ് ചെയ്യുന്നത് ഒരു ചെറുശതമാനം മാത്രം. ഒരു കുപ്പി വാറ്റുചാരായത്തിന് 2000 രൂപവരെ വിലയാണെന്നാണ് ജനസംസാരം. ചുരുങ്ങിയ കാലം കൊണ്ട് പണമുണ്ടാക്കാനും കൂടുതൽ ലാഭമുണ്ടാക്കാനും വേണ്ടി ഇതിൽ എന്തെങ്കിലും കൃതൃമ രാസവസ്തുക്കൾ ചേർത്താൽ അതാണപകടമുണ്ടാക്കുക.

വലിയ പൊയ്മുഖങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ അഴിഞ്ഞുവീണത്. മറ്റു സംസ്ഥാനങ്ങളിലെ മദ്യത്തിനായുള്ള തിക്കും തിരക്കും ബഹളവും പോലീസ് ലാത്തിചാര്ജും കേരളത്തിലെ പല സദാചാരക്കാരുടെയും കണ്ണുതുറപ്പിക്കുന്നതാണ്.

മദ്യം ഏതോ വലിയ അത്യാപത്താണെന്നും അത് കേരളത്തിൽ മാത്രമുള്ള വിപത്താണെന്നുമുള്ള പ്രചാരണങ്ങൾ ഇവിടുത്തെ പ്രതിപക്ഷവും ചില മതസംഘടനകളും ഒപ്പം കുറേ കപടസദാചാരവാദികളും ഒരു പറ്റം മാധ്യമങ്ങളും ചേർന്ന് കുറേക്കാലമായി നടത്തിവരുകയാണ്. പുകമറ സൃഷ്ടിക്കലാണിതെന്നതിൽ ഒരു സംശയവുമില്ല.

ഉദാഹരണത്തിന് കേരളത്തിൽ പാലാരിവട്ടം പാലം പോലെയുള്ള ജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റിയ പല വൻകിട അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി നേതാക്കളും ഉദ്യോഗസ്ഥരും ഒരു പറ്റം മാധ്യമ ങ്ങളും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് " കേരളം ഇത്ര കോടിയുടെ മദ്യം കുടിച്ചു തീർത്തു, പെടുത്തു കളഞ്ഞു" എന്നൊക്കെയുള്ള അമ്പരപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിച്ചിരുന്നത് എന്ന് ഇപ്പോൾ സംശയിച്ചാൽ തെറ്റുപറയാമോ. കാരണം മദ്യഉപയോഗം കേരളത്തെക്കാൾ മറ്റ് സംസ്ഥാനങ്ങളിൽ വളരെയധികമാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും വിലകുറഞ്ഞ ചാരായം അതതു സംസ്ഥാനസർക്കാരുകൾ നേരിട്ട് വിൽക്കുന്നുണ്ട്. ഹരിയാന, ഛത്തീസ് ഗഡ് , മദ്ധ്യപ്രദേശ്, രാജസ്ഥാൻ , കർണ്ണാടക, ആന്ധ്രാ പ്രദേശ് , ഗോവ ഇവിടെല്ലാം അത് ലഭ്യമാണ്.

കേരളത്തിൽ അശാസ്ത്രീയമായാണ് ചാരായനിരോധനം നടപ്പാക്കിയതെന്നതിൽ ഒരു തർക്കവുമില്ല. അന്നുമുതൽ വലിയ വിലകൊടുത്തു വിദേശമദ്യം വാങ്ങാൻ മലയാളികൾ നിർബന്ധിതരായി. ചാരായനി രോധനത്തിന് ജനപിന്തുണ ,പ്രത്യേകിച്ചും സ്ത്രീകളുടെപോലും പിന്തുണ കിട്ടിയില്ല എന്നത് തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായതാണ്.

ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമായിരുന്നു രണ്ടാമത്തെ തെറ്റായ തീരുമാനം. മദ്യത്തിനായി ആളുകൾ വൃത്തിഹീനമായ ഇടനാഴികളിൽ തീർത്തും അപഹാസ്യമായ നീണ്ട ക്യൂവിൽ വെയിലും മഴയും കൊള്ളാ നും ബീവറേജ് ഉദ്യോഗസ്ഥരുടെ തൻപ്രമാണിത്തത്തിനും അഴിമതിക്കുമാണിത് വഴിവച്ചത്. ബീവറേജ് പരിസരം വൃത്തിയാക്കുന്ന പതിവേ ഇല്ല. അന്നുമിന്നും.

കഴിഞ്ഞ രണ്ടു കോണ്‍ഗ്രസ് സർക്കാരുകളും മദ്യപാനികളെ വളരെ തരംതാണ വ്യക്തികളായാണ് കണ്ടിരുന്നതും കൈകാര്യം ചെയ്തിരുന്നതും. അവർ ബീവറേജ് ഔട്ലെറ്റുകളിലെ നീണ്ട ക്യൂവിന് ന്യായീകരണവുമായി ഹൈക്കോടതിയിൽ നൽകിയ ഒരു വിശദീകരണമായിരുന്നു അമ്പരപ്പിച്ചത് " റെയിൽവേ സ്റ്റേഷനിലെ ക്യൂ പോലെ ബീവറേജിലെ ക്യൂവും കണ്ടാൽ മതിയെന്നായിരുന്നു അത്"

ഏത് റെയിൽവേ സ്റ്റേഷനിലാണ് ദുർഗന്ധം വമിക്കുന്ന വൃത്തിഹീനമായ സ്ഥലത്തു വെയിലും മഴയും സഹിച്ചു ക്യൂ നിൽക്കേണ്ടത്. പണം നൽകി സാധനം വാങ്ങുന്ന ഉപഭോക്താവിന് മാന്യമായ സർവീസ് നല്കണമെന്നത് നിയമമാണ്.

അവരുടെ മറ്റൊരുപിന്തിരിപ്പൻ പ്രഖ്യാപനമായിരുന്നു മദ്യലഭ്യത കുറയ്ക്കുമെന്നത് . ഇതൊക്കെ വ്യാജമദ്യം ഒഴുക്കാനും അത്തരക്കാരെ സഹായിക്കാനുമേ ഉപകരിക്കുകയുള്ളൂ എന്നാർക്കാണറിയാത്തത്. ജനഹിതമറിയാതെ പ്രവർത്തിക്കുന്നവർക്ക് വരുന്ന ദുര്യോഗമാണ് ഇവിടുത്തെ ഭരണകർത്താക്കളിൽ പലർക്കുമുണ്ടാകുന്നത്.

കുറെ ഉപജാപകവൃന്ദങ്ങളും ഒരുപറ്റം കപടസദാചാരക്കാരും ചില സമുദായനേതാക്കളും പറയുന്നതുകേട്ടു നാടിനെയാകെ മുൾമുനയിൽ നിർത്തുന്നവർ ഇത്തരം വിഷയങ്ങളിൽ ആരായേണ്ടത് ജനഹിതമാണെന്ന് ഇനിയെങ്കിലുമോർക്കണം.

മദ്യം ആവശ്യമുള്ളവർ അത് വാങ്ങിക്കഴിക്കും ഇല്ലാത്തവർ കഴിക്കേണ്ടതില്ല. ബീവറേജ് ഔട്ലെറ്റുകൾ അവസാനിപ്പിച്ച് മറ്റു സംസ്ഥാങ്ങളിലെപ്പോലെ സ്വകാര്യ ഏജൻസികളെ വിൽപ്പന ഏൽപ്പിച്ചാൽ ആൾ ത്തിരക്കും ക്യൂവും ഒഴിവാക്കാനാകും. ഈ അപഹാസ്യമായ ക്യൂ ലോകത്ത് മറ്റെങ്ങും കാണാനാകില്ല, കേരളത്തിൽ മാത്രം മാറിമാറി വന്ന സർക്കാരുകളുടെ മനപ്പൂർവ്വമുള്ള സംഭവനയാണിത്. ജനശ്രദ്ധ സ്ഥിരമായി ആ വഴിക്കായാൽ ജനം മറ്റൊന്നും ശ്രദ്ധിക്കില്ലല്ലോ?

ഇന്ന് സുപ്രീംകോടതി പറഞ്ഞതുപോലെ ഓൺലൈൻ വിൽപ്പന തുടങ്ങാൻ എന്തിനാണ് സർക്കാർ അമാന്തിക്കുന്നത് ? ആരെയാണ് സർക്കാർ ഭയപ്പെടുന്നത് ? ആരുടേയും ഉമ്മാക്കിയിൽ ഭയക്കേണ്ട ഒരു കാര്യമില്ല. സർക്കാരിന് പ്രതിബദ്ധത ജനങ്ങളോടാകണം. അവരുടെ അഭിരുചിയാണറിയേണ്ടത്.

കൊണ്ഗ്രെസ്സ് ഭരിക്കുന്ന ഛത്തീസ് ഗഡ് സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഓൺലൈൻ മദ്യവിൽപ്പന തുടങ്ങുകയാണ്. CSMCL (Chhattisgarh State Marketing Corporation Limited) ന്റെ നമ്പറിൽ ആധാർകാർഡ് നമ്പറും അഡ്രസ്സും നൽകി മദ്യം ബുക്കുചെയ്താൽ 120 രൂപ ഡെലിവറി ചാർജ് വാങ്ങി മദ്യം 5000 ML വരെ ഒറ്റത്തവണ വീട്ടിലെത്തിക്കും.

ഓൺലൈൻ വില്പനയ്ക്കവർ പറയുന്നത് മദ്യത്തിന്റെ ഔട്ട്‌ലെറ്റുകളിലെ തിരക്കൊഴിവാക്കാനാണ് ഇതെന്നാണ്. ഇവിടെയോ അത് റെയിൽവേ സ്റ്റേഷനിലെ തിരക്കായി മാറ്റപ്പെട്ടു.

publive-image

പശ്ചിമബംഗാൾ ഇന്നലെ മുതൽ ഓൺലൈൻ ഡെലിവറിയും തുടങ്ങിക്കഴിഞ്ഞു. പഞ്ചാബും ഓൺലൈൻ മദ്യ ഡെലിവറിക്കായി തയ്യറെടുക്കുകയാണ്. ZOMATO എന്ന ഫുഡ് ഡെലിവറി കമ്പനിയാണ് ഈ സംസ്ഥാങ്ങളിൽ മദ്യം ഉപഭോക്താക്കളിലെത്തിക്കുക.

ഡൽഹി സർക്കാർ 70 % വും ആന്ധ്രാസർക്കാർ 75% വുമാണ് ഇപ്പോൾ മദ്യത്തിന് എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചത്. അതിനവർ നിരത്തുന്ന കാരണം ഖജനാവ് കാലിയാണെന്നും ശമ്പളം കൊടുക്കാൻപോലും പണമില്ലെന്നുമാണ്.

കർണ്ണാടക സർക്കാർ 10 മുതൽ 15 % വരെയാണ് വിലവർദ്ധിപ്പിക്കാൻ പോകുന്നത്. അതിനുള്ള അവരുടെ വാദഗതിയിൽ കൂലിപ്പണിക്കാരെയും സാധാരണക്കാരെയും കൂടുതൽ ബുദ്ധിമുട്ടിക്കാൻ സർക്കാരിനുദ്ദേശമില്ല എന്നാണ്. മാത്രവുമല്ല മദ്യത്തിന് അമിതമായി വിലകൂട്ടിയാൽ ജനങ്ങൾ മറ്റുവഴികൾ തേടുമെന്നും അതുവഴി ലഹരിമാഫിയകൾ പിടിമുറുക്കുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

ഉത്തർപ്രദേശിലാകട്ടെ കഴിഞ്ഞ വർഷം ഏപ്രിലിൽ 2950 കോടിരൂപയാണ് സർക്കാരിന് മദ്യത്തിൽ നിന്ന് ലഭിച്ചതെന്നും ഒരു ദിവസം 100 കോടിയിലധികം രൂപയുടെ മദ്യമാണ് ഉത്തർപ്രദേശിൽ വിൽക്കുന്നതെന്നും വരുമാനത്തിലുണ്ടായ നഷ്ടം നികത്തേണ്ടതനിവാര്യമാണെന്നുമാണ് സർക്കാർ പക്ഷം. എന്നാൽ അത് സാദ്ധ്യമാകുമെന്നു തോന്നുന്നില്ല. കാരണം ഇന്നലെയും ഇന്നും അവിടെ മദ്യശാലകൾക്കുമുന്നിൽ തിരക്ക് കുറവായിരുന്നു.

കേരളത്തിൽ പ്രവാസികൾ വന്നെത്തുന്നതുകൊണ്ട് പൊലീസിന് ജോലിക്കൂടുതലെന്നാണ് വാദമെങ്കിൽ ട്രെയിനുകളിലുൾപ്പെടെ ഡൽഹി,  തമിഴ് നാട്,ബീഹാർ , ബംഗാൾ എന്നിവിടെയെത്തിയ ആളുകളുടെ സംഖ്യ ഇവിടുത്തേക്കാൾ എത്രയോ അധികമാണ്.

കേരളത്തിൽ ഔട്ട്ലെറ്റുകൾ കുറവും ഉപഭോക്താക്കൾ കൂടുതലുമാണ്. മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ ബാറുകൾ വഴിയും അൽപ്പം വിലകൂട്ടി മദ്യം പാർസലായി വിൽക്കാവുന്നതാണ്. ഒപ്പം ഓൺലൈൻ വിൽപ്പനയും തുടങ്ങണം. മദ്യത്തിന് കർണ്ണാടക സർക്കാർ മാതൃകയിൽ 20 % വരെ കൊറോണ സെസ് ഏർപ്പെടുത്തുകയും ചെയ്യാം. ഡൽഹി , ആന്ധ്രാ സർക്കാരുകളെപ്പോലെ വല അമിതമായി കൂട്ടുന്നത് വ്യാജമദ്യം വ്യാപകമാകാൻ ഇടയായേക്കാം.

( മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് )

corona kerala
Advertisment